23 April Tuesday

മരണത്തിന്റെ പതാകകള്‍- ഭൂട്ടാനിലേക്ക് നടത്തിയ യാത്രാനുഭവം...

കെ ആര്‍ അജയന്‍Updated: Saturday Dec 30, 2017

സൈപ്രസ് മരങ്ങള്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നു. താഴ്വാരമാകെ പൈന്‍മരങ്ങള്‍. ബഹുവര്‍ണ പതാകകള്‍. ബുദ്ധിസ്റ്റുകള്‍ പ്രധാനമായും ചുവപ്പ്, വെളുപ്പ്, നീല, പച്ച, മഞ്ഞ നിറങ്ങളാണ് ആരാധനയുടെ ഭാഗമായ തോരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതില്‍ ഓരോന്നിനും ഓരോ അര്‍ഥതലമുണ്ട്. നീല ആകാശത്തെയും വെളുപ്പ് മേഘങ്ങളെയും ചുവപ്പ് അഗ്നിയെയും പച്ച വെള്ളത്തെയും മഞ്ഞ മണ്ണിനെയും  തൊടുന്നുവെന്നാണ് സങ്കല്‍പ്പം-ഭൂട്ടാനിലേക്ക് നടത്തിയ യാത്രാനുഭവം...

ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവില്‍നിന്ന് പഴയ തലസ്ഥാനമായ പുനാഖയിലേക്കുള്ള വഴിയിലാണ് ദോച്ചുല പാസ്. യുദ്ധ വീരന്മാരുടെ സ്മരണക്ക് കരുത്തായി പടുത്തുയര്‍ത്തിയ 108  ഓര്‍മകുടീരങ്ങളാണ് നോര്‍ട്ടന്‍ കുന്ന് എന്നറിയപ്പെടുന്ന ദോച്ചുലയില്‍. പുലര്‍ച്ചെയാണ് തിംഫുവില്‍നിന്ന് യാത്ര തുടങ്ങിയത്. തലേന്ന് രാത്രി നൃത്തശാലയില്‍ ചെലവിട്ടതിന്റെ ക്ഷീണമുണ്ട്. നൃത്തശാല എന്നാല്‍ എന്തും കിട്ടുന്ന നൃത്തശാല. മദ്യവും മദിരാക്ഷിയും ഖര-ദ്രാവക രൂപത്തിലുള്ള എല്ലാ ലഹരികളും കിട്ടുന്ന നൃത്തശാല. രഹസ്യസ്വഭാവമുണ്ടെങ്കിലും ആടാം പാടാം കുടിച്ചു രസിക്കാം, രാത്രി പകലാകുംവരെ. അവധി ദിവസമാണെങ്കില്‍ നൃത്തശാലയില്‍ തിരക്ക് കൂടും.

യഥാര്‍ഥത്തില്‍ ഇവ നൃത്തശാലകളല്ല. പരസ്യമായി മദ്യം വില്‍ക്കുന്ന റെസ്റ്റോറന്റ് മാത്രമാണ്. അതിന്റെ പാര്‍ശ്വ കച്ചവടം മാത്രമാണ് ബാക്കിയുള്ളവ.  ഭൂട്ടാന്‍ രാജകുടുംബത്തിന്റേതെന്ന് അറിയപ്പെടുന്ന (ശരിയാണോ എന്ന് വ്യക്തമല്ല) റാവണ്‍ എന്ന വെളുത്ത ചാരായത്തിനാണ് ഡിമാന്റ് കൂടുതല്‍. കത്തിയണയുന്ന നിയോണ്‍ വെളിച്ചത്തില്‍, കാതടപ്പിക്കുന്ന ശബ്ദഘോഷത്തില്‍ ആണും പെണ്ണുമൊക്കെ ചുവടുവയ്ക്കുന്നു. ഉള്ളിലേക്ക് കടക്കാന്‍ 500 രൂപയ്ക്ക് താഴെയാണ് ഫീസ്. ചെറിയ കൌണ്ടറിനുള്ളിലേക്ക്  തുകയുമായി കൈനീട്ടുമ്പോള്‍ പെട്ടെന്ന് കണങ്കയ്യില്‍ തണുത്ത മഷിയുടെ സ്പര്‍ശം. ഉള്ളിലേക്കുള്ള അനുമതിയാണ് കണങ്കൈക്ക് മുകളില്‍ പതിക്കുന്ന റബര്‍ സീല്‍. അകത്തേക്ക് കടക്കാന്‍ മാത്രമുള്ള ഫീസാണിത്. അതിനുള്ളില്‍ വേണ്ടതിനൊക്കെ പ്രത്യേക തുക നല്‍കണം.

വഴിയില്‍ പലേടത്തും ചെറിയ തടസ്സങ്ങളുണ്ട്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാല്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് കിടപ്പുണ്ട്. അത് മാറ്റാനുള്ള ജോലിയില്‍ വ്യാപൃതരാണ് തൊഴിലാളികള്‍. താഴ്വരയില്‍ ആപ്പിള്‍ മരങ്ങള്‍ ചുവന്നുതുടുത്ത് നില്‍ക്കുന്നു, പക്ഷേ, പാകമായിട്ടില്ല. ഇടയ്ക്കിടെ വാല്‍നട്ട് മരങ്ങളുമുണ്ട്. സഞ്ചരിക്കുന്നത് ഭൂട്ടാന്റെ സംരക്ഷിത വനമേഖലയിലൂടെയാണെന്ന് ഓര്‍മിപ്പിക്കുന്ന നിരവധി ബോര്‍ഡുകള്‍ പലേടത്തുമുണ്ട്. ചെറിയ ചെക്പോസ്റ്റുകളും. 
 ദ്രക് വങ്ഗ്യല്‍ ചോര്‍ട്ടന്‍സ് എന്നറിയപ്പെടുന്ന 108 സ്തൂപങ്ങളുടെ മുന്നില്‍ വാഹനം നിര്‍ത്തി. ഇതുവഴി പോകുന്ന എല്ലാ വാഹനങ്ങളും ഈ കുന്ന് വലം വച്ചശേഷമേ വാഹനം ഒതുക്കി നിര്‍ത്തൂ. വര്‍ഷങ്ങളായി തുടരുന്ന ആചാര മര്യാദയാണിത്. രാജ്യനന്മക്കായി പൊരുതിമരിച്ച രണധീരരുടെ ഓര്‍മ ചുറ്റിവരുന്ന ആദരം. അതുശരി, പക്ഷേ, ഞങ്ങളുടെ വാഹനം മൂന്നുവട്ടം ചുറ്റിയാണ് നിര്‍ത്തിയത്. റോയല്‍ ബൊട്ടാണിക്കല്‍ പാര്‍ക്കിന്റെ മുന്നിലൂടെ വലംവയ്ക്കുമ്പോള്‍ സത്യത്തില്‍ നീരസം തോന്നാതിരുന്നില്ല. പക്ഷേ, അത് വിശ്വാസത്തിന്റെ പരമ കോടിയാണ്. അതിന് പിന്നിലുള്ളത് രാജ്യനന്മയുടെ ആദരം മാത്രമല്ല,  സുന്ദരമായ ഒരു ഫാന്റസികഥ കൂടിയുണ്ട്.

      കഥകള്‍ക്ക് ഒരു കുറവുമില്ലാത്ത ഇടമാണ് ഭൂട്ടാന്‍. പ്രത്യേകിച്ചും ആട്ടവും പാട്ടും നിറവും സംഗീതവുമെല്ലാം നിറഞ്ഞ കഥകള്‍. ദോച്ചുലാ പാസ് ഉള്‍പ്പെടുന്ന വനപ്രദേശമാകെ ഒരുകാലത്ത് ദുരാത്മാക്കളുടെ ആവാസഭൂമിയായിരുന്നു. കാടിനുള്ളില്‍ കടക്കുന്ന പലരും എല്ലാം നഷ്ടപ്പെട്ടാണ് രക്ഷപ്പെടുക. മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ അസാന്മാര്‍ഗിക പ്രവൃത്തികളുടെ മൂര്‍ത്തികളായിരുന്നു കാട് ഭരിച്ചിരുന്നത്. അതില്‍ നരഭോജിയായ ഒരു രാക്ഷസി ഉണ്ടായിരുന്നു. കണ്ടാല്‍ അതിസുന്ദരി. മധുരമൊഴി. ആദ്യ ദര്‍ശനത്തില്‍തന്നെ ആരും അവള്‍ക്ക് അടിമയാകും. ഇഷ്ടപ്പെട്ട പുരുഷന്മാര്‍ക്കൊപ്പം ശയിച്ചശേഷം ചോരയൂറ്റി കൊല്ലുകയാണ് അവളുടെ ഇഷ്ട വിനോദം. അവളെപ്പേടിച്ച് പുരുഷന്മാരാരും അതുവഴി പോകാതായി. ആള്‍ക്കാരെക്കിട്ടാതായപ്പോള്‍ ഒരു ദിവസം തീപാറുന്ന കണ്ണുകളും തെറിച്ച മുലകളുമായി അവള്‍, രാക്ഷസി കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി. ആകാശത്ത് വ്യാളികള്‍ അവളെ ചുറ്റിപ്പിണഞ്ഞ് ശീല്‍ക്കാരങ്ങള്‍ ഉതിര്‍ത്തു. അവള്‍ ഭൂമിയില്‍ കാലുതൊട്ടില്ല, തലമുടിയില്‍ ചുറ്റി പിണഞ്ഞ വ്യാളികള്‍ ചുറ്റും തീതുപ്പി. അത് നഗരത്തെയാകെ ചുട്ടെരിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. എല്ലാരും പേടിച്ചുവിറച്ചു. 

ദോച്ചുല പാസിലെ ക്ഷേത്രം

ദോച്ചുല പാസിലെ ക്ഷേത്രം

പെട്ടെന്ന് ആകാശത്ത് ഒരു സന്യാസി പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ കിറുക്കനെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഡ്രൂഗ്പ കുണ്‍ലെ. താന്ത്രിക് ബുദ്ധിസത്തിന്റെ തലതൊട്ടപ്പനായ അദ്ദേഹം തന്റെ വിശ്വരൂപം കാട്ടിയതോടെ രാക്ഷസി വിരണ്ടു. തീതുപ്പുന്ന ഡ്രാഗണുകള്‍  നിമിഷനേരത്തിനുള്ളില്‍ ഭൂമിയിലേക്ക് ഊര്‍ന്നുവീണു. ഭയന്നിട്ടും സുന്ദരനായ സന്യാസിയെ വശീകരിക്കാന്‍ ശ്രമിച്ച വ്രീളാവിവശയായ രാക്ഷസിയെ അദ്ദേഹം തന്റെ മാന്ത്രികവിദ്യയാല്‍ ചൊല്‍പ്പടിക്ക് നിര്‍ത്തി. എന്നാല്‍ അടങ്ങിയിരിക്കാന്‍ തുനിയാതെ അവള്‍ ആക്രമണത്തിന് ഒരുമ്പെട്ടു. പെട്ടെന്ന് അദ്ദേഹം തന്റെ ലിംഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി.

ലിംഗതാഡനത്തില്‍ രാക്ഷസിയുടെ കൊരവള്ളി അറ്റുപോയി. തല വേര്‍പെട്ട അവളുടെ ശരീരം വ്യാളികളുടെ വായില്‍നിന്നുള്ള തീയില്‍ വെന്തുരുകി. എന്നിട്ടും വേര്‍പെട്ട തലയുമണം ശക്തമാക്കി. പരിശുദ്ധ കിറുക്കന്‍ തന്റെ ലിംഗം ചുഴറ്റി തീ മഴ പെയ്യിച്ച് അവളുടെ ശിരസ്സ് കരിച്ചുകളഞ്ഞു. അന്നുമുതല്‍ ശരീരം നഷ്ടപ്പെട്ട അവളുടെ ആത്മാവ് പറന്നിറങ്ങിയത് ദോച്ചുലയില്‍ ആണത്രേ. ഇപ്പോഴും രാക്ഷസിയുടെ ഭയംപിടിപ്പിക്കുന്ന പ്രഭയില്‍ അന്ധവിശ്വാസത്തിന്റെ ചുരത്തില്‍ ഒരുപാടൊരുപാട് പതാകകള്‍ ആകാശത്തേക്ക് പല വര്‍ണത്തില്‍ പാറുന്നു. ഭൂട്ടാന്റെ ആചാരമാണ് നല്ലതിനായാലും പൊല്ലാപ്പിനായാലും ഇത്തരം പതാക നാട്ടല്‍.

നടന്നെത്താനാകാത്ത കുന്നിന്‍ മുകളിലും ചരിവുകളിലുമെല്ലാം നൂറുകണക്കിന് പല വര്‍ണപതാകകള്‍ ഭൂട്ടാനില്‍ എവിടെയും കാണാം. അത് മരണത്തിന്റെകൂടി സന്ദേശമാണ്. മരണത്തിനും മോക്ഷത്തിനും ഇടയിലുള്ള ത്രിശങ്കു കടക്കാനുള്ള പ്രാര്‍ഥനയാണ് ഈ പതാകകള്‍. ഓരോയിടത്തും എണ്ണത്തില്‍ വ്യത്യാസമുണ്ട്. ജനനവും മരണവും ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമൊക്കെ കൃത്യമായ എണ്ണമുണ്ട്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി 108 പ്രാര്‍ഥനാ കൊടികളാണ് സ്ഥാപിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 10200 അടി ഉയരത്തിലാണ് ഞങ്ങള്‍. തെളിഞ്ഞ പ്രകൃതിയാണെങ്കില്‍ ഭൂട്ടാന്‍ ഹിമാലയമാകെ ഇവിടെ നിന്നാല്‍ കാണാം. 520 മുതല്‍ 23000 അടിവരെ ഉയരത്തിലുള്ള കുന്നുകള്‍. ചൈനയോട് ചേര്‍ന്ന കൂലാ കാങ്റി, ഛംബി താഴ്വരയിലേക്ക് നീളുന്ന ജൊ മൊഹ്രി ഇങ്ങനെ പലതുമുണ്ട് ഭൂട്ടാനിലെ കാഴ്ചകള്‍.

     കളകളാരവത്തോടെ ഒഴുകിവരുന്ന അരുവികള്‍ എവിടെ ഉണ്ടെങ്കിലും അവിടെ ഒരു പ്രാര്‍ഥനാചക്രം സ്ഥാപിക്കുകയെന്നത് ഭൂട്ടാനികളുടെ പൊതുസ്വഭാവമാണ്. ഞങ്ങള്‍ പിന്നിട്ട വഴിയില്‍  പലയിടത്തും അത് കണ്ടതുമാണ്. പക്ഷേ ഇവിടെ ദോച്ചുലാ പാസില്‍ നില്‍ക്കുമ്പോള്‍ ഒഴുകിവരുന്ന അരുവിക്ക് എന്തൊക്കെയോ അധികം പറയാനുള്ളത് പോലെ. പ്രാര്‍ഥനാ ചക്രത്തിന്റെ മുഴക്കം അതാണ് സൂചിപ്പിക്കുന്നത്. മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് ദ്രക് വങ്യ്യല്‍. കൊടിമരത്തില്‍  മഞ്ഞനിറത്തിലുള്ള പതാക മഞ്ഞില്‍ ഒട്ടിപ്പിടിച്ചുകിടക്കുന്നു. തൊട്ടരികില്‍ തട്ടുതട്ടായ ചോര്‍ട്ടനുകള്‍. കല്ലും മണ്ണും കുമ്മായവും പൈന്‍മരത്തടിയുമെല്ലാം സംയോജിപ്പിച്ച സമചതുരത്തിലെ മനോഹരസൃഷ്ടി.

നാല് വശങ്ങള്‍ ഉള്ളതാണ് ഓരോന്നും. ഓരോ വശത്തും ഓരോ ബുദ്ധന്മാര്‍ തപസ്സ് ചെയ്യുന്ന ചിത്രം. അതും കടുത്ത നിറങ്ങള്‍ക്കുള്ളില്‍ വ്യക്തതയോടെ. ബുദ്ധന്മാര്‍ എന്നുപറഞ്ഞത് ഗൌതമ ബുദ്ധന്റെ വിവിധരൂപങ്ങള്‍ എന്ന അര്‍ഥത്തിലല്ല. ഒരുപക്ഷേ, ബുദ്ധ ശിഷ്യന്മാരായ പില്‍ക്കാല ബുദ്ധന്മാരായ ചിലരുടെ മുഖമാകാം അവിടെ നിറംചാലിച്ചത്. അതില്‍ ശാക്യമുനി, അവലോകിടേശ്വരന്‍, വജ്രായന ഉള്‍പ്പെടെ പലരും ഉണ്ടാകാം. ഭൂട്ടാനികളുടെ രാജമാതാവ് അസി ദോര്‍ജി വാങ്മോ വാങ്ചുക് ആണ് 108 ഓര്‍മ സ്തൂപങ്ങള്‍ സ്ഥാപിച്ചത്. തൊട്ടടുത്തുതന്നെയാണ് ദ്രക് വങ്ഗ്യല്‍ ലഖാങ് എന്ന മൊണാസ്ട്രി. ഭൂട്ടാനിലെ നാലാം ഭരണാധികാരി ദ്രക് ഗ്യാല്‍പോ(ജിഗ്മെസങ്യെ വാങ്ചുക്)യുടെ സ്മരണക്കായി നിര്‍മിച്ചതാണിത്. മുന്നില്‍ കാണുന്ന വിശാലമായ സ്ഥലത്താണ് എല്ലാവര്‍ഷവും ദ്രക് വങ്ഗ്യല്‍ ഉത്സവം നടത്താറുള്ളത്. ഇതിന് മുന്നിലൂടെ യാത്രചെയ്താല്‍ അകലെ ഇരുപുഴകളുടെയും നടുവില്‍ തല   ഉയര്‍ത്തിനില്‍ക്കുന്ന ബുദ്ധഗയകള്‍ കാണാം. ഏഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

    സൈപ്രസ് മരങ്ങള്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നു. താഴ്വാരമാകെ പൈന്‍മരങ്ങള്‍. ബഹുവര്‍ണ പതാകകള്‍. ബുദ്ധിസ്റ്റുകള്‍ പ്രധാനമായും ചുവപ്പ്, വെളുപ്പ്, നീല, പച്ച, മഞ്ഞ നിറങ്ങളാണ് ആരാധനയുടെ ഭാഗമായ തോരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതില്‍ ഓരോന്നിനും ഓരോ അര്‍ഥതലമുണ്ട്. നീല ആകാശത്തെയും വെളുപ്പ് മേഘങ്ങളെയും ചുവപ്പ് അഗ്നിയെയും പച്ച വെള്ളത്തെയും മഞ്ഞ മണ്ണിനെയും  തൊടുന്നുവെന്നാണ് സങ്കല്‍പ്പം.
2003ല്‍ ഭൂട്ടാന്‍ കീഴടക്കാന്‍ വന്ന അസംകാര്‍ക്ക് എതിരെയുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട 108 ഭൂട്ടാന്‍ പോരാളികളുടെ ഓര്‍മ രൂപങ്ങളാണ് ദോച്ചുലയിലുള്ളത്. രാജാവ് ദിഗ്മെ സിങ്യെ വാങ്ചുകിന്റെ വിജയം കൂടിയായിരുന്നു അത്. 2003 ഡിസംബര്‍ 28ന് തിംഫുവില്‍ തിരിച്ചെത്തിയ രാജാവ് 2004 ജൂലൈയില്‍ 108 നിര്‍മാണം പൂര്‍ത്തിയാക്കിയെന്നാണ് ചരിത്രം.

     നിര്‍മാണകൌശലം നിറഞ്ഞുനില്‍ക്കുകയാണ് ഓരോ സ്തൂപങ്ങളിലും. തട്ടു തട്ടായി മുന്നില്‍ നിവര്‍ന്നുനില്‍ക്കുകയാണ് ഓരോ പോരാളിയും. തീരെ മോശമല്ലാത്ത കോടമഞ്ഞ് ഞങ്ങളെയും രക്തസാക്ഷികളെയും പൊതിയുന്നു. ഇത്തിരിനേരം നിന്നപ്പോള്‍ ഒന്നിലേക്കുള്ള വഴി തെളിഞ്ഞു. മൂന്ന് തട്ടുകളായി ചോര്‍ട്ടന്‍ വിന്യസിച്ചിട്ടുണ്ട്.ആദ്യത്തെ തട്ടില്‍ 45, രണ്ടാമത്തേതില്‍ 36, ഏറ്റവും മുകളില്‍ 27. അതിനു നടുവില്‍ പ്രധാന ചോര്‍ട്ടന്‍. ഇവയുടെ നിര്‍മാണത്തില്‍ സാമ്പ്രദായിക ഭൂട്ടാനീസ് ബുദ്ധിസ്റ്റ് സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്. ധാന്യവും മണ്ണും പൂക്കളുമെല്ലാം ഉപയോഗിച്ചുള്ള പ്രത്യേക നിര്‍മിതി. സുഗന്ധദ്രവ്യങ്ങളും നെയ്യുമൊക്കെ ഉപയോഗിച്ചാണ് അടിസ്ഥാനക്കുഴി നിറച്ചത്. സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇത്തരം സമ്പ്രദായങ്ങള്‍ എന്ന് വിശ്വസിച്ചുപോരുന്നു.

    കരിങ്കല്‍പാളികള്‍ പാകിയ ചെറിയ കൂരകളാണ് ഓരോ ചോര്‍ട്ടനും. അതിനുമീതെ പത്മദല ചുവടുള്ള ഗോപുരം. മേല്‍ക്കൂര ഉറപ്പിച്ചിരിക്കുന്നത് ചുവന്ന നിറത്തിലുള്ള പ്രത്യേക പലകകളിലാണ്. അതിനുതാഴെ സ്വര്‍ണനിറത്തില്‍ അളകങ്ങള്‍. ഇതെല്ലാം ഉറപ്പിച്ചിരിക്കുന്നത് ഭൂട്ടാനീസ് പാരമ്പര്യ വാസ്തുശില്‍പ രീതിയിലാണ്. തൊട്ടുതാഴെ വെളുത്ത പ്രതലം. അതിനുതാഴെ ഓട്ടുക്കവി നിറത്തിനുള്ളിലാണ് ബുദ്ധന്മാരുടെ ഇരിപ്പ്. അവര്‍ക്കുചുറ്റും ബുദ്ധസൂക്തങ്ങള്‍ കുത്തിക്കുറിച്ചിട്ടുണ്ട്. മറിഞ്ഞുകിടക്കുന്ന ഒരു ചോര്‍ട്ടന്‍ അറ്റകുറ്റപ്പണി നടത്തുകയാണ് തൊഴിലാളികള്‍. അവരില്‍ നിന്നാണ് ഇതില്‍ ഘടിപ്പിക്കുന്ന ഓരോന്നിന്റെയും പ്രത്യേകത അറിഞ്ഞത്. ചുവപ്പ് പോരാട്ടത്തിന്റെ സൂചനയാണ്. നെറ്റിയില്‍ ചുവപ്പ് കെട്ടിയ പോരാളി. നാലുവശവും ബുദ്ധരൂപങ്ങള്‍. അതിനുതാഴെയുള്ള മഞ്ഞ അടിവാരം ഭൂമിയില്‍ അയാള്‍ നില്‍ക്കുന്നതിന്റെ സൂചനയാണ്. വളരെ ചെറിയ ഭൂട്ടാനീസ് അക്ഷരത്തില്‍ എന്തോ ചിലതൊക്കെ കുത്തിക്കുറിച്ചിട്ടുണ്ട് അത് അവരുടെ സ്മരണാഞ്ജലി. പുല്‍ത്തകിടിയെ നോവിക്കാതെ പടികളില്‍ മാത്രം ചവുട്ടി ഞങ്ങള്‍ പ്രധാന ചോര്‍ട്ടനുമുന്നിലെത്തി. നാലുവശവും ഇരിപ്പിടം പോലെ മാര്‍ബിള്‍ പതിപ്പിച്ചിട്ടുണ്ട്. ചിത്രമെടുക്കാനും ഇത്തിരി നേരം എല്ലാം മറന്ന് ഇരിക്കാനും പറ്റിയ സ്ഥലം. തൊട്ടടുത്താണ് ബയോളജിക്കല്‍ പാര്‍ക്ക്. അതിനുള്ളില്‍ ചുവപ്പും വെള്ളയും നിറത്തില്‍ പൂക്കള്‍ വിരിയുന്ന റോഡോ ഡെന്‍ട്രോമുകള്‍. അവയ്ക്കുവേണ്ടി മാത്രം ഒരു ഗാര്‍ഡന്‍ അതിനുള്ളിലുണ്ട്. പൂക്കാലമല്ലാത്തതിനാല്‍ ഞങ്ങള്‍ അങ്ങോട്ട് തിരിഞ്ഞില്ല.

   
ദ്രക് വങ്ഗ്യല്‍ ലഖാങിലെ ചുവര്‍ ചിത്രങ്ങള്‍

ദ്രക് വങ്ഗ്യല്‍ ലഖാങിലെ ചുവര്‍ ചിത്രങ്ങള്‍

പോരാളികളുടെ മൌനം തളം കെട്ടിനില്‍ക്കുന്ന ആ തണുത്ത കുന്നില്‍നിന്ന് ഞങ്ങള്‍ സാവധാനം താഴേക്കിറങ്ങി. സൂര്യന്‍ ശക്തമായി തലയ്ക്കുമുകളിലുണ്ടെങ്കിലും തണുപ്പ് മാറുന്നില്ല. കോടമഞ്ഞും ഒപ്പമുണ്ട്.

    തൊട്ടുമുന്നിലെ പടിക്കെട്ടുകള്‍ കയറിച്ചെന്നാല്‍ ദ്രക് വങ്ഗ്യല്‍ ലഖാങ്. ചുറ്റും പൂക്കള്‍ പല നിറത്തില്‍ വിരിഞ്ഞുചിരിക്കുന്നു. മൊണാസ്ട്രിയുടെ മുന്നില്‍ ആരുമില്ല. അകത്ത് ഒരു കൂര്‍ക്കം വലിയുടെ ശബ്ദമുണ്ട്. കൂര്‍ക്കംവലിപോലെ ചിരിപ്പിക്കുന്നതാണ് മൊണാസ്ട്രിയുടെ പുറംചുവരുകളും. ചിരിപ്പിക്കുന്ന ചിത്രങ്ങളാണ് ചുറ്റും. മോഡേണ്‍ എന്നൊക്കെ പറയില്ലേ,  അതൊന്നുമല്ല ഒരുതരം ആക്ഷേപഹാസ്യം കൈകാര്യംചെയ്യുന്ന ചിത്രങ്ങള്‍. വിമാനത്തില്‍ വരുന്ന മാലാഖ.

ലാപ്ടോപ്പില്‍ മുഴുകിയിരിക്കുന്ന ബുദ്ധസന്യാസി. മേഘങ്ങളില്‍ എഴുതുന്ന ഡ്രാഗണുകള്‍. ഇങ്ങനെ പലതും. 15 മുതല്‍ 21 നൂറ്റാണ്ടുവരെയുള്ള ഭൂട്ടാന്റെ മാറ്റം ആണത്രേ ചുവരുകളില്‍. ഉള്ളിലെ ബുദ്ധവിഗ്രഹത്തിന് ചുറ്റും കൊക്കകോള മുതല്‍ നാടന്‍ ആപ്പിള്‍ വരെ കൂടി ഇരിപ്പുണ്ട്. വൈനിന്റെ മണം നിറഞ്ഞുനില്‍ക്കുന്ന ബുദ്ധാശ്രമം.

യഥാര്‍ഥത്തില്‍ ചോര്‍ട്ടനുകള്‍ അതിന്റെ വൃത്താകൃത വിന്യാസത്തില്‍ വ്യക്തമായി കാണാനാകുന്നത് ലഖാങ്ങിനുമുന്നില്‍ നില്‍ക്കുമ്പോഴാണ്. ചുറ്റിവളഞ്ഞ് ദോച്ചുല ചുരവും .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top