24 April Wednesday

പാണ്ടിപ്പാറയെപ്പറ്റി കേട്ടിട്ടുണ്ടോ...

എം അനില്‍Updated: Monday Mar 13, 2017

ഇടുക്കിക്ക് യാത്ര പോകാത്തവര്‍ ആരുണ്ട്? എന്നാല്‍ മൂന്നാറിനും തേക്കടിക്കും വാഗമണ്ണിനുമപ്പുറമുള്ള ഇടുക്കി കണ്ടവര്‍ കുറവ്. അധികമാരും കാണാത്ത മനോഹര ഇടുക്കി കടലോളം സാധ്യതകളാണ് തുറന്നിടുന്നത്.

പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച്ചവിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. പാല്‍ക്കുളംമേട്, പാണ്ടിപ്പാറ, കാറ്റാടിപ്പാറ, അഞ്ചുരുളി, കാല്‍വരിമൌണ്ട്, ഹില്‍വ്യു പാര്‍ക്ക്, ഇടുക്കിപാര്‍ക്ക,് തൊടുപുഴ മലങ്കര ഡാം, തൊമ്മന്‍കുഞ്ഞ് .....പട്ടിക നീളുന്നു.

ഗ്രാമീണ ടൂറിസം, തീര്‍ഥാടന ടൂറിസം, സാഹസിക ടൂറിസം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള വികസനപദ്ധതികള്‍ പലതും തുടങ്ങിയേടത്തുനിന്നും പിച്ചവച്ചിട്ടില്ല. ഹൈഡല്‍ ടൂറിസത്തിനും ഇടുക്കിയില്‍ വലിയ സാധ്യതയുണ്ട്. ഇടുക്കി ഡാം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ഇബി പദ്ധതികളെ അടിസ്ഥാനമാക്കി ഹൈഡല്‍ ടൂറിസത്തിന് വഴിതെളിച്ചത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ.

മൂന്നാര്‍, തേക്കടി, ഇടുക്കി ഡാം, വാഗമണ്‍, രാമക്കല്‍മേട് തുടങ്ങിയ കേന്ദ്രങ്ങളെ ആശ്രയിച്ചാണ് പതിറ്റാണ്ടുകളായി ഇടുക്കി ജില്ലയിലെ ടൂറിസ വികസനം. ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍, ഫോറസ്റ്റ്, ഹൈഡല്‍ ടൂറിസം സൊസൈറ്റി എന്നിവയുടെ നിയന്ത്രണത്തിലാണ് മലനാട്ടിലെ വിനോദസഞ്ചാര മേഖല.

ജില്ലയില്‍ തീര്‍ഥാടനടൂറിസത്തിനും വഴി തെളിഞ്ഞുകിടക്കുന്നു. തൊടുപുഴ കുറവപ്പാറ ക്ഷേത്രം, മയിലക്കൊമ്പ് ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ചാണ് തീര്‍ഥാടനടൂറിസത്തിനുള്ള സാധ്യത. ഏഡി 50ല്‍ സെന്റ്തോമസ് സ്ഥാപിച്ചതാണ് ഇടുക്കിയിലെ ഏറ്റവും പുരാതനമായ മയിലക്കൊമ്പ് ചര്‍ച്ച് എന്നാണ് ചരിത്രം. മലങ്കര ഡാമിനോട് ചേര്‍ന്നുള്ള ഊരാളി ആദിവാസി ക്ഷേത്രവും ടുറിസത്തിന് പറ്റിയ ഇടം.

വാഗമണില്‍ അഡ്വൈഞ്ചര്‍ ടൂറിസത്തിന് വലിയ സാധ്യതയാണ് തുറന്നിട്ടുള്ളത്. ഇവിടത്തെ പൈന്‍വാലി ഏറെ പ്രസിദ്ധവും സിനിമ ലൊക്കേഷനുമാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് തങ്ങാന്‍ ഇഷ്ടമുള്ള ഇടം.

 ടൂറിസ്റ്റുകളുടെ വരവിന് ഇടുക്കിയില്‍ കുറവില്ല. ഈ ഒഴുക്ക് പതിറ്റാണ്ടുകളായി തുടരുന്നു. പോയ വര്‍ഷം 72000ത്തോളം വിദേശടൂറിസ്റ്റുകളും നാല് ലക്ഷത്തോളം സ്വദേശികളും വിവിധകേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top