20 April Saturday

ഗോവന്‍ തീരത്ത്.. ബ്രിട്ടോയുടെ ഭാരതയാത്ര (ഭാഗം 3)

സൈമണ്‍ ബ്രിട്ടോUpdated: Friday Jun 14, 2019

മുന്നില്‍ കരയും കായലും സന്ധിക്കുന്നിടത്ത് ഗോവയിലേക്ക് ഒരു നീണ്ട പാലം- കാളി ബ്രിഡ്ജ്. പണ്ട് ഇവിടെ സദാശിവഘാട്ടില്‍നിന്നും പുഴ കടന്ന് തോണിയിലോ ജങ്കാറിലോ വേണം ഗോവയ്ക്ക് കടക്കാന്‍. ഞങ്ങള്‍ പാലത്തില്‍ കയറി. അപ്പുറവും ഇപ്പുറവും മനസ്സിനെ ത്രസിപ്പിക്കുന്ന കായല്‍കടല്‍ കാഴ്ചകള്‍.

അടുത്ത പട്ടണം സക്കല്‍സേര്‍ട്ട്. അവിടെ വിശാലമായ കടപ്പുറം ഉണ്ടെന്ന് കേട്ടു. കൊങ്കണ്‍ തീരത്തെ തലയെടുപ്പുള്ള തെങ്ങും മരങ്ങളും രാത്രിയുടെ നേര്‍ത്ത നിലാവില്‍ കാണാം. ഒപ്പം പരന്നുകിടക്കുന്ന ചതുപ്പും വയലുകളും. അങ്കോള കഴിഞ്ഞ് കാര്‍വാര്‍ അടുക്കുമ്പോള്‍ പ്രകൃതിക്കും കാലാവസ്ഥക്കും ചെറിയ മാറ്റം. കടല്‍ സാമീപ്യവും വൃക്ഷസമൃദ്ധമായ പച്ചപ്പും ഇളംകുന്നുകളും. പറഞ്ഞപ്രകാരം ഞങ്ങള്‍ വാര്‍ മ്യൂസിയത്തിന്റെ എതിര്‍വശത്ത് വണ്ടി നിര്‍ത്തി. കന്റോണ്‍മെന്റ് ഏരിയയുടെ സകല സവിശേഷതകളും ആ രാത്രിയിലും വ്യക്തമായിരുന്നു. വൃത്തിയും വീതിയുമുള്ള തെരുവ്. ദൂരെ നീലച്ച കടലിനുമേലെ നിലാവെട്ടം തെളിഞ്ഞുകാണാം. രണ്ടുപേര്‍ ആവേശത്തോടെ കാത്തുനിന്നിരുന്നു. തഹസില്‍ദാര്‍ പരശുറാവുവും വില്ലേജ് അക്കൗണ്ടന്റ് സീതര്‍  നായിക്കും. യമുന ഗവാങ്കര്‍ ഏര്‍പ്പാടുചെയ്ത ഇടതുപക്ഷക്കാരായിരുന്നു അവര്‍. വലിയ സ്‌നേഹത്തോടെ ഞങ്ങളെ ഗസ്റ്റ്ഹൗസില്‍ എത്തിച്ചു. 

ഏപ്രില്‍- 4 കാര്‍വാര്‍- ഗോവ- ധാര്‍വാഡ്

പിഡബ്ല്യുഡി റസ്റ്റ്ഹൗസിന്റെ വരാന്തയില്‍നിന്ന് നോക്കിയാല്‍ കാര്‍വാറിലെ കാളി കടപ്പുറം കാണാം. കാര്‍വാര്‍ മനോഹരവും പ്രകൃതിദത്തവുമായ ഒരു നൗകാശയ നഗരമാണ്. വെളുത്ത നിറമുള്ള കദംബ പക്ഷികള്‍ ഈ ആകാശത്തിന്റെ ഉടമകളാണ്. കാര്‍വാറില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരത്തിലാണ് മല്ലാപ്പൂര്‍ ആറ്റമിക് സ്റ്റേഷന്‍. കാളിനദിയുടെ തീരത്തെ മലമ്പ്രദേശമാണിവിടം. കാളിനദിയെ തടുത്തുനിര്‍ത്തിയ അണക്കെട്ടില്‍ നിന്നാണ് കൈക, സീബേര്‍ഡ് എന്ന പേരുകളില്‍ അറിയപ്പെടുന്ന എന്‍ടിപിസിയുടെ രണ്ട് ആറ്റമിക് പവര്‍സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു.

രാവിലെ കുളിക്കുമ്പോള്‍ പുറത്ത് കന്നട പത്ര-ചാനലുകാര്‍ എത്തി. കാറാവലി മുന്‍ജാന്‍, വിജയവാണി തുടങ്ങിയ പത്രങ്ങളുടെ ലേഖകര്‍. ഒപ്പം ചാനലുകാരും. ഇവരില്‍ എന്നെ ആകര്‍ഷിച്ചത് പൊക്കം കുറഞ്ഞ സന്ദീപ് സാഗര്‍ എന്ന ചാനല്‍ക്കാരനാണ്. ടി വി നയന്‍ റിപ്പോര്‍ട്ടറായ സന്ദീപുമായി പെട്ടെന്ന് ലോഹ്യത്തിലായി. അയാള്‍ എന്നെ വിശദമായി ഇന്റര്‍വ്യൂ ചെയ്തു. ഞാന്‍ അറിയാതെ തന്നെ എന്റെ പല ഷോട്ടുകളും എടുത്തു. കാര്‍വാര്‍ റസ്റ്റ്ഹൗസിനോട് വിടപറയുമ്പോള്‍ നിരവധിപേര്‍ മിത്രങ്ങളായി. ഇവര്‍ പറഞ്ഞാണ് അറിയുന്നത് പണ്ട് ചെറുപ്പത്തില്‍ രബീന്ദ്രനാഥ് ടാഗോര്‍ ഇവിടെ അവധിക്കാലത്ത് താമസിച്ചിരുന്നെന്ന്. റസ്റ്റ്ഹൗസിനു മുന്നിലാണ് കാളിബീച്ച്. നല്ല നീളവും വീതിയും വൃത്തിയുമുള്ള ബീച്ച്. പഴയകാലത്ത് ടാഗോര്‍ മനോഹരമായ ഈ കടല്‍ക്കാഴ്ചകള്‍ കണ്ണിമ മങ്ങാതെ കണ്ടിരിക്കണം. ഈ കടപ്പുറത്തുനിന്ന് നോക്കിയപ്പോള്‍ പ്രഭാതരശ്മിയില്‍ പാതി ഉറങ്ങിക്കിടക്കുന്ന നീലച്ച കടല്‍ ഞാന്‍ കണ്ടു. കടലില്‍ ഇരുണ്ട നീലച്ച സ്വപ്‌നഭംഗിയില്‍ ഒറ്റപ്പെട്ട മലകള്‍. കാര്‍വാറിന്റെ ഈ കടല്‍ ചാരുത മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ല. ദ്വീപുകളും കാട്ടുദ്വീപുകളും ഈ ഭൂമുഖത്തുണ്ടെങ്കിലും കാര്‍വാറിന്റെ കടല്‍ക്കാഴ്ച സാല്‍വദോര്‍ ദാലിയുടെ ഒരു സര്‍റിയലിസ്റ്റിക് ചിത്രം പോലെ തോന്നിച്ചു. പഴയ കാളിബീച്ച് പേര് മാറ്റി ഇന്ന് ടാഗോര്‍ ബീച്ചാണ്. ഇവിടെനിന്ന് നോക്കിയാല്‍ കടലില്‍ മൂന്ന് മനോഹര ദ്വീപുകള്‍ കാണാം. 1. ദേവ്ബാഗ് 2. അജദ് ദ്വീപ് 3. കുറുംഗഡ് ദ്വീപ്. ഈ ദ്വീപില്‍ ഒരു നരസിംഹ ക്ഷേത്രമുണ്ട്. ഇതൊരു മുക്കുവ ക്ഷേത്രമാണ്. ജനുവരിയിലാണ് ഉത്സവം. ഒരു ലൈറ്റ്ഹൗസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഞങ്ങള്‍ കടല്‍ക്കാഴ്ചകള്‍ക്കുശേഷം ടാഗോര്‍ ബീച്ചില്‍ നിന്ന് മറ്റൊരു റോഡില്‍ കയറി. ചെന്നുകയറിയത് കാളീനദി തീരത്തെ സദാശിവഘാട്ടില്‍. ഈ നദി കര്‍ണാടകത്തിലെ ബെല്‍ഗാം ജില്ലയുടെ തെക്കു ഭാഗത്തുള്ള പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിച്ച് ധാര്‍വാഡ്, കാര്‍വാര്‍ ജില്ലകളിലൂടെ ആദ്യം തെക്കുകിഴക്കും പിന്നീട് തെക്കുപടിഞ്ഞാറോട്ടും ഒഴുകി ഇവിടെ ഗോവയ്ക്കും കാര്‍വാറിനും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുന്നു. ഈ നദിക്ക് 153 കിലോമീറ്റര്‍ മാത്രമാണ് നീളം. പ്രധാന പോഷകനദി പന്ധിയാണ്.

മുന്നില്‍ കരയും കായലും സന്ധിക്കുന്നിടത്ത് ഗോവയിലേക്ക് ഒരു നീണ്ട പാലം- കാളി ബ്രിഡ്ജ്. പണ്ട് ഇവിടെ സദാശിവഘാട്ടില്‍നിന്ന് പുഴ കടന്ന് തോണിയിലോ ജങ്കാറിലോ വേണം ഗോവയിലേക്ക് കടക്കാന്‍. ഞങ്ങള്‍ പാലത്തില്‍ കയറി. അപ്പുറവും ഇപ്പുറവും മനസ്സിനെ ത്രസിപ്പിക്കുന്ന കായല്‍-കടല്‍ കാഴ്ചകള്‍. പ്രഭാതത്തിന് ചെറുചൂടിന്റെ കനപ്പുണ്ടെങ്കിലും കടല്‍ക്കാറ്റും കായല്‍കാറ്റും മാറി മാറി അടിക്കുമ്പോള്‍ സ്വര്‍ഗീയമായ അനുഭൂതി. നല്ല വൃത്തിയും ഭംഗിയുമുള്ള പാലം. ഒരു സ്വപ്നാടനം പോെല ഞങ്ങള്‍ നീങ്ങി. ആ മായക്കാഴ്ച പെട്ടെന്ന് ഒടുങ്ങി. ഇരുനൂറ്റി അമ്പത് രൂപ ടോള്‍. വണ്ടി മുന്നോട്ട് നീങ്ങി. ഗോവന്‍ ഗ്രാമങ്ങള്‍ കേരളത്തോട് സാമ്യപ്പെടുത്താന്‍ കഴിയില്ല. ഓടിനീങ്ങുന്ന കാഴ്ചകള്‍ക്ക് ജലസമൃദ്ധിയുടെ പച്ചപ്പുണ്ട്. കടല്‍മണ്ണിന്റെ  രസമൂറുന്ന കാഴ്ച. ഗോവന്‍ വീടുകള്‍ക്ക് പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെ ഭാവപ്പകര്‍ച്ച കാണാം. അധികം വീടുകളും  കോണ്‍ക്രീറ്റല്ല. മിക്കതും ഓടിട്ടവ. എല്ലാ വീടുകള്‍ക്കും ചെറിയ മുറ്റം. മുറ്റത്ത് ചെടികള്‍ നട്ടിട്ടുണ്ട്. ഗോവന്‍ ഫെനിയെ ഓര്‍മപ്പെടുത്തുന്ന പറങ്കിമാവുകള്‍ കാണാന്‍ തുടങ്ങി. ഗോവയുടെ നെടുനീളന്‍ റോഡിലൂടെയാണ് യാത്ര. ചിലയിടങ്ങളില്‍ ചതുപ്പുകളും പച്ചപ്പും കാണുമ്പോള്‍ പഴയ കേരളത്തിന്റെ ഗൃഹാതുരത്വം. കേരളംപോലെ പ്രകൃതി വികസനത്തിന്റെ പരിക്കേറ്റ് മരിക്കുന്നില്ല ഗോവയില്‍. അവര്‍ പ്രകൃതിയെ സംരക്ഷിക്കുകയല്ല പ്രകൃതിയോട് ഇണങ്ങിക്കഴിയുകയാണ്. ടൂറിസം മുഖ്യ വരുമാനമായിട്ടും അവര്‍ പ്രകൃതിയെ മുറിവേല്‍പ്പിച്ച് രസിച്ച് ആഡംബരം ആഘോഷിക്കുന്നില്ല. എവിടെയും ഇരുണ്ട ചതുപ്പുകള്‍ക്കും തോടുകള്‍ക്കും ജലസമൃദ്ധിയുണ്ട്. സിമന്റും കരിങ്കല്ലും തൂവി ഇവിടെ മലിനമാക്കിയിട്ടില്ല.

കര്‍വാര്‍ പട്ടണം

കര്‍വാര്‍ പട്ടണം

ഗാല്‍ജിയാജില്‍നിന്ന് ഇടത്തേക്ക് ഒരു റോഡ് കണ്ടു. അവിടെ ഒരു ബീച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. ഗോവന്‍ നാട്ടിന്‍പുറങ്ങളിലൂടെ കൊച്ചുകൊച്ച് തെങ്ങിന്‍ പറമ്പുകള്‍ക്കിടയിലൂടെ ഞങ്ങള്‍ വളഞ്ഞും പുളഞ്ഞും നിവര്‍ന്നും പടിഞ്ഞാറോട്ട് ഓടി. എത്ര ഓടിയിട്ടും ബീച്ചിലേക്കുള്ള ബോര്‍ഡ് കാണുന്നില്ല. പലരോടും ചോദിച്ചപ്പോള്‍ അവിടെ ഒരു ബീച്ചുണ്ടെന്ന് മനസ്സിലായി. കുറച്ച് മുന്നോട്ട് പോയപ്പോള്‍ ബീച്ചിലേക്ക് പോവാന്‍ ഒരു വഴിപോലും കാണുന്നില്ല. ഒരു കാസര്‍കോടന്‍ കടപ്പുറത്തേക്ക് പോകുംപോലെ. ചോദിച്ച് ചോദിച്ച് ബീച്ചിലെത്തിയപ്പോള്‍ ഞങ്ങള്‍ സ്തബ്ധരായി. ആരും മുറിവേല്‍പ്പിക്കാത്ത സ്വച്ഛമായ കടല്‍. ടൂറിസ്റ്റുകളുടെ കാല്‍പ്പാദം ഏല്‍ക്കാത്ത കന്യാവനംപോലെ ഒതുങ്ങിയ കടപ്പുറം. ദൂരെ അങ്ങിങ്ങ് അപൂര്‍വം വിദേശ ടൂറിസ്റ്റുകളെ കണ്ടു. കരയോടു ചേര്‍ന്ന് തെങ്ങും ചവൂക്ക് മരങ്ങളും നിരത്തി നട്ടിട്ടുണ്ട്.

സ്‌നേഹസാന്ദ്രമായ കടല്‍ക്കാറ്റ് ഞങ്ങളെ തഴുകിയൂതിക്കൊണ്ടിരുന്നു. സന്ധ്യയായിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെക്കിടന്ന് ഉറങ്ങിപ്പോയേനെ.
അവിടെ കടലാമപ്പുര ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. കേരളത്തില്‍ വടകരയ്ക്കടുത്ത് പരിസ്ഥിതിസ്‌നേഹികള്‍ ഒരുക്കിയ കൊളാവിപ്പാലം ബീച്ചിലെ കടലാമക്കൂടുകളെയാണ് ഞാന്‍ ഓര്‍ത്തത്. ഒരുകാലത്ത് കടലില്‍ നിറയെ മത്സ്യസമ്പത്തുണ്ടായിരുന്നു. കടലാമ കരയിലാണ് മുട്ടയിടുന്നത്. അതും ഒരു പ്രത്യേക സീസണില്‍. കടപ്പുറത്തെ മണ്ണില്‍ മുട്ടയിട്ട് അടയിരിക്കും. അതിനായി സ്വയം കടപ്പുറങ്ങള്‍ അത് തെരഞ്ഞെടുക്കും. ആലപ്പുഴയിലും കോഴിക്കോട്ടെ കോരപ്പുഴ പോലെ കടല്‍സാമീപ്യമുള്ള കള്ളുഷാപ്പുകളിലും ഒരു കാലത്ത് കടലാമ ഇറച്ചിക്കറി ദിവസേന വിളമ്പിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കടലാമയുടെ മുട്ടയ്ക്ക് വലുപ്പം കൂടും. കടലാമ മുട്ടകള്‍ക്ക് അപഹര്‍ത്താക്കളായി മനുഷ്യന്‍ എത്തിയതോടെ നൂറ്റാണ്ടുകളുടെ ആയുസ്സുള്ള കടലാമകള്‍ വംശനാശത്തിന്റെ വക്കിലായി. കല്‍ക്കത്തയിലെ ആലിപ്പൂര്‍ മൃഗശാലയില്‍ 250 വര്‍ഷം അദ്വൈത എന്നുപേരുള്ള ഒരു  ആമ ജീവിച്ചിരുന്നു. അതിലും പല ഇരട്ടി ആയുസ്സുണ്ട് ആമയ്ക്ക്. 

സഞ്ചാരികള്‍ ഓടിയെത്തുന്ന ഗോവയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്.  മലയാളികളെപ്പോലെ ഗോവയും പരശുരാമന്‍ മഴു എറിഞ്ഞ് സൃഷ്ടിച്ചു എന്ന് ഗോവക്കാരും വിശ്വസിക്കുന്നു. ഗോവയ്ക്ക് തെക്കാണ് ഗോകര്‍ണം. അതുകൊണ്ടുതന്നെ ഈ വിശ്വാസത്തില്‍ നമുക്ക് വൈരുധ്യം തോന്നും. ഗോവയുടെ അറിയപ്പെടുന്ന ചരിത്രം മൗര്യകാലം തൊട്ടാണ്. 3806 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഇത്. 1510ല്‍ പോര്‍ച്ചുഗീസ് കപ്പിത്താന്‍ അല്‍ബുക്കര്‍ക്ക് ഗോവ കീഴടക്കി. അന്നത്തെ ഗോവ വൈപ്പിന്‍കര പോലെ ചെറുതായിരുന്നു. വടക്ക് മാണ്ഡവി നദിയും തെക്ക് ഇറുവാറി നദിയും കടലില്‍ ചേരുന്നതിന് ഇടയിലെ വലിയ ഒരു അര്‍ധ ദ്വീപ്. മുപ്പത് അംശങ്ങളുള്ള അതിനെ നാട്ടുകാര്‍ തീസ്‌വാഡി എന്ന് വിളിച്ചു. 1534-ല്‍ വടക്കുള്ള ബാര്‍ദേസും തെക്കുള്ള സാസഷ്ടിയും പോര്‍ച്ചുഗീസുകാര്‍ കീഴടക്കി. 12 കരകള്‍ എന്ന് പറയുന്നതാണ് ബാര്‍ദേസ്. 66 ഗ്രാമങ്ങള്‍ ചേരുന്നത് സാസഷ്ടിയും. കൊങ്കണി ഭാഷയില്‍ 66ന് സാസഷ്ടി എന്നുപറയുന്നു.

പോര്‍ച്ചുഗീസുകാര്‍  വാളും ബൈബിളുമായി ഗോവയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി. എല്ലാ അധിനിവേശ രാജ്യത്തും നടന്നപോലെ നിര്‍ബന്ധിത മതംമാറ്റവും ആരാധനാലയ ആക്രമണവും നടന്നു. ഏതാണ്ട് അറുനൂറോളം ക്ഷേത്രങ്ങള്‍ തകര്‍ത്തതായി കരുതുന്ന ഇക്കാലത്താണ് എസ് സ്താദോ ദ ഇന്ത്യ (പോര്‍ച്ചുഗീസ് കാലത്തെ ഗോവയുടെ പേര്)യിലെ ഹിന്ദുക്കളില്‍ പലരും തങ്ങളുടെ വിശ്വാസവുമായി ജലമാര്‍ഗേന വടക്ക് രത്‌നഗിരി ഭാഗത്തേക്കും തെക്ക് കര്‍ണാടക-കേരള ഭാഗത്തേക്കും പലായനം ചെയ്തത്. അപ്രകാരമാണ് കൊച്ചിയില്‍ ഗൗഡ സാരസ്വ ബ്രാഹ്മണന്മാരും അതിനുതാഴെയുള്ള വേലക്കാരായ കുഡുംബികളും എത്തിയത്. കൊച്ചി അവര്‍ക്ക് ഗോവപോലെയായി.

ഓരോന്നും ഓര്‍ത്ത് ഞങ്ങള്‍ ശാങ്കോണയില്‍ എത്തി. പട്ടണത്തിന്റെ നാല്‍ക്കവലയില്‍ വണ്ടി ഒതുക്കിയിട്ടു. ഇടതുവശത്ത് പഴക്കച്ചവടമാണ്. കേരളത്തില്‍ കിട്ടുന്ന പഴങ്ങളൊക്കെ അവിടെ കണ്ടു. പപ്പായയും കുമ്മട്ടി അഥവാ തണ്ണിമത്തനും മുറിച്ചുകൊടുക്കുന്ന കാഴ്ചയും നോക്കിയിരിക്കുമ്പോള്‍ എതിര്‍വശത്തെ ഉഡുപ്പി ഹോട്ടലില്‍നിന്ന് ഭക്ഷണം എത്തി. ഗുണമില്ലാത്ത ഭക്ഷണം.  വണ്ടി മുന്നോട്ടുനീങ്ങി. ഏതെങ്കിലും ഒരു ബീച്ചില്‍ എനിക്ക് കിടക്ക നിവര്‍ത്തി കിടക്കണം. ക്ഷീണം, ശരീരവേദന. ഞങ്ങള്‍ കൊങ്കണ ബീച്ചിലേക്ക് തിരിച്ചു. ഗോവയെ കാണാന്‍ ബീച്ചുകള്‍ അനുഭവിക്കണം. ടാറിട്ട മുഖ്യ റോഡില്‍നിന്ന് ഇടത്തോട്ട് സഞ്ചരിച്ച് ഏറെദൂരം മുന്നോട്ടുപോയപ്പോള്‍ എലിപ്പെട്ടിയില്‍ പെട്ടപോലെ റോഡ്. കാറ് പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലവും ബീച്ചിനോട് ചേര്‍ന്നില്ല. ഇടുങ്ങിയ റോഡിന് ഇടയ്ക്കിടെ ഒടിവും തിരിവും. അവിടെയൊക്കെ വണ്ടികള്‍ തിങ്ങി ജാമായി. ആരോ കഴുത്തില്‍ പിടിച്ച് ഞെക്കിയപോലെ കടപ്പുറത്തിന്റെ ഇടുങ്ങിയ വഴിയുടെ വിടവിലൂടെ കടല്‍ക്കാറ്റടിക്കുന്നു. കാഴ്ചയുടെ ആവേശത്തില്‍ കാറ് ഞങ്ങള്‍ മുന്നോട്ടെടുത്തു. വഴിയുടെ  ഇരുവശത്തും നിരവധി ബീച്ച് റിസോര്‍ട്ടുകള്‍. റിസോര്‍ട്ടുകളുടെ വളപ്പില്‍ ചെന്നാല്‍ എളുപ്പം തിരിച്ചുപോകാം. കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഒരിടവും ഇല്ല. റിസോര്‍ട്ടുകള്‍ക്ക് അകത്തുകടന്നാല്‍ മുറി വാടകയ്ക്ക് എടുക്കണം. ഒരിടത്തേക്കും പോകാന്‍ കഴിയാതെ തിരക്കില്‍പ്പെട്ട് സ്തംഭിച്ചിരിക്കുമ്പോഴും ഹോട്ടല്‍ കങ്കാണിമാരുടെ ശല്യം സഹിക്കാന്‍ വയ്യ. ആകെ പന്തികേട്. ചുരുക്കത്തില്‍ അവിടം ഒരു തട്ടിപ്പ് കേന്ദ്രംപോലെ തോന്നി. തന്ത്രപൂര്‍വം ഞങ്ങള്‍ വണ്ടി തിരിച്ചു.

യാത്രക്കിടെ ബ്രിട്ടോ

യാത്രക്കിടെ ബ്രിട്ടോ

അടുത്ത ലക്ഷ്യം കോള്‍വ ബീച്ച്. അതിന്  മര്‍ഗോവയില്‍നിന്ന് തിരിയണം. മര്‍ഗോവ തന്നെയാണ് മഡ്ഗാവ്. പഴയ സാസഷ്ടി താലൂക്കിന്റെ കേന്ദ്രമായ മംഗ്രാമം. ഈ ഗ്രാമത്തില്‍ ഒരു പുരാതന ക്ഷേത്രമുണ്ടായിരുന്നു. ദാമോദര്‍ക്ഷേത്രം. ഇവിടെ  പോര്‍ച്ചുഗീസ് കാലത്ത് ആര്‍ച്ച് ബിഷപ്പ് ഡി ഗാഡ്‌വര്‍ ലിയോയുടെ നേതൃത്വത്തില്‍ പൊളിച്ചു എന്നുപറയുന്നു. എന്നാല്‍ ഗോവന്‍ സ്വാതന്ത്ര്യാനന്തരം പഴയ കുളത്തിനരികെ ഒരു ദാമോദരക്ഷേത്രം പുതുതായി പണിതിട്ടുണ്ട്. മര്‍ഗോവയില്‍ പഴയ കൊളോണിയല്‍ പട്ടണത്തിന്റെ എല്ലാ കാഴ്ചകളും കാണാം. വിശാലമായ നാല്‍ക്കവല. നഗരത്തില്‍ ഗോഥിക് ശില്‍പ്പഭംഗിയുള്ള കെട്ടിടങ്ങളും പള്ളികളും. എന്നാല്‍ ഓള്‍ഡ് ഗോവയുമായി താരതമ്യം ചെയ്താല്‍ ഇത് ഒന്നുമല്ല. മര്‍ഗോവ ഒരു കമേഴ്ഷ്യല്‍ സിറ്റിയാണെന്ന് അറിയാന്‍ കഴിഞ്ഞു. നഗരം വിട്ട് ഞങ്ങള്‍ പടിഞ്ഞാറോട്ട് ഓടി. ചെറിയ ചെറിയ പച്ചപ്പുകള്‍ കണ്ടു. വഴിയരികില്‍ വടാപാവ് വില്‍ക്കുന്നു. നല്ല രുചിയുണ്ട്. ഞാന്‍ ഒന്നുകൂടെ വാങ്ങി കഴിച്ചു. പെട്ടിവണ്ടി കടക്കാരനോട്  പേര് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, പാന്‍ ജോണി. നേരെ ചെന്നെത്തിയത്  കോള്‍വാ ബീച്ചില്‍. ബീച്ച് പഴയതും ഭംഗി കുറഞ്ഞതും അഴുക്കുള്ളതുമായിരുന്നെങ്കിലും നല്ല കാറ്റുണ്ടായിരുന്നു. ഒരു പൂവരശിന്റെ ചുവട്ടില്‍ ഞാന്‍ ബെഡിട്ട് കിടന്നു. തഴുകിയെത്തുന്ന കാറ്റിലൂടെ എന്റെ ചിന്ത ഗോവയെക്കുറിച്ചായി. മനസ്സ് ഗോവന്‍ ചരിത്രത്തിലേക്ക് മെല്ലെ സഞ്ചരിച്ചു. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ 3706 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഗോവ. വടക്ക് കാനറയ്ക്കും തെക്ക് സാവന്ത്‌വാടി കുന്നുകള്‍ക്കും ഇടയിലാണ് ഗോവ. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തില്‍ ഗോവയെ പരാമര്‍ശിക്കുന്നത് ഗോമന്ത എന്ന വാക്ക് ഉപയോഗിച്ചാണ്. ഹരിവംശത്തിലും സ്‌കന്ത പുരാണത്തിലും ഗോമാചലം, ഗോമന്തം, ഗോപകാപുരം എന്നീ പേരുകളില്‍ ഗോവ അറിയപ്പെടുന്നു. ഇന്ത്യയുടെ നാനാദിക്കിലേക്കും ആര്യന്മാരുടെ അധിനിവേശം ഉണ്ടായി. ഗോവയിലെത്തിയ ഇവര്‍ ഗൗഡ സാരസ്വ ബ്രാഹ്മണര്‍ എന്നപേരില്‍ അറിയപ്പെട്ടു.

ഗോവയുടെ പൗരാണിക ചരിത്രം ബിസി 3-ാം നൂറ്റാണ്ടില്‍ തുടങ്ങുന്നു. അന്ന് ഇത് മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എഡി 4-ാം നൂറ്റാണ്ടില്‍ ഭോജവംശം അവരുടെ തലസ്ഥാനം ഇവിടെ കുറേനാള്‍ സ്ഥാപിച്ചു. അടുത്ത രാജവംശമാണ് കദംബര്‍.  ഇവരുടെ തലസ്ഥാനം  ബനബാസി ആയിരുന്നു. ഇവര്‍ എഡി 341-48 വരെ രാജ്യം ഭരിച്ചു. ഇവരെ എഡി 525-ല്‍ ചാലൂക്യര്‍ കീഴ്‌പ്പെടുത്തി. എഡി 550നും 750നും ഇടയില്‍ ബദാമി ആസ്ഥാനമായ ചാലൂക്യ സാമ്രാജ്യത്തിന്റെ ഭാഗമായി ഗോവ മാറി. തുടര്‍ന്ന് ഷോളാപ്പൂര്‍ കേന്ദ്രമായി ഭരിച്ച രാഷ്ട്രകൂടരും പിന്നീട്് കല്യാണിയിലെ ചാലൂക്യരും ഗോവ കൈവശമാക്കി. കദംബ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ബ്രാഹ്മണമതവും ജൈനമതവും വ്യാപിക്കുന്നത്. കുറച്ചുകാലം ദേവഗഢിലെ യാദവര്‍ കൈയടക്കി.  അലാവുദ്ദീന്‍ ഖില്‍ജി ദില്ലി പിടിച്ചടക്കിയതോടെ അദ്ദേഹത്തിന്റെ പട്ടാളമേധാവി മാലിക് കാഫൂര്‍ ഗോവയെ സുല്‍ത്താനേറ്റിന്റെ ഭാഗമാക്കി. തുടര്‍ന്ന് മുഹമ്മദ്ബിന്‍ തുഗ്ലക് ഇവിടം ആക്രമിച്ച് കീഴ്‌പ്പെടുത്തി.

ഗോവന്‍ കടല്‍തീരം

ഗോവന്‍ കടല്‍തീരം

അതിനുശേഷം പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി എഡി 1469-ല്‍ ബാമനി സുല്‍ത്താന്മാരുടെ നിയന്ത്രണത്തിന്‍ കീഴിലായി. തുടര്‍ന്ന് ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദിന്‍ഷാ കൈയടക്കി. 1498ല്‍ വാസ്‌കോഡിഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പല്‍ ഇറങ്ങുകയും 1510ല്‍ ഗാമയുടെ പട്ടാളമേധാവി ആല്‍ബുക്കര്‍ക്ക് ആദിന്‍ഷായെ തോല്‍പ്പിച്ച് ഗോവ കീഴടക്കുകയും ചെയ്തു. അതോടെ എല്ലാ മതാധിഷ്ഠിത ഭരണകര്‍ത്താക്കളും ലോകത്ത് ചെയ്തപോലെ തീവ്രമായ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു. കോഴിക്കോട്ടുനിന്ന് പിടിച്ചുകെട്ടിക്കൊണ്ടുവന്ന കുഞ്ഞാലിമരക്കാരെ തൂക്കിലേറ്റിയത് ഗോവയിലാണ്. ശിവജിയുടെ കാലത്ത്   മറാഠകള്‍ ഭീഷണി ആയെങ്കിലും പോര്‍ച്ചുഗീസുകാര്‍ 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷവും ഗോവ ഭരിച്ചു. ഗോവന്‍ വിമോചന സമരത്തെ തുടര്‍ന്ന് 1961-ല്‍ ഗോവ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. പോര്‍ച്ചുഗീസുകാര്‍ കപ്പല്‍ കയറി.

യൂറോപ്പില്‍ ക്രിസ്തുമതം പാഗന്‍ എന്ന് അധിക്ഷേപിച്ചിരുന്ന മതങ്ങളെ നശിപ്പിച്ചുകൊണ്ടായിരുന്നു യൂറോപ്യരുടെ ഇന്ത്യയിലേക്കുള്ള വരവ്. 'പാഗന്‍'- എന്ന് വിളിച്ചവര്‍ പരമ്പരാഗത വിശ്വാസത്തില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ തെറ്റുകാരായി കണക്കാക്കിയില്ല. എന്നാല്‍ ക്രിസ്തുസഭ അവരെ കൊന്നൊടുക്കി. പോര്‍ച്ചുഗലിലെ ജോ ഓ രാജാവ് മരിക്കുംവരെ ഗോവയില്‍ ഇന്‍ക്വിസിഷന്‍ നടപ്പാക്കിയില്ല. എന്നാല്‍ 1560-ല്‍ ഇത് ഗോവയില്‍ നിയമമായി.  പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ ആദിന്‍ഷായില്‍നിന്ന് പിടിച്ചെടുത്ത കൊട്ടാരമായിരുന്നു ഇന്‍ക്വിസിഷന്റെ ഹോളി ഓഫീസ്. കാലില്‍ ഭാരം കെട്ടിത്തൂക്കിയ തടവുകാരെ ആണിവച്ച ചക്രത്തില്‍ കിടത്തി കറക്കുക, കാലില്‍ തിളച്ച എണ്ണ ഒഴിക്കുക, കത്തുന്ന ഗന്ധകം ദേഹത്ത് ചൊരിയുക, ഉണക്കമത്സ്യം തീറ്റിച്ച് വെള്ളം കൊടുക്കാതിരിക്കുക, 150-ല്‍പരം ആണികള്‍ തറച്ച കസേരയില്‍ ഇരുത്തുക തുടങ്ങിയ പീഡനമുറകള്‍ നടപ്പാക്കി. കൂടാതെ കപ്പി പീഡനം, ജലപീഡനം, അഗ്നിപീഡനം. 1732 വരെ 23,000 പേരെ ശിക്ഷിച്ചു. 1454 പേരെ ദഹിപ്പിച്ചുകൊന്നു. തുടര്‍ന്നും 88 വര്‍ഷം ഇന്‍ക്വിസിഷന്‍ ഗോവയില്‍ തുടര്‍ന്നു.

പെട്ടെന്ന് ഒരാള്‍ എന്റെ അടുത്തുവന്ന് തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു. എന്നെ പരിചയമുണ്ടോ? ഞാന്‍ ചുറ്റുപാടും നോക്കുമ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ എച്ച് ആന്‍ഡ് സി പബ്ലിക്കേഷന്‍സ് ഉടമ വിക്ടര്‍; കുന്നുംകുളത്തുനിന്ന്.

ഇരുള്‍ വീഴും മുന്നെ സ്ഥലം വിട്ടു. ഇനിയും ഗോവയിലൂടെ സഞ്ചരിച്ചാല്‍ ഏതെങ്കിലും ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കിടന്നുറങ്ങേണ്ടി വരും. അതിന് താങ്ങാനാവാത്ത പണവും കൊടുക്കണം. കന്നട കവയിത്രി സുകന്യ മാരുതി ദാര്‍വാഡില്‍ ഞങ്ങളെ പ്രതീക്ഷിച്ച് ഒരു ഹോട്ടല്‍മുറി ബുക്ക് ചെയ്തുകഴിഞ്ഞു. ഇരുട്ടുംമുമ്പ് മര്‍ഗോവയിലെത്തി ഒന്നു ചുറ്റി. നാല്‍ക്കവലയില്‍ വഴിയൊന്നു തെറ്റി. ചാക്കോസാറും ഡ്രൈവര്‍ ജിജോയും വഴിയെക്കുറിച്ച് തര്‍ക്കമായി. വഴി തെറ്റിയെങ്കിലും നാല്‍ക്കവലയില്‍നിന്ന് വീതിയുള്ള റോഡിലൂടെ തന്നെ പോണ്ടയ്ക്ക് വച്ചു പിടിപ്പിച്ചു. അംപോറയില്‍ ചെന്നപ്പോള്‍ പ്രധാന ഹൈവേയായി. പോണ്ട  മൂന്നുംകൂടിയ ഒരു ഹൈവേ തിരിവാണ്. മതപരിവര്‍ത്തനത്തെ ഭയന്ന് ഗോവയിലെ ഹിന്ദുക്കള്‍ പോണ്ട, ഡി ചോളി തുടങ്ങിയ സ്ഥലങ്ങളില്‍ അക്കാലത്ത് വന്ന് താമസിച്ചിരുന്നു. സമയം രാത്രിയാവുന്നു. രാംനഗര്‍ എത്തിയാല്‍ കര്‍ണാടകത്തിലേക്ക് തിരിയാം. രാംനഗര്‍ വീതിയുള്ള ഒരു ഗ്രാമീണ ജങ്ഷനാണ്. ലോറിക്കാരുടെ താവളം. വിളക്കിന്റെ പ്രകാശത്തില്‍ രാത്രി കടകള്‍ സജീവമാണ് .(തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top