19 April Friday

പുത്തന്‍ മാളികയെന്ന കുതിര മാളിക

ലക്ഷ്മീദേവി സി എസ്Updated: Monday Nov 4, 2019

ഇത്തവണത്തെ എന്‍റെ യാത്ര അല്പം പ്രാദേശികമാണ്. സ്ഥലം തിരുവനന്തപുരം. തിരുവിതാം കൂർ രാജാവ് ശ്രീ. സ്വാതി തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് 1840 ൽ പരമ്പരാഗത കേരളാ വാസ്തുശില്പശൈലിയിൽ തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്   തൊട്ടടുത്തായി നിർമ്മിച്ച മനോഹരമായ ഒരു കൊട്ടാരമാണ് പുത്തൻ മാളിക.  കൊട്ടാരത്തിന്‍റെ മേൽക്കൂര 122 കുതിര മുഖം ആലേഖനം ചെയ്ത കഴുക്കോലുകൾ താങ്ങി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള തിനാൽ ഇതിനെ കുതിര മാളികയെന്നും വിളിക്കാറുണ്ട്.   

വ്യത്യസ്ത രൂപഘടനയും, സൂക്ഷ്മമായ കൊത്തു പണികളുമുള്ള ഭംഗിയായി മരപ്പണിയും, ചിത്രപ്പണികളുള്ള മച്ചും, മരത്തൂണുകളും, കരിവീട്ടി പാകിയ പോലെ തിളങ്ങുന്ന കറുത്ത തറയുമുള്ള ഏകദേശം 80 മുറികളുമടങ്ങിയ ഈ മാളിക ഏതാണ്ട് രണ്ടു വർഷം കൊണ്ടാണ് പണിതത്. കൊട്ടാരത്തിൽ ഒരു വർഷം മാത്രമാണ് സ്വാതി തിരുനാൾ മഹാരാജാവ് താമസിച്ചത്. അദ്ദേഹത്തിsâ മരണശേഷം വളരെക്കാലമിത് പൂട്ടിക്കിടക്കുകയായിരുന്നു, പിന്നീടിത് പുനരുദ്ധരിച്ച് മഹാരാജ സ്വാതി തിരുനാൾ പാലസ് മ്യൂസിയമാക്കി മാറ്റുകയായിരിന്നു.

ഇതിന്റെ ഉമ്മറത്തുള്ള ഭംഗിയുള്ള വലിപ്പമുള്ള നൃത്തമണ്ഡപം സ്വാതിതിരുനാളിന്‍റെ കാലത്ത് നൃത്ത സംഗീത കലകളാൽ മുഖരിതമായിരുന്നു. ഇപ്പോൾ എല്ലാ വർഷവും തിരുവിതാം കൂർ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സ്വാതി സംഗീതോത്സവം അരേങ്ങേറുന്നത് ഈ വേദിയിലാണ്.കൊട്ടാരത്തില്‍ 20 മുറികൾ ഇന്ന് നിരവധി അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ്.

പൂർണ്ണമായും തടിയിൽ തീർത്ത കഥകളി രൂപങ്ങൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. വാതിലിനോട് ചേർന്ന് ഇറ്റലിയിലെ മുറാനോയിലെ പ്രത്യേക നിർമിത ഭീമാകാരമായ കണ്ണാടി മുറികളോരോന്നിലും ഭംഗിയുള്ള ഫ്രെയിമോടു കൂടി പിടിപ്പിച്ചിട്ടുണ്ട്. ഓരോ മുറിയിലും വ്യത്യസ്ത സൂക്ഷ്മ കൊത്തുപണികളുള്ള മച്ച്, ചോള കാലത്തെ വിഗ്രഹങ്ങൾ, ആനക്കൊമ്പിൽ തീർത്ത സിംഹാസനം, ദന്ത നിർമിതമായ തൊട്ടിൽ, ചെക്കോസ്ലാവാക്യയിൽ നിന്നുള്ള സ്പടിക സിംഹാസനം, യാത്രയ്ക്കുപയോഗിച്ചിരുന്ന പല്ലക്കുകൾ, കുളച്ചൽ യുദ്ധത്തിനു പയോഗിച്ച ആയുധങ്ങൾ, കപ്പലിൽ ഉപയോഗിക്കുന്ന നീണ്ട തോക്കുകൾ, പല വിധത്തിലുള്ള വിളക്കു ശേഖരങ്ങൾ, തൂക്കുവിളക്കുകൾ, ചൈനയിൽ നിന്നുള്ള പാത്രങ്ങൾ, തഞ്ചാവൂരിലെ അസ്സൽ പെയിന്റിംഗുകൾ, കാട്മണ്ഡുവിലെ ബുദ്ധ, ബൽജിയം ഗ്ലാസ്സാൽ നിർമിച്ച പൂജാപാത്രങ്ങൾ, ആട്ടുകട്ടിൽ, ഇറ്റാലിയൻ മാർബിൾ വിഗ്രഹങ്ങൾ, അതിസൂക്ഷ്മ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട പൂജാ മണ്ഡപം, ഡ്രസ്സിംഗ് മേശ, പെരുംമ്പറ, ഭീമാകാര ഭരണികൾ ഇവയെല്ലാം ഇവിടെയുള്ള വൻ ശേഖരത്തിൽ ചിലവ മാത്രം.

ഇതിൽ ചില കാഴ്ചകൾ അതിശയത്തോടെയല്ലാതെ കാണാൻ കഴിയില്ല. ഇവിടുെത്തെ വായനാമുറി അഥവാ താമരത്തളം. തടിയിൽ കടഞ്ഞെടുത്ത മനോഹരമായ ഒരു ഭീമാകാര താമരയുടെ രൂപം മുറിയുടെ മച്ചിന്റെ മദ്ധ്യഭാഗത്തായി കാണാം. വശങ്ങളിൽ പൂക്കളുടേയും, പക്ഷിമൃഗാദികളുടേയും രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. ഇലകളുടേയും, പൂക്കളുടെയും ചാറുപയോഗിച്ചാണ് മച്ചിന് നിറങ്ങൾ നല്കിയിരിക്കുന്നത്. ഒറ്റത്തടിയിൽ തീർത്തവയാണ് തൂണുകൾ.
കാണാം . രാജാവിന് ക്ഷേത്രത്തിലേക്ക് പോകാനുള്ള നീണ്ട ഇടനാഴിയും ഒരുക്കിയിരിക്കുന്നു. ഇവിടെയിരുന്നു അഭിമുഖമായി കാണുന്ന ചെറിയ കിളിവാതിലൂടെ നോക്കിയാൽ ഉദ്ദേശം അഞ്ഞൂറു മീറ്ററോളം ദൂരെ വരെ ഇതു പോലെയുള്ള അഞ്ചു കിളിവാതിലിന പ്പുറമുള്ള ദൃശ്യങ്ങൾ കാണാനാകും.

ഈ മാളികയുടെ ഒരു മുറിയുടെ ഒരു ചുമരോളം വലിപ്പമുള്ള ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവിന്റെ ഒരു 3D സമാനമാനമായ , റഷ്യയിൽ നിന്നുള്ള Svetoslav Roerich എന്ന ചിത്രകാരൻ വരച്ച പെയിന്റിംഗ് കാണാം. മുറിയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാഴ്ചക്കാർക്ക് അവരുടെ നേരെ രാജാവ് നോക്കുന്ന പോലത്തെ പ്രതീതി ജനിപ്പിക്കുന്ന ചിത്രം. പാരീസിലെ ലൂർ മ്യൂസിയത്തിൽ വിശ്വപ്രസിദ്ധമായ മൊണാലിസ യുടെ ചിത്രം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതിലും മനോഹരമായി തോന്നി.

മ്യൂസിയത്തിലെ ചില കാഴ്ചകൾ രസമുള്ളവയാണ്. ശേഖരങ്ങളുടെ കൂട്ടത്തിലുള്ള Noon Cannon, അഥവാ സൂര്യ ഘടികാരമാണ് അവയിലൊന്ന്. സ്വർണ്ണ നിറത്തിലുള്ള ഒരു പീരങ്കിയുടെ സൂക്ഷ്മാവിഷ്ക്കാരം. ഇതിന് മുകളിലായി ഒരു മാഗ്നിഫയിംഗ് ലെൻസ് ഘടിപ്പിച്ചിരിക്കുന്നു. പീരങ്കിയിൽ ഗൺ പൗഡർ നിറച്ച ശേഷം വെയിലത്ത് വയ്ക്കുന്നു. ഉച്ചയ്ക്ക് വെയിലിന്റെ കാഠിന്യം കൊണ്ട് പന്ത്രണ്ട് മണിയാകുമ്പോൾ ഗൺ പൗഡർ ചൂടായി വെടിയൊച്ച കേൾക്കും. ഈ ശബ്ദം കിലോമീറ്ററോളം കേൾക്കാൻ കഴിയുമായിരുന്നു. ആളുകൾ പോക്കറ്റ് വാച്ചിലെ സമയം ഇപ്രകാരം ക്രമീകരിച്ചിരുന്നുവത്രേ.

തൊട്ടടുത്തുള്ള ആർട്ട് ഗ്യാലറിയിൽ രാജഭരണ കാലത്തെ വിവിധ സംഭവങ്ങളുടെ അത്യപൂർവ്വ ചിത്രശേഖരം കാണാം. പള്ളിക്കെട്ട്, പട്ടെഴുത്ത്, തൃപ്പടിദാനം, ഉപനയനം തുടങ്ങിയ ആചാരങ്ങളുടെ അസ്സൽ ഫോട്ടോകൾ ഇവിടുണ്ട്. പഴയ കാല ഫോട്ടോകളുടെ നെഗറ്റീവ് ചില്ലു കൂടിനകത്ത് സൂക്ഷിച്ചിരിക്കുന്നു.

വിൻസന്റ് പല്ലിശ്ശേരിയുടെ അനോമോര്‍ഫിക് പെയിന്റിംഗ്

വിൻസന്റ് പല്ലിശ്ശേരിയുടെ അനോമോര്‍ഫിക് പെയിന്റിംഗ്

ഇവയോടൊപ്പം ഒരു മുറിയിൽ പെയിന്റിംഗ് ശാഖയിലെ അത്ഭുതമായ അനോമോര്‍ഫിക് പെയിന്റിംഗും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്യാൻവാസിൽ ഒറ്റ നോട്ടത്തിൽ പരത്തിയിട്ട പോലെ ഏകീകൃതമല്ലാത്ത നിറങ്ങളുടേയും, രൂപങ്ങളുടേയും ഒരു സമന്വയം. ഈ അവ്യക്ത ചിത്രരൂപ ത്തില്‍ ഒരു പ്രത്യേക കേന്ദ്രത്തിൽ നന്നായി പോളിഷ് ചെയ്ത സിലിണ്ടർ പൈപ്പ് വയ്ക്കുമ്പോൾ ആശ്ചര്യം തോന്നും വിധമുള്ള മനോഹരമായ ഒരു കലാസൃഷ്ടി ഈ പൈപ്പിനുള്ളിൽ കാണാൻ കഴിയും. ഇതിനെയാണ് അനോമോര്‍ഫിക് ആർട്ട് എന്നു പറയുന്നത്. ഇങ്ങനെ പ്രതിഫലിക്കുന്ന ഗണേശ രൂപവും, രാജാവിന്റെ രൂപവുമെല്ലാം ഇവിടെയുണ്ട്. നെടുമ്പാൾ സ്വദേശി വിൻസന്റ് പല്ലിശ്ശേരിയെന്ന ഏഷ്യൻ അവാർഡ് ജേതാവിന്‍റെതാണ് ഈ അത്ഭുത ചിത്രരചനകൾ.

സുരക്ഷാ കാരണങ്ങളാൽ, നിർഭാഗ്യവശാൽ വളരെക്കുറച്ച് സ്ഥലങ്ങൾ മാത്രമേ ചിത്രങ്ങൾ എടുക്കുന്നത് അനുവദനീയമുള്ളു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനോടു ചേർന്നാണ് ഈ കൊട്ടാര മ്യൂസിയവും, ആർട്ട് ഗ്യാലറിയും സ്ഥിതി ചെയ്യുന്നെതെങ്കിലും ധാരാളം പേർക്കും ഇതിനെക്കുറിച്ചറിയില്ല.

വളരെ മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഈ കൊട്ടാരവും, ആർട്ട് മ്യൂസിയവും കാണാൻ 70 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇവിടം സന്ദർശിക്കാം.  ചരിത്രം ഇഷ്ടമുള്ളവർ തീര്‍ച്ചയായും ഇവിടം സന്ദർശിക്കേണ്ടതാണ്. ഇത്രയധികം കാഴ്ചകൾ കൈയകലത്തുള്ളപ്പോൾ കാണാതെ പോകരുത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാന്നാണല്ലോ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top