17 September Wednesday

അവിസ്മരണീയമായ ഉല്ലാസയാത്ര: കൌതുകമായി പുതിയ കോസ്‌വേ

സാം പൈനുംമൂട്Updated: Wednesday Jun 12, 2019
ഈദ് അൽ ഫിത്തർ സമ്മാനിച്ച അവധി ദിനങ്ങൾ ആഹ്ളാദരകരമാക്കി കുവൈറ്റ് പ്രവാസി സമൂഹം. അതിനു കാരണമായതാകട്ടെ പോയ മാസം ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഷെയ്ഖ് ജാബർ അൽ അഹമ്മദ് കോസ് വേയും.49.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി 3.63 ബില്യൻ യു.എസ് ഡോളർ ചെലവിട്ടാണ് നിർമ്മാണം പൂർത്തികരിച്ചത്. 2013 ൽ പണി ആരംഭിച്ച പദ്ധതി 2019 ൽ സമയബന്ധിതമായി പൂർത്തികരിച്ചത് കൊറിയൻ നിർമ്മാണ കമ്പനിയായ Hayundi ആണ്.
 
കുവൈറ്റ് മുൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ജാബർ അൽ അഹമ്മദിന്റെ സ്വപ്ന പദ്ധതിയായിരുന്നു പശ്ചിമേഷ്യയിലെ ഈ മെഗാ പ്രോജക്ട് !
 
കുവൈറ്റ് ഭാവി പദ്ധതിയായി രൂപകൽപ്പന ചെയതിട്ടുള്ള " സിൽക്ക് സിറ്റി " യുടെ നിർമ്മാണത്തിനായുള്ള മുന്നോടിയാണ് ഈ റോഡ് പ്രാജക്ട്.
 
സിൽക്ക് സിറ്റി എന്ന പദ്ധതി പൂർത്തികരിക്കുമ്പോൾ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി മാറും കടൽ കടന്നെത്തുന്ന ഈ സ്വപ്ന ഭൂമിക! കുവൈറ്റ് സിറ്റിയിൽ നിന്നും 100 km വേഗത്തിൽ സഞ്ചരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഈ പുതിയ വാണിജ്യകേന്ദ്രത്തിലെത്താനാകും.
 
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ സതേൺ ഐലന്റ്, നോർത്തേൺ ഐലന്റ് എന്നീ മനുഷ്യനിർമ്മിത ഭൂപ്രദേശങ്ങളും കടൽ നികത്തി നിർമ്മിക്കുന്നുണ്ട്.
 
കുവൈറ്റിലെ ഏറ്റവും ശക്തിയേറിയ പവ്വർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സുബിയ, ബുബിയാൻ ഭൂപ്രദേശങ്ങൾ വാണിജ്യകേന്ദ്രത്തോടൊപ്പം വിനോദ കേന്ദ്രവുമായി മാറുന്ന കാഴ്ച ഈ രാജ്യത്തിന്റെ പ്രൗഢി വിളിച്ചാതുന്നു.
 
ഒരു ഒഴിവു ദിവസത്തിന്റെ ആലസ്യം മറന്നു കൊണ്ട് എന്നോടപ്പം ഭാര്യ വത്സയ്ക്കും മകൾ ഡയാനക്കും ഈ അവസരം ഒരുക്കിയത് കലാ കുടുംബാംഗമായ കണ്ണൂർ സ്വദേശി  സൈലേഷ് കണ്ണോത്താണ്. കലാ കുടുംബാംഗമായ കാസർഗോഡ് സ്വദേശി മധു കൃഷ്ണയുടേതാണ് ചിത്രങ്ങൾ. കുവൈറ്റിലെ ഒരു സൂര്യാസ്തമനം ഒപ്പിയെടുത്തിരിക്കുന്നത് ചേതോഹരമാണ്. സഹധർമ്മിണി ശ്യാമയും കൊച്ചി സ്വദേശികളായ ഏലിയാസും ജീനയും ഞങ്ങളുടെ ഉല്ലാസയാത്രയെ സചേതനമാക്കി.
 
ഒറ്റപ്പെട്ട ജീവിതമാണ് പ്രവാസമെങ്കിലും മലയാളിക്ക്‌ യാത്ര രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് ! അതു കൊണ്ടു തന്നെ പുതിഭൂമികൾ തേടിയും ജീവസന്ധാരണത്തിനായും നമ്മൾ ഇനിയും യാത്ര തുടരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top