19 April Friday

പൂക്കളൊരുങ്ങി; ഊട്ടി വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 19, 2018


ഗൂഡല്ലൂർ>ഒരു ലക്ഷം കാർണീഷ്യം, ഓർക്കിഡ് പൂക്കളിൽ വിരിഞ്ഞ മേട്ടൂർ ഡാമിന്റെ മാതൃക, ഡാമിൽനിന്ന്  ഒഴുകുന്ന ജലധാര, പതിനായിരം ഓർക്കിഡ് പൂക്കൾ കൊണ്ട് നിർമിച്ച ഒമ്പത് കവാടങ്ങൾ ....വർണവിസ്മയ കാഴ്ചയൊരുക്കി ഊട്ടി പുഷ്പോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. 1500 ഓർക്കിഡ് പൂക്കളും 1000 കാർണീഷ്യം പൂക്കളുംകൊണ്ട‌്   സൃഷ്ടിച്ച ബൊമ്മയുടെ മാതൃക ഉൾപ്പെടെയുള്ള നിറമുള്ള കാഴ്ചകളാണ് ഇത്തവണ പുഷ്പനഗരിയിലുള്ളത‌്.

പച്ചവിരിച്ച പരവതാനിയിൽ വിവിധ വർണങ്ങളിൽ വിസ്മയങ്ങൾ തീർക്കുകയാണ് ചരിത്രത്തിൽ ഇടംനേടിയ പുഷ്പനഗരി. പുഷ്പമേളക്ക് മുമ്പുതന്നെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങിയിരുന്നു. മുപ്പത്തിഅയ്യായിരത്തിലേറെ പുഷ്പങ്ങളാണ‌്  ഇത്തവണ സഞ്ചാരികളെ കാത്തിരിക്കുന്നത‌്.  ബൊട്ടാണിക്കൽ ഗാർഡനിലെ ഗ്ലാസ്ഹൗസിനു മുമ്പിൽ 15,000 പൂച്ചട്ടികൾ ഒരുക്കിയിട്ടുണ്ട‌്. അഞ്ച് ലക്ഷം പൂച്ചട്ടികളാണ്  തയ്യാറാക്കിയത‌്. 200 ഇനം വിവിധ വർണങ്ങളിലുള്ള പൂക്കളും സജ്ജം. വിവിധ ജില്ലകളുടെ വ്യത്യസ‌്ത സ‌്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ അഞ്ചു ദിവസമാണ് നടക്കുന്നത്. എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ടാകും. 

ഊട്ടി സസ്യോദ്യാനത്തിൽ നടന്ന  ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി പുഷ്പ മഹോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി മന്ത്രി ആർ ദുരൈകണ്ണ് അധ്യക്ഷനായി. മന്ത്രിമാരായ പി തങ്കമണി, എസ് പി വേലുമണി,  ഡോ. സരോജ, ചെല്ലൂർ കെ രാജു, നീലഗിരി ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യ, നീലഗിരി എംപി ഡോ. സി ഗോപാലകൃഷ്ണൻ, എംഎൽഎമാരായ ശാന്തി രാമു, ആർ ഗണേഷ്, കെ ആർ അർജുനൻ എം പി, നീലഗിരി എസ് പി മുരളിറംബ, ഡി ആർ ഒ ശെൽവരാജ്, കൃഷിവകുപ്പ് സെക്രട്ടറി കഗദീപ് സിങ‌്, മുൻ മന്ത്രിമാരായ എ മില്ലർ, എം ബുദ്ധിചന്ദ്രൻ എന്നിവർ സംസാരിച്ചു.പുഷ്പോത്സവം 22ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top