25 June Saturday

യാത്രയുടെ രാഷ്‌ട്രീയം.. ഷെരീഫ് ചുങ്കത്തറ എഴുതുന്നു

ഷെരീഫ് ചുങ്കത്തറUpdated: Monday Jan 14, 2019

യാത്രാ കുറിപ്പുകളില്‍ എന്തിനാണു രാഷ്‌ട്രീയം കലര്‍ത്തുന്നതെന്ന് ഒളിഞ്ഞും തെളിഞ്ഞും പല സുഹൃത്തുക്കളും ചോദിച്ചിട്ടുണ്ട്. ഈ കലര്‍ത്തുക എന്നത് പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും മിണ്ടാതിരിക്കുകയാണ് പതിവ്. യാത്രാകുറിപ്പുകള്‍ എന്നത് കണ്ട കാഴ്‌ചകളെ മാത്രം പോളീഷ് ചെയ്‌ത ഭാഷയില്‍ രേഖപ്പെടുത്തുന്നതാണെന്ന് വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ യാത്രചെയ്യുന്നില്ല, കാരണമില്ലാതെ അലയുക മാത്രമാണ് ചെയ്യുന്നത്. കണ്ട മനുഷ്യരെ കുറിച്ച് സംസാരിക്കുന്നതു എങ്ങനെയാണ് രാഷ്ട്രീയം ആകുന്നതെന്ന് ഈ നിമിഷംവരെയും എനിക്കറിയില്ല. മനുഷ്യരെ കുറിച്ച്, അവരുടെ ജീവിതനിലവാരത്തെ കുറിച്ച്, വിഷമങ്ങളെ കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണ് അതൊരു ഇടതുരാഷ്‌ട്രീയം ആകുന്നത്. അത് യഥാര്‍ത്ഥത്തില്‍ മാനവിക രാഷ്‌ട്രീയമല്ലേ ?

ട്രെയിനുകളില്‍ നിന്നും ബസ്സുകളിലും നിന്നും അലച്ചില്‍ ബൈക്കിലേക്ക് മാറിയ കാലത്താണ് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലൂടെ യാത്ര ചെയ്യുന്നത്. രാത്രിയില്‍ എന്ത് ചെയ്യുമെന്ന് ഒരൂഹവും ഉണ്ടായിരുന്നില്ല, ഒരു ഹോട്ടല്‍ കണ്ടെത്താന്‍ പ്രയാസമാണെന്ന് മനസിലാക്കിയപ്പോള്‍ തരിശുഭൂമിക്കിടയില്‍ കണ്ട ഒരു വീട്ടില്‍ കയറി ടെന്റ് അടിക്കാന്‍ സമ്മതം ചോദിച്ചു. എല്ലാ മനുഷ്യരെയും അകാരണമായി ഭയപ്പെടണമെന്ന പൊതുബോധം മുന്‍യാത്രകളില്‍ നിന്നും ഞാന്‍ ഉപേക്ഷിച്ചിരുന്നു. ദിലീപ് തിവാരിയെന്ന കര്‍ഷകന്റെ കുടിലായിരുന്നു അത്. എന്റെ ആവശ്യം സമ്മതിക്കുക മാത്രമല്ല വീട്ടിലേക്ക് ക്ഷണിക്കാന്‍ കഴിയാത്തത്തില്‍ ക്ഷമ പറയുകയും ചെയ്തു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രൂക്ഷഗന്ധമുണ്ടായിരുന്ന അവിടെ കൊതുകില്‍ നിന്നും രക്ഷപെടുക എന്നത് ആഢംബരമായിരുന്നു.കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് തിവാരിയുടെ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അവരുടെ കണ്ണില്‍ കണ്ട തിളക്കം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ജോവര്‍ എന്ന ധാന്യം കൊണ്ട് ഉണ്ടാക്കിയ റൊട്ടിയില്‍ നിന്നും ഒരു പങ്കു സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് കഴിക്കേണ്ടി വന്നു. അന്നത്തെ അവരുടെ അതിഥിയെ നന്നായി തന്നെയാണ് അവര്‍ സത്കരിച്ചത്. എനിക്ക് ചുറ്റും കൂടിയ കൊതുകുകളെ തുരത്താന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ദിലീപിന്റെ പെണ്‍കുട്ടികള്‍ കഠിനമായി പരിശ്രമിച്ചിരുന്നു.ഉത്തര്‍പ്രദേശില്‍ നിന്നും കുടിയേറിയ ദിലീപിന്റെ കുടുംബം പരുത്തികൃഷി ചെയ്ത് നല്ല രീതിയില്‍ തന്നെയായിരുന്നു ജീവിച്ചിരുന്നത്. വര്‍ഷങ്ങളായി പരുത്തികൃഷി ചെയ്തിരുന്ന മേഖലയില്‍ പരുത്തിക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി കരിമ്പ് ലോബികളെ സഹായിച്ചതും പരുത്തി കൃഷി നഷ്ടത്തിലാകാന്‍ കാരണമായി. പടിഞ്ഞാറന്‍ മറാത്ത നേതാക്കള്‍ തന്നെ പഞ്ചസാര ഫാക്ടറികള്‍ നടത്തുമ്പോള്‍ ആരോടാണ് ഞങ്ങള്‍ പരാതി പറയുകയെന്നാണ് ദിലീപ് എന്നോട് ചോദിച്ചത്. അമേരിക്കന്‍ നിര്‍മ്മിത പരുത്തികള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ സുലഭമായതും കര്‍ഷകരെ ആത്മഹത്യയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചിരുന്നു.

ഹരിതവിപ്ലവമാണ് തന്നെ നശിപ്പിച്ചതെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ എന്റെ വായാനുഭവം ആ മനുഷ്യന്റെ മുന്‍പില്‍ തുറക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല. സങ്കരയിനം വിത്തുകള്‍ ഓരോ വര്‍ഷവും വിളവു കുറയുന്നു എന്നും പരിചിതമല്ലാത്ത കീടങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുകയെന്നു അറിയില്ലെന്നും സംസാരിക്കുന്ന ആ മനുഷ്യനോടു എങ്ങനെയാണ് ഇതൊന്നുമല്ല ഞാന്‍ അറിഞ്ഞ ഹരിതവിപ്ലവമെന്ന് പറയുക. അത്ര പരാജയമാണോ ഹരിതവിപ്ലവമെന്ന എന്റെ ചോദ്യത്തിന് ദിലീപ് രൂക്ഷമായി നോക്കുക മാത്രമാണ് ചെയ്തത്. വയറിലെ റൊട്ടി ദഹിക്കാന്‍ മാത്രം തീവ്രതയുണ്ടായിരുന്നു ആ നോട്ടത്തിന്. ശേഷം പരിഹാസം കലര്‍ന്ന ചിരിയിലൂടെ ദിലീപ് പറഞ്ഞു,

'വിജയം തന്നെയാണ്. ആത്മഹത്യ ചെയ്യാന്‍ കീടനാശിനികള്‍ കയ്യിലുണ്ടല്ലോ...'നാല് ശതമാനത്തിനു ബെന്‍സ് കാര്‍ വാങ്ങാന്‍ മുബൈയിലെ ബാങ്കുകള്‍ വായ്പ നല്‍ുമ്പോഴാണ് പത്തും പന്ത്രണ്ടും ശതമാനത്തിനു കര്‍ഷകര്‍ സ്വകാര്യ വായ്പകള്‍ എടുക്കുന്നത്. തന്റെ പെണ്‍മക്കളുടെ പഠനം മുടങ്ങിയത് മാത്രമാണ് ദിലീപിനെ വേവലാതിപെടുത്തിയിരുന്നത്.

എല്ലാത്തിനും പരിഹാരം ഒരാഴ്‌ചകൊണ്ട് ഉണ്ടാകുമെന്ന് പറഞ്ഞാണ് ദിലീപ് കിടക്കാന്‍ പോയത്. രാവിലെ ആ കുടുംബത്തോട് യാത്ര പറയുമ്പോള്‍ ഒരാഴ്ച കൊണ്ട് എല്ലാം ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്ര മാത്രം ആത്മവിശ്വാസമാണ് ദിലീപ് പുലര്‍ത്തിയിരുന്നത്.സാധാരണ പോകുന്ന വഴിയില്‍ തിരിച്ചു വരാറില്ലെങ്കിലും അത്തവണ പക്ഷേ തിരിച്ച് അത് വഴിയാണ് വന്നത്. മിച്ചമുള്ള കാശിനു കുറച്ചു ചോക്ലേറ്റും വാങ്ങിയിരുന്നു. ദിലീപിന്റെ വീടിനു മുന്‍പില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ലഭിക്കുന്നതിനു കുറച്ചു കീടനാശിനി മാത്രമാണ് ദിലീപിന് ചിലവ് ഉണ്ടായത്.

അതായിരുന്നു ദിലീപ് കണ്ടെത്തിയ പരിഹാരം. പരുത്തികൃഷി ചെയ്യാതെ തരിശായ ഭൂമിയില്‍ ചോക്ലേറ്റ് പൊതി ഉപേക്ഷിക്കുമ്പോള്‍ ബാങ്കില്‍ നിന്നാണോ എന്ന ചോദ്യം ഞാന്‍ അവഗണിച്ചു നടന്നു.

അതിനു ശേഷം ഒരിക്കലും ഞാന്‍ വിദര്‍ഭ മേഖലയിലൂടെ യാത്ര ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് കൊണ്ടാണ് കര്‍ഷകരോട് എന്നും ഐക്യദാര്‍ഢ്യപ്പെടുന്നത്. അതാണ് എന്റെ നിലപാട്..അത് തന്നെയാണ് എന്റെ രാഷ്‌ട്രീയവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top