24 April Wednesday

ഏപ്രില്‍- 2.. ബ്രിട്ടോയുടെ ഭാരതയാത്ര (ഭാഗം 2)

സൈമണ്‍ ബ്രിട്ടോUpdated: Friday Jun 14, 2019

ഹൊസങ്കടിയുടെ പ്രഭവകേന്ദ്രമാണ് മദനന്തേശ്വര ക്ഷേത്രം. 1200 വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നു. ഗൗഡസാരസ്വ ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രം. പ്രതിഷ്ഠ ഭദ്രനരസിംഹം എന്നുവിളിക്കുന്ന സുബ്രഹ്മണ്യം. ക്ഷേത്രത്തിലേക്ക് കല്‍പ്പടവുകള്‍ ഇറങ്ങി താഴേക്ക് പോകണം. ക്ഷേത്രനിരത്തിന്റെ ഇരുവശവും അഗ്രഹാരംപോലെ കടകളും  വീടുകളും. ഇവിടെ ജാതിമത സംഘര്‍ഷം ഇല്ല.
 

ഓരോ ആവാസകേന്ദ്രവും ആദ്യം ജനശൂന്യമാവാം. പതുക്കെപ്പതുക്കെ മനുഷ്യന്‍ പ്രകൃതിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതോടെ ഏറുമാടങ്ങളായി, കുടിലുകളായി,  ജനപഥമായി. അവിടെ കൃഷിയും കന്നുകാലി വളര്‍ത്തലും കച്ചവടവുമായി, പീടികയായി. അങ്ങനെ ഒരു ആവാസകേന്ദ്രം രൂപപ്പെടുന്നതോടെ അത് പുതിയ പീടിക ആയി. അതിനെ കന്നടക്കാര്‍ ഹൊസങ്കിടി എന്നുവിളിച്ചു. അങ്ങനെ ഈ ഗ്രാമത്തിന് ആ പേര് വീണു. അവിടേക്ക് പോകുന്നവരും വരുന്നവരും താമസിക്കുന്നവരും വിളിച്ചുപറഞ്ഞു  ഹൊസങ്കടി.
മനോഹരമായ ചെറിയ കുന്നിന്റെ നെറുകയിലാണ് ചേതോഹരവും സ്വച്ഛവുമായ റെസ്റ്റ് ഹൗസ്. അവിടെനിന്ന് അമ്പത് മീറ്റര്‍ ദൂരത്ത് അറബിക്കടല്‍ ഇരമ്പുന്നു. ഒരു കിലോമീറ്റര്‍ റോഡിലൂടെ നടന്നാല്‍ അവിടെ എത്തും.

കുഞ്ഞമ്പു എല്ലാം ഒരുക്കിയിരുന്നു. ഉച്ചയോടെ സഖാക്കള്‍ വരാന്‍ തുടങ്ങി. ദേശാഭിമാനി ലേഖകന്‍ ഹാഷിം എത്തിയതോടെ രംഗം കൊഴുത്തു. ഉച്ചക്ക് കാസര്‍കോടുകാരുടെ പച്ചക്കറിയും മത്സ്യവും ചേര്‍ന്ന സമൃദ്ധമായ ഭക്ഷണം. വന്നവരെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷിച്ചു. വൈകുന്നേരം വീല്‍ച്ചെയറില്‍ നടക്കാനിറങ്ങി. കൊച്ചി നഗരത്തില്‍ കഴിയുന്ന എനിക്ക് നല്ല സ്വസ്ഥത തോന്നി. മലിനീകരണം ഇല്ലാത്ത മണ്ണും മനുഷ്യരും. നാട്ടുകാരനായ ജയാനന്ദ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒപ്പം കൂടെയുള്ളവരും. ഹൊസങ്കടിയുടെ പ്രഭവകേന്ദ്രമാണ് മദനന്തേശ്വര ക്ഷേത്രം. 1200 വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നു. ഗൗഡസാരസ്വ ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രം. പ്രതിഷ്ഠ ഭദ്രനരസിംഹം എന്നുവിളിക്കുന്ന സുബ്രഹ്മണ്യം. ക്ഷേത്രത്തിലേക്ക് കല്‍പ്പടവുകള്‍ ഇറങ്ങി താഴേക്ക് പോകണം. ക്ഷേത്രനിരത്തിന്റെ ഇരുവശവും അഗ്രഹാരംപോലെ കടകളും വീടുകളും. ഇവിടെ ജാതിമത സംഘര്‍ഷം ഇല്ല.

ക്ഷേത്രകവാടത്തില്‍നിന്നും നേരെ പിന്നോട്ട് നോക്കിയാല്‍ ലക്ഷ്മണഭക്തയുടെ കൊട്ടാരസമാനമായ വലിയ ഒരു വീട് കാണാം. ഒരുകാലത്ത് ഇരുപത്തിനാല് ലക്ഷം നെല്ലളക്കുന്ന ഒരു ജന്മി കുടുംബം. ഇന്ന് അവിടത്തെ താമസക്കാര്‍ വിദേശത്താണ്.

നല്ല വലുപ്പവും പൗരാണികതയും ഉള്ള ക്ഷേത്രം. ഞാന്‍ ചെന്നപാടെ ക്ഷേത്രത്തിനരികെ കട നടത്തുന്ന ഗിരിധര്‍ ഭട്ട് ഓടിയെത്തി. ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍. അതോടെ ഞാന്‍ ഗിരിധര്‍ ഭട്ടിന്റെ അതിഥിയായി. ഭട്ടിന്റെ കടയുടെ അരികില്‍ ഒരു പ്രായംചെന്ന ഹോമിയോ ഡോക്ടറെ കണ്ടു. നാലിനം ഹോമിയോ മരുന്ന് ഗുളികയിലാക്കി വാങ്ങി. ആ ഡോക്ടറുടെ രൂപവും ഭാഗവും പഴയകാല ഹോമിയോ ഡോക്ടര്‍മാരെ ഓര്‍മിപ്പിച്ചു. അവിടെനിന്ന് പിരിയുമ്പോള്‍ സ്‌നേഹത്തോടെ ഗിരിധര്‍ ഭട്ട് യാത്രാമംഗളം നേര്‍ന്ന് രണ്ടായിരം രൂപ നീട്ടി.

ഏപ്രില്‍- 3

കേരളം വിട്ടകലുന്നു. യാത്ര തുടങ്ങുംമുമ്പ് മരുന്നുകള്‍ പരിശോധിച്ചു. നങ്ങേലിയിലെ വിജയന്‍ ഡോക്ടര്‍ തന്ന ഒരു സഞ്ചി ആയുര്‍വേദ മരുന്ന് ഭദ്രം. ഗ്ലോക്കമയുടെ മരുന്ന് കരുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഡോ. വിജയകുമാരി കുറിച്ചുതന്ന ഹോമിയോ മരുന്നുകള്‍ പരിശോധിച്ചു. കഠിനചൂടില്‍ കുളിക്കാന്‍ ഉത്തരാഖണ്ഡിലെ ഹിമഗംഗ ആയുര്‍വേദ എണ്ണയും ഉറപ്പാക്കി. വെളുപ്പിനുതന്നെ കുഞ്ഞമ്പുവിനോടും സംഘത്തോടും റെസ്റ്റ്ഹൗസിനോടും യാത്ര പറഞ്ഞു.

കേരളത്തില്‍ അവസാനം എണ്ണ അടിക്കുന്ന ഇന്ത്യന്‍ ഓയില്‍ പമ്പ് തലപ്പാടിയിലാണ്. കൈയിലെ എക്‌സ് എംഎല്‍എ കൂപ്പണ്‍ കൊടുത്ത് ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചു. കേരളം വിട്ടു. അടുത്ത കൊച്ചുപട്ടണം ഉള്ളാള്‍. അവിടെ എത്തിയപ്പോള്‍ ഊര്‍ജസ്വലനായ ഒരു എസ്എഫ്‌ഐ വിദ്യാര്‍ഥിയെ ഓര്‍ത്തു. ഭാസ്‌കര കുമ്പള. ഇംഗ്ലീഷ്, മലയാളം കന്നട, മാതൃഭാഷയായ തുളു എന്നിവയില്‍ നന്നായി പ്രസംഗിക്കും, എഴുതും. ഉള്ളാള്‍ കഴിഞ്ഞാല്‍ പരന്നുകിടക്കുന്ന നേത്രാവതി നദീതടം. 103 കി മീ ഒഴുകുന്ന ഈ നദി മംഗലാപുരം ജില്ലയിലെ പശ്ചിമഘട്ടത്തിലെ പടിഞ്ഞാറെ ചരിവില്‍നിന്നും ഉത്ഭവിച്ച് മംഗലാപുരം നഗരത്തിനരികെ കടലില്‍ ചേരുന്നു. ഈ നദീതടത്തിലൂടെ ഒന്നര കിലോമീറ്റര്‍ ഓടിയപ്പോള്‍ ഒരിടം കണ്ടു. ഇവിടെയാണ് ഭാസ്‌കര കുമ്പളയെ ആര്‍എസ്എസുകാര്‍  ബസ്സില്‍നിന്ന് വലിച്ചു പുറത്തിട്ട് വെട്ടിക്കൊന്നത്. അതും പകല്‍. അതു കഴിഞ്ഞാണ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി. അധികം താമസിയാതെ മംഗലാപുരത്തിന്റെ നാല്‍ക്കവലപോലെ വിശാലമായ ഹൈവേയില്‍ എത്തി. സൂര്യന്‍ ഉദിച്ചുവരുന്നു. വെയില്‍ ചൂടുപിടിക്കുന്നേയുള്ളൂ. മംഗലാപുരത്തിന്റെ ആകര്‍ഷണമാണ് പനമ്പൂല്‍ ബീച്ചും കടലിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ തീര്‍ത്ത ദ്വീപും. അതൊന്നും കാണാന്‍ സമയമില്ല. ഇരുവശവും കോണ്‍ക്രീറ്റ് വീടുകള്‍ പല നിലകളില്‍. നേത്രാവതി നദി ഗുരുപ്പൂരില്‍ വന്നുചേരുന്നു. അവിടെയാണ് മംഗലാപുരം. എഡി 6-ാം നൂറ്റാണ്ടു മുതല്‍ ഈ നൗകാശയത്തില്‍നിന്ന് കടല്‍മാര്‍ഗം വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇവിടെയാണ് 19-ാം നൂറ്റാണ്ടിലെ പ്രശസ്ത കന്നട കവി  മുദ്ദന്ന ജനിച്ചത്. ഞങ്ങള്‍ വേഗത്തില്‍ ഉഡുപ്പി ലക്ഷ്യമാക്കി കുതിച്ചു.

കുറെ ചെന്നപ്പോള്‍ സൂറത്കല്‍ ബീച്ച് അടുത്തെന്നു കണ്ട് നേരെ യാത്ര തുടര്‍ന്നു. കൊങ്കണ്‍ തീരമാണെങ്കിലും കേരളവുമായി സാമ്യവും വ്യതിരിക്തതയും ഇടകലര്‍ന്നു കണ്ടു. ചിലയിടത്ത് എത്തുമ്പോള്‍ ദൂരെ കടല്‍സാമീപ്യം. കടല്‍ക്കാറ്റിലൂടെ ഓടിയെത്തിയത് കര്‍ണാടകത്തിന്റെ സാംസ്‌കാരിക സമ്പന്നതയാണ്. കെ വി പുട്ടപ്പ, മാസ്തി വെങ്കടേശ അയ്യങ്കാര്‍, ശിവരാമ കാരന്ത്, ഗിരീഷ് കര്‍ണാട് എന്നീ സാഹിത്യ നാടക പ്രതിഭകളെ ഇന്ത്യക്ക് സമ്മാനിച്ചത് കര്‍ണാടകമാണ്. യക്ഷഗാനം കൂടാതെ, പൂജാ കുനിതം, കോലാട്ടം, ലവാണി, ഭൂത നൃത്തം, നന്തിക്കോലു തുടങ്ങിയവ കര്‍ണാടകത്തിലെ നാടന്‍ കലാരൂപങ്ങളാണ്. അതിലൊക്കെ ഉപരിയാണ് കര്‍ണാടിക് സംഗീതം. അതില്‍ ഒരു വലിയ സംഗീതജ്ഞരുടെ നിരതന്നെ ഉണ്ട്.

മുല്‍ക്കി കഴിഞ്ഞ് കുറെ ഏറെ മുന്നോട്ട് പോയശേഷം ഹൈവേയില്‍ നിന്ന് തിരിഞ്ഞാലേ ഉഡുപ്പിയില്‍ എത്തൂ. കാറിന്റെ മുന്‍സീറ്റില്‍ ഇടതുവശം മുന്നില്‍ ഒരു ഊന്നുവടിയും കുത്തി ചാക്കോ സാര്‍ സശ്രദ്ധം ഇരിപ്പാണ്. ചാക്കോസാറിന് കന്നഡയും തെലുങ്കും ഹിന്ദിയും നന്നായി അറിയാം. അതുകൊണ്ട് നിര്‍ത്തിനിര്‍ത്തി വഴി ചോദിച്ചു.

ഉഡുപ്പിയുടെ നിരത്തിന് വൃത്തിയും സാമാന്യം വീതിയും ഉണ്ട്. നല്ല തിരക്ക്. എല്ലാ നഗരത്തിലും കാണുന്നപോലെ പരസ്യബോര്‍ഡുകളും വില്‍പ്പന സാധനങ്ങളും. കൃഷ്ണസങ്കല്‍പ്പങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ചില ഇടങ്ങളില്‍ കൃഷ്ണന്റെ ശില്‍പ്പങ്ങള്‍ കണ്ടു.

ട്രാഫിക്ക് ഒന്നു വഴിതെറ്റി. വലതിനു പകരം ഇടത്തേക്ക് തിരിഞ്ഞുപോയി. തിരിച്ച് നേരെ പോയി വളഞ്ഞപ്പോള്‍ ആരാധനാ കേന്ദ്രത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. വഴിവാണിഭക്കാര്‍ കൃഷ്ണരൂപങ്ങളും മയില്‍പ്പീലികളും വില്‍ക്കുന്നു. ക്ഷേത്രകവാടത്തില്‍നിന്ന് നാലുചുറ്റും നോക്കിയാല്‍ കെട്ടിടങ്ങള്‍ക്കു മേലെ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍തലപ്പുകള്‍. അതിനിടയില്‍ ഒരു ക്ഷേത്രക്കുളം. ക്ഷേത്രപരിസരവും ക്ഷേത്രവും കാഴ്ചയില്‍ എനിക്ക് തൃപ്തി തോന്നിയില്ല. തെക്കെ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളുടെ ശില്‍പ്പഭംഗി ഇല്ല. എന്നാല്‍ എ ഡി 13-ാം നൂറ്റാണ്ടിലെ  ദ്വൈത തത്വചിന്തകനായ മാധ്വാചാര്യനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പ എന്ന വാക്കിന്റെ അര്‍ഥം ചന്ദ്രന്‍ എന്നാണ്. ഇന്നത്തെ ക്ഷേത്രം സ്ഥാപിക്കുന്നതിനു മുമ്പ്  അര്‍ധ ചന്ദ്രക്കല ചൂടിയ ചന്ദ്രമാലേശ്വന്റെ പേരില്‍ അറിയപ്പെട്ടിരുന്നതായിരുന്നു ഈ സ്ഥലം. അന്ന് ശിവസാന്നിധ്യം തേടി ഭക്തര്‍ ഇവിടെ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുരാണപ്രകാരം ഇവിടത്തെ പുഷ്‌ക്കരണി തടാകതീരത്തുവച്ച് ചന്ദ്രന്‍ പ്രായശ്ചിത്തം അര്‍പ്പിക്കുമ്പോള്‍ ശിവന്റെ ഭാര്യപിതാവായ ദക്ഷന്‍ ചന്ദ്രനെ ശപിച്ചു. ശാപമോക്ഷത്തിനായി ചന്ദ്രന്‍ ചന്ദ്രമൗലേശ്വരനായ ശിവനെ പ്രാര്‍ഥിച്ച് ശാപമോക്ഷം നേടി. മറ്റൊരു പഴങ്കഥയില്‍ പഴയ രാമഭോജ രാജാവ് ഈ സ്ഥലത്തുവച്ചാണ് ബലി അര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ഈ സ്ഥലത്തെ രമ്യപിത്ത എന്നും പണ്ടേ വിളിച്ചുവരുന്നു. മാധ്വാചാര്യനുമായി ബന്ധപ്പെട്ടതാണ് ഉഡുപ്പിയിലെ മറ്റൊരു ഐതിഹ്യം.

കൃഷ്ണന്‍ ഒരു ചരിത്രപുരുഷനല്ല. ജീവിച്ചിരുന്ന നിരവധി മനുഷ്യരെ ഒരുമിപ്പിച്ചും പെരുപ്പിച്ചും സൃഷ്ടിച്ച കഥാപാത്രമാണെന്നാണ് പല ഇന്തോളജിസ്റ്റുകളും പറയുന്നത്.

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണന്റെ ഭാര്യ രുഗ്മിണി ആരാധിച്ചിരുന്ന സാളഗ്രാമത്തില്‍ തീര്‍ത്ത ശില്‍പ്പമാണ് ഉഡുപ്പി ക്ഷേത്രത്തിലെന്ന് വിശ്വസിക്കുന്നു. ഇത് ബാലകൃഷ്ണനാണ്. വലതുകൈയില്‍ കടകോലും കയറും ഈ കൃഷ്ണവിഗ്രഹത്തിന്റെ കൈയില്‍ കാണാം. കൃഷ്ണന്റെ മരണത്തോടെ യദുകുലം തമ്മില്‍തല്ലി നശിച്ചു. ദ്വാരക വെള്ളത്തില്‍ താഴ്ന്നു. ദ്വാപരയുഗം അവസാനിച്ചു. ദ്വാരക താഴ്ന്നപ്പോള്‍ ഗോപീചന്ദനം എന്ന് വിളിക്കുന്ന വെളുത്ത ചെളിയില്‍ ഈ വിഗ്രഹം ആണ്ടുപോയി.

കലിയുഗം പിറന്നു. എ ഡി 13-ാം നൂറ്റാണ്ടില്‍ ദ്വാരക വഴി ഒരു കപ്പല്‍ സഞ്ചരിക്കാനിടയായി. കപ്പല്‍ കടലില്‍ തടഞ്ഞു. കപ്പിത്താന്‍ ആ തടഞ്ഞത് കപ്പലില്‍ പൊക്കിയിട്ടു. ഉഡുപ്പിക്കടുത്ത് വടബന്‍ ദേശത്ത് എത്തിയപ്പോള്‍ കപ്പലിനെ കൊടുങ്കാറ്റ് പിടിച്ചുലച്ചു. കപ്പിത്താന്‍ മേല്‍വസ്ത്രം ഊരി വീശി കൊടുങ്കാറ്റ് കെടുത്തി. ക്ഷീണിതരായ അവര്‍ കപ്പല്‍ മാല്‍വ കടപ്പുറത്ത് അടുപ്പിച്ചു. സാത്വികവേഷത്തില്‍ ഇരിക്കുന്ന മാധ്വാചാര്യനെ കണ്ട് കപ്പിത്താന്‍ വണങ്ങി. തന്റെ സമ്മാനമായി കടലില്‍നിന്ന് കിട്ടിയ ആ ചെളിക്കട്ട കൊടുത്തു. മാധ്വാചാര്യന്‍ അതെടുത്ത് പുഷ്‌ക്കരണി തടാകത്തില്‍ കഴുകി ഉഡുപ്പി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ദ്വൈത സിദ്ധാന്തത്തിന്റെ ആചാര്യനായ മാധ്വാചാര്യന്‍ ആ ക്ഷേത്രത്തിന് അടുത്തായി ഉഡുപ്പിയില്‍ എട്ട് മഠങ്ങള്‍ സ്ഥാപിച്ചു.

മാധ്വാചാര്യനെക്കുറിച്ച് പറയുമ്പോള്‍ ശങ്കരാചാര്യരെക്കുറിച്ചും രാമാനുജാചാര്യരെക്കുറിച്ചും പറഞ്ഞേ പറ്റൂ. ഇവര്‍ മൂവരും അവരവരുടെ പ്രപഞ്ചവീക്ഷണത്തിന് അടിസ്ഥാനമാക്കിയത് ബ്രഹ്മസൂത്രം, ദശോപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയാണ്. ബ്രഹ്മം എന്നത് ആശയപ്രപഞ്ചവും ജഗത് എന്നത് ഭൗതിക പ്രപഞ്ചവും- ഇതായിരുന്നു ഇവരുടെ ചിന്താവിഷയം.

ആദിശങ്കരന്‍ പറഞ്ഞു, ബ്രഹ്മം സത്യം, ജഗത് മിഥ്യ. അഥവാ ആശയം യഥാര്‍ഥം ജഗത് മിഥ്യ എന്ന് ശങ്കരന്‍ വാദിക്കുമ്പോള്‍ ബാഹ്യലോകം നിലനില്‍ക്കുന്നു എന്നുതന്നെ അദ്ദേഹം സമര്‍ഥിച്ചു. വസ്തുനിഷ്ഠമായ ബാഹ്യയാഥാര്‍ഥ്യങ്ങളെ ആശയങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ പാടില്ലെന്നാണ് ശങ്കരന്റെ പക്ഷം. ഈ വൈരുധ്യത്തില്‍ നിന്നാണ് മറ്റു രണ്ട്  വാദങ്ങള്‍ ഉരുത്തിരിഞ്ഞത്.

മുര്‍ടേശ്വര്‍

മുര്‍ടേശ്വര്‍

മാധ്വാചാര്യന്‍ വാദിച്ചത് ബ്രഹ്മം സത്യം ജഗത് സത്യം. അഥവാ ആശയലോകവും ഭൗതികലോകവും ഒരേപോലെ യാഥാര്‍ഥ്യമാണ്. വിശിഷ്ട അദ്വൈതത്തിന്റെ ആചാര്യനായ രാമാനുജന്‍ പറഞ്ഞു ബ്രഹ്മത്തിന്റെ വിശിഷ്ട ഭാഗങ്ങളായി ഈ പ്രപഞ്ചത്തെ കാണണം. അഥവാ ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ വിവിധ ഭാവങ്ങളാണെന്നും സത്യം ബ്രഹ്മം മാത്രം എന്നും വാദിച്ചു. ഇന്ത്യന്‍ തത്വചിന്തയില്‍ ബ്രഹ്മം അന്വേഷണമാണ്. ഒരിടത്തും ദൈവമായി മാറിയിട്ടില്ല. അത് അനന്തവും അറിയാത്തതുമാണ്.

ശങ്കരന് ശേഷമുള്ളവര്‍ പൂജയ്ക്കും കീര്‍ത്തനങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കി. വൈഷ്ണവര്‍, ശൈവര്‍, ശാക്തര്‍- ഇവരുടെ ചിന്താധാര വേരോടാന്‍ തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വല്ലഭന്റെ ശുദ്ധ അദ്വൈതവാദവും നിബാര്‍ക്കന്റെ ദ്വൈത അദ്വൈതവാദവും.
ഏതായാലും ഉഡുപ്പി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ട്. ഇന്ത്യയില്‍ അഹിന്ദുക്കളെ തടയുന്ന ക്ഷേത്രങ്ങള്‍ 'പ്രബുദ്ധ' കേരളത്തില്‍ മാത്രമാണ്. കേരളത്തിലെ അദ്വൈതാശ്രമത്തില്‍ ജാതിദേഭമെന്യേ പ്രവേശനം ഉണ്ടായിരുന്ന ചില ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുതുതായി വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഉഡുപ്പിയിലെ സസ്യാഹാരം പ്രസിദ്ധമാണല്ലോ. വന്ന വഴിവിട്ട് കാറില്‍ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലൂടെ പച്ചപ്പുകള്‍ കണ്ടുകണ്ട് കറങ്ങി വീണ്ടും നഗരകേന്ദ്രത്തില്‍ എത്തി. റോഡരികില്‍ ശീതള്‍ ഹോട്ടല്‍. ഒരു മസാലദോശ ഓര്‍ഡര്‍ ചെയ്തു. കുറെക്കാലം മുന്നെ മൈസൂരില്‍ വച്ച് കഴിച്ച ദോശയുടെ രുചി നാവിലെത്തി. ശീതള്‍ ഹോട്ടലിലെ മസാലദോശ എടുത്ത് വായില്‍ വച്ചതും എന്റെ എല്ലാ ഉഡുപ്പി ദോശാ സങ്കല്‍പ്പങ്ങളും തകര്‍ന്നു. ഉഡുപ്പിയില്‍നിന്ന് വന്ന് ഒല്ലൂരില്‍ ശ്രീഭവന്‍ നടത്തുന്ന ഗോപാലന്റെയും ഒല്ലൂരിലെ ദുര്‍ഗ ഹോട്ടലിലെ സുനിലിന്റെയും മസാലദോശ എത്ര രുചികരം!

കുറെ പടിഞ്ഞാറോട്ട് ചെന്നപ്പോള്‍ രണ്ട് വഴി തെക്കും വടക്കും തിരിയുന്നു. ഞങ്ങള്‍ വടക്കേ റോഡില്‍ കയറി. അത് ഒരു വലിയ ക്ഷേത്രകവാടത്തില്‍ എത്തിനിന്നു. അവിടെനിന്ന് വടക്കോട്ട് ചെറിയ റോഡ്. ചാക്കോസാര്‍ വഴി ചോദിച്ച് ചോദിച്ച് ഞങ്ങള്‍ ഹൈവേയില്‍ എത്തി. ചാക്കോ സാര്‍ മെല്ലെ പറഞ്ഞു. ഇവിടെനിന്ന് അടുത്താണ് മണിപ്പാല്‍. അവിടെ നല്ല ദോശ കിട്ടും. ഞങ്ങള്‍ മുര്‍ടേശ്വര്‍ ലക്ഷ്യംവച്ച് യാത്ര തുടര്‍ന്നു. മുര്‍ടേശ്വര്‍ 130 കിലോമീറ്റര്‍ ദൂരം മാത്രമല്ല ഹൈവേയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ കടല്‍തീരത്തേക്ക് കാര്‍ ഓടിക്കണം.
കട്പാടി കഴിഞ്ഞാല്‍  റോഡിലൂടെ പടിഞ്ഞാറോട്ട് തിരിയണം. കടല്‍ അല്‍പ്പം ഉള്ളിലേക്ക് കയറി കിടപ്പുണ്ട്. ഒരു കടലോര സുഖവാസ കേന്ദ്രമാണ് മാല്‍പേ ബീച്ച്. ഹൈവേയില്‍ പട്ടണത്തിന്റെ നടുവില്‍നിന്ന് പടിഞ്ഞാറോട്ട് നീങ്ങിയാല്‍ കടല്‍കാഴ്ചകള്‍, തെങ്ങിന്‍തോപ്പുകള്‍, നീലക്കടലിലെ കടല്‍പ്പക്ഷികള്‍, മനോഹരമായ കടല്‍ മണ്ണ്, നിര്‍ത്താത്ത കാറ്റ്. ഞങ്ങള്‍ കിഴക്കോട്ട് തിരിഞ്ഞ് നേരെ പോയി.
കല്യാണ്‍പൂരില്‍ കടല്‍സാമീപ്യമുള്ള കാഴ്ചകള്‍ യാത്രയുടെ ക്ഷീണം കുറച്ചു. അകര്‍കട്ടയില്‍ കല്യാണ്‍പൂരിനേക്കാള്‍ മനോഹരമായ കടല്‍കാഴ്ചകള്‍ കാണാം. അവിടെ നിന്നും യാത്ര വളവ് തിരിവുകള്‍ ഇല്ലാത്ത റോഡിലൂടെയാണ്. കുന്താപുരയില്‍ എത്തുമ്പോള്‍ വീണ്ടും കടല്‍സാമീപ്യം അനുഭവിക്കാം. മാത്രമല്ല കുന്താപുരയിലെ കോഴിക്കറി പ്രശസ്തമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നാളികേരപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്നത്. വാങ്ങി കഴിച്ച് പരീക്ഷണം നടത്താതെ ഞങ്ങള്‍ നേരെ നീങ്ങി. മനോഹരവും നീണ്ടുകിടക്കുന്നതുമായ കടലിനോട് തൊട്ടുരുമ്മി പോകുന്ന കോസ്റ്റല്‍ ഹൈവേ കാണാന്‍ ഇവിടെതന്നെ വരണം. കടല്‍ കരയിലേക്ക് കയറിക്കിടക്കുന്നു. അതിനരികിലൂടെ നീണ്ട ഹൈവേ. കടലിന്റെ മനംകവരുന്ന ഈ കാഴ്ച മരിച്ചാലും മറക്കില്ല. മാരവന്തേ മുതല്‍ കടലരികിലൂടെയാണ് സഞ്ചാരം. കേരളത്തില്‍ ഒരിടത്തും ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. രസകരമായ യാത്ര. സഞ്ചാരികളുടെ ഒരു താവളമാണിത്. മാരവന്തേയുടെ ഒരുവശത്ത് അറബിക്കടല്‍. സൗപര്‍ണിക നദി ഇവിടെവച്ച് കടലില്‍ പതിക്കുന്നു. കിഴക്ക് കുടജാദ്രി മലയുടെ  ഭംഗിയും കാണാം. ഇവിടത്തെ സായംസന്ധ്യ പ്രകൃതിയുടെ ചെങ്കതിര്‍ ശോഭയാര്‍ന്ന ചിത്രരചന. ഞാന്‍ മനസ്സില്‍ പകല്‍ക്കിനാവ് കണ്ടു.

ദൂരെ മുര്‍ടേശ്വരിലെ വലിയ ശിവപ്രതിമ കണ്ടു. ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു. വലിയ തിരക്കില്ലെങ്കിലും വാഹനങ്ങള്‍ പോകുന്നുണ്ട്. വെയിലുണ്ടെങ്കിലും കാറ്റുണ്ട്. വലതുവശത്തു കണ്ട ചെറിയ റോഡിലൂടെ വണ്ടിയെ ടുക്കാന്‍ ഡ്രൈവര്‍ ജിജോയോട് ഞാന്‍ പറഞ്ഞു. കോവളത്തെ കടലരികിലൂടെ വടക്കോട്ട് പോകുംപോലെ തോന്നി. കോവളം കൊട്ടാരം കടലിലേക്ക് തള്ളിനില്‍ക്കുംപോലെയാണ് ഇവിടത്തെ കുന്നും. വണ്ടി ഓടി കടലരികിലെ തണലില്‍ എത്തി. അതൊരു മുക്കുവ കോളനിയായിരുന്നു.  കിടക്ക നിവര്‍ത്തിയിട്ട് ആ കടപ്പുറത്തെ മരച്ചുവട്ടില്‍ ഞാന്‍ കിടന്നു. മുര്‍ടേശ്വര്‍ നോക്കി കിടക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എന്റേതാണ്. യാത്രയില്‍ നാടുമായി ബന്ധം വിഛേദിക്കാന്‍ ഡ്രൈവര്‍ ജിജോയുടെ സിംകാര്‍ഡ് വാങ്ങി ഞാന്‍ ഇട്ടു. ഉഡുപ്പി വിട്ട മുതല്‍ ഒരു പെണ്ണ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നു. മുര്‍ടേശ്വറിലെ ശിവപ്രതിമയുടെ ഭംഗിയും ആസ്വദിച്ച് കിടക്കുമ്പോള്‍ ഒരു സ്ത്രീശബ്ദം 46 വട്ടം വിളിച്ച് ശല്യം ചെയ്തു. ഞാന്‍ ദേഷ്യപ്പെട്ടു. എന്നിട്ടും ആ പെണ്ണ് വിളി നിര്‍ത്തുന്നില്ല. ഞാന്‍ ആ സ്ത്രീയെ അറിയുകയേ ഇല്ല.

ഞങ്ങള്‍ കിടക്കുന്നതിന് അടുത്ത് ഒരു മുസ്ലിം പള്ളി കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ശിവപ്രതിമ ഇതാണെന്ന് അവിെട കിടക്കുമ്പോള്‍ ഒരാള്‍ പറഞ്ഞു. ഏതായാലും കോവളം കൊട്ടാരം പോലെ മുര്‍ടേശ്വര്‍ സ്വകാര്യഹോട്ടല്‍ ആക്കിയില്ലല്ലോ?

ഞാന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ വ്യവസായ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കോവളം കൊട്ടാരത്തിലെ ലീല ഹോട്ടലില്‍ ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് നടക്കുന്നു. ഒന്നുപോയി പങ്കെടുക്കാന്‍ തീരുമാനിച്ചു. എംഎല്‍എ ബോര്‍ഡുവച്ച കാറുമായി ചെന്നിട്ടും ഹോട്ടല്‍ ജീവനക്കാര്‍ ഞങ്ങളെ തടഞ്ഞു. സംഘാടകരുടെ അനുവാദം കിട്ടിയപ്പോള്‍ മാത്രമേ ഞങ്ങളെ കോവളം കൊട്ടാരത്തിലേക്ക് കയറ്റിയുള്ളൂ.
ക്ഷീണം അകന്നപ്പോള്‍ ഞാന്‍ കാറില്‍ കയറി. കര്‍ണാടകത്തില്‍ മനോഹരമായ നിരവധി പൗരാണിക ക്ഷേത്രങ്ങളുണ്ട്. അതില്‍ ഇതുപോലെ ആരും വരാറില്ല. പൗരാണിക ക്ഷേത്രനഗരമായ ഐഹോളയില്‍ ചരിത്രകുതുകികളാണ് അധികവും എത്തുന്നത്. എന്നാല്‍ മുര്‍ടേശ്വര്‍ ഒരു ഹൈന്ദവ ഉത്സവകേന്ദ്രം പോലെ തോന്നിപ്പിക്കുന്ന സഞ്ചാരകേന്ദ്രം.

എല്ലാ വാഹനങ്ങളും തടയുന്നു. ഏപ്രില്‍ മാസമാണ്. ചൂടുണ്ടെങ്കിലും നല്ല സുഖമുള്ള കാറ്റ്. ഗേറ്റിന് മുന്നിലെ വിശാലമായ സ്ഥലത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്രയാസപ്പെട്ട് പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ ചാക്കോസാര്‍ കന്നഡയില്‍ വിളിച്ചുപറഞ്ഞു. എംഎല്‍എ ഹാന്‍ഡികാപ്പ്ഡ്. ശിവക്ഷേത്രവും ദൈവവിഗ്രഹങ്ങളും ഒരുക്കിവച്ച കുന്നിലേക്ക് പല  കാറുകളും കയറിക്കിടക്കുന്നതും അവിടെ ചെന്നപ്പോഴാണ് കണ്ടത്.

വളഞ്ഞ റോഡിലൂടെ ഞങ്ങള്‍ കുന്നിന്‍ നെറുകയിലേക്ക് കയറി. കയറുംതോറും കാറ്റിന് ശക്തി കൂടും പോലെ. ദൂരെ ദൂരെ അനന്തതയോളം കടല്‍ കണ്ടുതുടങ്ങി.

എല്ലാം നല്ല ഉയരവും വലുപ്പവും ഉള്ള ദൈവ ശില്‍പ്പങ്ങള്‍. കാറില്‍ ഇരുന്നുതന്നെ എല്ലാം കാണാന്‍ കഴിഞ്ഞു. മുര്‍ടേശ്വറിലെ ഫോട്ടോകാര്‍ഡ് വില്‍പ്പന നന്നായി നടക്കുന്നു. ഒപ്പം എല്ലാ ടൂറിസ്റ്റ് കേന്ദ്രത്തിലെയുംപോലെ കുട്ടികളെ ആകര്‍ഷിക്കുന്ന ബലൂണ്‍, നീണ്ട പേന, കളിക്കോപ്പുകള്‍. ഞാന്‍ ഫോട്ടോ കാര്‍ഡ് വാങ്ങി. കൂട്ടിരിപ്പുകാരന്‍ അര്‍ജന്‍ദാസിനും വാങ്ങിക്കൊടുത്തു.

ആ കുന്നിന്‍ നെറുകയില്‍ മനോഹരമായി പൂക്കളും ചെടികളും പരവതാനിപ്പുല്ലുകളും നട്ടുവളര്‍ത്തിയിട്ടുണ്ട്. അവിടെ ഇരുന്ന് കടല്‍ക്കാഴ്ചകളുടെ സ്വച്ഛതയും സൗന്ദര്യവും ഞാന്‍ എന്റെ ഹൃദയത്തില്‍ നിറച്ചു. താഴെ ദൂരത്തോളം കടല്‍  ഇളകിക്കൊണ്ടിരുന്നു. നീലിച്ച കടലില്‍ കാറ്റിലും കനത്ത വെയില്‍ നാരുകള്‍ വീണുകിടക്കുന്ന കാഴ്ച ചേതോഹരം തന്നെ.

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍നിന്ന് മണിക്കൂര്‍ നീണ്ട കടലിലൂടെയുള്ള ബോട്ട് യാത്രയില്‍ എലിഫെന്റാ ഗുഹയില്‍ എത്താം. അവിടെ എത്തുന്ന സഞ്ചാരിയുടെ അനുഭവം മറ്റൊന്നാണ്. ഒറ്റയ്ക്ക് ആ ദ്വീപില്‍ കിടന്നാല്‍ ഏകാന്തതയുടെ വിസ്‌ഫോടനം അനുഭവിക്കാം.
രാഷ്ട്രകൂടര്‍ രാജാക്കന്മാര്‍ ആ  എലിഫെന്റാ ഗുഹയില്‍ ഏകാന്തതയില്‍ രാജാക്കന്മാര്‍ക്ക് ഭജനമിരിക്കാന്‍ പണിത ഗുഹാതളത്തിലെ ഭീമാകാരമായ കരിങ്കല്‍ ശിവപ്രതിമയുടെ ആകാരഭംഗി ഒന്നു വേറെതന്നെയാണ്. മുര്‍ടേശ്വരില്‍ നാം അത് പ്രതീക്ഷിക്കേണ്ട. ഇവിടെ റോഡരികത്ത് വില്‍ക്കുന്ന ശ്രീകൃഷ്ണന്റെയും ശിവന്റെയും കറുപ്പ്, നീല, ചുവപ്പ് നിറങ്ങള്‍ അണിയിച്ച കളിമണ്‍ പ്രതിമകളുടെ ഭീമാകാര ശില്‍പ്പചാതുര്യം കോണ്‍ക്രീറ്റില്‍ പണിത് ചായം തേച്ചതാവണം.

യാത്ര തുടങ്ങുംമുമ്പ് ഹാഷിം എനിക്ക് കര്‍ണാടകത്തിലെ ചില ഫോണ്‍നമ്പറുകള്‍ തന്നിരുന്നു. അതില്‍  പ്രധാനികള്‍ യമുന ഗവാങ്കര്‍, കര്‍ണാടക  ഡിവൈഎഫ്‌ഐ പ്രസിഡന്റ് മുനീര്‍, മഹേഷ് ഫത്താള്‍, മിത്തല്‍ ഭണ്ഡാരി എന്നിവരായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ യമുന ഗവാങ്കര്‍ എന്നെ വിളിച്ചുപറഞ്ഞു. ദാര്‍വാഡിന് പോകുന്നെങ്കില്‍ അങ്കോളയില്‍ താമസം ഒരുക്കാം. കര്‍ണാടക ഒരു മുന്‍പരിചയവും ഇല്ലാത്ത സംസ്ഥാനമാണ്.

വണ്ടി ഗോകര്‍ണം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. അതോടെ യാത്ര ഊര്‍ജസ്വലമായി. കാലങ്ങളായി ഞാന്‍ കാണാന്‍ കാത്തിരുന്ന സ്ഥലം. ഓര്‍മവച്ച കാലം മുതല്‍ മനസ്സില്‍ കൗതുകം ഉണര്‍ത്തിയ ഗോകര്‍ണം. പരശുരാമന്‍ മഴു എറിയാന്‍ നിന്നിടം. എത്രകാലമായി ആ മിത്തും താങ്ങി ഞാന്‍ നടക്കുന്നു. പപ്പേട്ടനുമായി പലവട്ടം ഗോകര്‍ണത്തിനു പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.

ഒരിക്കല്‍ കാസര്‍കോട് എളേരിത്തട്ടിലെ പപ്പേട്ടനുമായി ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു. കാവേരി ഉത്ഭവിക്കുന്ന ഇടം ഒന്നു കാണണം. തലക്കാവേരിയിലെ ഒരു കുന്നിന്റെ ഉച്ചിയിലാണ് ഉത്ഭവം. വെളുപ്പിന് എളേരിത്തട്ടില്‍നിന്ന് യാത്ര പുറപ്പെടുമ്പോള്‍ ചൂരലിന്റെ ഒരു നീണ്ട ഈസിചെയര്‍ വീല്‍ചെയര്‍ കൂടാതെ കാറിന്റെ മുകളില്‍ പപ്പേട്ടന്‍ കെട്ടിവച്ചു. അതിന്റെ ഗുണം തലക്കാവേരി എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. സത്യത്തില്‍ അത് ഒരു ഡോളി ആയിരുന്നു. എന്നെ അതില്‍ ഇരുത്തി ചുമന്ന് ചുമന്ന് കാവേരിയുടെ പ്രഭവസ്ഥാനത്ത് കൊണ്ടുചെന്നിരുത്തി. അങ്ങ് ദൂരെ കാഴ്ചകള്‍ക്കപ്പുറം കേരളവും എളേരിത്തട്ടും നമുക്ക് കാണാം. എളേരിത്തട്ടില്‍നിന്നും കാട് വഴി തലക്കാവേരി എത്താനുള്ള വഴി പപ്പേട്ടന്‍ പറഞ്ഞുതന്നു. മലയാളിയും കുടകനും കാടിനെ എങ്ങനെ കാണുന്നുവെന്ന് ആ യാത്രയില്‍ എനിക്ക് മനസ്സിലായി. കുടകന്‍ കാട്ടില്‍ താമസിച്ച് കാട് സംരക്ഷിക്കുന്നു. മലയാളിയോ? അവിടെനിന്നും ഞങ്ങള്‍ മര്‍ക്കാരയുടെ  സുഖസാന്ദ്രമായ തണുപ്പിലേക്ക്. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ ഹൈറേഞ്ച്  പട്ടണമായി എനിക്ക് തോന്നി. ചിരകാലമായി ഒരു ബുദ്ധിസ്റ്റ് കേന്ദ്രം കാണാന്‍ ആഗ്രഹിക്കുന്നു. അപ്പോഴാണ് അറിയുന്നത് കുശാല്‍ നഗറില്‍ ഒരു ബുദ്ധിസ്റ്റ് സെറ്റില്‍മെന്റ് കോളനി ഉണ്ടെന്ന്. ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു.

കുശാല്‍ നഗറില്‍ എത്തി. ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. ആ ഹോട്ടല്‍ക്കാരന്‍ മലയാളി ഞങ്ങളെ തിരിച്ചറിഞ്ഞു. അതിനു മുന്നെ ഞങ്ങള്‍ സ്വര്‍ണനിറമുള്ള ബുദ്ധവിഗ്രഹങ്ങളും ബുദ്ധവിഹാരവും പ്രാര്‍ത്ഥനാ സൂക്തങ്ങളും കേട്ടിരുന്നു. എന്നാല്‍ ബുദ്ധനെ മാത്രം കണ്ടില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ മലയാളിയോട് ഞങ്ങളുടെ വിചാരം പങ്കുവച്ചു. അയാള്‍ ദൂരെ ഒരിടം ചൂണ്ടിപറഞ്ഞു.  'ദാ നോക്കൂ ആണും പെണ്ണും കുടിക്കുന്ന കണ്ടോ? കൊക്കോകോള. ഇവിടെ ബുദ്ധന്‍ ഇല്ല. പകരം മദ്യപാനവും  അലന്ന അമേരിക്കന്‍ സംസ്‌കാരവും.'

ചാക്കോ സാര്‍ തിരിഞ്ഞുനിന്ന് ചോദിച്ചു - 'നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ?' പക്ഷേ, എങ്ങും ഹോട്ടലുകള്‍ കാണുന്നില്ല. ഇത്രയും ദൂരം കണ്ട കാഴ്ചകളില്‍നിന്നും വ്യതിരിക്തത അനുഭവപ്പെടാന്‍ തുടങ്ങി. കടലില്ല. കടലരികിലെ നിവര്‍ന്ന റോഡില്ല. കരയുടെ നിരപ്പില്ല. മനോഹരമായ കുന്നുകള്‍. വേനലിന്റെ വറുതി ഉണ്ടെങ്കിലും കാണാന്‍ ഭംഗിയും സ്വച്ഛതയും. ജീവിതത്തില്‍ കാണാത്ത കാഴ്ചയായി ഉയര്‍ന്ന് നീണ്ട് നിരപ്പായി ചരിഞ്ഞ കുന്നുകള്‍ വഴിയുടെ നാലുചുറ്റും പരന്നു കിടക്കുന്നു; വാഗമണ്‍ കുന്നുകള്‍പോലെ. പക്ഷെ അത്രയ്ക്ക് ഉയരമില്ല. കാലവര്‍ഷത്തില്‍ ഇവിടെ പുല്ലുകള്‍ സമൃദ്ധമായി കിളിര്‍ക്കുമ്പോള്‍ എത്ര ഹരിതാഭമായിരിക്കും. വേണമെങ്കില്‍ ഈ പ്രദേശത്തെ ഇടുക്കിയിലെ പരുന്തിന്‍പാറയോട് ഉപമിക്കാം. അതൊരു വിസ്താരം കുറഞ്ഞ ഇടം. കാവല്‍ക്കാരെപോലെ ചുറ്റും ഉയര്‍ന്ന മലകളും. എന്നാല്‍ ഇതാവട്ടെ കണ്ണെത്താത്ത ദൂരത്തില്‍ പരപ്പില്‍ പരന്നുകിടക്കുന്ന ചെങ്കല്‍ കുന്നിന്‍മേടുകള്‍. ഇതാണ് ബൈന്ദൂര്‍. അതിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡരികില്‍ ഒരു ബോര്‍ഡ് കണ്ടു. ടൗിലെ േുീശി േഢമേേശിമില, ആ്യിറീീൃ. വിസ്മയത്തോടെ വണ്ടിനിര്‍ത്തി. കുറെനേരം നോക്കിനിന്നു. സൂര്യന്‍ നെറുകയില്‍നിന്നും താഴേക്കിറങ്ങിയ സമയം. ആകാശത്തിന്റെ നിറങ്ങള്‍ അങ്ങിങ്ങ് മൊട്ടിടാന്‍ തുടങ്ങുന്നതേയുള്ളൂ. ആ കുന്നിന്‍മേടുകള്‍ മുഴുവന്‍ ഒഴുകി എത്തുന്ന സായംസന്ധ്യയുടെ ചായംപൂശല്‍ കണ്ണടച്ച് ഞാന്‍  ഹൃദയത്തില്‍ കോരിയിട്ടു. അവാചര്യമായ വര്‍ണപ്രഭ നമ്മെ തഴുകിത്തഴുകി വിളിക്കുകയാണ്; ഇവിടെ ഇറങ്ങൂ, പ്രകൃതിയിലേക്ക് മടങ്ങൂ. ബൈന്ദൂരില്‍നിന്ന് മനോഹരമായ കുന്നുകളും നീലച്ച ആകാശവും കണ്ടുകണ്ട്പോകുമ്പോള്‍ കൊല്ലൂരിലേക്ക് നീണ്ടുപോകുന്ന ഒരു ഗ്രാമീണ റോഡ്. ഇവിടെയാണ് മൂകാംബികാക്ഷേത്രം. അവിടെ നിര്‍ത്തിയപ്പോള്‍ ഒരു ഗ്രാമീണന്‍ പറഞ്ഞു കൊല്ലൂരിലേക്ക് അവിടെനിന്ന് മുപ്പത് കിലോമീറ്ററില്‍ താഴെമാത്രം ദൂരമെന്ന്.  ആ യാത്ര മറ്റൊരിക്കലാവാം എന്നുവച്ച് ഞങ്ങള്‍ ഭട്കലിലേക്ക് തിരിച്ചു. അകലെ വൃക്ഷലതാദികളുടെ പച്ചപ്പ.് ഞങ്ങള്‍ വീണ്ടും ഒരു വീതിയുള്ള റോഡിലെത്തി. നല്ല കല്‍പ്പൊടി പ്രദേശം. ചുട്ട വേനലില്‍ പൊടിയിളകി പാറുന്നുണ്ട്. നല്ല വിശപ്പുണ്ട്. ഉഡുപ്പിയിലെ ദോശ ഭക്ഷണത്തിന്റെ ആര്‍ത്തി തല്ലിക്കെടുത്തിയത് അനുഗ്രഹം. ചൂടുള്ളതുകൊണ്ട് നല്ലവണ്ണം വെള്ളം  കുടിച്ചു. എസി ഇല്ലാതെയായിരുന്നു വണ്ടി ഓട്ടം. ഞാന്‍ അവശനായി.

വികസിച്ചുവരുന്ന ഒരു പട്ടണം. അടുക്കും ചിട്ടയും ഇല്ലാതെ ചിതറിക്കിടക്കുന്നു. കാലപ്പഴക്കമില്ലാത്ത കെട്ടിടങ്ങള്‍, പൊടിയടിച്ച് മങ്ങിയ കെട്ടിടങ്ങള്‍. ഞങ്ങള്‍ ബസ്സ്റ്റാന്‍ഡ്് പരിസരത്ത് വണ്ടി നിര്‍ത്തി. ചാക്കോസാര്‍ പരസഹായത്താല്‍ മെല്ലെ കാറില്‍നിന്ന് ഇറങ്ങി. വടിയും ഊന്നി ഭക്ഷണത്തിന് ഹോട്ടല്‍ പരതാന്‍ തുടങ്ങി. സഹായത്തിന്  ജിന്ദോയും. അര്‍ജുന്‍ദാസും പുറത്തിറങ്ങിനിന്നു. നല്ല ചൂട്. സമയം  മൂന്നുമണി കഴിഞ്ഞു കാണണം. കേരളം വിട്ടിട്ട് ആദ്യത്തെ ഉച്ചഭക്ഷണം. തലക്കാവേരിയില്‍നിന്ന് നാവിന് രുചിയേറിയ സസ്യാഹാരം കഴിച്ച ഓര്‍മയില്‍ ഞാന്‍ ഇരുന്നു. ഉച്ച  ആറിയിട്ടും പട്ടണത്തിന് സജീവതയുണ്ട്. എനിക്ക് പച്ചരിച്ചോറ് മതി. സാമ്പാര്‍ ഞാന്‍ ചോറില്‍ ഒഴിച്ചു. വായില്‍ വയ്ക്കാന്‍ കൊള്ളില്ല. വായ എരിഞ്ഞ് നീറുന്നു. ഇത് സാമ്പാറല്ല. കറി എടുത്തുകഴിച്ചു. കത്തിയെരിയുന്ന എരിവ്. വീണ്ടും ഭക്ഷണത്തില്‍ പരാജിതരായി ഞങ്ങള്‍ വണ്ടി വിട്ടു. ഭക്ഷണം മോശമാണെങ്കിലും വഴിയോര കാഴ്ചകള്‍ കണ്ണിന് പുതുമ നല്‍കി. വഴിയില്‍ ഒരു ബോര്‍ഡ്  കണ്ടു; ഹോഗ് ദ്വീപിലേക്ക്. കുറച്ചു ചെന്നപ്പോള്‍ ബസാവര്‍ അജാദുര്‍ഗ് ദ്വീപുകള്‍. ഹൈവേയില്‍നിന്ന് ഒഴിഞ്ഞുമാറിയാണ് ഈ ബീച്ച് സെന്ററുകള്‍.

ഞങ്ങള്‍ കുമ്ട്ടയില്‍ എത്തി. മുന്നോട്ട് അല്‍പ്പം വളഞ്ഞുപോകുന്ന ഹൈവേ. കടലിനോട് ചേര്‍ന്ന ഒരു ജലാശയം മുറിച്ചു കടന്നു. ശോഭയാര്‍ന്ന കടല്‍ കാഴ്ചകള്‍. സ്വര്‍ണപ്രഭയാര്‍ന്ന നിറങ്ങളുമായി കടല്‍ത്തിട്ടയില്‍ തെങ്ങോലകളില്‍ തട്ടിയും ഉൗര്‍ന്നുവീഴുന്ന സൂര്യരശ്മികളുടെ സായന്തനപ്രഭ വിസ്മയിപ്പിച്ചു. ഞങ്ങള്‍ യാത്ര തുടര്‍ന്നു. പരാജിതനെപ്പോലെ രാത്രിയുടെ തമസ് പരക്കാന്‍ തുടങ്ങി. ഗോകര്‍ണം ദൂരെയല്ല. പരശുരാമ സങ്കല്‍പ്പം പലര്‍ക്കും ഇന്ന് ചരിത്രമാണ്. 1867-ല്‍ പാച്ചുമൂത്തതിന്റെ തിരുവിതാംകൂര്‍ ചരിത്രമാണ് മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം. അതിനുശേഷം ശങ്കുണ്ണി മേനോന്‍ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എഴുതി. രണ്ടിലും പരശുരാമന്‍ മഴുഎറിഞ്ഞ കഥ തന്നെ ചരിത്രം എന്ന് തെറ്റായി എഴുതി. 1887-ല്‍  വില്യന്‍ ലോഗന്‍ പരശുരാമന്റെ മഴുഎറിയല്‍ തള്ളിക്കളഞ്ഞ് ചരിത്രം എഴുതി. അതാണ് മലബാര്‍ മാന്വല്‍. കെ പി പത്മനാഭ മേനോന്‍ എഴുതിയ ഹിസ്റ്ററി ഓഫ് കേരളയില്‍ പരശുരാമചരിത്രം കുപ്പക്കൊട്ടയില്‍ എറിഞ്ഞു. എന്നിട്ടും പരശുരാമ കഥ ശക്തിപ്പെട്ടു. 1933ല്‍ ശൂരനാട് കുഞ്ഞന്‍പിള്ള പ്രാചീന കേരളം എന്ന ഗ്രന്ഥം രചിച്ചു. അതില്‍ അദ്ദേഹം വ്യാഖ്യാനിച്ചു; കേരളം ഒരു കാലത്ത് സമുദ്രത്തില്‍ മുങ്ങിക്കിടന്നിരുന്നെന്നും പിന്നീട് ഭൂകമ്പം കൊണ്ടോ മറ്റോ ഉയര്‍ന്നുവന്നുവെന്നും. അങ്ങനെ രൂപപ്പെട്ട കേരളത്തില്‍ പരശുരാമന്‍ ബ്രാഹ്മണരെ കൊണ്ടുവന്ന് താമസിപ്പിച്ചു. ഒപ്പം ക്ഷത്രിയ മേധാവിത്വം സഹിക്കവയ്യാതെ കൂട്ടാളികളുമൊത്ത് കേരളത്തില്‍ വന്ന് കുടിയേറി പാര്‍ത്തെന്ന് ശൂരനാട് വ്യാഖ്യാനിച്ചു. ഭാഷാ ചരിത്രകാരനായ നാരായണപ്പണിക്കര്‍ പറഞ്ഞത് പരശുരാമന്‍ ആദ്യം കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രാഹ്മണര്‍ സര്‍പ്പങ്ങളെ ഭയന്ന് തിരിച്ചുപോയെന്നാണ്. ഇത് ശുദ്ധ നുണയാണ്. ഇന്ത്യയില്‍ ആര്യന്മാര്‍ താമസിച്ചിടത്തൊക്കെ നാഗങ്ങള്‍ ഉണ്ടായിരുന്നു. ഇളംകുളം കുഞ്ഞന്‍പിള്ള പരശുരാമകഥയെ കേരളത്തിലെ ജന്മിസമ്പ്രദായവുമായി ബന്ധപ്പെടുത്തി ഭൂവുടമാ സമ്പ്രദായവും നാടുവാഴിത്ത വ്യവസ്ഥയും ഉറപ്പിക്കാന്‍ വേണ്ടി ജന്മിമാരായ നമ്പൂതിരിമാര്‍ സൃഷ്ടിച്ച നുണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റൊന്ന് തിരുവങ്ങാട് കൃഷ്ണക്കുറുപ്പിന്റെ കേരളചരിത്രമാണ്. അദ്ദേഹത്തിന്റെ വിശ്വാസം എ ഡി  970-ല്‍ അന്നത്തെ മാള്‍വാര്‍ രാജാവായ വാക്പതിപരമാരന്‍ പരശുരാമന്‍ എന്നപേരില്‍ കേരളത്തില്‍ എത്തുകയും കരിപ്പത്ത് തോയിക്കല്‍ ഉദയവര്‍മന്‍ കോലത്തിരിയുടെ സഹായത്തോടെ  ഇവിടെയുണ്ടായിരുന്ന ബുദ്ധമതക്കാരെ ആക്രമിച്ച് നശിപ്പിക്കുകയും നമ്പൂതിരിമാരെ ഭരണമേല്‍പ്പിക്കുകയും ചെയ്തു എന്നാണ്. ഇന്ത്യാ ചരിത്രത്തിലെ രണ്ടാമത്തെ ചരിത്രകാരനായ അതുലന്റെ മൂഷികവംശത്തില്‍ പറയുന്നത് പരശുരാമന്‍ ഏഴിമലയില്‍ ഒരു ദാനം നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം ഒരു ക്ഷത്രിയനെ വധിച്ചു. പരശുരാമനെ ഭയന്ന് ഒളിവില്‍ വളര്‍ന്നുകൊണ്ടിരുന്ന ഒരു മൂഷിക രാജകുമാരനെ പരശുരാമന്‍ രാജാവായി അഭിഷേകം ചെയ്തു. ആരൊക്കെ എന്തൊക്കെ എഴുതിയാലും പരശുരാമന്‍ വെറും ഐതിഹ്യം അഥവാ സങ്കല്‍പ്പ കഥ മാത്രമാണ്.

ഗോകര്‍ണം കടല്‍തീരം

ഗോകര്‍ണം കടല്‍തീരം

ഇരുള്‍ മുങ്ങിയ സന്ധ്യയില്‍ ഞങ്ങള്‍ ഗോകര്‍ണത്ത് എത്തി. കടലോരത്ത് ഒരു ഇടുങ്ങിയ ഇടമാണ് ഗോകര്‍ണം. ഹിന്ദുആചാര അനുഷ്ഠാനങ്ങളില്‍ നിമഗ്‌നമായ ഒരു പഴയ ഗ്രാമം. അതാവട്ടെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നത് മധ്യകാല ഭക്തിയുടെ നിറങ്ങളും ഗന്ധവും. റോഡുകള്‍ നന്നെ ഇടുങ്ങിയത്. രണ്ട് കാറുകള്‍ക്ക് എല്ലായിടത്തും അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്ഷേത്ര ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ നിറച്ച കടകള്‍. ചില്ലിട്ട അവതാര ദൈവങ്ങളുടെ ഫോട്ടോകള്‍. ഹൈന്ദവ ശില്‍പ്പങ്ങള്‍. വിദേശീയരെ ആകര്‍ഷിക്കുന്ന കരകൗശല കൗതുക വസ്തുക്കള്‍. ഷാള്‍, ടീഷര്‍ട്ട്, പൈജാമ, തൊപ്പികള്‍. പലതിലും പൗരാണികതയുടെയും ഹൈന്ദവികതയുടേയും അടയാളങ്ങള്‍ മുദ്രണം ചെയ്തിട്ടുണ്ട്. ചെല്ലുമ്പോള്‍ രാത്രിയായിരുന്നു. ഇടുങ്ങിയ റോഡിലൂടെ പതുക്കെ പതുക്കെ വണ്ടിയോടിച്ചു. ഇടുങ്ങിയ റോഡ് കാരണം വഴി പലയിടത്തും തടസ്സപ്പെട്ടു. ഉത്സവാദികളുടെ വലിയ തിരക്കില്ല. അതുതന്നെ രക്ഷ. ക്ഷേത്രത്തിനു മുന്നില്‍ പതുക്കെ നിര്‍ത്തി നട തുറന്നുകണ്ടു. കാറുമായി അധികസമയം അവിടെ ചെലവഴിക്കാന്‍ കഴിയില്ല. വിശാലമായ കടപ്പുറത്തെത്തി. കടപ്പുറത്തെത്താനുള്ള വഴി ഇടുങ്ങിയതാണെങ്കിലും കടപ്പുറം മുന്നില്‍ നീണ്ടു പരന്ന് വിസ്തൃതമായി കിടക്കുന്നു.
ഇരുട്ട് പുതച്ച കടല്‍. ശക്തിയില്‍ കാറ്റടിക്കുന്നു. ആകാശം നിറയെ നക്ഷത്രങ്ങളും അരികില്‍ അമ്പിളിക്കലയും. ദൂരെ കടലില്‍ യാനങ്ങളുടെ അകന്ന പ്രകാശം, വല്ലാത്ത ക്ഷീണം. കടപ്പുറത്ത് ബെഡിട്ട് കടല്‍ക്കാറ്റില്‍ കടലിന്റെ ഇരുള്‍ വീണ അനന്തതയും നോക്കി ഞാന്‍ കിടന്നു.ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗമാണ്. എന്നാല്‍ ശിവലിംഗം നാം കാണില്ല. ശിവലിംഗം പ്രതിഷ്ഠിച്ച ആസ്ഥാനത്ത് കുഴിയാണ്. അതില്‍ അഭിഷേകം ചെയ്ത ജലം കെട്ടിക്കിടക്കും. കാണിക്ക എന്ന കൈമടക്ക് നന്നായി കൊടുത്താല്‍ ആ പ്രതിഷ്ഠാ കുണ്ടില്‍ കൈയിടാം. കൈയിട്ടാല്‍ വെട്ടിനീക്കിയ ശിവലിംഗത്തിന്റെ അവശേഷിപ്പുകള്‍ കൈയില്‍ തടയും.

വിശ്വാസപ്രകാരം കഥയിതാണ്. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന രാവണന്‍ ശിവനെ തപം ചെയ്ത് പ്രസാദിപ്പിച്ചു. ശിവനോട് ആവശ്യപ്പെട്ട് നേടിയത് ആത്മലിംഗമാണ്.

ഇത് നാടിന് മുഴുവന്‍  ആപത്താണെന്ന് ഗണപതിക്ക് മനസ്സിലായി. ആത്മലിംഗം കൊടുക്കുമ്പോള്‍ ശിവന്‍ രാവണനോട് പറഞ്ഞു. ഈ ആത്മലിംഗം ലക്ഷ്യത്തിലെത്തി  യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതുവരെ കൈയില്‍നിന്നും താഴെ വയ്ക്കരുത്. ഇത് മനസ്സിലാക്കിയ ഗണപതി ഒരു ഗോപാലന്റെ വേഷത്തില്‍ കുറെ ഗോക്കളുമായി ഗോകര്‍ണത്ത് കാത്തിരുന്നു.

സന്ധ്യാവന്ദനം രാവണന് ശാഠ്യമാണ്. ഈ സമയത്താണ് പ്രഛന്ന വേഷധാരിയായ ഗണപതിയെ രാവണന്‍ കാണുന്നത്. ഒന്നും ശങ്കിക്കാതെ കുട്ടിയായ ആ ഗോപാലകന്റെ കൈയില്‍ ആത്മലിംഗം ഏല്‍പ്പിച്ച് കടലില്‍ സന്ധ്യാവന്ദനത്തിനിറങ്ങി. ക്ഷണത്തില്‍ ഗണപതി അത് ആ ഗോകര്‍ണ കടപ്പുറത്തുവച്ച് അപ്രത്യക്ഷനായി.

തിരിച്ചെത്തിയ രാവണന്‍ കുട്ടിയെ കണ്ടില്ല. പകരം ആത്മലിംഗം  കടല്‍ക്കരയില്‍ ഇരിക്കുന്നു. എടുത്തുപൊക്കിയിട്ട് പൊങ്ങുന്നില്ല. ഇരുപത് കൈകള്‍കൊണ്ട് പൊക്കിയിട്ടും പോരുന്നില്ല. ക്ഷുഭിതനായ രാവണന്‍ വാളെടുത്ത് ആത്മലിംഗത്തെ വെട്ടിയെടുക്കാന്‍ ശ്രമിച്ചു. ആദ്യത്തെ വെട്ട് കഷണം മുര്‍ടേശ്വറില്‍ ചെന്ന് പതിച്ചു. രണ്ടാമത്തേത് മുപ്പത് കിലോമീറ്റര്‍ ദൂരെ യാനത്തും. അവിടത്തെ പ്രകൃതിദത്തമായ ഗുഹയില്‍ ഭൈരവ ലിംഗമായി അറിയപ്പെടുന്നു. മൂന്നാമത്തെ കഷണം തെറിച്ചതോടെ ഗോകര്‍ണത്തെ ആത്മലിംഗ സ്ഥാനത്ത് വെറും കുഴിയായി. രാവണന്‍ നിരാശനായി മടങ്ങി എന്നാണ് വിശ്വാസം.

കടപ്പുറത്തിട്ട കിടക്കയില്‍നിന്ന് പൊക്കിയെടുത്ത് എന്നെ കാറില്‍ ഇരുത്തി. കടല്‍ ഇരുണ്ടു കിടക്കുന്നു. കടലരികിലെ നിരത്തില്‍ തെരുവ് വിളക്കുകള്‍ കത്തുന്നുണ്ട്. വര്‍ക്കലപോലെ വിദേശീയരുടെ താവളമാണ് ഗോകര്‍ണവും. ഭക്തിയും ലഹരിയും കാമവും വില്‍പ്പന സ്തു എന്ന് തിരിച്ചറിഞ്ഞിട്ടും ആ പൗരാണിക ക്ഷേത്രഗ്രാമത്തിന്റെ ഗന്ധവും ഭംഗിയും മനസ്സില്‍ മങ്ങിയില്ല.

യമുന ഗവാങ്കര്‍ വിളിച്ചു. മുന്നെ അവര്‍ പറഞ്ഞപ്രകാരം അങ്കോളയില്‍ വരേണ്ട. കാര്‍വാറില്‍ എത്തിയാല്‍ മതി. അവിടെ ഗസ്റ്റ്ഹൗസില്‍ താമസം റെഡി.

ഗോകര്‍ണത്തുനിന്നും ആദ്യം മദാന്‍ജെന്‍ വണ്ടി ഓടി എത്തണം. അവിടെയാണ് നാഷണല്‍  ഹൈവേ. ചെറിയ റോഡിലൂടെ ഇരുളില്‍ നീങ്ങുമ്പോള്‍ ഈ യാത്രയില്‍ ആദ്യമായി ഒരു അപകടം കണ്ടു. രണ്ട് ചെറുപ്പക്കാരുടെ  ബൈക്കുകള്‍ കൂട്ടിമുട്ടി ഇരുവരും തെറിച്ചു കിടക്കുന്നു. ഒരാള്‍ക്ക് അനക്കമുണ്ട്. മറ്റേയാള്‍ അനങ്ങുന്നില്ല. ആളുകള്‍ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റുന്നതാണ് കണ്ടത്.

ചെറിയ ഗ്രാമീണ റോഡ്. ഇരുവശത്തും വൃക്ഷലതാദികളുടെ പച്ചപ്പ് ഇരുട്ടുപുതച്ച് മൂടിക്കിടന്നെങ്കിലും നേര്‍ത്ത നിലാവില്‍ കാണാന്‍ ചന്തമുണ്ട്. ഗ്രാമീണ റോഡിന്റെ മഞ്ഞച്ച തെരുവ് വെട്ടം. നദി അധികം ദൂരെയല്ല, ഗംഗാവാലി നദി. ഗോകര്‍ണത്തുനിന്ന് ഇടറോഡുവഴി ഗംഗാവാലി നദി മുറിച്ചു കടക്കാന്‍ ജങ്കാറുണ്ട്. അങ്ങനെയെങ്കില്‍ എളുപ്പം അങ്കോളയിലെത്താം. രാത്രി ആയതുകൊണ്ട് പരീക്ഷിച്ചില്ല . (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top