26 April Friday

അപകടം പതിയിരിക്കുന്ന ലോകത്തെ പത്ത് സ്ഥലങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

സഞ്ചാരികളുടെ മനം കവരുന്ന മനോഹരയിടങ്ങൾകൊണ്ട് നിറഞ്ഞതാണീ ഭൂമി. അതേപോലെ അത്യന്തം അപകടകരമായ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. അപകടം പതിയിരിക്കുന്ന ലോകത്തെ പത്ത് സ്ഥലങ്ങൾ.

ഡെത്ത് വാലി നാഷണൽ പാർക്ക്, യുഎസ്എ


മരണത്തിന്റെ താഴ്വര. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലോകത്തെ ഏറ്റവും അപകടകരമായ താഴ്വരകളിൽ ഒന്നാണ് ഡെത്ത് വാലി നാഷണൽ പാർക്ക്. നെവാഡയ്ക്കും കാലിഫോർണിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. ലാൻഡ് ഓഫ് എക്സ്ട്രീംസ് എന്നും ഇവിടം അറിയപ്പെടുന്നു. ഭൂമിയിൽ എക്കാലത്തെയും ഉയർന്ന താപനില ( 56.7 °C) രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണിത്. ഡെത്ത്‍ വാലിയിലെ കൊടും ചൂടിൽ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഹാരി പോട്ടർ നടൻ ഡേവ് ലെജെനോ ഇക്കൂട്ടത്തില്‍ ഒരാളാണ്. ഇവിടുത്തെ 300 കിലോയിലധകം ഭാരമുള്ള സ്വയം ചലിക്കുന്ന പാറകളുടെ രഹസ്യം ശാസ്ത്ര ലോകത്തിന് ഇന്നും അജ്ഞാതമാണ്.  
കൊടും ചൂടിനൊപ്പം തന്നെ ഇവിടെ പതിയിരിക്കുന്ന മറ്റൊരു അപകടം പാമ്പുകളാണ്. അപകടകരമായ കുന്നുകളും ​ഗർത്തങ്ങളും ഒക്കെ ഡെത്ത് വാലിയെ ലോകത്തിലെ വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. നിർജ്ജലീകരണവും ഹീറ്റ്‌സ്ട്രോക്കും പോലെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ അനുവദിക്കപ്പെട്ട സ്ഥലങ്ങളും പാതകളും വിട്ട് പോകാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് സന്ദര്‍ശകര്‍ക്ക് നിര്‍ദേശം ഉണ്ട്.

ഡാനകിൽ മരുഭൂമി, എത്യോപ്യ


ഭൂമിയിലെ ഏറ്റവും ചൂടേറിയ മറ്റൊരു സ്ഥലമാണ് ഡാനകിൽ.  എത്യോപ്യയുടെ വടക്കുകിഴക്കന്‍ഭാഗത്തുള്ള അഫാര്‍ ട്രയാംഗിളിന്റെ ഭാഗമാണ് ഡാനകില്‍. അന്യഗ്രഹം പോലെ തോന്നിക്കുന്ന, ഭൂമിയിലെ ഏറ്റവും വരണ്ടതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഒന്ന്. ധാരാളം സജീവമായ അഗ്നിപര്‍വ്വതങ്ങളടങ്ങിയ പ്രദേശമാണിത്. സ്ഥിരമായി 50°C (122°F) കവിയുന്ന താപനില, വിഷവാതകം പുറന്തള്ളുന്ന ഉഷ്ണജലസ്രോതസ്സുകള്‍, ഉപ്പ് തടാകങ്ങൾ, അമ്ല നീരുറവകൾ എന്നിവയെല്ലാം 'ഭൂമിയിലെ നരകം' എന്നു വിശേഷിപ്പിക്കുന്ന ഡാനകിൽ മരുഭൂമിയുടെ ഭീകരത തുറന്നുകാട്ടുന്നതാണ്.  വർഷത്തിൽ വളരെ കുറച്ച് മഴ മാത്രമേ പെയ്യുകയുള്ളൂ. ഭൂമിയിൽ സ്പർശിക്കുന്ന ഈർപ്പം നിമിഷങ്ങൾക്കകം ആവിയായി പോകുന്നു. ഇതൊക്കെയായാലും ഡാനകില്‍ മരുഭൂമി സാഹസിക യാത്രികരുടെ ഇഷ്ട ഇടമാണ്.

സ്നേക്ക് ഐലൻഡ്, ബ്രസീൽ


സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വനനിബിഡമായ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ ദ്വീപ് ബ്രസീലിലെ ഏറ്റവും മോഹരമായ പ്രദേശങ്ങളിൽ ഒന്നാണ്. എന്നാൽ ഈ മനോഹാരിതക്ക് പിന്നിൽ ജീവനെടുക്കുന്ന അപകടങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.  കരയിലേക്ക് കാലെടുത്തുവെച്ചാല്‍ ഇടത്തും വലത്തും മുന്നിലും പിറകിലുമെല്ലാം ഉ​ഗ്ര വിഷം ചീറ്റുന്ന പാമ്പുകള്‍. ഏത് നിമിഷവും കടിയേൽക്കാം, മരണപ്പെടാം.
ബ്രസീലിന്റെ തീരത്ത് നിന്ന് 25 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ദ്വീപ് ലോകത്തെതന്നെ ഏറ്റവും വിഷം വമിക്കുന്ന ബ്രോതോപ്‌സ് ഇനത്തില്‍പ്പെട്ട പാമ്പുകള്‍ ആടക്കം ഉഗ്രവിഷമുള്ള നാലായിരത്തോളം പാമ്പുകളുടെ ആവാസകേന്ദ്രമാണ്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇക്കാലത്ത് നിര്‍മിക്കപ്പെട്ട ലൈറ്റ്ഹൗസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയന്‍ നാവികസേനയ്ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബുടാന്‍ടാനിലെ ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനാനുമതിയുള്ളത്.

നാട്രോൺ തടാകം, ടാൻസാനിയ 
 


വെള്ളത്തില്‍ ഇറങ്ങിയാല്‍ കല്ലായിപ്പോകുന്ന തടാകത്തെ പറ്റി കേട്ടിട്ടുണ്ടോ. ടാന്‍സാനിയയിലെ സോഡാ തടാകം അഥവാ നാട്രോണ്‍ തടാകം അത്തരത്തിലൊന്നാണ്.
ഭൗമനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഒല്‍ ദോനിയോ ലംഗായ് എന്ന അഗ്നിപര്‍വതത്തിന്റെ ഭാഗമാണ് നാട്രോണ്‍ തടാകം. അഗ്നിപര്‍വതത്തിൽ നിന്നും ഒഴുകുന്ന നാട്രോകാർബണേറ്റൈറ്റ് എന്ന പദാര്‍ത്ഥം വലിയ അളവിലുള്ള ലാവയാണ് തടാകത്തിന്റെ ആസിഡ് പ്രതിഭാസത്തിനു കാരണം. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിന്റെ അതേ പിഎച്ച് മൂല്യമാണ് തടാകത്തിലെ ജലത്തിനുമുള്ളത്.
തടാകത്തില്‍ വീണാല്‍ ജീവികളുടെ ശരീരത്തില്‍ നിന്ന് ജലാംശം ചോര്‍ന്ന് കട്ടി പിടിക്കും. തടാകത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ ‌ ശരീരം അഴുകാതെ സൂക്ഷിക്കുകയും പതിയെ ഈ ശരീരങ്ങള്‍ കല്ലുകള്‍ക്ക് സമാനമായി തീരുകയും ചെയ്യും. പ്രധാനമായും ചെറിയ ജീവികളാണ് തടാകത്തില്‍ വീണ് ഇത്തരത്തില്‍ കല്ലുകള്‍ പോലെയായി മാറുന്നത് എങ്കിലും മനുഷ്യനുള്‍പ്പെടയുള്ള ജീവികള്‍ക്കും തടാകം അപകടകരമാകാം. അതേസമയം ഫ്ലമിങ്ങോ പക്ഷികളടക്കമുള്ള ചില ജീവിവിഭാഗങ്ങളുടെ ജലസ്രോതസ്സ് കൂടിയാണിവിടം. എന്നാല്‍ നീണ്ട കാലുകളുള്ള ഫ്ലമിങ്ങോകള്‍ പോലും അധിക നേരം തടാകത്തില്‍ ചിലവഴിക്കാറില്ല.

ഡെത്ത് റോഡ്, ബൊളീവിയ


ഒരു ഭാഗത്ത് ചെങ്കുത്തായ പര്‍വതം, മറു ഭാഗത്ത് ആഴത്തിലുള്ള കൊക്കയും. ഇതിനിടയിലൂടെ  69 കിലോമീറ്റർ നീളമുള്ള വീതി കുറഞ്ഞ ഒറ്റയടിപ്പാത. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ യുങ്കാസിനെയും ലാപാസിനെയും ബന്ധിപ്പിക്കുന്ന സൈക്കിള്‍ റോഡ് അറിയപ്പെടുന്നത് ഡെത്ത് റോഡ് എന്നാണ്. റോഡിലുണ്ടാകുന്ന അപകടമരണങ്ങളുടെ നിരക്ക് കൂടുതലായതാണ് ഈ പേരിനുകാരണം. കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും സുരക്ഷാ വേലിയുടെ അഭാവവും അപകടസാധ്യത കൂട്ടുന്നു. അടിക്കടിയുണ്ടാകുന്ന മഴയും മൂടൽമഞ്ഞും ഭീഷണിയാകാറുമുണ്ട്.  പ്രതിവർഷം 300പേർ ഇവിടെ അപകടങ്ങളിൽ മരിക്കുന്നതായാണ് കണക്കുകൾ. ഇതൊക്കെയാണെങ്കിലും ബൊളീവിയയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണിവിടം. ഓരോകൊല്ലവും 25,000ത്തിലേറെപ്പേർ ഇവിടെ സന്ദര്‍ശിക്കാറുണ്ട്.

ഒയ്മ്യാകോൺ, സൈബീരിയ


ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഒയ്മ്യാകോൺ എന്ന ​ഗ്രാമം. ലോകത്തിന്റെ ഫ്രീസർ എന്നൊക്കെ വിശേഷിപ്പിക്കാം. ഇവിടെ താപനില മൈനസ് 71.2 ഡിഗ്രി സെൽഷ്യസ് (മൈനസ് 96.16 ഡിഗ്രി ഫാരൻഹീറ്റ്) വരെ താഴാറുണ്ട്. ഇത്ര കഠിനമായ താപനിലയെ അതിജീവിക്കാൻ പലർക്കും കഴിയാത്തതിനാൽ വിനോദസഞ്ചാരികൾക്ക് അത്ര സുരക്ഷിതമല്ല ഇവിടം.
അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്.

നോർത്ത് സെന്റിനൽ ദ്വീപ്, ആൻഡമാൻ


ആൻഡമാൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന നോർത്ത് സെന്റിനൽ ദ്വീപിലെ ​ഗോത്രവർ​ഗക്കാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇലകളും തോലുകളും കൊണ്ടു ശരീരം മറച്ച്, അമ്പു കൊണ്ടും കുന്തം കൊണ്ടും വേട്ടയാടി ജീവിക്കുന്നവരാണ്. പുറത്ത് നിന്നുള്ളവരെ ഏറ്റവും വലിയ ഭീഷണിയായാണ് ദ്വീപ് നിവാസികൾ കരുതുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയാരെങ്കിലും ദ്വീപിൽ കാലുകുത്തിയാൽ ഇക്കൂട്ടർ അവരെ ആക്രമിച്ച് കൊലപ്പെടുത്തും. ദ്വീപിലെ ജനസംഖ്യ സംബന്ധിച്ച് പോലും പുറംലോകത്തിന് കൃത്യമായ വിവരങ്ങളില്ല.  ഭൂമിയിലെ ഏറ്റവും വിചിത്രമായ ദ്വീപുകളിൽ ഒന്നാണിത് എന്നതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിയാൻ ആളുകൾക്ക് കൗതുകമേറെയാണ്. എന്നാൽ ദ്വീപിലെ ആദിവാസി സമൂഹത്തിന് പ്രതിരോധ ശേഷി തീരെയില്ലാത്തതിനാൽ അവരുടെ സുരക്ഷ പരി​ഗണിച്ചും സഞ്ചാരികൾ നേരിട്ടേക്കാവുന്ന അപകട സാധ്യത കണക്കിലെടുത്തും ഇവിടം സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട്.

ദെര്‍വാസ ​ഗ്യാസ് ക്രേറ്റര്‍, തുര്‍ക്ക്മെനിസ്ഥാന്‍


നരകത്തിന്റെ വാതില്‍ എന്നറിയപ്പെടുന്ന സ്ഥലത്തെപറ്റി കേട്ടിട്ടുണ്ടോ, ദെർവാസ ഗ്യാസ് ക്രേറ്റർ. തുര്‍ക്കമെനിസ്ഥാന്റെ ഏകദേശം 70 ശതമാനത്തോളം ഭാഗവും മരുഭൂമിയാണ്.  ഇതില്‍ കാരാകും മരുഭൂമിയുടെ മധ്യത്തിലാണ് അന്‍പതിലേറെ വര്‍ഷങ്ങളായി തീപിടിച്ച നിലയിലുള്ള ഗര്‍ത്തമുള്ളത്. രാജ്യ തലസ്ഥാനത്ത് നിന്ന് 260 കിലോമീറ്ററാണ് ഈ ഗര്‍ത്തത്തിലേക്കുള്ളത്. 1971 ലാണ് സോവിയറ്റ് എന്‍ജിനിയര്‍മാര്‍ ഇവിടെ എണ്ണ ഖനനത്തിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത്. എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം രൂപപ്പെടുകയും അതില്‍ നിന്നും  മീഥെയ്ൻ വാതകം പുറത്തുവരുകയും ചെയ്തു. വിഷവാതകം വ്യാപിച്ച് അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി തീയിട്ടതോടെയാണ് ഗര്‍ത്തം കത്താന്‍ തുടങ്ങിയത്, 50 വർഷങ്ങൾക്കിപ്പുറവും സദാസമയവും അഗ്നി നിറയുന്ന ഒരു തീകുണ്ഡമായി ഈ ഗര്‍ത്തം മാറി. 230അടി വ്യാസവും 66 അടി ആഴവുമാണ് ഗര്‍ത്തത്തിനുള്ളത്.

സ്കെൽറ്റൺ കോസ്റ്റ്, നമീബിയ


പഴയ ജർമ്മൻ കൊളോണിയൽ പട്ടണമായ സ്വാകോപ്മുണ്ടിനും അംഗോളൻ അതിർത്തിക്കും ഇടയിൽ 500 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ തീരം. സ്കെൽറ്റൺ കോസ്റ്റ് എന്ന പേര് തന്നെ ഈ പ്രദേശത്തിന്റെ ഭീകരതയെ സൂചിപ്പിക്കുന്നതാണ്. വിശാലമായ പ്രദേശത്ത് ‌‌ ചിതറിക്കിടക്കുന്ന മൃഗങ്ങളുടെ അസ്ഥികളും നൂറ്റാണ്ടുകളായി ഇവിടെ തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങളുമൊക്കെയാണ് ഈ പേര് വരാൻ കാരണം. കഠിനമായ കാലാവസ്ഥയാണ് ഈ പ്രദേശത്തെ ഭൂമിയിലെ ഏറ്റവും മാരകമായ സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ചൂട് കാറ്റ്, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം എന്നിവയ്ക്ക് പുറവെ കവർച്ചാ അക്രമ സംഘങ്ങളും സന്ദർശകർക്ക് വെല്ലുവിളിയാകുന്നു. 

പ്രിപ്യാറ്റ്, ഉക്രെയ്ൻ


ലോകത്തെ നടുക്കിയ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ ബാക്കി പത്രമായി നിലനില്‍ക്കുന്ന ദുരന്ത നഗരമാണ് ഉക്രെയ്നിലെ പ്രിപ്യാറ്റ്. പ്രിപ്യാറ്റില്‍ സ്ഥിതി ചെയ്ത ചെർണോബിൽ ആണവോർജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്റ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മനോഹരമായ കൊച്ചു നഗരം ഒറ്റ ദിവസം കൊണ്ട് പ്രേത ഭൂമിയായി മാറി. റേഡിയേഷൻ തോത് ഇപ്പോഴും അപകടകരമാണെങ്കിലും, ദുരന്ത ഭൂമി നേരിട്ട് കാണാൻ നിരവധി ആളുകൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഈ പ്രദേശം മനുഷ്യവാസ യോഗ്യമാകാൻ ഇനിയും കുറഞ്ഞത് 20,000 വർഷമെങ്കിലും വേണ്ടി വരും എന്നാണ് വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top