25 April Thursday
വിനോദ സഞ്ചാരികള്‍ക്ക് സമ്മോഹന കാഴ്ച

പാലൊളി വിതറി പാലൊഴുകുംപാറ ജലപാതം

എം അനില്‍Updated: Wednesday Jun 29, 2016

ഇടുക്കി > നയന മനോഹര കാഴ്ചകള്‍ ഇടുക്കിയില്‍ പുതുമയല്ല. എന്നാല്‍ പാലൊഴുകുംപാറ ജലപാതം അത്യപൂര്‍വ്വ ദൃശ്യവിരുന്നു തന്നെ. വിനോദസഞ്ചാരത്തിന്റെ പറുദീസയായ വാഗമണില്‍ നിന്ന് രണ്ടരക്കിലോ മീറ്റര്‍മാത്രം അകലെയാണ് പാലൊഴുകും പാറ. പ്രകൃതി കനിഞ്ഞരുളിയ ഇവിടം അധികമാരുടെയും കണ്ണില്‍പ്പെടാതെ പോയ വിനോദസഞ്ചാര കേന്ദ്രമാണെന്ന് സംശയമില്ല. പര്‍വതനിരയെപോലെ ഭീമമായ പാറത്തട്ടുകളുടെ രൂപാകൃതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.

കാലവര്‍ഷം കനത്തതോടെ മലനിരകളില്‍ തങ്ങുന്ന വെള്ളം ചാലുകീറി താഴേക്ക് തട്ട്തട്ടായി പതിക്കുകയാണിവിടെ. നൂറ്റമ്പതോളം അടി ഉയരത്തില്‍നിന്ന് കുത്തൊഴുക്കില്‍ വെള്ളം പതിക്കുന്നത് കാണാനെത്തുന്നത് അത്യപൂര്‍വം വിനോദസഞ്ചാരികള്‍. താഴെ നിറയെ പാറക്കൂട്ടങ്ങളും ഒപ്പം നീരൊഴുക്കും ചുഴിയും കയങ്ങളും.  അകലെ ഉയര്‍ന്ന റോഡില്‍നിന്ന് വെള്ളച്ചാട്ടം ദൃശ്യമാണെങ്കിലും അതിന്റെ സൌന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍  സൌകര്യം ഒട്ടുമില്ല. സമീപത്തെ സ്വകാര്യ ഭൂമിയിലൂടെവേണം ജലപാതത്തിന് അടുത്തെത്താന്‍. അതും ദുര്‍ഘട വഴിയിലൂടെ. ചെറിയ പാറക്കൂട്ടങ്ങളും ഏലക്കാടുകളും താണ്ടുക സാഹസികം തന്നെ. സ്വകാര്യവ്യക്തികള്‍ വിലക്കിയാല്‍ ഈ യാത്രയും അസാധ്യമാകും.

വാഗമണ്‍ ടൂറിസത്തിന്റെ ഭാഗമാണിവിടം. എന്നാല്‍ വാഗമണ്‍ മൊട്ടക്കുന്നിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇവിടം സുപരിചതമല്ല. ഇപ്പോള്‍ ടൂറിസം ഭൂപടത്തിലും വെബ്സൈറ്റിലും പാലൊഴുകുംപാറ ജലപാതം ഉള്‍പ്പെട്ടെങ്കിലും അടിസ്ഥാന സൌകര്യമില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസ്റ്റുകളും താല്‍പ്പര്യം കാട്ടുന്നില്ല. റോഡരികില്‍ അടുത്തിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കലക്ടറും എഡിഎമ്മും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇത് അടിസ്ഥാന സൌകര്യ വികസനത്തിന് വഴിതെളിച്ചേക്കാം. 48 കോടിയുടെ വാഗമണ്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ അടിസ്ഥാന സൌകര്യമൊരുക്കാന്‍ ആലോചനയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top