11 December Monday

നിറക്കാഴ്‌ചകളുടെ ‘പൊന്മുടി’

ബേബിലാൽUpdated: Wednesday Sep 20, 2023

ഫോട്ടോ: ജിഷ്‌ണു പൊന്നപ്പൻ

രാജാക്കാട്‌  > മലയാളത്തിൽ സൂപ്പർ ഹിറ്റായ ഓർഡിനറി, മരംകൊത്തി, ആട് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഹരിതാഭമായ ഗ്രാമീണ അന്തരീക്ഷം തീർത്ത പൊന്മുടിയിലേക്ക് സ്വാഗതം. പ്രേക്ഷക മനസിൽ ഇടംനേടിയ അണക്കെട്ടിന്റെ മുകളിൽനിന്നുള്ള ദൃശ്യങ്ങൾ ഇനി സഞ്ചാരികൾക്ക് സ്വന്തം. മൂന്നാർ മലനിരകളുടെ വിദൂരദൃശ്യം തേടി സ്വദേശിയരും വിദേശിയരുമായ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

രാജാക്കാട് സഹകരണ ബാങ്കിനാണ് ടൂറിസം നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഹൈഡൽ ടുറിസത്തിന്റെ ഭാഗമായി ഇവിടെയും ബോട്ടിങ് സംവിധാനമുണ്ട്. സ്‍പീഡ് ബോട്ട്, സ്ലോ സ്‍പീഡ് ബോട്ട്, പെഡൽ ബോട്ട്, വാട്ടർ സൈക്കിൾ, അഡ്വഞ്ചർ ആക്ടിവിറ്റീസ്, സിപ്‍ലൈൻ, ചിൽഡ്രൻസ് പാർക്ക്, ഹോംസ്റ്റേ, ഫിഷ് സ്‍പാ, സ്പൈസസ് ഗാർഡൻ തുടങ്ങി വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതെല്ലാം ഇവിടെയുണ്ട്. പൊന്മുടിയുടെ ടൂറിസം വികസനം നാട്ടുകാരുടെ വലിയ സ്വപ്നമായിരുന്നു

തൂക്കുപാലം സഞ്ചാരികൾക്ക് പ്രിയം

അണക്കെട്ടിന്റെ താഴ്ഭാഗത്തായി പതിറ്റാണ്ടുകൾക്ക് മുമ്പ് പണി കഴിപ്പിച്ച തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പാറക്കെട്ടിന് മുകളിലൂടെ 150 അടിയിലധികം ഉയരത്തിലാണ് തൂക്കുപാലം. ഉരുക്കുവടത്തിലാണ് പാലംനില കൊള്ളുന്നത്. ഇതിന് മുകളിലൂടെയുള്ള വാഹനയാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഹരം പകരുമെന്നുറപ്പ്. നിലവിൽ സുരക്ഷകണക്കിലെടുത്ത് തൂക്കുപാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. എന്നാലും തുക്കുപാലം കാണാനും ഫോട്ടോ എടുക്കാനും നിരവധി സഞ്ചാരികളാണ് എത്തുന്നത്.

പൊന്മുടിയിലെ തൂക്കുപാലം. ഫോട്ടോ: ജിഷ്‌ണു പൊന്നപ്പൻ

പൊന്മുടിയിലെ തൂക്കുപാലം. ഫോട്ടോ: ജിഷ്‌ണു പൊന്നപ്പൻകള്ളിമാലി വ്യു പോയിന്റ്

പൊന്മുടി അണക്കെട്ടിന്റെ ജലാശയത്തിന്റെ മനോഹര ദ്യശ്യം കള്ളിമാലി വ്യു പോയിന്റിൽനിന്നാൽ അസ്വാദിക്കാം. നോക്കെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളാണ് ഭംഗി. മനസിന് കുളിർമയേകി തണുത്ത കാറ്റും. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവമാണ് വിദൂര ഹരിതദ്വീപ് സമ്മാനിക്കുക. അടിമാലി - രാജാക്കാട് റൂട്ടിൽ രാജാക്കാടിനു 2.5കിമീ മുമ്പ് അമ്പലക്കവല ജങ്ഷനിൽനിന്നും കള്ളിമാലി വ്യൂ പോയിന്റിൽ എത്താം.

പൊന്മുടി ഡാമിലെ ബോട്ടിങ്. ഫോട്ടോ: ജിഷ്‌ണു പൊന്നപ്പൻ

പൊന്മുടി ഡാമിലെ ബോട്ടിങ്. ഫോട്ടോ: ജിഷ്‌ണു പൊന്നപ്പൻനാടുകാണി 

പൊന്മുടിയിൽ വരുന്ന സഞ്ചാരികൾ നാടുകാണിയിൽ പോയി മനോഹര കാഴ്ചകൾ കണ്ടാണ് മടങ്ങാറ്. പക്കാ ഓഫ്‍റോഡ് ടൂറിസം ഫീൽ. വിദൂരക്കാഴ്ചകളും പന്നിയാർ പുഴയും വെള്ളച്ചാട്ടങ്ങളും മലനിരകളും ചൊക്രമുടി മലയും ഇവിടെനിന്നാൽ കാണാം. ശ്രീ നാരായണ പുരത്തേക്ക് ഇവിടെനിന്ന് മൂന്ന്കിലോമീറ്റർ മാത്രമാണ്. മൂന്നാർ നല്ലതണ്ണി മലനിരകളിൽനിന്നും ഉത്ഭവിച്ചെത്തുന്ന മുതിരപ്പുഴയാർ രാജാക്കാട്, വെള്ളത്തൂവൽ പഞ്ചായത്തുകളെ വകഞ്ഞു മാറ്റിയാണ് ഒഴുകുന്നത്. കടുത്ത വേനലിലും ജല സമ്യദ്ധമാണ് ഇവിടം.

തട്ട് തട്ടുകളായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ സവിശേഷത. വെള്ളിച്ചില്ല് വിതറിയടുക്കുന്ന പുഴയ്‍ക്ക് വെള്ളച്ചാട്ടങ്ങൾക്കൊപ്പം 30മീറ്ററിലധികം വീതിയുണ്ട്. നിരന്ന പാറക്കെട്ടുകൾ പുഴയുടെ മധ്യഭാഗം വരെ ഇറങ്ങിക്കിടക്കുന്നത് സഞ്ചാരികളുടെ സുരക്ഷ  വർധിപ്പിക്കും. 150അടിയോളം താഴ്‍ചയുള്ള വെള്ളച്ചാട്ടമാണ് ഇവിടെയുള്ളതിൽ ഏറ്റവും വലുത്. മനസിനെയും ശരീരത്തെയും ഈർപ്പ സാന്നിധ്യമുള്ള സുഖകരമായ അന്തരീക്ഷവും മന്ദമാരുതനും വിനോദ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന സാന്നിധ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top