25 April Thursday

കുട്ടനാടും അഷ്‌ടമുടിയും കാണാം പാസഞ്ചർ കം ക്രൂയിസർ

കെ എസ്‌ ഗിരീഷ്‌Updated: Friday Aug 12, 2022

പാസഞ്ചർ കം ക്രൂയിസർ

ആലപ്പുഴ> കുട്ടനാടിന്റെയും അഷ്‌ടമുടിക്കായലിന്റെയും ഭംഗി ജലയാത്രയിലൂടെ നുകരാൻ പാസഞ്ചർ കം  ക്രൂയിസർ വരുന്നു. സീ കുട്ടനാട്‌ മാതൃകയിൽ ഇരുനില പാസഞ്ചർ കം ടൂറിസ്‌റ്റ്‌ ബോട്ടാണ്‌ ജലഗതാഗത വകുപ്പ്‌ ഓടിക്കുക. സീ അഷ്‌ടമുടി എന്ന പേരിൽ കൊല്ലത്തും സീ കുട്ടനാട്‌ എന്ന പേരിൽ ആലപ്പുഴയിലുമാണ്‌ സർവീസ്‌. 
 
ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ ‘ഇന്ദ്ര' ഓണസമ്മാനമായി നാടിന്‌ സമർപ്പിക്കും. എറണാകുളത്ത്‌ പുതിയ കറ്റാമറൈൻ ബോട്ടുകൂടി ഉടൻ സർവീസ്‌ ആരംഭിക്കും.
 പാസഞ്ചർ കം ക്രൂയിസറുകളുടെ സർവീസും ഓണത്തിന്‌ ആരംഭിക്കുമെന്ന്‌ ജലഗതാഗത  വകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. ടൂറിസത്തിന്‌ പ്രാധാന്യം നൽകിയാരംഭിച്ച അതിവേഗ എസി ബോട്ട്‌‌ "വേഗ –2' മാതൃകയിൽ പാസഞ്ചർ കം ക്രൂയിസറുകളിൽ കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവും ഉണ്ടാകും. നോൺ എ സിയാണ്‌ രണ്ട്‌ ക്രൂയിസറും. 90 സീറ്റുകളാണുള്ളത്‌. ലൈറ്റിനും ഫാനിനും സൗരോർജമാണ്‌ ഉപയോഗിക്കുന്നത്‌. അഷ്‌ടമുടിയുടെ സൗന്ദര്യം ആസ്വദിച്ച്‌ യാത്ര ചെയ്യാൻ മുമ്പ്‌ ആലപ്പുഴ–കൊല്ലം ബോട്ട്‌ സർവീസുണ്ടായിരുന്നു. 
 
 നീറ്റിലിറക്കാനായി സോളാർ ക്രൂയിസർ ഈ മാസം അവസാനം സജ്ജമാകും. എറണാകുളത്ത്‌ ഓടിക്കുന്ന ബോട്ടിന്‌ 100 സീറ്റാണുള്ളത്‌. ഇരുനില ബോട്ടിന്‌ 24 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ട്‌. 100 കിലോവാട്ടാണ്‌ കരുതൽ ഊർജം. താഴത്തെനില എസിയാണ്‌. മുകൾ നിലയിൽ യോഗങ്ങളും പരിപാടികളും നടത്താനാകുന്ന ക്രമീകരണമാണ്‌. 
 
എറണാകുളത്ത്‌ ഓടിക്കുന്ന കറ്റാമറൈൻ ബോട്ടിൽ 100 പേർക്ക് യാത്രചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ഫെറിയായ "ആദിത്യ' മാതൃകയിൽ നാലെണ്ണം കൂടി സർവീസ്‌ ആരംഭിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top