27 April Saturday

ധാര്‍വാഡും കൊപ്പളയും.. ബ്രിട്ടോയുടെ ഭാരതയാത്ര (ഭാഗം 4)

സൈമണ്‍ ബ്രിട്ടോUpdated: Friday Jun 14, 2019

രാംനഗറില്‍നിന്നും വടക്കോട്ട് പോയാല്‍ ബെല്‍ഗാം. കിഴക്ക് മാറി കിട്ടൂര്‍, തെക്കോട്ട് സഞ്ചരിച്ചാല്‍ ദാര്‍വാഡില്‍ എത്തും. ദാര്‍വാഡില്‍ എത്താന്‍ കുന്നും മലകളും കയറണം. സമതലത്തില്‍നിന്നും മലമുകളിലേക്ക് കയറാന്‍ തുടങ്ങി. രാത്രിയാണ്. വൈദ്യുതി വിളക്കുകള്‍ ഇല്ല. പൊട്ടിപ്പൊളിഞ്ഞ നിരത്ത്.  നിലാവെളിച്ചത്തില്‍ കാടിന്റെ ഭംഗി മനം കവര്‍ന്നു.


ഞങ്ങള്‍ വണ്ടി നിര്‍ത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. ഇവിടെനിന്നും ഗുല്‍ബര്‍ഗയ്ക്ക് ഒരു റോഡ് വടക്കോട്ട് നീളുന്നു. മറ്റൊന്ന് കിഴക്കോട്ട്. ഇതിലേ പോയാല്‍ കിട്ടൂര്‍ എത്താന്‍ കഴിയുമെന്ന് തോന്നി.

കര്‍ണാടകത്തില്‍ ധാര്‍വാഡില്‍നിന്നും ബോംബെ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ഒരു ചെറിയ പട്ടണമാണ് കിട്ടൂര്‍. പണ്ട് ഇതൊരു നാട്ടുരാജ്യമായിരുന്നു. നാട്ടുരാജാവായിരുന്ന ശിവലിംഗ രുദ്ര 1824-ല്‍ മരിച്ചു. അദ്ദേഹത്തിന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. വിധവയായ ചെന്നമ്മ, രാജാവിന്റെ പിന്‍ഗാമിയായി ഒരു പുത്രനെ ദത്തെടുത്തു. ബ്രിട്ടീഷുകാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ കിട്ടൂര്‍ പിടിച്ചെടുക്കാന്‍ സൈന്യവുമായി പുറപ്പെട്ടു. പ്രാദേശിക മുഖ്യനായ രായപ്പയുടെ സഹായത്തോടെ ചെന്നമ്മ, ബ്രിട്ടീഷുകാരെ ചെറുത്തു. ജനങ്ങള്‍ കിട്ടൂര്‍ ചെന്നമ്മയുടെ കീഴില്‍ അണിനിരന്നു. കിട്ടൂര്‍ ചെന്നമ്മ രായപ്പയ്‌ക്കൊപ്പം കുതിരപ്പുറത്ത് വാളുമായി യുദ്ധത്തിന് നേതൃത്വം കൊടുത്തു. ധാര്‍വാഡിലെ കളക്ടര്‍ ഉള്‍പ്പെടെ നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഇവര്‍ വധിച്ചു. പോരാട്ടം ഏതാനും വര്‍ഷം തുടര്‍ന്നു. 1829-ല്‍ ബ്രിട്ടീഷുകാര്‍ രായപ്പയെ പിടികൂടി വധിച്ചു. ചെന്നമ്മയെ തടവുകാരിയാക്കി. ആ ധീര ദേശീയസ്വാതന്ത്ര്യപോരാളി തടവറയില്‍ കിടന്ന് മരിച്ചു.

ദത്തവകാശ നിരോധനനിയമം ആ സമയത്ത് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അന്ന് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നിട്ടും ആ നിയമപ്രകാരം ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ആദ്യം കൈയടക്കിയ രാജ്യം കിട്ടൂരാണ്. അതിന്റെ പേരില്‍ തടവില്‍ കിടന്ന് മരിച്ച പോരാളി കിട്ടൂര്‍ ചെന്നമ്മയും.
രാംനഗറില്‍നിന്നും വടക്കോട്ട് പോയാല്‍ ബെല്‍ഗാം. കിഴക്ക് മാറി കിട്ടൂര്‍. തെക്കോട്ട് സഞ്ചരിച്ചാല്‍ ധാര്‍വാഡില്‍ എത്തും. ധാര്‍വാഡില്‍ എത്താന്‍ കുന്നും മലകളും കയറണം. സമതലത്തില്‍നിന്നും മലമുകളിലേക്ക് കയറാന്‍ തുടങ്ങി. രാത്രിയാണ്. വൈദ്യുതി വിളക്കുകള്‍ ഇല്ല. പൊട്ടിപ്പൊളിഞ്ഞ നിരത്ത്. നിലാവെളിച്ചത്തില്‍ കാടിന്റെ ഭംഗി മനം കവര്‍ന്നു. കയറ്റവും ഇറക്കവും ഹെയര്‍പിന്‍ വളവുകളും ഇടയ്ക്കിടെ ചെറിയ പാലങ്ങള്‍. താഴെ കാട്ടാറ് ഒഴുകുന്നു. നിഷ്‌കളങ്കമായ പ്രകൃതി, നിലാവെളിച്ചത്തില്‍ നിശ്ചലമായി നിന്ന് ഞങ്ങളോട് ചോദിക്കുംപോലെ, നിങ്ങള്‍ ഞങ്ങളെ മറന്നോ? ഇടിക്കുന്ന മലകള്‍ മറന്നോ? വറ്റുന്ന  അരുവികള്‍ മറന്നോ? കഠിനഹൃദയത്തെപ്പോലും സാന്ത്വനിപ്പിക്കാന്‍ പ്രകൃതിക്കല്ലാതെ മറ്റെന്തിന് കഴിയും. ആദിമ സംസ്‌കാരകേന്ദ്രങ്ങള്‍ മുഴുവന്‍ മലകളിലും കാടുകളിലുമായിരുന്നു. മലയുടെ ഉച്ചിയില്‍നിന്നും രാത്രി നിലാവത്ത് ഹെയര്‍പിന്‍ വളവുകളിലൂടെ താഴേക്കിറങ്ങാന്‍ തുടങ്ങി. ഗോവ- കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പൊലീസ് തടഞ്ഞു. ഗോവയില്‍ നിന്നും മദ്യം കടത്തരുതല്ലോ. ഗോവ ആരെയും ആകര്‍ഷിക്കുന്നത് കശുമാങ്ങയില്‍ വാറ്റിയെടുത്ത ഗോവന്‍ ഫെനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വാറ്റ് ചാരായവും അണ്ടിപ്പരിപ്പുമാണ്. ഗോവയില്‍  മദ്യത്തിന് വിലക്കുറവും സുലഭവുമാണ്. എന്നാല്‍ എന്റെ നാട്ടിലെപ്പോലെ കുടിച്ച് ലക്കുകെട്ട് ആരും വഴിയില്‍ കിടക്കുന്നത് കണ്ടില്ല. മദ്യം നുരഞ്ഞൊഴുകുന്ന ഗോവ.

പൊലീസുകാര്‍ കാര്‍ പരിശോധിക്കാന്‍ തുടങ്ങി. ഞങ്ങളുടെ മുഖത്തും വണ്ടിയിലും ശക്തിയായി ടോര്‍ച്ചടിച്ചു. ഡിക്കി തുറക്കണം. ഞാന്‍ പൊലീസുകാരോട് വിളിച്ചുപറഞ്ഞു. ''എല്ലാം വലിച്ചിറക്കി പരിശോധിക്കണം. പക്ഷേ, അതുപോലെ തിരിച്ചുവയ്ക്കണം'-'.-  ജിജോ ഡിക്കി തുറന്നു. ആദ്യം ബെഡ് പുറത്തിട്ടു. പിറകെ ബാഗുകള്‍ ഓരോന്നായി ഇറക്കാന്‍ തുടങ്ങുമ്പോള്‍ പൊലീസുകാര്‍ പരിശോധന അവസാനിപ്പിച്ച് ഞങ്ങളെ കടത്തിവിട്ടു. മല ഇറങ്ങാന്‍ തുടങ്ങിയതോടെ മറ്റൊരു ഇരുള്‍ ഭംഗി. കാടിന് പൊതുവെ ഇരുളും പച്ചപ്പുമാണെങ്കിലും ആ നിറം പല ചേരുവയില്‍ സന്നിവേശിക്കുമ്പോള്‍ നിര്‍മലത ഏറുന്നു.  വലിയ കുന്നുകളില്‍ നിന്നും മെല്ലെ താഴെക്കിറങ്ങാന്‍ തുടങ്ങി. നീലാകാശച്ചെരിവിലെ ചന്ദ്രക്കല നനുത്ത പ്രകാശം കൂടുതല്‍ പരത്തി. കാടിന്റെ ഹരിതാഭയ്ക്ക് മേല്‍ അത് തിളങ്ങി. ഇടയ്ക്കിടെ നിദ്രയിലാണ്ട, വിളക്കണഞ്ഞ ആദിവാസി കുടിലുകള്‍ കാണാന്‍ തുടങ്ങി.

ധാര്‍വാഡ് നഗരാതിര്‍ത്തി കണ്ടതോടെ സുകന്യ മാരുതിയെ വിളിച്ചു. ഹോട്ടല്‍ ഹൊയ്‌സാലയില്‍ അവര്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. പ്രയാസമില്ലാതെ ഹോട്ടലില്‍ എത്തി. രാത്രി പന്ത്രണ്ട് കഴിഞ്ഞു. നല്ല ക്ഷീണവും ഉറക്കച്ചടവും. മര്യാദകെട്ട ഹോട്ടല്‍ മാനേജര്‍ക്ക് എന്റെ ഒറിജിനല്‍ ഐഡി കാര്‍ഡ് കസ്റ്റഡിയില്‍ വയ്ക്കണം. വഴക്കായി. ക്ഷുഭിതനായി ഞാന്‍ പറഞ്ഞു. ''ഞങ്ങള്‍ ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാനികള്‍ അല്ല. ഞങ്ങള്‍ ഹോട്ടലിന് മുന്‍വശം എവിടെയെങ്കിലും കിടന്നുറങ്ങും. അവസാനം ഐഡി കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങി. അസ്സല്‍ സുകന്യ മാരുതി തരും എന്ന ഉറപ്പില്‍ ഹോട്ടലില്‍ കടന്നു. എന്റെ എയര്‍കണ്ടീഷന്‍ ചെയ്ത മുറി ചാക്കോസാറിന് കൊടുത്തു. വലിതും മനോഹരവുമായി അലങ്കരിച്ച സാധാരണ മുറിയില്‍ ക്ഷീണത്തോടെ ഞാന്‍ ഉറങ്ങിപ്പോയി.

ഏപ്രില്‍-5 ധാര്‍വാഡ്

രാവിലെ ക്ഷീണത്തോടെ ഉണര്‍ന്ന് കിടക്കുമ്പോള്‍ ഓര്‍ത്തത് സുകന്യ മാരുതി എന്ന കന്നട കവയത്രിയെക്കുറിച്ചാണ്. ഒരിക്കല്‍ മഞ്ചേശ്വരം എംഎല്‍എ കുഞ്ഞമ്പു സുകന്യയെ തിരുവനന്തപുരത്ത് കൂട്ടിക്കൊണ്ടുവന്നു. നിയമസഭ സമ്മേളിക്കുന്ന സമയം. അന്ന് കുഞ്ഞമ്പുവിന് നല്ല തിരക്ക്. എനിക്ക് ഒഴിവും. അങ്ങനെ ഇരിക്കുമ്പോള്‍ പാര്‍ലമെന്ററി പാര്‍ടി ഓഫീസിലെ സെക്രട്ടറി എ അഷറഫ് കുഞ്ഞമ്പുവിനെ കാത്തിരിക്കുന്ന സുകന്യയെ എന്നെ ഏല്‍പിച്ചു. ഞാന്‍ അവരുമായി അരുവിക്കര, കല്ലിന്‍ക്ഷേത്രം, വിഴിഞ്ഞം ഷേയ്ക്കിന്റെ കബര്‍, കോവളം എല്ലാം ചുറ്റിക്കാണിച്ചുകൊടുത്തു. മാത്രമല്ല കേരളത്തിന്റെ നവോത്ഥാന ചരിത്രവും ആശാന്‍ അടക്കമുള്ള കവികളെപ്പറ്റിയും പറഞ്ഞുകൊടുത്തു. പിറ്റേന്നും യാത്ര നടത്തി. അതോടെ ആത്മബന്ധത്തിലായി. ഒരിക്കല്‍ തിരൂരില്‍ തുഞ്ചന്‍ കലോത്സവത്തിന് എത്തിയപ്പോള്‍ അവര്‍ എന്നെ വിളിച്ചുവരുത്തി. ഞാന്‍ ചെല്ലുമ്പോള്‍  ഒരു സാഹിത്യകാരന്‍ അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ ഇടപെട്ടു അവരെ ആശ്വസിപ്പിച്ചശേഷം ആ നിലാവുള്ള രാത്രിയില്‍ കടലുണ്ടിക്ക് പുറപ്പെട്ടു. വഴിയല്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ഒരു കോളേജ് അധ്യാപകനെ നാട്ടുകാരനായി കൂട്ടി. ഒപ്പം പവിത്രന്‍ പൊലീസും. കടലും കായലും സന്ധിക്കുന്ന കടലുണ്ടിപ്പുഴയ്ക്ക് മേലെയുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഞാന്‍ വീല്‍ചെയറില്‍ ഇരുന്നു. ഇളംമഞ്ഞിന്‍ തണുപ്പിനിടയിലൂടെ ചന്ദ്രികതൂവിയ ആ നിശിഥിനിയിലാണ് കേരളത്തിന്റെ യഥാര്‍ഥ പ്രകൃതി സൗന്ദര്യം ആസ്വദിച്ചതെന്ന് പിന്നീട് ആ കവി പലപ്പോഴും പലരോടും പറഞ്ഞു.

സുകന്യ ജനിച്ചത് ബെല്ലാരി ജില്ലയിലെ കോട്ടൂരിലാണ്. വിവാഹശേഷം ഭര്‍ത്താവുമൊത്ത് ധാര്‍വാഡില്‍ താമസമാക്കി. തുടര്‍ന്ന് ഉപരിവിദ്യാഭ്യാസം നേടി കോളേജ് അധ്യാപികയും അറിയപ്പെടുന്ന കവയിത്രിയുമായി. അതിസുന്ദരിയും പനിനീര്‍പ്പൂവുപോലെ പവിത്രയും നിഷ്‌ക്കളങ്കയുമായ സുകന്യക്ക് സൗന്ദര്യം ഒരു ശാപമായി. ഭര്‍ത്താവ്  ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. അതോടെ അവര്‍ തകര്‍ന്നു. കവിതയും മകനും മാത്രമായി ആശ്രയം. രക്തസമ്മര്‍ദം വര്‍ധിച്ചു. അലോപ്പതി മരുന്നുകള്‍ വാരിവിഴുങ്ങി. ഉറക്ക ഗുളികകള്‍ കഴിക്കാന്‍ തുടങ്ങി. പിറകെ രോഗങ്ങള്‍ ഓരോന്നായി തലപൊക്കി. അവസാനം എല്ല് ദ്രവിക്കുന്ന അസുഖം വരെ ആയി. പലവട്ടം കിടപ്പിലായി. പുസ്തകങ്ങളിലും കവിതകളിലും അവര്‍ അഭയം തേടി.

കണ്ണ് തുറക്കുമ്പോള്‍ സുകന്യാ മാരുതിയും മകന്‍ സംക്രാന്തും മുന്നില്‍. കൂടെ ചില അപരിചിതരും. ഇന്ന് ധാര്‍വാഡില്‍ കര്‍ണാടക വിദ്യാവര്‍ധകസംഘം ഓഡിറ്റോറിയത്തില്‍ ജനസാഹിത്യസംഘടന സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് എന്നെ ക്ഷണിക്കാന്‍ വന്നവരാണ്, കവിയും റിട്ടയേര്‍ഡ് ജഡ്ജിയുമായ ജിനദത്ത ദേശായിയുടെ നേതൃത്വത്തില്‍.

രാവിലെ വണ്ടി പരിശോധിക്കുമ്പോള്‍ റേഡിയേറ്റര്‍ ചോര്‍ച്ച. പകല്‍ ധാര്‍വാഡില്‍ ചുറ്റിക്കറങ്ങി വൈകുന്നേരം യാത്ര തുടരാനായിരുന്നു പദ്ധതി. വണ്ടി വര്‍ക്ക് ഷോപ്പില്‍ കയറ്റിയതോടെ യാത്ര അടുത്ത ദിവസമാക്കി.

ഉച്ചക്ക് കന്നട സമ്മേളനത്തില്‍ എത്തി. ഹാളില്‍ നിറയെ പുരുഷാരം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബികള്‍ വരെ ഉണ്ടായിട്ടും ഒരു മലയാളി പോലും ഇല്ലായിരുന്നു. ഞാന്‍ എത്തിയതോടെ മലയാളിയും ആയി. കന്നട ഭാഷ  എനിക്ക് അറിയില്ലെങ്കിലും ചില വാക്കുകളില്‍നിന്ന് ഏകദേശരൂപം ചോദിച്ചും മറ്റും മനസ്സിലാക്കി.

സമ്മേളനത്തിന്റെ അവസാനം നഗരത്തില്‍ പ്രകടനമാണ്. പ്രകടനത്തിന്റെ മുന്‍നിരയില്‍ എന്നെ വീല്‍ചെയറില്‍ ഇരുത്തി. മറ്റൊരു വീല്‍ചെയറില്‍ ഒരു മനുഷ്യനെ കണ്ടു. 97 വയസ്സുള്ള പാട്ടില്‍ പുട്ടപ്പ. സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഭാഷാപ്രേമിയുമാണ്. ഞങ്ങള്‍ ഇരുവരും പ്രകടനത്തിന് നേൃത്വം കൊടുത്തു. പിന്നില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. 'അലിഖിത ഭാഷൈ കന്നട മാതൃഭാഷയെല്ലി ശിക്ഷണ കെടലേ ബേക്കു. മാതൃഭാഷേ നിര്‍ലക്ഷല്ലദു'-- എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഞാനും ഏറ്റുവിളിച്ചു.
പ്രകടനം കഴിഞ്ഞതോടെ നിരവധി കന്നടക്കാര്‍ എന്നെ പൊതിഞ്ഞു. ഞാന്‍ അവര്‍ക്കൊപ്പം വീല്‍ചെയറില്‍ ഹൊയ്‌സാല ഹോട്ടലിലേക്ക് നടന്നു. വഴിയില്‍ തലേദിവസം മാനേജര്‍ എന്നെ വിഷമിപ്പിച്ച കാര്യം പറഞ്ഞതോടെ കന്നടക്കാര്‍ ക്ഷുഭിതരായി. അവര്‍ ഹോട്ടലില്‍ ബഹളംവച്ചു. അവസാനം മാനേജര്‍ വന്ന് മാപ്പ് പറഞ്ഞു. ഞാന്‍ അവരെ ശാന്തരാക്കി.

അന്ന് രാത്രി നിരവധിപേര്‍ എന്നെ കാണാന്‍ വന്നു. ഇവരില്‍ നിന്നാണ് എനിക്ക്  യക്ഷഗാനം എന്ന കലാരൂപത്തെക്കുറിച്ച് വ്യക്തത കിട്ടിയത്. കുന്ദാപുരത്തിന് വടക്ക് ഭാഗത്തും കുന്ദാപുരം മുതല്‍ ഉഡുപ്പിവരെയു ഉഡുപ്പി മുതല്‍ തെക്കോട്ടും വ്യത്യസ്ത രൂപങ്ങള്‍ പ്രചാരത്തില്‍ ഉണ്ട്. ദക്ഷിണ കര്‍ണാടകത്തിലും ഉത്തര കേരളത്തിലും തീവെട്ടികളുടെ വെളിച്ചത്തില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നതുകൊണ്ട് ബയലി അഥവാ വയലാട്ടം എന്നുവിളിക്കുന്നു. ഇതൊരു ക്ഷേത്രകലയാണ്. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില ഇവയാണ് വാദ്യോപകരണങ്ങള്‍. ശാസ്ത്രീയ രീതിയില്‍ കൈമുദ്രകള്‍ ഇല്ല. മലയാളഭാഷയിലും യക്ഷഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാഗവതമേളയുടെ ഭാഗമായി ഇത് തുടങ്ങി എന്നാണ് വിശ്വാസം. രാമായണം, ഭാഗവതം തുടങ്ങിയ ഇതിഹാസ കഥകളാണ് ഇതിലെ പ്രമേയം. വര്‍ണഭംഗിയാര്‍ന്ന വേഷവിധാനം. വാദ്യമേളങ്ങളുടെയും ഗാനാലാപനത്തിന്റെയും പശ്ചാത്തലത്തില്‍ നൃത്തചലനങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും അഭിനയിക്കുന്നു. കഥകളിപോലെ തോന്നാം. ഇതില്‍ കഥാപാത്രങ്ങള്‍ നേരില്‍ സംസാരിക്കുന്നു. ഒരിക്കല്‍ നിയമസഭാ കലാപരിപാടിയില്‍ ഈ കലാരൂപം കാണാനിടയായി.

യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായ പാര്‍ത്ത സുബ്ബയ്യ കേരളത്തിലെ കുമ്പളക്കാരനാണ്. അവിടെ ഒരു യക്ഷഗാന അക്കാദമിക്ക് പാര്‍ത്ത സുബ്ബയ്യയുടെ പേരില്‍ എംഎല്‍എ ഫണ്ട് കൊടുത്തിട്ടും വേണ്ടത്ര അറിവ് നേടാത്തതില്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

എന്നെ കാണാന്‍ വന്നവര്‍ നല്ല പാട്ടുകാരും കവികളും വായനക്കാരും ആയിരുന്നു. ഞങ്ങള്‍ രാത്രി ഉറങ്ങുംവരെ കവിതകള്‍ ചൊല്ലിയും പാട്ട് പാടിയും ഇരുന്നു.

ഏപ്രില്‍-6  കൊപ്പള

ധാര്‍വാഡ് ഒരു വരണ്ട പ്രദേശം. സുകന്യാ മാരുതിക്കൊപ്പം നഗരത്തില്‍ കറങ്ങി. യൂണിവേഴ്‌സിറ്റി കണ്ടു. കന്നടക്കാരുടെ അഭിമാനമാണ് 1910-ല്‍ തുടങ്ങിയ ധാര്‍വാഡിലെ കന്നട  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മ്യൂസിയം. ഇവിടെ കല്ലിലും ലോഹത്തിലും തീര്‍ത്ത ബൗദ്ധ, ബ്രാഹ്മണിക്കല്‍, ജൈന ശില്‍പ്പങ്ങള്‍ നിരവധിയാണ്. പല സ്ഥലത്തുനിന്നും ശേഖരിച്ച രാജശാസനങ്ങള്‍. ഈ മ്യൂസിയത്തിലെ ഏറ്റവും വലിയ ആകര്‍ഷണം പഴയ നാണയങ്ങളും പ്രാചീനകാലത്തെ കൈയെഴുത്തു പ്രതികളുമാണ്. പഠിക്കുമ്പോള്‍ സുകന്യാ മാരുതിയുടെ ഗുരുവായിരുന്നു കല്‍ബുര്‍ഗി. പ്രാചീന കന്നട ഭാഷ വായിച്ച് വ്യാഖ്യാനിക്കാന്‍ കഴിവുള്ള ഏക നിപുണനും ഗവേഷകനുമായിരുന്നു ഈ വലിയ മനുഷ്യസ്‌നേഹി. ഇദ്ദേഹത്തെയാണ് പിന്നീട് ഹിന്ദുത്വവാദികള്‍ പ്രഭാതസവാരിക്കിടയില്‍ റോഡില്‍ ഭാര്യയുടെ മുന്നിലിട്ട് വെടിവച്ചുകൊന്നത്.

ഉന്‍കല്‍കേരി തടാകം

ഉന്‍കല്‍കേരി തടാകം

ധാര്‍വാഡ് വിടപറയുംമുമ്പ് സുകന്യ പറഞ്ഞു- പ്രാചീനതയില്‍ തമിഴ് കഴിഞ്ഞാല്‍ അടുത്തത് കന്നടയാണ്. എഡി 450ന് അടുത്തുള്ള ഹല്‍ഖഡി ശിലാശാസനമാണ് ഏറ്റവും പ്രാചീനം. സാഹിത്യമൂല്യമുള്ള ചില ശാസനകള്‍ എഡി 700ല്‍ ഉണ്ടായി. എഡി 10-ാം നൂറ്റാണ്ടോടെയാണ് കന്നട ഭാഷാകവികളുടെ ഉദയം. പംപന്‍, പൊന്ന, നാഗവര്‍മ, റന്ന എന്നീ നാലുപേര്‍. ധാര്‍വാഡിനടുത്ത് അനുഗോറിയിലായിരുന്നു പംപന്റെ ജനനം. മുഖ്യകൃതികള്‍ ആദിപുരാണം, വിക്രമാര്‍ജുന വിജയം. ആദിപുരാണം ജൈനപ്രചാരണ ലക്ഷ്യംവച്ചുള്ള കൃതിയാണെങ്കില്‍ രണ്ടാമത്തേത് അക്കൂട്ടത്തില്‍ പെടുന്നില്ല.

ധാര്‍വാഡ് വിട്ടതിനുശേഷം ഇരുവശവും ഗ്രാമങ്ങളാണ്. വിശാലമായ കൃഷിയിടങ്ങള്‍. അടുത്ത നഗരം ഹുബ്ലി. വിശാലമായ നിരത്ത് തിരിഞ്ഞ് ചെല്ലുമ്പോള്‍ ഒരു മനോഹരമായ തടാകം. അതിനോട് ചേര്‍ന്ന്  ഒരു പാര്‍ക്ക്. ഇതാണ് ഉന്‍കല്‍കേരി തടാകം. നേര്‍ത്ത കാറ്റിന്‍ തടാകം നേരിയ ഇളക്കത്തോടെ നീലച്ച് കിടന്നു. തടാകത്തിനരികെ  ജ്യൂസും കഴിച്ച് കുറെ സമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. അവിടെനിന്നും തിരക്കുള്ള  ഹുബ്ലി നഗരം ചുറ്റിക്കറങ്ങി. മുന്നോട്ട് പോയപ്പോള്‍ റോഡിന് ഇരുവശവും നിറയെ സെല്‍ഫ് ഫൈനന്‍സിങ് കോളജുകള്‍. വണ്ടി നിര്‍ത്തി ഞങ്ങള്‍ അന്വേഷിച്ചു. ഇതാണ് ഹുബ്ലിയിലെ വിദ്യാനഗര്‍. മലയാളികള്‍ ഡിഗ്രി തേടി എത്തുന്നതും പഠിപ്പിക്കല്‍ ജോലി തേടി എത്തുന്നതും ഇവിടെതന്നെ.

കുറെ ഓടിയതോടെ കര്‍ണാടകയുടെ തനത് ഗ്രാമീണഭംഗി കാണാന്‍ തുടങ്ങി. കണ്ണെത്താത്ത ദൂരത്തെ കൃഷിയിടങ്ങള്‍ വരണ്ട പ്രദേശമാണെങ്കിലും ജലസേചനമുണ്ട്. ചോളവും ബാജ്‌രയും അടക്കം നല്ല കൃഷിസ്ഥലങ്ങള്‍. പരിസരത്ത് ജനവാസമേ കാണുന്നില്ല. ദൂരെവച്ചുതന്നെ മൂന്ന് ജൈന സന്യാസിനികളെ കണ്ടു. ശുഭ്ര വസ്ത്രവും സാത്വിക ഭാവവും. അവര്‍ വയലുകളോട് ചേര്‍ന്ന റോഡരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ഞങ്ങള്‍ വണ്ടി നിര്‍ത്തി.   ഇളംവെയിലും നേര്‍ത്ത കാറ്റും റോഡരികില്‍ അവിടവിടെ കാട്ടുമരങ്ങളും. സന്യാസിനിമാര്‍ ഞങ്ങളെ കണ്ടതോടെ വല്ലായ്മയില്‍ മുങ്ങുംപോലെ തോന്നി. ചാക്കോസാര്‍ വടിയൂന്നി പരസഹായത്തോടെ കാറില്‍ നിന്നിറങ്ങി.  പതുക്കെപ്പതുക്കെ നിരത്തു മുറിച്ചുകടന്നു. മൂന്ന് സന്യാസിനിമാരുടെ പിറകെ ഒരു  മാരുതി ഓമ്‌നി കാറിന്റെ മേലെ യാത്രാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനുവേണ്ടി വെള്ളം കടക്കാത്ത ഒരു പെട്ടി കാരിയറില്‍ വെല്‍ഡ്  ചെയ്തുവച്ചിട്ടുണ്ട്. ചാക്കോസാറിന് കന്നട നന്നായി അറിയാം. ഡ്രൈവറുമായി ലോഹ്യപ്പെട്ടു. ഞാന്‍ കാറിന്റെ മേല്‍ഭാഗത്ത് എഴുതിവച്ചിരിക്കുന്നത് വായിച്ചു. ജൈന സന്യാസിനിമാരുടെ ഭാരതയാത്ര. ജൈന വിശ്വാസമനുസരിച്ച് തീര്‍ഥാടനം ഒരു പുണ്യമാണ്. അതുകൊണ്ടാണല്ലോ ജൈന ഗുരുക്കന്മാരെ തീര്‍ഥങ്കരന്മാര്‍ എന്നുവിളിക്കുന്നത്. ഏത് ജൈനക്ഷേത്രത്തിന്റെയും ഒപ്പം സഞ്ചാരികള്‍ക്ക് കിടക്കാന്‍ ഒരു സത്രം ഉണ്ടായിരിക്കും. ഒരു നിതാന്ത സഞ്ചാരിക്ക് ഏത് ജൈനക്ഷേത്രത്തിലും ധര്‍മശാലയിലും ഗുരുദ്വാരകയിലും കിടക്കാം. ഈ മതങ്ങളെല്ലാം ഭാരതീയമാണല്ലോ. ഭാരതത്തിന്റെ പൗരാണിക നന്മകളില്‍ ഒന്നായി അതെനിക്ക് തോന്നി. കുറച്ചുനേരം ഞങ്ങള്‍ അവിടെ നിന്നപ്പോള്‍ സാത്വിക ഗുണമാര്‍ന്ന സന്യാസിനിമാര്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അവര്‍ ഗുജറാത്തില്‍നിന്നു യാത്ര തുടങ്ങിയതാണ്. കന്യാകുമാരി ചുറ്റി ഇവിടെ എത്തി. വര്‍ഷങ്ങളായി  യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ഇത് ജൈന സന്യാസത്തിന്റെ ഒരു പ്രത്യേകതയാണ്. സന്യാസിനിമാര്‍ തങ്ങളുടെ കാല്‍നടയാത്ര തുടര്‍ന്നു. രാത്രി കിടപ്പാടമില്ലാതെ ഒരിടത്തെത്തിയാല്‍ അവര്‍ കാറില്‍ കയറിക്കിടക്കുമെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒരിക്കലും അവര്‍ കാറില്‍ യാത്ര ചെയ്യില്ല. അവരുടെ യാത്ര മുഴുവന്‍ കാല്‍നടയാണ്. അവര്‍ ദൂരത്തേക്ക് നടന്നുനീങ്ങുന്നതും നോക്കി നോക്കി ഞങ്ങള്‍ വണ്ടി വിട്ടു.

കുറെദൂരം ഓടിയപ്പോള്‍ അതാ ശുഭ്രവസ്ത്രധാരികളായ മൂന്ന് ജൈന സന്യാസിമാര്‍ നടന്നുവരുന്നു. അവര്‍ അടുത്തെത്തുംമുമ്പ് ഞങ്ങള്‍ കാര്‍ നിര്‍ത്തി. നോക്കുമ്പോള്‍ ഒരു വടിയില്‍ വസ്ത്രം ഭാണ്ഡം കെട്ടി തോളത്തിട്ട് നടന്നടുക്കുന്നു. ചാക്കോസാര്‍ തിടുക്കത്തില്‍ പുറത്തിറങ്ങി പരിചയപ്പെട്ടു. അവരെന്റെ അടുത്തേക്ക് വന്നു. നേതാവിന്റെ പേര് ഹേമന്ത് മറാസാബ്. അവരുടെ അനുവാദത്തോടെ ഫോട്ടോ എടുത്തു. അവര്‍ കന്യാകുമാരി വഴി നടക്കുകയാണ്. മറ്റൊരു സന്യാസിയുടെ പേര് ജൈനേന്ദ്ര മുനി. ഞങ്ങളും അനന്തമായ ഭാരതപര്യടനത്തിലാണ് എന്നുപറഞ്ഞപ്പോള്‍ അവരുടെ സന്തോഷം വര്‍ധിച്ചു. അവരുടെ സ്‌നേഹവും സാത്വികഭാവവും കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ജീവന്റെ പുതിയ അനുഭൂതി ഉണര്‍ന്നു. മനുഷ്യന്‍ മനുഷ്യരിലൂടെ സഞ്ചരിക്കുമ്പോള്‍ അത് ഒരു പുത്തന്‍ ഉണര്‍വായി മാറുംപോലെ എനിക്ക് തോന്നി. എന്നാല്‍ ആ മനുഷ്യന്‍ പ്രകൃതിപോലെ നൈസര്‍ഗികമായിരിക്കണം. മനുഷ്യന്‍ കല്‍പ്പിച്ചുകൂട്ടിയ ചതിയും വഞ്ചനയും കാപട്യവും തീണ്ടാപ്പാടകലത്തില്‍ നില്‍ക്കുമ്പോള്‍ അവന്‍ നൈസര്‍ഗികനാകുന്നു. അവന്‍ പ്രകൃതിയുടെ ഭാഗം ആകുന്നു. പിന്നെ അവനില്‍ പ്രകൃതി ചാര്‍ത്തിയ നിറങ്ങളും സംഗീതവും സാന്ദ്രമായ സ്‌നേഹമായി പ്രവഹിക്കും. അതാണ് ഞങ്ങള്‍ ഇവിടെ അനുഭവിച്ചത്. നിത്യസഞ്ചാരിക്ക് വിഷമങ്ങളില്ല. എന്നാല്‍ വേര്‍പിരിയല്‍ മനുഷ്യന്‍ നിര്‍മിച്ച സംസ്‌കാരത്തിന്റെ വിഷാദമാണ്.

ഞങ്ങളുടെ ലക്ഷ്യം കൊപ്പള. കൊപ്പളയില്‍ പരിചയം ഒന്നും ഇല്ല. താമരശ്ശേരിയിലെ റിനീഷിനെ യാദൃച്ഛികമായി വിളിച്ചപ്പോള്‍ അറിഞ്ഞു അവന്റെ അളിയന്‍ കൊപ്പളയിലാണ് താമസമെന്ന്. പേര് പ്രദീപ്. ഞങ്ങള്‍ക്ക് വഴി ഒന്ന് തെറ്റി. എങ്ങോട്ടുള്ള യാത്രയാണെങ്കിലും ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ മുഖ്യറോഡുകള്‍ വിട്ടൊഴിയുക അലിഖിത തീരുമാനമാണ്. അങ്ങനെ പോകുമ്പോള്‍ ഒരു ചെറിയ ചായക്കട കണ്ടു.  ഒരു ഗ്ലാസ് ചായയുടെ വില  വെറും രണ്ടുരൂപ. ചായയുടെ അളവാകട്ടെ  കഷ്ടി ഒരു വൈന്‍ ഗ്ലാസിലും. ഒരു ചെറിയ പ്ലാസ്റ്റിക് ഗ്ലാസിലാണ് തന്നത്. പ്ലാസ്റ്റിക് ഉപയോഗത്തില്‍ സര്‍ക്കാറിന്റെ അനാസ്ഥയാണ് ഈ പട്ടിക്കാടന്‍ കുഗ്രാമത്തിലും ഞങ്ങള്‍ കണ്ടത്. നല്ല ചൂടന്‍ മുളക് ബജി പൊരിക്കുന്നു. അതിനും വിലക്കുറവാണ്. അഞ്ച് രൂപയ്ക്ക് ഒരു പ്ലേറ്റ് കിട്ടും. ഒന്നെടുത്തു കടിച്ചു. സഹിക്കാന്‍ വയ്യാത്ത എരിവ്. അകംപൊളിച്ചു നോക്കിയപ്പോള്‍ അകത്ത് ബജി മുളകല്ല ഇവിടെ കൃഷി ചെയ്യുന്ന പറിച്ചെടുത്ത നല്ല ചുവന്ന കപ്പമുളക്. ഉണക്കാത്തത്.
വീണ്ടും കുറെ ഓടിയപ്പോള്‍ ഭംഗിയുള്ള ഗ്രാമങ്ങളും നിഷ്‌കളങ്കരായ മനുഷ്യരും മനംകവരുന്ന പശുക്കളേയും കണ്ടു. ഈ ഗ്രാമം കണ്ടപ്പോള്‍ വിശാലമായ വയലില്‍ എന്റെ ബീഹാറി കൂട്ടിരിപ്പുകാരന് വെളിക്കിരിക്കണം. ഞങ്ങള്‍ ഒരു ചായക്കടയില്‍ കയറി. അര്‍ജുന്‍ദാസ് ഒരു കുപ്പിവെള്ളം എടുത്തു. പാടത്തേക്ക് ഓടി. വണ്ടി ഓടി ഓടി ഗ്രാമങ്ങള്‍ക്കിടയിലെ ഒരു ചെറു പട്ടണത്തില്‍ എത്തി. ഒരു നാല്‍ക്കവല. എന്തെങ്കിലും  കഴിക്കണം. അപ്പോഴാണ് അവിടെ ഒരു ചെറിയ കട കണ്ടത്. അവിടെ നമ്മുടെ നാട്ടില്‍ മുറിച്ച് കൊടുക്കുന്ന കറുത്ത പ്ലാസ്റ്റിക്, കൊച്ചുകൊച്ചു സിമന്റ് ചാക്ക് വലുപ്പത്തില്‍ സഞ്ചികളാക്കി വില്‍ക്കുന്നു. മുന്‍ട്രിക്കില്‍നിന്ന് തെറ്റി രാത്രി ഞങ്ങള്‍ കൊപ്പളയില്‍ എത്തി. ഒരു പഴയ ചെറുപട്ടണമാണ് കൊപ്പള. ഏഴ് വര്‍ഷം മുമ്പ് അത് റെയ്ച്ചൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ പുതിയ ജില്ലാ ആസ്ഥാനമാണ്. അതോടെ നഗരം വികസിച്ചു. ഫാക്ടറികള്‍ ഉയര്‍ന്നു. പ്രദീപ് പട്ടണത്തില്‍ ഗഞ്ച് സര്‍ക്കിള്‍ ട്രാഫിക് ഐലന്‍ഡിനു മുന്നില്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. പ്രയാസമില്ലാതെ പ്രദീപിന്റെ വീട്ടില്‍ എത്തി.

ധാര്‍വാഡ് പട്ടണം

ധാര്‍വാഡ് പട്ടണം

പല മലയാളികളും ജോലി തേടി അന്യദേശത്ത് സ്ഥിരതാമസമായിട്ടുണ്ടെങ്കിലും ഇവിടെ അങ്ങനെ ആരും ആയിട്ടില്ല. താഴെ ഒരു മുറി എനിക്കുവേണ്ടി  ഒരുക്കിത്തന്നു. പ്രദീപിന്റെ വീട്ടില്‍ അമ്മയും ഭാര്യയും മക്കളുമുണ്ട്. പ്ലസ്ടു വിദ്യാര്‍ഥി ശരത്ത് മകനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സ്‌നേഹ മകളുമാണ്. രാത്രി മലയാളികള്‍ അടക്കം ചിലര്‍ കാണാന്‍ വന്നു. ജോലിയുമായി ബന്ധപ്പെട്ട് ഏഴ്, എട്ട് വീട്ടുകാര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. പ്രദീപിന് ആദിത്യ ബിര്‍ളയുടെ അള്‍ട്രടെക് കമ്പനിയില്‍ ജോലിയാണ്. കമ്പനിയിലെ മറ്റൊരു മലയാളി ജോലിക്കാരനാണ് പ്രസാദ് ദാനിയേല്‍. ചെന്ന ഉടനെ ദാനിയേല്‍ ഞങ്ങളെ കാണാന്‍ വന്നു. കൊപ്പളയിലെ പ്രധാന ക്ഷേത്രങ്ങളായ ഗവി സിദ്ധ്വേശ്വര ക്ഷേത്രവും മഠവും ഒരു കുന്നിന്‍മേലാണ്. രാമായണ കഥ സംഭവിച്ചതായി വിശ്വസിച്ചാല്‍ ശ്രീരാമന്‍ ഹനുമാനേയും സുഗ്രീവനേയും കണ്ടുമുട്ടുന്നത് കൊപ്പളയില്‍ വെച്ചാണ്. മഴക്കാലം ചെലവഴിക്കുന്നത് ഹംപിയിലും. രാമന്‍ സീതയെ തേടി പഞ്ചവടിയില്‍നിന്നും യാത്ര തിരിച്ചതു ബണ്ടദ്ര, തുല്‍ജാപ്പൂര്‍, സുരൈബന്‍, കര്‍ദ്രാഗുസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൊപ്പളയില്‍ എത്തി. ഈ കഥയും ചിന്തിച്ച് ഞാന്‍ രാവിലെ ഉണര്‍ന്നു. ഇതിനകം പ്രദീപും പ്രസാദ് ദാനിയേലും കുടുംബവുമായി വളരെ അടുപ്പത്തിലായി. യാത്രികന് സൗഹൃദങ്ങള്‍ തടസമാകരുത്.

വയ്യാത്ത ചാക്കോ സാറിന് വൈകാരിക ബന്ധങ്ങള്‍ തീവ്രമാണ്. പ്രദീപ് ഞങ്ങളോട് യാത്ര പുറപ്പെടുംമുന്നെ പറഞ്ഞു. ഹുബ്ലിക്കും കൊപ്പളയ്ക്കും ഇടയിലാണ് ഗദക്ക് ജില്ല. ഗദക്ക് വഴി ബിജാപ്പൂരിലേക്ക് നല്ല ഹൈവേ ഉണ്ട്. അതുപോലെ ഹോസ്‌പെട്ടെയില്‍ നിന്നും ബദാമി, പത്തടാക്കന്‍, ഐഹോള എന്നീ സ്ഥലങ്ങളെക്കുറിച്ച് പ്രദീപ് പറഞ്ഞപ്പോഴാണ് അറിയുന്നതും. ഗദക്കില്‍നിന്ന് മേല്‍പറഞ്ഞ സ്ഥലങ്ങളിലേക്ക് എളുപ്പമാണ്. എന്തായാലും ഹംപിയും കാണുക തന്നെ വേണം. കൊപ്പളയില്‍ നിന്ന് ബദാമിക്ക് പോകാന്‍ തീരുമാനിച്ചു. അതുകൊണ്ട്  കുഷ്ഠികെയില്‍നിന്നും തിരിഞ്ഞുപോകാന്‍ പ്രദീപ് നിര്‍ദേശിച്ചു. (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top