28 September Thursday

സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ഇഞ്ചത്തൊട്ടി തൂക്കുപാലം

രാഹുൽ രാജ്‌Updated: Monday Feb 14, 2022

എറണാകുളം ജില്ലയിലെ കോതമംഗലത്ത്‌ നിന്നും 15 കിലോ മീറ്ററാണ്‌ ദൂരം. കീരംപാറ പഞ്ചായത്തിലെ ചാരുപാറയേയും-കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

നഗരത്തിന്റെ തിരക്കുകളിൽനിന്ന്‌ മാറി ഒഴിവു സമയം ആസ്വദിക്കാനാണോ നിങ്ങൾക്കിഷ്ടം. എങ്കിൽ ഒട്ടുംവൈകിക്കേണ്ട, നേരെ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക്‌ വിട്ടോളൂ... അലസമായി ഒഴുകുന്ന പെരിയാർ, തണൽവിരിച്ചു നിൽക്കുന്ന പച്ചപ്പ്‌, മാനംമുട്ടേ ഉയർന്നു നിൽക്കുന്ന മലനിരകൾ, പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം, സഞ്ചാരികൾക്കായി ഈ കൊച്ചു ഗ്രാമം കാത്തുവെച്ചിരിക്കുന്ന കാഴ്‌ചകൾ മനോഹരമാണ്‌. എറണാകുളം ജില്ലയിലെ കോതമംഗലത്ത്‌ നിന്നും 15 കിലോ മീറ്ററാണ്‌ ദൂരം. കീരംപാറ പഞ്ചായത്തിലെ ചാരുപാറയേയും- കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നിരവധിപേർ എത്തുന്നുണ്ടെങ്കിലും ദൂരദേശങ്ങളിലെ അധികമാർക്കും ഈ സ്ഥലത്തേക്കുറിച്ചറിവില്ല.

നീളംകൂടിയ തൂക്കുപാലം


സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണ്‌ ഇഞ്ചത്തൊട്ടിയിലേത്‌. 185 മീറ്റർ നീളത്തിലുള്ള തൂക്കുപാലം 2012ലാണ്‌ നിർമാണം പൂർത്തീകരിച്ചത്‌. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനീയറിങ്‌ കമ്പനി ലിമിറ്റഡ് (കെൽ) ആണ് രൂപകല്പനയും നിർമാണവും നടത്തിയത്. ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്‌. പാലം യാഥാർത്ഥ്യമായതോടെ ഇഞ്ചത്തൊട്ടിയിലുള്ളവർക്ക്‌ കുട്ടമ്പുഴയിലേക്കും കോതമംഗലത്തേക്കും യാത്ര എളുപ്പമായി.

ചെറു തടാകങ്ങൾ


പെരിയാറിൽ ഭൂതത്താൻകെട്ട് ഡാമിന്റെ മുകൾ ഭാഗത്തായാണ് തൂക്കുപാലം. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഡാമിന്റെ ഷട്ടറുകൾ അടക്കുന്നതോടെ രൂപപ്പെടുന്ന നിരവധി ചെറു തടാകങ്ങൾ പ്രദേശത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നു. കോതമംഗലം പുന്നേക്കാട് വഴിയുള്ള യാത്രയിൽ ഇത്തരത്തിലുള്ള തടാകങ്ങൾ റോഡിന്‌ ഇരുവശത്തും കാണാനാകും.

അൽപം സാഹസികതയാകാം


സാഹസികത ഇഷ്ടപ്പെടുന്നവർക്കായി തൂക്കുപാലത്തിന്‌ സമീപത്തെ തടാകത്തിൽ കയാക്കിങ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. രണ്ടു പേർക്ക്‌ ഇരിക്കാവുന്ന 12 കയാക്കുകളാണുള്ളത്‌. 45 മിനിറ്റ്‌ സമയത്തേക്ക്‌ ഒരാൾക്ക്‌ നൂറുരൂപ വീതമാണ്‌ ഈടാക്കുന്നത്‌. നാല്‌ പെഡൽ ബോട്ടുകളും ഇവിടെയുണ്ട്‌. മൂന്നുപേർക്ക്‌ ഇരിക്കാവുന്ന ബോട്ടിന്‌ 200 രൂപയും ആറുപേർക്ക്‌ ഇരിക്കാവുന്ന ബോട്ടിന്‌ 400 രൂപയുമാണ്‌ വാടക. 9544746893, 9744928606, 9446869709 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്‌.തട്ടേക്കാടിനും ഭൂതത്താൻകെട്ടിനും അടുത്ത്‌

വിനോദസഞ്ചാര കേന്ദ്രങ്ങളായ തട്ടേക്കാടിനും ഭൂതത്താൻകെട്ടിനും ഏറെ അകലെയല്ല ഇവിടം. തട്ടേക്കാട് എത്തുന്ന അപൂർവ്വ ഇനം ദേശാടനപക്ഷികളുടെ കേന്ദ്രമാണ് തൂക്കുപാലവും പരിസരവും. ഭൂതത്താൻകെട്ടും തട്ടേക്കാടും ചുറ്റി  മൂന്നാറിലേക്ക്‌ പോകുന്ന സഞ്ചാരികൾക്ക്‌ പാക്കേജിൽ ഉൾപ്പെടുത്താവുന്ന പ്രദേശമാണിത്‌.

വെഡ്ഡിങ് ഫോട്ടോഗ്രാഫിയുടെ ഇടം


സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വെഡ്ഡിങ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രമാണ് തൂക്കുപാലവും പരിസര പ്രദേശവും. ദിനംപ്രതി നിരവധിപേരാണ് ഫോട്ടോഷൂട്ടിനായി ഇവിടെ എത്തുന്നത്. പ്രകൃതിഭംഗിയും തൂക്കുപാലത്തിന്റെ മനോഹരമായ പശ്ചാത്തലവും ശാന്തമായ അന്തരീക്ഷവുമാണ് ഇഞ്ചത്തൊട്ടിയെ ഫോട്ടോഗ്രാഫർമാരുടെ പ്രിയ കേന്ദ്രമാക്കി മാറ്റിയത്.നിർദേശങ്ങൾ പാലിക്കൂ, അപകടം ഒഴിവാക്കൂ


അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായതിനാൽ തൂക്കുപാലത്തിന് ഇരുവശത്തുമുള്ള കടവുകളിലും തടാകത്തിലും ആഴം ഏറെയാണ്. അതിനാൽ നീന്തൽ അറിയാത്തവരും കുട്ടികളും പുഴയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം. ഇരുവശത്തും പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള അപകട മുന്നറിയിപ്പ് ബോർഡിലെ നിർദേശങ്ങൾ പൂർണമായും പാലിക്കണം.

ഇതുവഴി പോകാം

കോതമംഗലം – തട്ടേക്കാട്‌ റൂട്ടിൽ പുന്നേക്കാട്‌ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞാൽ അധികദൂരമില്ല. നേര്യമംഗലത്ത്‌ നിന്നും ആവോലിച്ചാൽ വഴി എട്ട്‌ കിലോ മീറ്റർ സഞ്ചരിച്ചാലും ഇവിടെ എത്താം. കോതമംഗലത്ത്‌ നിന്ന്‌ കെഎസ്‌ആർടിസി, സ്വകാര്യ ബസുകളും ഇടവിട്ട്‌ സർവീസ്‌ നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top