27 November Sunday

വടക്കുകിഴക്കിന്റെ മാനസപുത്രി-ചലിക്കുന്ന ദ്വീപുകളിലൂടെ ഒരു യാത്ര

കെ ആർ അജയൻUpdated: Saturday Sep 17, 2022

ലോക്താക് തടാകത്തിലെ പ്രഭാത സവാരി - ചിത്രങ്ങൾ: കെ ആർ അജയൻ

ഇന്ത്യയിലെ വലിയ ശുദ്ധജല തടാകമാണ് ലോക്താക്. ലോകത്തിലെ ഒരേയൊരു ചലിക്കുന്ന ദേശീയോദ്യാനം.  ലോക് എന്നാൽ മണിപ്പൂരിയിൽ അരുവി എന്ന്്‌ അർഥം. താക് എന്നാൽ അവസാനം. അരുവിയുടെ അവസാനമെന്നോ ഒഴുക്കിന്റെ അവസാനമെന്നോ വിശദീകരണം. മണിപ്പൂരിന്റെ പ്രിയപ്പെട്ട 'ഫൂംഡിസ്'  എന്ന ചലിക്കുന്ന ദ്വീപുകളിലൂടെ ഒരു യാത്ര

'വിൽക്കാനും തിന്നാനും അല്ലാതെ നിങ്ങൾ ഒരിക്കലും ആ മീനിനെ കൊന്നിട്ടില്ല. എങ്കിലും മീൻപിടുത്തക്കാരന്റെ അഹങ്കാരമുണ്ട്. ജീവൻ ഉള്ളപ്പോഴും ശേഷവും നിങ്ങളതിനെ ഇഷ്ടപ്പെട്ടു. നിങ്ങളതിനെ പ്രണയിച്ചുവെങ്കിൽ കൊന്നതിൽ പാപമില്ല’. ഓൾഡ് മാൻ് ആന്റ്‌  സീയിൽ ഏണസ്റ്റ് ഹെമിംഗ്വേ എഴുതി വച്ച വരികൾ. തലയിൽ ചൂരൽപ്പിരി തൊപ്പി വച്ച വൃദ്ധൻ ഒന്ന് ആടിയുലഞ്ഞു. രാജീവൻ തടാകത്തിലേക്ക് ആഴ്ത്തിയ മുളങ്കോലിന്റെ ലക്ഷ്യം തെറ്റിയതാവണം,  ഞങ്ങളുടെ വള്ളം വൃദ്ധന്റെ വള്ളത്തിൽ ഒന്ന് ചുംബിച്ചു. അയാളുടെ കൈയിലിരുന്ന ചൂണ്ട വെള്ളത്തിലേക്ക് തെറിച്ചുപോയി.

അത് നഷ്ടപ്പെട്ടതിന്റെ വേവലാതിയൊന്നുമില്ലാതെ നിരയില്ലാത്ത പല്ലുകൾ കാട്ടി അയാൾ ചിരിച്ചു. മണിപ്പൂരി ഭാഷയിൽ പതിയെ പറഞ്ഞു, 'ഖ്റും ജാരി’ ( നമസ്തേ). സ്വപ്നങ്ങൾ പോലെ അവസാനിക്കാത്ത തടാക മധ്യത്തിൽ ഇളം മഞ്ഞിന്റെ മൂടുപടം മാറ്റി ഞങ്ങൾ തുഴയുകയാണ്, രണ്ട് ഓടിവള്ളങ്ങൾ ഒരുമിച്ച് ചേർത്തുറപ്പിച്ച് നെടുകെയും കുറുകെയും കിടക്കുന്ന മീൻ വലകൾക്കിടയിലൂടെ. ലോക്താക് തടാകത്തിലെ ഓളങ്ങൾ പോലും സാവധാനമാണ് ചലിക്കുന്നത്.  അവിടെ ഉയർന്നുകാണുന്ന മുളങ്കൂടുകളിൽ നക്ഷത്രവെട്ടം മുനിയുന്നു. മഞ്ഞ് താഴേക്കിറങ്ങിയതോ തടാകം ആകാശം തൊട്ടതോ.

 പുലർച്ചെ മീൻപിടിക്കുന്ന ഗ്രാമീണൻ

പുലർച്ചെ മീൻപിടിക്കുന്ന ഗ്രാമീണൻ

മാരത്തോൺ ഓട്ടക്കാരനായ സദൻ ചേട്ടന് വള്ളംതുഴയലും ഹരമാണ്. കുട്ടനാടൻ കായലിൽ തുഴഞ്ഞുനടന്ന രാജീവിനെ പങ്കായം തൊടുവിയ്ക്കാതെ ചേട്ടൻ അതിവിദഗ്ധമായി മുളങ്കോലൂന്നുന്നു. ലോകോത്തര പ്രതിഭാസമായ ലോക്താക് തടാകത്തിന്റെ മാറിലൂടെ, മണിപ്പൂരിന്റെ പ്രിയപ്പെട്ട സാങ്ഗായി മാനുകളുടെ ഒളിത്താവളങ്ങളുടെ ഓരംപറ്റി ഒഴുകുകയാണ്.

ലോക വിസ്മയത്തിന്റെ  ഓളപ്പരപ്പുകൾക്കു മീതെ ഒരു ധ്യാനാത്മക പ്രണയത്തിന്റെ മൗനവും പേറി ഞങ്ങളിരുന്നു.  മീൻപിടുത്തക്കാർ നിരവധിയാണ്. വിരൽ വണ്ണമില്ലാത്ത കൊഞ്ചിൻ കുട്ടികളെ കോർത്താണ് ചൂണ്ടയേറ്.  മുക്കാലിപോലെ താഴ്ത്തിയുറപ്പിച്ച മുളത്തൂണുകളിൽ തലേന്ന് കെട്ടിയ വലകൾ ഇളകുന്നു. ചൂണ്ടക്കാരന്റെ  കണ്ണിൽ അതിന്റെ തിളക്കം മിന്നി പോകുന്നുണ്ട്.

 വലയിൽ വീണ മത്സ്യങ്ങൾ

വലയിൽ വീണ മത്സ്യങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്താക്. അതുമാത്രമല്ല ലോകത്തിലെ ഒരേയൊരു ചലിക്കുന്ന ദേശീയോദ്യാനം.  വടക്കുകിഴക്കിന്റെ മാനസപുത്രി.  മണിപ്പൂരിന്റെ പ്രിയപ്പെട്ട 'ഫൂംഡിസ്’ ഉദ്യാനം.

താമ്പൽ സന എന്നുകേട്ടിട്ടുണ്ടോ? ഒരു മണിപ്പൂരി സ്ത്രീയുടെ പേരാണ്.

താമ്പൽ എന്നാൽ താമര. സനയെന്നാൽ സ്വർണം. അവരുടെ പേര് സ്വർണത്താമര. ലോക്താക്കിലെ ഞങ്ങളുടെ വീട്ടമ്മ.

  തുഴച്ചിൽക്കാരി താമ്പൽ സനക്കൊപ്പം

തുഴച്ചിൽക്കാരി താമ്പൽ സനക്കൊപ്പം

തലേന്ന് രാത്രി തടാകക്കുളിരിലേക്ക് ചെന്നടുക്കുമ്പോൾ ചൂട് ചായയും പിറ്റേന്ന് മടക്കയാത്രയിൽ ചുംബനച്ചൂടും നൽകിയ മണിപ്പൂരിയമ്മ. എത്ര മനോഹരമായാണ് അവർ പാടിയത്.

ഓടിവള്ള തലപ്പിലിരുന്ന് ഞങ്ങളുടെ കണ്ണുകളിലെ മിന്നാമിന്നികളെ നോക്കി, ഇരുണ്ട രാത്രിയുടെ അഗാധക്കറുപ്പിൽ തുഴയെറിഞ്ഞ്, തുരുത്തുകളുടെ വളവുകളെ എത്ര സൂക്ഷ്മതയോടെയാണ് അവർ മറികടന്നത്.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്ന് പുലർച്ചെ യാത്ര തുടങ്ങിയെങ്കിലും ലോക്താക്കിൽ എത്താൻ വൈകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രയാകുമ്പോൾ അങ്ങനെയാണ്. വാഹനം ഓടിയെത്താനുള്ള സമയം മാത്രമല്ല, വഴിയിൽ ഇറങ്ങുന്നതും ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള കാത്തിരിപ്പുമെല്ലാം സമയം വല്ലാതെ കളയും.  ഇംഫാലിൽ നിന്ന് 45 കിലോമീറ്ററുണ്ട് മൊയ്റാങിലേക്ക്. ഇവിടെ തന്നെയാണ് 250 മുതൽ 500 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന ലോക്താക് തടാകം.

മൊയ്റാങ് വെറും തടാക നഗരമല്ല. വഴിവക്കിലെ തട്ടുകടകളിൽവരെ കായൽ മീനിന്റെ മണമൊഴുകുന്ന മത്സ്യനഗരം.

 മൊയ്റാങ് കുന്നിലേക്കുള്ള വഴി

മൊയ്റാങ് കുന്നിലേക്കുള്ള വഴി

വിവിധ വലിപ്പത്തിലും തൂക്കത്തിലുമുള്ള മത്സ്യങ്ങളുടെ കലവറ. ഏത് കടയിലും മത്സ്യ വിഭവങ്ങളുടെ കൂമ്പാരമാണ്. ന്യായ വിലയും. ഞങ്ങളുടെ വാഹനം ചെന്നുനിന്നത് മൊയ്റാങ് കുന്നിന് മുകളിലുള്ള സെൻട്ര പാർക് റസ്റ്ററന്റിലാണ്. വഴിയോര കച്ചവടത്തിന്റെ  സുഖമറിയാൻ അക്കാരണത്താൽ ആയില്ല.

എങ്കിലും റസ്റ്ററന്റിലെ തിലോപ്പിയ മത്സ്യവും പുളിയില്ലാത്ത മീൻകറിയും ചോറും ആയപ്പോൾ ഭക്ഷണം കുശാൽ. ക്യാഷ് കൗണ്ടറിൽ അലക്ഷ്യമായി കിടന്ന ചെറിയൊരു ബ്രോഷറിൽനിന്നാണ് മൊയ്റാങിന്റെ ഭൂതകാലത്തിലേക്ക് കടന്നത്.

വർഷം 1944 ഏപ്രിൽ 4 വൈകിട്ട് അഞ്ചുമണി. മൊയ്റാങ് കുന്നിൽ പെട്ടെന്ന് ഒരാൾക്കൂട്ടം. കേണൽ ഷൗക്കത്ത് അലി മാലിക് പട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

കൈയിൽ ത്രിവർണ പതാക. അതിന്റെ നടുവിൽ കുതിച്ചു ചാടുന്ന കടുവയുടെ ചിത്രം. മൊയ്റാങ് കാംഗ്ലയിലെ കൊടിമരത്തിലേക്ക് ആ പതാക വലിച്ചു കയറ്റുമ്പോൾ മുദ്രാവാക്യം മുഴങ്ങി, 'ആസാദ് ഹിന്ദ് സിന്ദാബാദ്’.

ഇന്ത്യാ ചരിത്രത്തിലെ സുവർണ മുഹൂർത്തത്തിന് മൊയ്റാങ് സാക്ഷിയായി. ഇന്ത്യയിൽ ആദ്യമായി ത്രിവർണപതാക പാറിയ ഇടം.

സുഭാഷ് ചന്ദ്രബോസിന്റെ

സുഭാഷ്‌ ചന്ദ്ര ബോസ്‌

സുഭാഷ്‌ ചന്ദ്ര ബോസ്‌

ഇന്ത്യൻ നാഷണൽ ആർമി (ഐ എൻ എ )യിൽ ഇന്റലിജൻസ് കമാന്ററായിരുന്നു ഷൗക്കത്തലി മാലിക്.  ഐഎൻഎ ബഹാദൂർ ഗ്രൂപ്പിന്റെ തലവൻ. രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തിൽ ഐഎൻഎയുടെ ഇംഫാൽ ക്യാമ്പയിന്റെ തുടക്കം കൂടിയായിരുന്നു ആ പതാക ഉയർത്തൽ.

മൊയ്റാങ് പ്രദേശം ഐഎൻഎ പിടിച്ചെടുത്തതായി പ്രഖ്യാപനവുമുണ്ടായി. ആസാദ് ഹിന്ദ് ഗവൺമെന്റിന്റെ ആദ്യ അധീനപ്രദേശവും ഇവിടമായി. കാലം പിന്നെ  പലവഴിക്കൊഴുകി.  ഇന്നും ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുഴക്കവുമായി മൊയ്റാങിൽ ഐഎൻഎ മെമ്മോറിയൽ ഉയർന്നുനിൽക്കുന്നു.

സെൻട്ര  റസ്റ്ററന്റിനു പുറത്തിറങ്ങി നിന്നാൽ അകലേക്ക് പരന്നുകിടക്കുന്ന ലോക്താക് തടാകം കാണാം. തൊട്ടടുത്താണ്  ചെറി ബ്ലോസം അവന്യൂ എന്ന റെസ്റ്റ്ഹൗസ്. 2018 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുറന്നുപ്രവർത്തിച്ച ഈ മന്ദിരം മണിപ്പൂർ വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. 

ചെറി ബ്ലോസം എന്ന് പേരിട്ടതിന്റെ കാരണവും ശിലാഫലകത്തിലുണ്ട്.  ജപ്പാനിൽ സകൂറ എന്നറിയപ്പെടുന്ന ചെറിബ്ലോസം സമാധാനത്തിന്റെ അടയാളമാണ്. വസന്തകാലത്ത് രണ്ടാഴ്ച നീളുന്ന ഉത്സവവും സംഘടിപ്പിക്കാറുണ്ട്.  ആ മരത്തണലുകളിൽ സ്വപ്നങ്ങളും ദുഃഖങ്ങളും ഇറക്കിവച്ച് ആയിരക്കണക്കിനുപേർ വന്നു പോകാറുണ്ടത്രേ.  മണിപ്പൂരിലെ ഈ ചെറിബ്ലോസം അവന്യൂ ലോക ടൂറിസം മാപ്പിൽ ഇടംനേടിയിട്ടുണ്ട്.

തുരുതുരാ വീണുകിടക്കുന്ന പച്ചില തുരുത്തുകളാണ് മുന്നിലെ കാഴ്ച. അങ്ങകലെ പർവ്വതക്കെട്ടുകളോളം നീണ്ടുപോകുന്ന തടാകം. പച്ചിലത്തുരുത്തുകളിൽ പലയിടത്തും ചെറിയ കുടിലുകൾ ഉണ്ട്. ചതുപ്പുപോലെ തോന്നിക്കുന്നയിടത്ത് മുളങ്കാലുകൾ ഊന്നിയിട്ടുണ്ട്.  മീൻവലകളുടെ തലപ്പ് ചിലയിടത്ത് ഉയർന്നുകാണാം. സെൻട്രയിൽ നിന്ന് പുറത്തിറങ്ങി മൊയ്റാങിന്റെ തിരക്കില്ലാത്ത റോഡിലൂടെ ഞങ്ങളുടെ വാഹനം ഓടുന്നു.

വൈകുന്നേരം കഴിഞ്ഞതിന്റെ സങ്കടത്തിലാണ് ഞങ്ങൾ. ചുറ്റുമുള്ള കാഴ്ചകൾ പലതും ഇരുണ്ടുതുടങ്ങി. ആകാശക്കാട്ടിൽ സൂര്യൻ ഒളിക്കാൻ തുടങ്ങുന്നതിന്റെ നാണച്ചുവപ്പ്.  

മൊയ്റാങ് കുന്നിൽ നിന്നുള്ള തടാക വീക്ഷണം

മൊയ്റാങ് കുന്നിൽ നിന്നുള്ള തടാക വീക്ഷണം


പാതയോടും കായലിനോടും ചേർന്ന തകര ഷെഡ്ഡുകളിൽ വല നിവർത്തുന്ന തിരക്കിട്ട ജോലിയിലാണ് ഗ്രാമീണർ. തടാകത്തിലടിഞ്ഞ എക്കൽ മണ്ണുമാന്തിയിൽ കോരി റോഡിന് സമാന്തരമായി കായലിനെ കരയാക്കുന്ന ജോലി തകൃതിയാണ്.

ചെമ്മീൻ കെട്ടുകൾപോലെ തടാകം വിഭജിച്ച ചെമ്മൺ പാതയിലാണ് ഞങ്ങളുടെ വാഹനം.  ഇരുട്ട് ഒപ്പമുണ്ട്.  തടാകക്കാഴ്ച ഒരു മൗനഗീതത്തിന്റെ പശ്ചാത്തലം പോലെ അകലേക്ക് നീളുന്നു. 

ചെറു വരമ്പുകളിൽ പെട്രോമാക്സ് വെട്ടം മുനിയുന്നു.  വഴി അവസാനിച്ചിടത്ത് വാഹനം നിന്നു. ഭാണ്ഡങ്ങളെല്ലാം പുറത്തിട്ട് തണുപ്പിനെ വകവയ്ക്കാതെ ഡ്രൈവർ മടക്കയാത്രയ്ക്ക് ഒരുങ്ങി. 

മുന്നിൽ മുളയിൽ തീർത്ത ചെറിയൊരു ബെഞ്ച് മരച്ചുവട്ടിൽ ഉറപ്പിച്ചിട്ടുണ്ട്.  തുരുത്തുകൾക്കിടയിലെ ഇടനാഴി പോലുള്ള ജലപാതയിൽ ഓടിവള്ളം ഉലയുന്നു.  അത് ഞങ്ങളെ കാത്തുകിടക്കുന്നതാണ്.  അശോക് സപംച എന്നയാളാണ് ലോക്താക്കിലെ ആതിഥേയൻ. അയാളുടെ ഉടമസ്ഥതയിലുള്ള ചലിക്കും ദ്വീപിലേക്കാണ് യാത്ര.

രാത്രി ആയിട്ടില്ലെങ്കിലും ഇരുട്ട് വീണുകഴിഞ്ഞു.  മൊബൈലുകളുടെ വെട്ടത്തിലാണ് വള്ളത്തിലേക്ക് കയറി ഇരിപ്പുറപ്പിച്ചത്. 

രണ്ടുവള്ളം ഒരുമിച്ച് ചേർക്കുന്ന തടിക്കഷ്ണമാണ്  ഇരിപ്പിടം.  വിശാലമായ കായൽപരപ്പിലൂടെ ഏതാണ്ട് 20 മിനിറ്റ് യാത്ര.  അവിടവിടെ തിളങ്ങുന്ന സൗര വിളക്കുകൾ കായൽ മധ്യത്തിലെ ചെറിയ തങ്ങലിടങ്ങളുടേതാണ്. കരയ്ക്കടുക്കുംമുമ്പ് തോണിക്കാരൻ മുൻകരുതൽ തന്നു.

ഇറങ്ങി ചവിട്ടുന്നതും നടക്കുന്നതും മരക്കഷ്‌ണങ്ങൾ ഇട്ട വഴിയിലൂടെ മാത്രമാവണം.  ഇല്ലെങ്കിൽ ലോക്താക്കിന്റെ ആഴം നിങ്ങളെ ഭയപ്പെടുത്തും. എട്ടു മുതൽ 15 അടി വരെ താഴ്ചയുള്ളതാണ് തടാകം. ലോക് എന്നാൽ മണിപ്പൂരിയിൽ അരുവി എന്ന്‌ അർഥം. താക് എന്നാൽ അവസാനം. അരുവിയുടെ അവസാനമെന്നോ ഒഴുക്കിന്റെ അവസാനമെന്നോ ഒക്കെയാണ് ലോക്താക്കിന്റെ വിശദീകരണം.

ഒരു ചെറിയ ദ്വീപിലാണ് ഞങ്ങൾ ചെന്നുപെട്ടിരിക്കുന്നത്. മൂന്ന് കോട്ടേജുകൾ,  അതു മുളയും പുല്ലും കൊണ്ട് നിർമിച്ചത്.  മുളയിൽ തീർത്ത ഇരുനില മാളികകൾ.

തടാക മധ്യത്തിൽ കെട്ടിയുറപ്പിച്ച ടെന്റുകൾ

തടാക മധ്യത്തിൽ കെട്ടിയുറപ്പിച്ച ടെന്റുകൾ

ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൽഇഡി ബൾബുകൾ നിരവധി ഉറപ്പിച്ചിട്ടുള്ളതിനാൽ എല്ലാം വ്യക്തമായി കാണാം.  അവിടവിടെയായി നീട്ടിയിട്ടിരിക്കുന്ന മുളകൾക്കുമീതെ ചവിട്ടിയാണ് നടക്കേണ്ടത്. തെറ്റിയാൽ മുട്ടോളം ചതുപ്പിലേക്ക് കാലുകൾ താഴ്ന്നു പോയെന്ന് വരാം. താവളത്തിന്റെ പേര്. അക്വാമറൈൻ.

ഫൂംഡിസ് എന്നാണ് ഈ ചലിക്കുന്ന ദ്വീപുകൾ അറിയപ്പെടുന്നത് പായലും കായൽ ജന്യസസ്യങ്ങളും മണ്ണും എല്ലാം ചേർന്നുള്ള ചതുപ്പുകളാണ് യഥാർഥത്തിൽ ഫൂംഡിസ്. ലോകത്തിലെ ഏറ്റവും വലിയ ചലിക്കുന്ന പാർക്ക് എന്നറിയപ്പെടുന്ന കെയ്ബുൽ ലാംജോ നാഷണൽ പാർക്കിന്റെ ഭാഗമാണിത്.

തടാക മധ്യത്തിലെ ചലിക്കുന്ന കുടിലുകൾ

തടാക മധ്യത്തിലെ ചലിക്കുന്ന കുടിലുകൾ

നാലായിരത്തിലേറെ പേരാണ് ഈ ചതുപ്പുകളിൽ ജീവിക്കുന്നത്. മത്സ്യബന്ധനം, പാരമ്പര്യ മരുന്നുകളുടെ ശേഖരണം, കാലിവളർത്തൽ ഉൾപ്പെടെയാണ് ഇവരുടെ ജീവിതചര്യ.  ദ്വീപുകളിൽ 16 ലേറെ ഭക്ഷ്യയോഗ്യമായ ഇലച്ചെടികളുണ്ട്. 

ഇവ പുറം ലോകത്ത് എത്തിച്ച് വരുമാനമുണ്ടാക്കുന്നവരും നിരവധിയാണ്.  ഇതുകൂടാതെ മത്സ്യബന്ധനത്തിനായി കൃത്രിമ ഫൂംഡിസും നിർമിക്കുന്നുണ്ട്.  വൃത്താകൃതിയിൽ നിർമിക്കുന്ന ഇതിനെ ‘ആതപൂംസ്’ എന്നാണ് വിളിക്കുന്നത്. 

വ്യാപകമായ മലിനീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികളാണ് ലോക്താക് നേരിടുന്നത്.  വിവിധ ഏജൻസികളുടെ പഠനങ്ങൾ അതിലേക്ക് വെളിച്ചം വീശുന്നു.

പരമ്പരാഗത രീതികളിൽനിന്നും മാറി മത്സ്യബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുത്തൻ പ്രവണതകളുടെ പിന്നാലെ പോകുന്നതും ആഫ്രിക്കൻ പായൽ പോലുള്ളവയുടെ അതിപ്രസരവും ജൈവാവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം പഠന വിധേയമായിട്ടുണ്ട്. 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് പോലും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിച്ചു. എന്നാലും വെല്ലുവിളി ചെറുക്കാനുള്ള ഗൗരവതരമായ പുരോഗതി  ഇല്ലെന്നുതന്നെ പറയണം.

എല്ലാവരോടും സൂക്ഷിച്ചു നടക്കണമെന്ന് നിർദേശം നൽകിയ ഞാൻ ചെന്നുചാടിയത് മുട്ടോളം ചതുപ്പിൽ. ഉരുണ്ട മുളയിൽ ഷൂസ് തെന്നിയതാണ് കാരണം. 

ഒപ്പമുള്ള എഴുത്തുകാരി കൂടിയായ കെ വി ലീല പെട്ടെന്ന് താങ്ങിപ്പിടിച്ചതിനാൽ കാര്യമായി ഒന്നും പറ്റിയില്ല.  ചുവരും മേൽക്കൂരയുമെല്ലാം നിർമിച്ചിരിക്കുന്നത് പായ്പുല്ല് കൊണ്ടാണ്. എല്ലാം തടാകത്തിൽ വളരുന്നത്.  ഫൂംഡിസിൽ നിശ്ചിത ആഴത്തിൽ ഉറപ്പിച്ചുനിർത്തുന്ന മുളന്തൂണുകളിലാണ് ഷെഡ്ഡുകൾ. തറ ഒരുക്കുന്നത് മുള കീറിയിട്ട് വിരിച്ചാണ്. തണുപ്പ് അധികരിച്ച് തുടങ്ങുന്നു.  ഇളം നാരങ്ങാച്ചായയും സ്നാക്സും ഈറ്റ കൊണ്ട് നിർമിച്ച മുറത്തിൽ മുന്നിലെത്തി. 

ഞങ്ങളുടെ ആദ്യസംഘം മാത്രമേ ദ്വീപിൽ എത്തിയിട്ടുള്ളൂ.  ഇനിയുമുണ്ട് വള്ളങ്ങൾ വന്നടുക്കാൻ.

ലോക്താക് തടാക മധ്യത്തിലെ മുളങ്കുടിലുകൾ

ലോക്താക് തടാക മധ്യത്തിലെ മുളങ്കുടിലുകൾ

മൂന്ന് ഹട്ടുകൾ  കൂടാതെ വള്ളം തുഴഞ്ഞുചെന്നാൽ ചെറിയൊരു പ്രദേശത്ത് ടെന്റുകൾ ഉറപ്പിച്ചിട്ടുണ്ട്. എന്തായാലും വിശാലമായ കായൽപ്പരപ്പിൽ ടെന്റിനുള്ളിൽ കിടന്നുറങ്ങാനാണ് ഞാൻ ഇഷ്ടപ്പെട്ടത്.

ഇരുമ്പ് നെറ്റിൽ ഉണ്ടാക്കിയ ചെറിയ കൽക്കരി പാത്രം മുന്നിലുണ്ട്. അതിനു മീതെ അലൂമിനിയം കെറ്റിലും. തണുപ്പ് സഹിക്കാതാവുമ്പോൾ കൽക്കരി കൊളുത്താം. ആ ചൂടിൽ കെറ്റിലിലെ കുടിവെള്ളവും ഇളംചൂടിലേക്ക് എത്തും.

ടെന്റുകൾ ഉറപ്പിച്ചിരിക്കുന്നത് മുളക്കുമീതെ തടിപാകി അതിനു മീതെയാണ്.  ചുറ്റിലും നടക്കാനൊന്നും ആകില്ല.  മരക്കഷ്ണങ്ങളിൽ ചവിട്ടി ടെന്റിൽ കയറാമെന്ന് മാത്രം. 

മൂന്നുനാലു ടെന്റുകളുടെ മധ്യത്തിലായി പലക നിരത്തിയിട്ടുണ്ട്. അവിടെയാണ് ഭക്ഷണം ഉൾപ്പെടെയുള്ളവ.  ഞങ്ങളുടെ ഭക്ഷണപാനീയ രീതിയും പാട്ടും കൂത്തുമൊക്കെ ആയപ്പോൾ ടെന്റ് ഉറപ്പിച്ച ദ്വീപ് ചെറുതായി ഇളകാൻ തുടങ്ങി.  അക്കരെ മുളം കുടിലുകളിൽ ആദ്യമേ കയറിക്കൂടി താവളമാക്കിയവർക്ക് അപ്പോഴാണ് അബദ്ധം പറ്റിയത് ബോധിച്ചത്.

വള്ളവുമായി രാജീവ് അക്കരെയിക്കരെ തുഴഞ്ഞ് ചിലരെയെല്ലാം ടെന്റുകളിൽ അതിഥിയാക്കി.  മത്സ്യം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണത്തോടെ ലോക്താക്കിലെ ആ രാത്രി പൊലിയുകയാണ്.  ടെന്റുകൾക്കുമീതെ  മഞ്ഞ് ചെറുമഴ പോലെ പൊഴിയാൻ തുടങ്ങി.  പുലർച്ചെ ആരോ വിളിച്ചപ്പോഴാണ് പുറത്തിറങ്ങിയത്.

രാത്രി കണ്ടതുപോലെയല്ല ലോക്താക്ക്.  എണ്ണിയാലൊടുങ്ങാത്ത ഫൂംഡിസുകൾ. അവയ്ക്കിടയിൽ മുളങ്കുറ്റികളിൽ ഒളിച്ചുകിടക്കുന്ന മീൻവലകൾ. ചെറുവള്ളങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ചൂണ്ടയുമായി ഇറങ്ങിയിട്ടുണ്ട്.

അവർക്കിടയിലൂടെ ഫൂംഡിസുകളുടെ ഓരംപറ്റി ഞങ്ങളും തുഴഞ്ഞു. പല ദ്വീപുകളും ഉപേക്ഷിക്കപ്പെട്ടതാണ്.  കാലപ്പഴക്കമാവണം അതിനുകാരണം. കുളക്കോഴികളും താറാക്കൂട്ടങ്ങളും വെള്ളത്തിൽ സവാരി ചെയ്യുന്നു.

 ലോക്താക്കിൽ ഉപേക്ഷിച്ച കുടിലുകൾ ഒഴുകിയെത്തിയപ്പോൾ

ലോക്താക്കിൽ ഉപേക്ഷിച്ച കുടിലുകൾ ഒഴുകിയെത്തിയപ്പോൾ

ഇടയ്ക്കിടെ ഞങ്ങൾക്ക് വഴിതെളിക്കും വിധം ഉച്ചത്തിൽ അവരുടെ കലപിലയുമുണ്ട്.  ഒരു സഞ്ചാര കേന്ദ്രത്തിന് അഴകുനൽകുംവിധം ഒഴുകി നടക്കുന്ന തുറന്ന കുടിലുകളും ഇരിപ്പിടങ്ങളും ചില ദ്വീപുകളിലുണ്ട്. 

പ്രണയബദ്ധരായ നാലുപേരെ അത്തരമൊന്നിൽ ഇറക്കിവിട്ട് ഞങ്ങൾ തുഴഞ്ഞുകൊണ്ടേയിരുന്നു.  ഓടി വള്ളത്തിന്റെ ചെറിയ ഓട്ടയിലൂടെ നിറയുന്ന വെള്ളം കഴുത്തുവെട്ടിയ കന്നാസ് ഉപയോഗിച്ച് കോരിക്കളയുക ജീവനിൽ കൊതിയുള്ള ഏവരുടെയും ആശ്വാസമാണ്. 

ബിഎസ്എൻഎല്ലിൽനിന്ന് വിരമിച്ച മാരത്തോൺ ഓട്ടക്കാരൻ മന്മഥൻചേട്ടൻ വെള്ളം കോരൽ തുടങ്ങി. ഞാനത് തുടർന്നുകൊണ്ടിരുന്നു. ആമ്പൽചെടികൾ പുഷ്പിച്ച്‌ നിൽക്കുന്നതിനിടയിലൂടെയാണ് വള്ളം ഒഴുകുന്നത്.

 മുളങ്കടിലിലെ കിടപ്പുമുറി

മുളങ്കടിലിലെ കിടപ്പുമുറി

കെയ്ബുൾ ലാംജോ ദേശീയ ഉദ്യാനമാണ് ഇവിടം. മണിപ്പൂരിന്റെ പ്രിയപ്പെട്ട ബിഷ്ണുപുർ ജില്ലയിലെ 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചലിക്കുന്ന ഉദ്യാനം. എൽഡിസ് മാനുകളുടെ പ്രത്യേക വാസസ്ഥാനമാണിത്.

1966ൽ അത് പരിഗണിച്ച് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. 1977 ലാണ് ദേശീയോദ്യാനം ആയത്. നെറ്റിയിലും കൊമ്പുള്ള സുന്ദര കുട്ടികളാണ് താമിൻ  എന്ന് വിളിപ്പേരുള്ള എൽഡിസ് ഡീയർ. 1839ലാണ് ഈ മാനുകളെ ലോക്താക്കിൽ കണ്ടെത്തിയത്.

വംശനാശം നേരിടുന്ന ഇവയെ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഓഫീസർ ലഫ്. പെഴ്സി എൽഡിന്റെ പേര് 1884ൽ മാനുകൾക്ക് ചേർത്തുവച്ചു‐ എൽഡിസ്. ബർമയിലും തായ്ലന്റിലും ഇതേ സ്പീഷീസിൽപ്പെട്ട മാനുകളുടെ വിളിപ്പേര് സാങ്ഗായ് എന്നാണ്.

ഫൂംഡിസുകൾ നിറഞ്ഞ ലോക്താക്കിന്റെ കിഴക്കൻ ഭാഗങ്ങൾ രാംസർ സൈറ്റിൽ ഉൾപ്പെടുന്നതാണ്. 1971 ൽ ഇറാനിലെ രാംസർ നഗരത്തിൽ നടന്ന അന്താരാഷ്ട്ര വെറ്റ്ലാൻഡ് കൺവെൻഷനാണ് ജലജന്യ ആവാസത്തിന്റെ സംരക്ഷണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തത്.  1975ൽ യുനെസ്കോ സൈറ്റുകൾക്ക് അടയാളമിട്ടു. അനധികൃതമായ കടന്നുകയറ്റവും അശാസ്ത്രീയ വികസന രീതികളും ലോക്താക്കിന്റെ വിസ്തൃതി കുറച്ചിട്ടുണ്ട്.

വടക്ക് പാബത്ത് കുന്നിന്റെ  താഴ്വരവരെ വ്യാപിച്ചുകിടക്കുന്ന ജലമാർഗം ഇപ്പോൾ ഭാഗികം മാത്രമാണ്.  1997ൽ  9884.2 ഏക്കർ വിസ്തൃതി ഉണ്ടായിരുന്നത് ഒരു വർഷം കൊണ്ട് 5337.5 ഏക്കറായി ചുരുങ്ങി.  പാബത്ത്, തോയ, ചിങ്ജവോ കുന്നുകളുടെ ചതുപ്പു പ്രദേശങ്ങൾ മൺസൂൺ കാലത്ത് ജന്തുജാലങ്ങളുടെ അഭയകേന്ദ്രമാണ്.

മണിപ്പൂർ നദിയിലെ വെള്ളപ്പൊക്കവും ഫൂംഡിസിന്റെ ഉറച്ചിരിക്കലും വികസന പദ്ധതികളുടെ പേരിലുള്ള നിർമാണങ്ങളുമെല്ലാം ലോക്താക്കിന്റെ ഹംസഗീതം കുറിക്കുന്നുവോയെന്ന് സംശയിക്കാം.

അടുത്തെവിടെയോ നിന്ന് സ്വർണത്താമര വിളിക്കുന്നു.  തുഴഞ്ഞുതുഴഞ്ഞ് ഞങ്ങൾ ചെന്നെത്തിയത് താമസയിടത്തിന്റെ പിന്നിലാണ്.

  സ്വർണമ്മ വിളിക്കുന്നത് പ്രഭാതഭക്ഷണത്തിനാണ്.  ബ്രഡും ഓംലെറ്റും ചൂട് ചായയും കഴിച്ചിരിക്കുമ്പോൾ അവരുടെ ജീവിത രീതിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാൻ.  ജീവിതം മുഴുവൻ വെള്ളത്തിലായവർ.  ഫൂംഷാങ് എന്ന മണിപ്പൂരി നാടൻ പേരുള്ള ചെറിയ ദ്വീപുകളിൽ തളച്ചിട്ടിരിക്കയാണ്  ഇവരുടെ ജന്മം.

മുളങ്കുടിലിലെ അത്താഴം

മുളങ്കുടിലിലെ അത്താഴം

ഇരുട്ട് വീഴുന്നതോടെ ഓടി വള്ളങ്ങൾ ചലിച്ചു തുടങ്ങും. ഫൂംഷാങ്ങിന് ചുറ്റുമുള്ള പ്രദേശത്ത് ഇരട്ടക്കണ്ണിയും വലിയകണ്ണിയും വലകൾ വലിച്ചു കെട്ടും.  പിന്നെ കുഞ്ഞൻ കൊഞ്ചുകളെ ചൂണ്ടയിൽ കോർത്ത് പലേടത്തായി എറിയും. ചൂണ്ടയിലെ അനക്കത്തിനായി ഇരുട്ടിൽ ഓളമനക്കാതെ കാത്തിരിപ്പാണ്. വല്ലതും കിട്ടിയാൽ അതുംകൊണ്ട് തിരികെ തുഴച്ചിൽ. പുലർച്ചെ എത്തുംമുമ്പ് വീണ്ടും വലകൾക്കരികിലേക്ക്.

കുരുങ്ങിക്കിടക്കുന്നത് വമ്പനായാലും കുഞ്ഞനായാലും അതെല്ലാം വള്ളത്തിലേക്ക് എടുത്തിട്ട് അക്കരെ ചന്തയിലേക്കുള്ള കുതിപ്പ്.  മിക്കപ്പോഴും മെനക്കേട് കൂലി പോലും കിട്ടില്ലെന്ന് സ്വർണമ്മയെന്ന  താമ്പൽ സന പറഞ്ഞു. ഇത്തായി അണക്കെട്ട് നിർമിച്ചതോടെ തടാകത്തിൽ വെള്ളപ്പൊക്കം പതിവായിട്ടുണ്ട്.  അത് മത്സ്യലഭ്യതയെയും ബാധിച്ചു.

ഫൂംഷാങുകളുടെ സ്ഥാനം മാറ്റലാണ് കഠിനമായ ജോലി.  മത്സ്യങ്ങൾ കിട്ടാതാവുന്നതോടെ കായൽവാസികൾ താവളം മാറ്റും. കൂറ്റൻ കയറും മുളയും എല്ലാം ഉപയോഗിച്ച് കുഞ്ഞൻ ദ്വീപിനെ മറ്റൊരിടത്തേക്ക് തള്ളിമാറ്റും. മൂന്നുവർഷത്തിലൊരിക്കൽ അത് ചെയ്തേ തീരൂവെന്നാണ് താമ്പൽ സന പറയുന്നത്. 

ഇല്ലെങ്കിൽ പുതിയത് തേടണം. സർക്കാരിന്റെ നിയമങ്ങളും അനധികൃത കൈയേറ്റങ്ങളും എല്ലാം അതിന്റെ സാധ്യത കുറച്ചിട്ടുണ്ട്.  പിന്നെ കുടിലുകൾ നിർമിക്കാൻ തീരെ മോശമല്ലാത്ത തുകയും വേണം.

തടാകത്തിനുള്ളിലെ മത്സ്യകൃഷി

തടാകത്തിനുള്ളിലെ മത്സ്യകൃഷി

 

പ്രഭാതഭക്ഷണശേഷം ഞങ്ങൾ മടങ്ങുകയാണ്. മണിപ്പൂരി നാടോടിഗാനം ഉച്ചത്തിൽ പാടി സ്വർണത്താമര ഞങ്ങളെ യാത്രയാക്കുന്നു. സ്നേഹത്തോടെ വിളിച്ചപ്പോൾ കായലിനക്കരെ പുറംകടവുവരെ ഞങ്ങൾക്കൊപ്പം വരാമെന്ന് അവർ സമ്മതിച്ചു. മണിപ്പൂരി മുണ്ട് മടക്കിച്ചുറ്റി മുളങ്കോൽ കൈയിലേന്തി അമരത്ത് അവരിരുന്നു. ഓളപ്പരപ്പിനുമീതെ ഓടിവള്ളമിഴയുമ്പോൾ പാട്ട് കാറ്റിനൊപ്പം കായലാകെ പരന്നു. ലോക്താക് 360 ഡിഗ്രിയിൽ കാണുന്ന ഒരിടമുണ്ട്, “ചവോബ ചിങ്. കരകയറിയാൽ പിന്നെ യാത്ര അങ്ങോട്ടാണ്. 

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top