19 April Friday

ഓലിയരുകിൽ വരൂ... 
കുളിരിലലിയൂ

സ്വന്തം ലേഖകന്‍Updated: Thursday Aug 25, 2022

ഓലിയരുക് വെള്ളച്ചാട്ടം

കൊല്ലം/അഞ്ചൽ> പാൽപോലെ നുരഞ്ഞുപതഞ്ഞ്‌ ആരെയും ആകർഷിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം. ജില്ലയിലെ കിഴക്കൻ മലയോരമേഖലയായ ഏരൂർ പഞ്ചായത്തിലെ ആർച്ചൽ വാർഡിലാണ്‌ മനോഹരമായ ഓലിയരുക് വെള്ളച്ചാട്ടം. മലമുകളിൽനിന്ന്‌ പാറകളിൽ തട്ടി ഒഴുകി പാൽ നുരപോലെ താഴേക്കു പതിക്കുന്ന പ്രകൃതിയൊരുക്കിയ  മനോഹര കാഴ്‌ച ആസ്വദിക്കാൻ സഞ്ചാരികളും ഒഴുകുന്നു. തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടവും പാലരുവി വെള്ളച്ചാട്ടവും പോലെ അഴകാണ്‌ ഓലിയരുകിനും. ശക്തമായ വെള്ളത്തിന്റെ വരവ്‌ കുറഞ്ഞതോടെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഇരട്ടിയായി.
 
 അഞ്ചൽ ടൗണിൽനിന്ന്‌ മലയോരഹൈവേ വഴി പുനലൂർ റോഡിൽ ഒമ്പതു കിലോമീറ്റർ സഞ്ചാരിച്ചാൽ മാവിള ആർച്ചൽ വഴി ഓലിയരുക് വെള്ളച്ചാട്ടത്തിലെത്താം. വെള്ളച്ചാട്ടവും ചുറ്റുമുള്ള മനോഹരമായ പ്രദേശവും കൂട്ടിയിണക്കി ഏരൂർ പഞ്ചായത്തും ടൂറിസംവകുപ്പും പദ്ധതി ആവിഷ്‌കരിച്ചിരുന്നു. സഞ്ചാരികൾക്ക് ഭക്ഷണം തയ്യാറാക്കി കഴിക്കാൻ ഉൾപ്പെടെ അമിനിറ്റി സെന്റർ നിർമാണം ആരംഭിച്ചെങ്കിലും കോവിഡ് വ്യാപിച്ചതോടെ നിർമാണം പൂർത്തിയാക്കാനായില്ല. തുടർപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്‌ പി എസ്  സുപാൽ എംഎൽഎ, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ എന്നിവർ അറിയിച്ചു. ജില്ലയിലെ കിഴക്കൻ  മലയോരമേഖലയിലെ ടൂറിസം പദ്ധതികളെ ബന്ധിപ്പിച്ച്  ഓലിയരുകിലേക്കും ജില്ലാ ആസ്ഥാനത്തുനിന്നും ടൂറിസം പാക്കേജ്  ആരംഭിക്കും. മലമേൽ, കുടുക്കത്തുപാറ  ഓലിയരുക് വഴി തെന്മലയിലേക്ക്‌ പോകാനും സാധ്യതയുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top