28 March Thursday

ലഖ്‌നൗ തെരുവിലെ രാത്രി...പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്തുള്ള യാത്രാനുഭവം

അർഷാദ് ബത്തേരിUpdated: Wednesday Jun 8, 2022

പുനത്തിൽ കുഞ്ഞബ്‌ദുള്ള

ഏറെ വൈകി ലഖ്‌നൗവിലെ ആമിനബാദ് തെരുവിലെത്തിച്ചേർന്നു. വൃത്തിയില്ലാത്ത ആ തെരുവിൽ കൂട്ടത്തോടെ അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ. അവർ നിർത്താതെ കുരച്ചുകൊണ്ട്‌ കലഹങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. സാധാരണ മനുഷ്യരുടെ ആ തെരുവിലൂടെ ഞങ്ങളും നടന്നു. വർഷങ്ങൾക്ക് ശേഷം ആ ആമിനബാദിൽ  തിരിച്ചെത്തിയതാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. ഞങ്ങളാവട്ടെ ആദ്യവും. നീണ്ടുകിടക്കുന്ന വരാന്തയിൽ കത്തുന്ന ബൾബുകൾക്കു ചുവട്ടിൽ ഞങ്ങളും ഇരുന്നു. വീതിയേറിയ പാത്രത്തിലേക്ക് ചപ്പാത്തിയും ആട്ടിറച്ചിക്കറിയും നിരന്നു. ഭക്ഷണത്തിന്റെ ചൂടും രുചിയും ഞങ്ങളറിഞ്ഞു....


കല്യാണങ്ങളുടെ രാത്രിയിലാണ് ഞങ്ങൾ ലഖ്നൗ തെരുവിലെത്തുന്നത്. പൊടിക്കാറ്റും ചൂടും  വീശിയടിക്കുന്ന തെരുവിനെ കല്യാണമേളക്കാരും കൂട്ടരും ഒന്നാകെ ഭരിച്ചു നീങ്ങുന്നു. വെയിലും മഴയും മാറി മാറി പതിഞ്ഞ കറുത്ത മുഖങ്ങളിൽ ആവശ്യത്തിലേറെ ചായങ്ങൾ വാരിപ്പൊത്തി, വൈവിധ്യമാർന്ന കടുംനിറങ്ങളാൽ, ഒട്ടും ഇണങ്ങാത്ത വസ്ത്രങ്ങളാൽ അവർ അലങ്കരിക്കപ്പെട്ടിരിക്കുന്നു. വാടകയ്ക്ക് വാങ്ങിയ ഒട്ടകപ്പുറത്തും, പഴക്കം പിടിച്ച വാഹനത്തിൽ ഉയരത്തിൽ കെട്ടിയുണ്ടാക്കിയ വീതിയേറിയ മരപ്പലകയിലുമാണ് അവരുടെ മുട്ടിയുരുമ്മിയുള്ള ഇരുത്തം. പരസ്പരം ചിരിച്ച്‌, കുലുങ്ങി, കുലുങ്ങിയാടി   കർഷക ഗ്രാമത്തിലെ വധൂവരന്മാർ ഞങ്ങളെ താണ്ടി കടന്നുപോകുകയാണ്. അവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ ചുറ്റിലും കെട്ടിവെച്ച നീളമേറിയ ബൾബുകളിൽ നിന്നും പ്രകാശിക്കുന്ന വെളിച്ചം അവരുടെ കറുത്ത ശരീരങ്ങളിലെ ഗിൽറ്റ് പതിച്ച വസ്ത്രങ്ങളിൽ മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു.

പുനത്തിൽ കുഞ്ഞബ്‌ദുള്ളയോടൊപ്പം അർഷാദും നൗഷാദും അജിത്‌കുമാറും

പുനത്തിൽ കുഞ്ഞബ്‌ദുള്ളയോടൊപ്പം അർഷാദും നൗഷാദും അജിത്‌കുമാറും

ഇടയ്ക്ക് നിരവധി കാറുകളുടെ പിറകിലുള്ള ഞങ്ങളുടെ കാർ അൽപമൊന്നു മുന്നോട്ട് നീങ്ങും. അപ്പോഴേക്കും മറ്റൊരു കല്യാണ കൂട്ടർ അവരുടെ ആരവങ്ങളുമായി കടന്നുവരും. ഒരേ ദിവസം തന്നെ നിരവധി കല്ല്യാണക്കാർ. ഞങ്ങളുടെ കാർ വീണ്ടും ചത്തതുപോലെ കിടക്കും. ദാരിദ്ര്യവും അതിജീവനവും ഒരേപോലെ അനുഭവിക്കുന്ന ആ മനുഷ്യർ  അവരുടെ  കല്യാണ ദിനങ്ങളെ  ആഘോഷിക്കുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കിയിരുന്നു. ലഖ്നൗ ഗ്രാമത്തിലെ  ഈ കല്ല്യാണ രാത്രിയിലോ ആൾക്കൂട്ടത്തിലോ അത്ഭുതപ്പെടാതെ കാറിന്റെ മുൻസീറ്റിൽ ചാരി ഇരിക്കുകയാണ് കുഞ്ഞിക്കാ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന വലിയ എഴുത്തുകാരൻ. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ പുനത്തിലിെക്കുറിച്ച് മുമ്പ് ഞാൻ എഴുതിയ നാല് വരി ഇവിടെ ആവർത്തിക്കുകയാണ്. അത് പറയാതെ അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ എഴുതാനാവില്ല: 

പുനത്തിൽ കുഞ്ഞബ്‌ദുള്ള

പുനത്തിൽ കുഞ്ഞബ്‌ദുള്ള

‘‘കുപ്പിക്കുള്ളിൽനിന്നും പുറത്തേക്ക് വന്ന  ഭൂതത്തിന്റെ മുന്നിൽപ്പെട്ടതുപോലെയാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കണ്ണിൽപ്പെട്ടാലുള്ള അനുഭവം. എന്തും എങ്ങനെയും പറയും. രുചിയും ഫലിതവും ചേർത്ത് ഭക്ഷണം വിളമ്പും. കാമത്തിന്റെ ഉടൽ പിഴിഞ്ഞെടുത്ത് പ്രണയത്തെക്കുറിച്ച് വാചാലനാകും. രസികനായ കുട്ടിയെപ്പോലെ കുസൃതിയൊപ്പിക്കും. പ്രതിഭയുടെ തീക്ഷ്ണതയിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നമ്മുടെ മനസിൽ കൊത്തിവെക്കും.

ഓരോ തവണയും ഓരോ ആഘോഷനിമിഷങ്ങൾ സൃഷ്ടിക്കും. അങ്ങനെ, ശരീരം പെണ്ണ് ഭക്ഷണങ്ങളുടെ വൈവിധ്യവും മദ്യത്തിലെ രസികത്തവുമെല്ലാം ചാമ്പക്കപോലുള്ള ചുണ്ടുകളിൽവെച്ച് ഫലിതങ്ങളുടെ അകമ്പടിയോടെയുള്ള തകിടം മറിയലുകളും ഉണ്ടാവും. ഉയരം കുറഞ്ഞ തന്റെ കഴുത്തിനുമുകളിലെ വണ്ണമേറിയ മുഖത്തെ ചുവന്നു തുടുക്കുന്ന കവിളുകളിൽ മിന്നിമറയുന്ന ചിരിക്കൊപ്പം ഉടലാകെ കുലുങ്ങും. നമ്മൾ ആവശ്യപ്പെടാത്ത ഒരു ലോകത്തെ പതിച്ചു നൽകി എല്ലാ നിയമങ്ങളെയും ലംഘിക്കാൻ, ജീവിതത്തെ പരിലാളിച്ചു ജീവിച്ചുതീർക്കാൻ ഈ നിഷ്കളങ്കനായ ഭൂതം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.

ഇഷ്ടത്തോടെ അരികിലേക്ക് ചെല്ലുമ്പോൾ അനിഷ്ടത്തിന്റെ മുറുമുറുപ്പുകൾ കുപ്പിച്ചില്ലുകൾപോലെ ദേഹത്തേക്ക് വാരിയെറിയും. ചിലപ്പോൾ സ്നേഹത്തിന്റെ തീവ്രമായ അണച്ചുപിടിക്കലോടെ ആഡംബരമായി അരികിൽ നിർത്തുകയും ചെയ്യും. ആയതിനാൽ ഇഷ്ടത്തോടെയും ഭയത്തോടെയും മാത്രമേ ആ എഴുത്തുകാരന്റെ മുന്നിൽ നിൽക്കാൻ കഴിഞ്ഞിട്ടുള്ളു.’’ ഇതാണ് എന്റെ ഉള്ളിലെ പുനത്തിൽ കുഞ്ഞബ്ദുള്ള. ആ മനുഷ്യനോടൊപ്പമുള്ള യാത്രയ്ക്കിടയിൽ എന്തെല്ലാം സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ല. ഒന്നും ഉരിയാടാതെ ശാന്തമായി ഇരിക്കുന്ന പുനത്തിലിനേയും തിരക്കേറിയ തെരുവിനേയും ഞാൻ മാറി മാറി നോക്കി.

ലഖ്നൗ തെരുവിൽ കല്ല്യാണക്കാരുടെ നാടോടിപ്പാട്ടുകൾ മുറുകുന്നു. ഭാഷയ്ക്ക് അപ്പുറം അതിന്റെ താളം ഞങ്ങളുടെ ഹൃദയങ്ങളെ രസകരമായി പിടികൂടുന്നു. കാറിന്റെ ഇരുവശങ്ങളിലൂടെയും ഇരച്ചു കയറുന്ന ഗ്രാമീണർ തുള്ളിയാടി നീങ്ങുമ്പോഴും ഒരു വാഹനത്തെയും തൊടുകയോ, കൈവച്ചു ആഞ്ഞടിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ജീവിതത്തിന്റെ പാതിയും പൊള്ളും വെയിലിൽ പണിയെടുത്ത് ഉരുകി വരണ്ട ഗ്രാമീണരുടെ പരന്ന ശരീരങ്ങൾ നാടോടി പാട്ടുകൾക്കൊപ്പം മറ്റെല്ലാം മറന്ന് ആഹ്ലാദിക്കുന്നത് കല്ല്യാണ ദിവസങ്ങളിലാണെന്ന് തോന്നിപോകും. വധൂവരൻമാരെക്കാൾ പ്രകാശം ആ ഗ്രാമീണരുടെ മുഖത്ത് കാണാം.  വിയർത്തും കിതച്ചും അവർ തെരുവിനെ കല്ല്യാണങ്ങളുടെ പറുദീസയാക്കുകയാണ്. ഇത്രയും കല്ല്യാണങ്ങൾ ഒരുമിച്ച് നടക്കുന്നത് ആദ്യമായി കാണുകയാണ് ഞങ്ങൾ.

വളരെ നേരത്തിനുശേഷം വഴി ഒഴിഞ്ഞുകിട്ടി. ഏറെ വൈകി ലഖ്നൗവിലെ ആമിനബാദ് തെരുവിലെത്തിച്ചേർന്നു. വൃത്തിയില്ലാത്ത ആ തെരുവിൽ കൂട്ടത്തോടെ അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ. അവ നിർത്താതെ കുരച്ചുകൊണ്ട്‌ കലഹങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. സാധാരണ മനുഷ്യരുടെ ആ തെരുവിലൂടെ ഞങ്ങളും നടന്നു. ദൂരെ, ചില ദിക്കുകളിൽ നിന്ന് നായ്ക്കളുടെ ഓരിയിടൽ കേട്ടു. വർഷങ്ങൾക്ക് ശേഷം ആ തെരുവിൽ തിരിച്ചെത്തിയതാണ് പുനത്തിൽ. ഞങ്ങളാവട്ടെ ആദ്യവും. നീണ്ട് കിടക്കുന്ന വരാന്തയിൽ കത്തുന്ന ബൾബുകൾക്കു ചുവട്ടിൽ ഞങ്ങളും ഇരുന്നു. വീതിയേറിയ പാത്രത്തിലേക്ക് ചപ്പാത്തിയും ആട്ടിറച്ചിക്കറിയും നിരന്നു.

ഭക്ഷണത്തിന്റെ ചൂടും രുചിയും ഞങ്ങളറിഞ്ഞു. തലയുടെ തൊട്ടുമുകളിൽ തൂങ്ങിക്കിടക്കുന്ന വലിയ ബൾബുകളിൽനിന്നും ചൊരിയുന്ന ചൂടേറിയ വെളിച്ചം തട്ടി ഞങ്ങൾ വിയർക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്തോറും വിയർപ്പ് പെരുകി. മനുഷ്യരെ കൂട്ടത്തോടെ പുഴുങ്ങിയെടുക്കാൻ തക്ക വണ്ണമുള്ള ചെമ്പുകളിൽ നിന്നും ആട്ടിറച്ചിയുടെ ഗന്ധം ഒഴുകിയെത്തി.. ഏറ്റവും പുതിയ രുചി ആവോളം അകത്താക്കി പുനത്തിൽ  മറ്റൊന്നിലേക്കും  ശ്രദ്ധിക്കാതെ പാത്രത്തിലെ ആട്ടിറച്ചിക്കറി  വടിച്ചെടുത്തു. കാലങ്ങൾക്കു ശേഷം മടങ്ങിയെത്തിയ   ഇടത്തെ ഓർമകളെ കൂടി ചേർത്ത്  രുചിയെ ഒന്നാകെ ആവാഹിക്കുന്ന ഒരു തീറ്റ.

അർഷാദ്‌ ബത്തേരിയും പുനത്തിലും

അർഷാദ്‌ ബത്തേരിയും പുനത്തിലും

രാത്രിയിൽ ലഖ്‌നൗ തെരുവിലേക്കിറങ്ങി. പഴക്കവും ചരിത്രവും ഒരുപോലെ പരന്നു കിടക്കുന്ന പുരാതന കെട്ടിടങ്ങൾ മരവിച്ചു  നിൽക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ചുമരുകളിൽ കീറിപ്പറിഞ്ഞ പോസ്റ്ററുകൾ തൂങ്ങിക്കിടന്നു. ഹാൻസിന്റെയും പാൻപരാഗിന്റെയും ഒഴിഞ്ഞ കവറുകൾ എല്ലായിടത്തും ചവറുകളായി കിടക്കുന്നു. മുറുക്കിത്തുപ്പിയതിന്റെ ഉണങ്ങിയ പാടുകൾ പറ്റിപ്പിടിച്ചു കിടക്കാത്ത ഒരിടംപോലുമില്ല. ഓരോ ഇടങ്ങൾക്കുമുണ്ട് ഓരോ ചരിത്രം. ബാബർ ചക്രവർത്തിയാൽ പിടിച്ചടക്കപ്പെട്ട ശേഷമാണ് ഈ നഗരം ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1528 കാലഘട്ടത്തിൽ നിന്ന് 1775 അക്ബറിന്റെ ഭരണത്തോടെ ലഖ്നോ മൊത്തം ദേശത്തിന്റെ തലസ്ഥാനമായി. നവാബ്മാരുടെ ഭരണകാലത്ത് ലഖ്നൗ കലയുടെയും സാംസ്കാരിക കൂട്ടായ്മയുടെയും ഇടമായിരുന്നു. ആ മണ്ണിലാണ് ഞങ്ങൾ ഇരിക്കുന്നത്. എന്നാലും രാജാക്കന്മാർ വാണ ദേശം തീർച്ചയായും അനേകം സാധുക്കളും നിരപരാധികളും പോരാളികളും നിസ്സഹായരും കൊല്ലപ്പെട്ട ഇടമായിരിക്കുമല്ലോ എന്ന് എന്റെ മനസ്സു പറഞ്ഞു.

അതിനിടയിൽ ഞങ്ങൾ നടക്കുന്ന വഴികളെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്ന് ആഹ്ലാദഭരിതമായി ജീവിച്ച കാലത്തെക്കുറിച്ചും പ്രണയവും സ്വപ്നങ്ങളും രാജകീയ പകിട്ടോടെ തന്നെ ആനന്ദിപ്പിച്ചതിനെക്കുറിച്ചും പുനത്തിൽ   വാചാലനായി. അത്രയുംനേരം കൂടെയുണ്ടായിരുന്ന പുനത്തിലായിരുന്നില്ല അത്.ഓർമയുടെ നൊമ്പരഭാരങ്ങളോ പിന്നിട്ട കാലത്തിന്റെ ചരിത്രമോ മറ്റൊരു ഭാവത്തിലേക്കും അവസ്ഥയിലേക്കും മാറ്റിയ മറ്റൊരാൾ. ഞങ്ങളുടെ മുന്നിലൂടെ പോകുന്ന ആ ഉയരം കുറഞ്ഞ മനുഷ്യന്റെ കാലുകൾ തെന്നുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയത്തിന്റെ താളങ്ങൾക്ക് അപാരമായൊരു ചലനം സംഭവിക്കുന്നുണ്ടെന്നു തോന്നി. ലഖ്നൗ നഗരവും ഗ്രാമവും അദ്ദേഹത്തിന്റെ ഹൃദയവുമായി എത്രമാത്രം ഇഴുകി ചേർന്നു കിടപ്പുണ്ടെന്നു തെളിയുന്ന ദൃശ്യം. ഒരുപക്ഷേ ഓർമകൾ അദ്ദേഹത്തെ വരിഞ്ഞു മുറുക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്‌തിട്ടുണ്ടാവും.

വഴികളെല്ലാം പുനത്തിലിന് വളരെ പരിചിതം. ലഖ്നൗ ഭാഷയുടെ കൂട്ടക്കലമ്പലുകൾ കാതുകളിലേക്ക് ഇരച്ചു കയറി. കൂട്ടത്തിൽ നിന്ന് അല്പം വേഗത്തിൽ മുന്നോട്ട് നടന്നുപോകുന്ന പുനത്തിലിനെ നോക്കി നിന്നു. ഞാൻ നടത്തം നിർത്തി മനഃപ്പൂർവം പുറകിലായി. കൈകൾ രണ്ടും കുടഞ്ഞു ഉടൽ കുലുക്കി ഇടയ്ക്കിടെ തല കുടഞ്ഞുള്ള നടത്തം. താൻ ജീവിച്ചു രസിച്ച കാലത്തിന്റെ പൊട്ടും പൊടിയും ആമിനബാദ് തെരുവിൽ നിന്നും പെറുക്കിയെടുക്കുന്ന ഒരു  ഒഴുകലായിരുന്നു പുനത്തിലിന്റെ ആ ചലനം. അതൊരു കാഴ്ചയായിരുന്നു. ജീവിതവും പ്രതിഭയും തമ്മിൽ മത്സരിക്കുന്നതിന്റെ ഇടനിലക്കാരനായി നിൽക്കുന്ന മനുഷ്യന്റെ നടത്തം. ആ  തെരുവും രാത്രിയും ആളൊഴിഞ്ഞ ദിക്കുകളും കുഞ്ഞബ്ദുള്ളയെ ചേർത്തുപിടിക്കുന്നു. അത്രമേൽ ഇഴുകിചേരുന്നതായിരുന്നു ഓരോ നീക്കവും. ആ മനുഷ്യന്റെ  നടത്തത്തിൽ ആരെയോ വേദനയോടെ തിരയുന്നത് പോലെ തോന്നി.

എഴുത്തുകാരനായ പുനത്തിലിനെ സ്വയം കൈവിട്ട് പച്ച മനുഷ്യനായ കുഞ്ഞബ്ദുള്ളയെ കാണുകയായിരുന്നു ഞങ്ങൾ. കഥയെക്കാൾ വലിയ യാഥാർഥ്യം ചുമന്നുള്ള നടത്തം കാണെ ഞാൻ പുനത്തിലിന്റെ അടുത്തേക്ക് ഓടിയടുത്തു. ഉള്ളിൽ ഊറിക്കൂടിയ ചില ചോദ്യങ്ങൾ ചോദിക്കാൻ നാവ് പിടഞ്ഞു. അലിഗഢിനും ലഖ്നൗവിലും ഇടയിലെ മിക്ക ദേശങ്ങളിലൂടെയും ഒരു കാലത്ത് നിരവധി സഞ്ചരിച്ച ആ മനുഷ്യനെ ഏതോ ഓർമയോ അനുഭവമോ വീണ്ടും ആഞ്ഞു പിടിക്കുന്നതുപോലെ എനിക്ക് തോന്നി. മൈലാട്ടംപോലെ ആടി തീർത്ത ജീവിതത്തിന്റെ ഒരു തുണ്ടു ഇടം‐  തന്റെ ഉള്ളിൽ അവശേഷിക്കുന്ന ലഖ്‌നൗ ദേശത്തെ അദ്ദേഹം നെഞ്ചിലേക്ക് അടുപ്പിക്കുകയാണ്.

വാചാലതയിൽ ആവേശം കൊള്ളുന്ന കുഞ്ഞബ്ദുള്ള പെട്ടന്നങ്ങ് നിശ്ശബ്ദനായി. തീക്ഷ്ണമായ എന്തോ പറയാൻ തുനിഞ്ഞ ആ മനുഷ്യന്റെ നിശ്ശബ്ദതയ്ക്ക് കുറച്ച് നേരത്തേയ്ക്ക്‌ വല്ലാത്ത ഭാരമുണ്ടായിരുന്നു. ആ വെളുത്ത് തുടുത്ത മുഖത്ത് ഒരു നീറ്റൽ പടരുന്നത് കണ്ടു. നിശ്ശബ്ദതയെ മുറിച്ചിടാൻ കുഞ്ഞബ്ദുള്ള ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

''വേദനിപ്പിക്കപ്പെട്ട ഇടത്തേക്ക് വീണ്ടും പോകാനാണോ അതോ സന്തോഷം തന്ന ഇടത്തേക്ക് പോകാനാണോ കുഞ്ഞിക്ക നിങ്ങൾക്കിഷ്ടം'' ‐ ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു. എന്റെ ഉള്ളിൽ പേടിയുടെ ചൂട് പൊങ്ങി വരുന്നത് ഞാനറിഞ്ഞു. കുറച്ചു നേരത്തേക്ക് ഒരു ഉത്തരവും തന്നില്ല. താമസിക്കുന്ന ഹോട്ടലിന്റെ മുന്നിൽ ഇറങ്ങിയ നേരത്ത് എന്റെ മുഖത്തേക്ക് ഒരു നോട്ടം തന്നു. ചുവന്നു തടിച്ച മനോഹരമായ ചുണ്ടിൽ നേരിയ ചിരി പൊടിയുന്നത് കണ്ടു. എനിക്ക് ആശ്വാസമായി.

''നീ ചോദിച്ച രണ്ട് സ്ഥലത്തേക്കും ഒരു എഴുത്തുകാരൻ പോകുന്നത് നല്ലതാണ്. അല്ലാത്തൊരാൾ പോകുന്നത് നല്ലതല്ല. എന്നാലും ചിലപ്പോൾ നമ്മൾ വീണ്ടും എത്തിപ്പെട്ടുപോവും. ഞാൻ എഴുതുമ്പോൾ മാത്രമാണ് എഴുത്തുകാരൻ. അതുകൊണ്ട് എപ്പോഴും പുതിയ ഇടങ്ങൾ തേടും'' ‐പുനത്തിൽ മുന്നോട്ടു നടന്നു. ശരിയാണ്, പുനത്തിൽകുഞ്ഞബ്ദുള്ള എഴുതുമ്പോൾ മാത്രമാണ് എഴുത്തുകാരൻ. എഴുതിയ പുസ്തകത്തിന്റെ പുറകെ അദ്ദേഹം  പോകാറുണ്ടായിരുന്നില്ല. അത്തരം ഒരു വേവലാതിയും അദ്ദേഹത്തെ പിടികൂടിയിരുന്നില്ല. നല്ല മനുഷ്യനായി ഒരിക്കലും അഭിനയിച്ചിരുന്നില്ല. അകത്തും പുറത്തും ഒന്നായിരുന്നു.

എം മുകുന്ദൻ

എം മുകുന്ദൻ

നമുക്ക് വേണമെങ്കിൽ ഇഷ്ടപെട്ടാൽ മതിയെന്ന ഒരു കൊടി നിർഭയത്തോടെ ഉയർത്തിപ്പിടിച്ചിരുന്നു. തന്റെ തലമുറയിൽപ്പെട്ട മലയാളത്തിലെ വലിയ എഴുത്തുകാരനായ എം മുകുന്ദൻ പുനത്തിലിനെ  കുറിച്ച് പറഞ്ഞത് ഇപ്പോൾ ഓർത്തു പോകുന്നു:

''മറ്റു പലരും അവരുടെ കൈയിലെ ഇത്തിരി പ്രതിഭ കൊണ്ട് അധ്വാനത്തിലൂടെയും പ്ലാനിങിലൂടെയും ചിലപ്പോൾ കൗശലത്തോടെയും വലിയ നേട്ടങ്ങൾ കൊയ്തെടുത്തു. ഒരു മഹാപ്രതിഭയാണെങ്കിലും പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക്‌ അത് ഒന്നും അറിയില്ലായിരുന്നു''. അതെ, പുനത്തിലിന്‌  അത്തരം കാര്യങ്ങളിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. ഈ യാത്രയിൽ നിന്നും കൂടുതലായി അദ്ദേഹത്തെ മനസ്സിലാക്കുകയായിരുന്നു ഞങ്ങൾ.

ലഖ്‌നൗവിലെ രണ്ടാം ദിവസത്തെ പകൽ ‐ മുറിയിലേക്ക് നാൽപത് വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ചു പഠിച്ച ഡോ. കൃഷ്ണകുമാർ മാത്തൂർ എന്ന സുഹൃത്ത് കടന്നുവന്നു. അദ്ദേഹം കുഞ്ഞബ്ദുള്ളയെ ചേർത്തു പിടിച്ചു. ഇരുവരും ഉച്ചത്തിൽ സംസാരിച്ചു. അവരുടെ കണ്ണുകളിൽ നഷ്ടപ്പെട്ട കാലങ്ങളുടെ ഊഷ്മള ചിത്രങ്ങൾ തെളിഞ്ഞു. താൻ ജോലി ചെയ്യുന്ന ലഖ്നൗവിലെ ഹോസ്പിറ്റലിലെ മലയാളി നഴ്സുമാരോട് പുനത്തിൽകുഞ്ഞബ്ദുള്ളയെ അറിയുമോ എന്നു ചോദിക്കുമ്പോൾ അറിയാം പ്രസിദ്ധനായ എഴുത്തുകാരനാണെന്ന് അവർ പറയുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കാറുണ്ടെന്നും മാത്തൂർ പറഞ്ഞു. എഴുത്തുകാരനായ  സുഹൃത്തിനെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ലായെന്നും അത്രയ്ക്ക് ഞങ്ങളെയൊക്കെ രസിപ്പിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു മാത്തൂർ കൂട്ടിച്ചേർത്തു.

അത് കേൾക്കുന്ന നേരം പുനത്തിൽ മാത്തൂരിനെ കൂടുതൽ ഇഷ്ടത്തോടെ ചേർത്തു പിടിച്ചു. കൂട്ടത്തിൽ ഹിന്ദി നന്നായി അറിയുന്ന സ്നേഹിതൻ അജിത്ത്കുമാർ ഞങ്ങൾക്കത് ആവേശത്തോടെ പറഞ്ഞു തന്നു.
 ഞങ്ങൾ മാത്തൂരിനൊപ്പം പുറത്തേക്കിറങ്ങി. പഴമയുടെ ആഢ്യത്തം പൊതിഞ്ഞ് നമ്മെ വശീകരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ ചരിത്രത്തെയും സംസ്കാരത്തെയും വിളിച്ചറിയിക്കുന്നു. ഭൂതകാലം കുഴിച്ചിട്ട മനുഷ്യ ജീവിതത്തെക്കുറിച്ച് മാത്തൂർ വാചലമാകുമ്പോൾ പുനത്തിൽ ഞങ്ങൾക്കായി അതെല്ലാം മലയാളീകരിച്ചു.  പുരാണ ലഖ്നൗ ചൗക്കിലൂടെ കുതിരവണ്ടിയിൽ സഞ്ചരിക്കവെ പഴയ വസ്ത്രങ്ങൾ വിൽക്കുന്നവർ നിരന്നുനിൽക്കുന്നു.

ലഖ്‌നൗ തെരുവ്‌

ലഖ്‌നൗ തെരുവ്‌

അവരുടെ  മുഖത്തെ പഴമയേറിയ ഭാവങ്ങൾ നരച്ചതായിരുന്നു. പുതുമോടിയുള്ള വസ്ത്രങ്ങളേക്കാൾ   ഉപയോഗിക്കപ്പെട്ടതാണ്‌ അവർ  വിൽക്കുന്നത്‌. വസ്ത്രങ്ങളുടെ നിറംപോലെ തന്നെ ആ തെരുവും മങ്ങിക്കിടന്നു. ടൂറിസ്റ്റുകളെ വലിച്ചടുപ്പിക്കാനായി പുതു നിറം പൂശിയ വലിയ  കൊട്ടാരങ്ങളും പള്ളികളും ഒഴികെ ബാക്കിയെല്ലാം ഒരേ അവസ്ഥ പേറുന്ന ഭാവം. നവാസ് സാദത്ത് അലി ഖാൻ മഖ്റയുടെ അരികിൽ പുനത്തിൽ ആ നഗരത്തെക്കുറിച്ച് വാചാലനായി.

നാൽപതോളം വർഷമായി ചായപ്പീടിക നടത്തുന്ന ഫയാദ് അലി എന്ന മനുഷ്യന്റെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. ചരിത്രത്തിന്റെ പൊട്ടുകൾ മാത്രം അവശേഷിക്കുന്ന ഒരു ദേശം പോലെ ഉണങ്ങി വരണ്ട ആ മുഖം ലഖ്നൗവിന്റെ മൊത്തം ചിത്രമായിരുന്നുവോ? ഉത്തർപ്രദേശിലെ ഏറ്റവും ജനത്തിരക്കേറിയ ലഖ്നൗ നഗരത്തിലേക്ക് ക്രമേണ ഞങ്ങളും ലയിച്ചു.പുലർച്ചയിൽ ലഖ്നൗ നഗരത്തെ പിൻതള്ളി യു പി ഗ്രാമങ്ങളിലെ കടുകുപാടവും കടന്ന് അലിഗഢ് യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു.

അലിഗഢ്‌ സർവകലാശാല

അലിഗഢ്‌ സർവകലാശാല

അവിടെ വെച്ചാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ    ‘അലിഗഢ് കഥകളു’ടെ പ്രകാശനം. മെലിഞ്ഞ പച്ച ഉടലുകൾക്കു മീതെ മഞ്ഞ നിറഞ്ഞു തിങ്ങി കിടക്കുന്ന കടുക് പാടങ്ങൾക്ക് അരികിലൂടെ നീങ്ങുന്ന യാത്രക്കിടയിൽ ഇടയ്ക്കിടെ പുനത്തിൽ  തന്റെ അലിഗഢ് കാലത്തിലേക്ക്‌ മടങ്ങിപ്പോയി. ''എഴുത്തിന്റെ ലഹരി തലച്ചോറിൽ തിങ്ങി നിറഞ്ഞപ്പോൾ പഠനത്തിൽ മുന്നേറി ജോലിയിലേക്ക് എത്തിച്ചേർന്നൊരു ജീവിതം നയിക്കാൻ ഞാൻ സ്വപ്നം കണ്ടിരുന്നില്ല. എഴുത്തുകാരനായി ജീവിച്ചു മരിക്കണമെന്നുമാണ് ആഗ്രഹിച്ചിരുന്നത്''‐ അത്രയും പറഞ്ഞ് പുനത്തിൽ എന്തോ ആലോചിക്കുന്നത് പോലെ ഇരുന്നു.

മാതൃഭൂമിയിൽ ചെന്ന്  മലയാളത്തിന്റെ എക്കാലത്തെയും വലിയ എഴുത്തുകാരനും പത്രാധിപരുമായ എം ടി വാസുദേവൻ നായരുടെ മുന്നിൽ ചെന്നു നിന്ന ചിത്രം ഞങ്ങൾക്കായി വിവരിച്ചു. എഴുതാനുള്ളത്  എപ്പോൾ വേണമെങ്കിലും എഴുതാമെന്നും  ഇപ്പോൾ പഠനം പൂർത്തിയാക്കൂ എന്ന ഉപദേശത്തെ മുറുകെ പിടിച്ചു. പുറത്തേക്കിറങ്ങി. പുനത്തിൽ തുടർന്നു...

എം ടി വാസുദേവൻ നായർ

എം ടി വാസുദേവൻ നായർ

''അതൊരു തീരുമാനമായിരുന്നു. പിന്നിടൊരിക്കലും എഴുത്തിൽ നിന്ന് എനിക്ക് മറ്റൊന്നിലേക്കും പോകേണ്ടി വന്നില്ല''‐ എം ടി വാസുദേവൻ നായരുമായിട്ടുള്ള സ്നേഹസൗഹൃദത്തിന്റെ ഭൂമിക ഏറ്റവും വിലപ്പെട്ട ഒന്നാണെന്ന് ആവർത്തിച്ചു പറഞ്ഞു.  മലയാളിയുടെ പ്രിയ  എഴുത്തുകാരൻ തന്റെ ദീർഘമായ എഴുത്തുകാലത്തെ വളരെ കുറച്ചു വാക്കുകളിലൊതുക്കി. തുടർന്നു കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു.

പക്ഷെ, തന്റെ എഴുത്തിനെക്കുറിച്ചോ, സാഹിത്യ പ്രയാണത്തെ കുറിച്ചോ ആരാധകരുടെ സ്നേഹപ്രകടനത്തെക്കുറിച്ചോ കൂടുതലായി വാചാലനാവാൻ അദ്ദേഹം തയ്യാറായില്ല.

നീണ്ടുകിടക്കുന്ന യു പിയുടെ സരൂള ഗ്രാമത്തിൽ ഉരുളക്കിഴങ്ങ് പറിച്ചു കൂട്ടുന്ന തൊഴിലാളികൾക്കിടയിലേക്ക് ഞങ്ങൾ ചെന്നു.മണ്ണിന്റെ നിറമുള്ള കർഷക തൊഴിലാളികൾ ‐ അവരുടെ നീളൻ കൈകളിലെ വിരലുകൾ മൺപുറ്റുകളാണെന്നു തോന്നിപ്പോകും. നരച്ച ആകാശത്തിന് കീഴെ നോട്ടമെത്താത്ത അത്രയും വലുപ്പത്തിൽ കിടക്കുന്ന ഉരുള കിഴങ്ങ് പാടത്തിനടുത്തെങ്ങും വീടുകളോ അങ്ങാടിയോ ഇല്ല; ആശുപത്രിയോ സ്കൂളുകളോ കാണാനില്ല. കൃഷിയിടങ്ങളിലേക്ക് വളം കയറ്റിപ്പോകുന്ന വൻ ലോറികൾ   പായുന്ന പൊള്ളികിടക്കുന്ന പാത. ആ ലോറിക്കാർക്കും കർഷകർക്കുമായുള്ള ചെറിയ കടകൾ നടത്തുന്ന വൃദ്ധൻമാർ. കാറ്റിൽ റോഡിലെ പൊടികൾ മുഴുവനും ചായക്കടയിലേക്ക് പാറി വരുന്നു.

ലഖ്‌നൗവിലേക്കുള്ള വഴിമധ്യേ പുനത്തിൽ കുഞ്ഞബ്‌ദുള്ള

ലഖ്‌നൗവിലേക്കുള്ള വഴിമധ്യേ പുനത്തിൽ കുഞ്ഞബ്‌ദുള്ള

 

ഉണങ്ങിയ വയൽപ്പൊടി ശരീരത്തിൽ ആകെ പുരണ്ട കുട്ടികൾ ചെറുകൊട്ടയിൽ ഉഴുതുമറിച്ചിട്ട ഉരുള കിഴങ്ങുകൾ മണ്ണടർത്തി പെറുക്കിയിട്ട് അച്ഛനെയും അമ്മയെയും സഹായിക്കുന്നു. വലിയ സ്വപ്നങ്ങളിലേക്കൊന്നും ചിറക് വിരിക്കാൻ മുതിരാതെ മണ്ണിലും വെയിലിലും പൊരിഞ്ഞു വളരുന്ന ആ കുട്ടികളുടെ കീറി തൂങ്ങിയ ഉടുപ്പുകളിലുണ്ട് സരൂള ഗ്രാമത്തിന്റെ ജീവിത ചിത്രം. കുഞ്ഞു കുഞ്ഞു കൊട്ടകളിൽ ഉരുളക്കിഴങ്ങ് പെറുക്കിയിട്ട്  അവരുടെ ജീവിതത്തിന്റെ ദിനങ്ങൾ അങ്ങനെ ആരംഭിക്കുകയും മറ്റൊന്നും ചെയ്യാനില്ലാതെ അവസാനിക്കുകയും ചെയ്യുന്നു.

ദൈന്യതയുടെ ഭാരം ചുമന്ന് ഉഴറിവീണു പിടയാതെ മണ്ണിൽ കുളിച്ച് ഉരുളക്കിഴങ്ങ് മാന്തിക്കൊണ്ടിരിക്കുമ്പോഴും കളിമൈതാനത്തിലെന്നപോലെ ആ കുട്ടികൾ കളിച്ചു തിമിർത്തു അതിജീവിക്കുന്ന കാഴ്ച കുറെ നേരം നോക്കി നിന്നു. അവരുടെ ഒട്ടിക്കിടക്കുന്ന കറുത്ത വയറുകളിൽ കൈവച്ചു ഉച്ചത്തിൽ എന്തോ വിളിച്ചു പറഞ്ഞു തുള്ളുകയും ഇടയ്ക്ക് കുനിഞ്ഞിരുന്ന്‌ ഉരുളക്കിഴങ്ങ് എടുത്ത് കൊട്ടയിലേക്ക് വെയ്ക്കുകയും ചെയ്യുന്നതിനിടയിൽ ഞങ്ങളെ നോക്കി ചിരിച്ചു. വെളിച്ചം മങ്ങുന്ന വൈകുന്നേരം ഓരോ ഉരുളക്കിഴങ്ങും കൈകളിൽ പിടിച്ചു ഞങ്ങൾ ആ ഉരുളക്കിഴങ്ങ് പാടത്തു നിന്നു തിരിച്ചു നടന്നു.

അലിഗഢ് ക്യാംപസിന്റെ മുറ്റത്ത് എത്തിയതും പുനത്തിൽ കുഞ്ഞബ്ദുള്ള വിദ്യാർഥിയെപ്പോലെ പറന്നു നടന്നു. ഏറെ കാലത്തിനു ശേഷം കാണുന്ന എഴുത്തുകാരനും അധ്യാപകനുമായ നുജും മാഷടക്കമുള്ള അധ്യാപകരും വിദ്യാർഥികളും പുനത്തിലിനെ സ്നേഹത്തോടെ ആനയിച്ചു. ക്യാംപസിന്റെ ഓരോ ദിക്കിനെക്കുറിച്ചും തുരു തുരാ പറയാൻ അദ്ദേഹത്തിന്‌ കഥകൾ ഏറെ.

അലിഗഢ് ക്യാംപസിന്റെ മുറ്റത്ത് എത്തിയതും പുനത്തിൽ  വിദ്യാർഥിയെപ്പോലെ പറന്നു നടന്നു. ഏറെ കാലത്തിനു ശേഷം കാണുന്ന എഴുത്തുകാരനും അധ്യാപകനുമായ നുജും  അടക്കമുള്ള അധ്യാപകരും വിദ്യാർഥികളും പുനത്തിലിനെ സ്നേഹത്തോടെ ആനയിച്ചു. ക്യാംപസിന്റെ ഓരോ ദിക്കിനെക്കുറിച്ചും തുരുതുരാ പറയാൻ അദ്ദേഹത്തിന്‌  കഥകൾ ഏറെ. ഓരോ കഥയിലുമുണ്ട് ഓരോ തമാശകൾ. യാഥാർഥ്യത്തിന് നേരെ ഫലിതം കൊണ്ടുള്ള ഒരു ഉന്നം പിടിക്കൽ പുനത്തിലിന്റെ സംസാരത്തിൽ നിറഞ്ഞു  . ഞങ്ങളതെല്ലാം അത്ഭുതത്തോടെ കേട്ടു. വർഷങ്ങൾക്ക് മുമ്പ് പഠിച്ചുപോയ വിദ്യാർഥി തന്റെ പ്രതിഭ കൊണ്ടും ഉത്സാഹത്താലും  വലിയ എഴുത്തുകാരനായി തീരുന്നു.

അർഷാദ്‌ ബത്തേരി യാത്രക്കിടെ....

അർഷാദ്‌ ബത്തേരി യാത്രക്കിടെ....

തന്റെ ഭാഷയിൽ എഴുതിയ കഥകൾ അതും അലിഗഢ് എന്ന ദേശത്തിന്റെ പേരിലുള്ള സമാഹാരം അതേ കോളേജിൽവെച്ച് പ്രകാശനം ചെയ്യുന്നു. ഇത്തരമൊരു പുസ്തകം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, അലിഗഢിലേക്കും ലഖ്നൗവിലേക്കുമായി വീണ്ടുമൊരു യാത്ര ചെയ്യുമായിരുന്നില്ല.

നേരത്തെ പറഞ്ഞതുപോലെ കുഞ്ഞബ്ദുള്ള പുതിയ ഇടങ്ങൾ തേടി പോവുമായിരുന്നു. അലിഗഢ് പ്രമേയമായി വന്ന ആ കഥകൾ ഇങ്ങനെയൊരു പുസ്തകമാകുമെന്നോ ഇവിടെ വെച്ച് പ്രകാശിപ്പിക്കപ്പെടുമെന്നോ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ആ വേദിയിൽ സംസാരിക്കാൻ അധ്യാപകർ എന്നെയും നിർബന്ധിച്ചു. ഞാനത് പ്രതീക്ഷിച്ചതല്ല. ഒഴിഞ്ഞു മാറുകയും ചെയ്തു. പക്ഷേ പിന്നീട് ഇരിക്കേണ്ടി വന്നു. പുനത്തിൽ   പ്രസംഗിക്കാൻ തുടങ്ങി. ആ പ്രസംഗം ഏതാണ്ട് ഇങ്ങനെയാണ്:

'പ്രിയപ്പെട്ട അധ്യാപകരെ, വിദ്യാർഥി സുഹൃത്തുക്കളെ, വളരെ കാലത്തിന് ശേഷമാണ് ഞാനിവിടെ വരുന്നത്. നിങ്ങളെപ്പോലെ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഞാനാദ്യം വന്നത്. അന്ന് നിങ്ങൾ ഇന്നനുഭവിക്കുന്ന സുഖങ്ങളോ സൗകര്യങ്ങളോ എനിക്ക് കിട്ടിയിരുന്നില്ല. വലിയ തറവാട്ടിൽ ജനിച്ച ഒരാളാണ് ഞാൻ. പണമുള്ള വീട്. എവിടെ വേണമെങ്കിലും പോയി പഠിക്കാനുള്ള ശേഷിയുള്ള കുടുംബം.

അങ്ങനെ ഞാനിവിടെയെത്തി. എനിക്ക് ഇപ്പോൾ എന്റെ ബാപ്പയെ ഓർമ വരുന്നു. അവധി കഴിഞ്ഞ് നാട്ടിൽനിന്നും വരുമ്പോൾ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളെല്ലാം ബാപ്പ കെട്ടിപ്പൊതിഞ്ഞ് ബാഗിലാക്കും. തേങ്ങയെല്ലാം കൂട്ടത്തിൽ വെക്കും. റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കൈയിൽ പിടിക്കാൻ പണം ചുരുട്ടി കീശയിൽ ഇട്ടുതരും.

ബാപ്പയുടെ ആ സ്നേഹം എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചിരുന്നു. നല്ല ഭക്ഷണമേ കഴിക്കാവൂ എന്ന് ആവർത്തിച്ചു പറയും. നാട്ടിൽ നിന്ന് എനിക്ക് ഇവിടെ വന്ന് പാകം ചെയ്യാനായി തരുന്ന സാധനങ്ങൾ ഞാനെന്റെ സുഹൃത്തുക്കൾക്ക് പങ്കുവെക്കും. തേങ്ങയെല്ലാം എല്ലാവർക്കും കൊടുക്കും. ബാപ്പയുടെ ആ കരുതലാണ് എന്നെ ഇവിടെ പിടിച്ചു നിർത്താൻ സഹായിച്ചത്. അത്രയ്ക്ക് സ്നേഹമായിരുന്നു...'

ഇത്രയും പറഞ്ഞപ്പോഴേക്കും പുനത്തിൽ കരഞ്ഞു. ബാപ്പയെ ഓർത്ത്, നഷ്ടപ്പെട്ട കാലത്തെ ഓർത്ത് ഒരു കുഞ്ഞിനെപ്പോലെ   അദ്ദേഹം തേങ്ങിത്തേങ്ങി കരഞ്ഞു  . അടുത്ത ഊഴം എന്റേതായിരുന്നു. വളരെ കുറച്ച് വാക്കുകളിൽ ഞാൻ പ്രസംഗം അവസാനിപ്പിച്ചു. പിന്നീട് സംസാരിക്കാൻ വന്നത് അലിഗഢിലെ വിദ്യാർഥിയായിരുന്നു.   ഇടയ്ക്ക് മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ 'ചുരം കയറുകയാണ് ഇറങ്ങുകയാണ്' എന്നതിനെ അവനൊന്നു പ്രശംസിച്ചു. അവർ ഹോസ്റ്റൽ മുറിയിൽ കൂടിയിരുന്ന് മാറി മാറി വായിച്ച് ആസ്വദിച്ച ഒന്നായിരുന്നു അതെന്നു പറഞ്ഞു. ചടങ്ങ് കഴിഞ്ഞു. ഞങ്ങൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങി.

പുറത്തേക്കിറങ്ങിയ എന്റെ തോളിൽ കൈവെച്ച് പുനത്തിൽ പറഞ്ഞു. നിന്റെ ഈ പ്രായത്തിൽ എനിക്കൊന്നും ഇങ്ങനെയൊരു വേദിയൊന്നും കിട്ടിയിരുന്നില്ല.''നീ എന്തു ചുരത്തെക്കുറിച്ചാണ് എഴുതിയത്?'' ‐ ചിരിച്ചുകൊണ്ടായിരുന്നു ചോദ്യം.
''വയനാടൻ ചുരത്തെക്കുറിച്ച്'' ‐ കൂടെയുള്ള ഷാജുവാണ് പറഞ്ഞത്.

ഷാജു, നൗഷാദ്‌, പുനത്തിൽ, അർഷാദ്‌ ബത്തേരി

ഷാജു, നൗഷാദ്‌, പുനത്തിൽ, അർഷാദ്‌ ബത്തേരി

ഊഷ്മളമായ നിമിഷങ്ങൾ പങ്കുവെച്ച ശേഷം വീണ്ടും യാത്ര ആരംഭിച്ചു. എവിടെയോ വെച്ച് വീണ്ടും ഇടയ്ക്കിടെ സ്നേഹം കാണിക്കുന്നതിനിടയിൽ അദ്ദേഹം അകാരണമായി ചില വേദനിപ്പിക്കുന്ന വാക്കുകൾ ഉരുവിട്ടു. വേദനിപ്പിക്കുന്ന ഭൂതത്തിന്റെ ഇടപെടൽ. കൂടെയുള്ള സുഹൃത്തുക്കൾക്കും അത്ഭുതം. പാട്ടുകൾക്കും കവിതകൾക്കുമിടയിൽ ഉത്സാഹിയായ ഞാൻ മൗനത്തിലേക്ക് ഉടഞ്ഞുവീണു. ഒന്നിലും അഭിപ്രായം പറയാൻ തുനിഞ്ഞില്ല.

എപ്പോഴെങ്കിലും എന്നിലെ ചൂടൻ പുറത്തേക്ക് ചാടുമോയെന്ന് ഭയന്നു. അങ്ങനെ സംഭവിച്ചാൽ അതോടെ ആ യാത്രയുടെ എല്ലാ രസങ്ങളും ഇല്ലാതാകും. മാത്രമല്ല ചിലപ്പോഴത് എന്റെ മാത്രം കുറ്റമായി മുദ്രകുത്തപ്പെടുകയും ചെയ്യപ്പെട്ടേക്കാം. മനസ്സിനെയും ശരീരത്തെയും തുറന്നുവിടാനും പുതിയ ചില ജീവിത അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേർന്ന് ചിലതെല്ലാം തിരിച്ചറിയാനുമുള്ളതാണല്ലോ യാത്ര. ആ യാത്രയിൽ   മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിക്കപ്പെടുന്നത് കൂട്ടക്കല്ലേറ് കൊള്ളുന്നത് പോലെയാണ്.

പുനത്തിലിന് ഏറെ പ്രിയപ്പെട്ട നൗഷാദ് പുറത്തുതട്ടി പറഞ്ഞു. ''പോട്ടെ, സാരമില്ല. മുതിർന്നൊരാളല്ലേ. ഇതൊക്കെ കുഞ്ഞിക്കാന്റെ ഒരു തമാശയാണ്. ഒന്നും ഉള്ളിൽവച്ചു പറയുന്നതല്ല''. ഞാൻ തലയാട്ടി. വളരെ ദൂരം പിന്നിട്ടപ്പോൾ അദ്ദേഹം എന്നിലേക്ക് സ്നേഹത്തിന്റെ ചിരികൾ ചൊരിഞ്ഞു. ശരിയാണ്, ഒന്നും ഉള്ളിൽ വെച്ച് പറയുന്നതല്ല. ഓരോ നേരത്തെ തോന്നലിൽ ഓരോ പറച്ചിൽ‐  അതൊരു കുഞ്ഞബ്ദുള്ള ശൈലിയാണ്, നിഷ്കളങ്കമായ കുറുമ്പാണ്. അല്ലാതെ സ്വന്തം ഈഗോയുടെ മുനമ്പിൽ കുത്തിനിന്ന് കാലങ്ങളോളം ഒരു മനുഷ്യനോടും പക സൂക്ഷിച്ച് വേട്ടയാടാനൊന്നും പുനത്തിലിന്‌ അറിയില്ല. വഴിയോരത്തെ വലിയ ദാബകളിൽ കയറി ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു വീണ്ടും ചുണ്ടുകൾ കടിച്ച് പിടിച്ച് സുന്ദരമായ ചിരി സമ്മാനിച്ചത്. അല്ലെങ്കിലും ഭക്ഷണത്തിനു മുന്നിൽ അദ്ദേഹം  എഴുത്തുകാരനല്ല, മറ്റൊരാളാണ്.

പുനത്തിൽ കുഞ്ഞബ്‌ദുള്ള

പുനത്തിൽ കുഞ്ഞബ്‌ദുള്ള

ദാബകളിലെ കറികളെക്കുറിച്ച് പറഞ്ഞ് ഭക്ഷണപ്രിയനായ എന്നോട് ഈ പ്രായത്തിൽ ധാരാളം കഴിക്കണമെന്നു പറഞ്ഞു. രാത്രിയിൽ വളരെ കുറച്ച് മാത്രമേ കഴിക്കാവൂ. അതും എട്ടു മണിക്ക് മുമ്പേ കഴിച്ചേക്കണം. എന്നാൽ രാവിലെ എഴുതാനൊക്കെ നമുക്കൊരു ഉത്സാഹമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. കറിയിൽ മുക്കിയെടുത്ത ഒരു കഷ്ണം റൊട്ടി എനിക്ക് നേരെ നീട്ടി. എന്റെ മുഖത്ത് ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം വന്നു. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഭൂതം നൽകിയ സമ്മാനം കിട്ടിയ നിമിഷം. ഉള്ളിൽ ആഹ്ലാദത്തിന്റെ തിളക്കം.

ഉത്തരേന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ചു പറയുമ്പോൾ പുനത്തിൽ തന്റെ പഠനകാലത്തിലേക്ക് പോയി. ഇന്ത്യയുടെ പല ദേശത്തു നിന്നു വന്നു പഠിക്കുന്ന സ്നേഹിതരിലൂടെ വൈവിധ്യമാർന്ന രുചികളിലേക്ക്, നിരവധി ദാബകളിലെ രാത്രികളിലേക്ക് എത്തിപ്പെടാറുള്ള ദിനങ്ങളെക്കുറിച്ചു പറഞ്ഞുതുടങ്ങി. നല്ല സൗഹൃദങ്ങളിൽ നമ്മൾ എത്തിപ്പെട്ടാൽ നമ്മളും അങ്ങ് നന്നായിപോകും, ഞാൻ നന്നായോ എന്ന് എനിക്കറിയില്ലാട്ടോ ന്നാലും മോശക്കാരനല്ല ‐ പുനത്തിൽ പതിവ്‌ പോലെ ചിരിച്ചു പറഞ്ഞു.

ദാബയിലേക്ക് ചൂട് പൊതിഞ്ഞ കാറ്റ് വന്നു ഞങ്ങളെ തൊട്ടു. ഞങ്ങൾ യാത്ര തുടർന്നു. ഞാനപ്പോൾ ഓർത്തു, എന്തുകൊണ്ടാവാം ഇടയ്ക്കെന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന്. വളരെ വർഷങ്ങൾക്ക് മുമ്പ് ഒരു ഹോട്ടൽ മുറിയിൽ  ഞാൻ മറ്റൊരെഴുത്തുകാരനൊപ്പം പുനത്തിലിനെ   കണ്ടിരുന്നു. അവർ തമ്മിലുള്ള ഒരു ചെറിയ തർക്കത്തിനിടയിൽ ഇരയെപ്പോലെ ഞാൻ നിന്നുപോയത് ഓർമയിൽ തെളിഞ്ഞു.

അതിന്റെ ഒരു ഈർഷ്യം എവിടെയോ ഉണ്ടായിരിക്കണം. അതാവുമോ എന്നു സംശയിച്ചു. അതൊന്നും അങ്ങനെ സൂക്ഷിച്ചുവെക്കാൻ മാത്രം ചെറിയൊരു വ്യക്തിയല്ലല്ലോ എന്നു സ്വയം സമാധാനിച്ചു. പുനത്തിൽ ഒരു ചെറിയ മനുഷ്യനായിരുന്നില്ല. സൗഹൃദത്തിന്റെ വലിയൊരു ദ്വീപുമായി സഞ്ചരിക്കുന്ന ആളാണ്. ആ ദ്വീപിൽ സൗഹൃദത്തിന് വേണ്ടി എല്ലാ വിഭവങ്ങളും ഉണ്ടാവും   ഉള്ളിൽ പകയോ ദേഷ്യമോ മാരകമായ വിഷമോ കൊണ്ടുനടക്കാനൊന്നും അദ്ദേഹത്തിനാവില്ല. 

എന്തെന്നാൽ സ്വന്തം ജീവിതത്തിന്റെ ഇഷ്ടങ്ങളിൽ രമിക്കുന്ന വ്യക്തിയാണല്ലോ. കൂട്ടത്തിൽ  പ്രായം കൂടുതലുള്ള പുനത്തിൽ ഞങ്ങൾക്കിടയിൽ നിന്ന്  ഇടയ്ക്ക് കുട്ടികളെപ്പോലെ കലഹിക്കുന്നു. ചില നേരം സ്വപ്നങ്ങളുടെ മനുഷ്യരൂപമായി സംസാരിക്കുന്നു. എന്നാലും കുഞ്ഞബ്ദുള്ളയെ നിർവചിക്കാനാവില്ല. പുനത്തിലായ മനുഷ്യനും കുഞ്ഞബ്ദുള്ളയായ ഭൂതവും.

ജീവിതത്തെക്കുറിച്ച് അറിയുന്ന ഒരാൾ തനിക്ക് തോന്നുന്നത് പോലെ ജീവിക്കുന്നു. കാമനകളിലേക്കും ജീവിതരസങ്ങളിലേക്കും കുതിക്കുന്നു. ശരികളോ തെറ്റുകളോ അയാളുടെ കണ്ണാടിയിൽ തെളിയുന്നില്ല. തനിക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന വഴിയിലൂടെ തനിക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകളിലൂടെയുള്ള ഒരു പോക്ക്. രാത്രിയിൽ ഒരു മലയുടെ മുകളിലൂടെ   പോക്കുവരവായി പോകുന്നു എന്നുപറയുന്ന പന്തംപോലെ. നമുക്ക് നോക്കി നിൽക്കാൻ മാത്രം കഴിയുന്ന ഒരു കാഴ്ച. അതാവാം പുനത്തിൽ കുഞ്ഞബ്ദുള്ള.

ഇടയ്ക്കെപ്പോഴോ ചലച്ചിത്രനടൻ മുരളിയെക്കുറിച്ച് പുനത്തിൽ പറഞ്ഞു. മുരളിയുമായിട്ടുള്ള സൗഹൃദകാലത്തെ ഓർത്തെടുത്ത് ഞങ്ങളുമായി പങ്കുവെച്ചു.

മുരളി

മുരളി

സിനിമയേക്കാൾ നാടകത്തെയും പുസ്തകങ്ങളെയും മുരളിയ്ക്ക് ഇഷ്ടമായിരുന്നുവെന്നും അവന്റെ നഷ്ടം എന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും  പുനത്തിൽ പറഞ്ഞു. അവർ ഒന്നിച്ച് കൂടുന്ന നേരത്ത്  തന്നെക്കുറിച്ച് മുരളി പാടുന്ന പാട്ട് കാറിലിരുന്ന് പുനത്തിൽ പാടാൻ തുടങ്ങി.
എങ്ങനെ പോകും

കുഞ്ഞിക്കാ കല്ല്യാണത്തിന്
മാലയില്ല, താലിയില്ല
മാലയില്ല, താലിയില്ല
എങ്ങനെ പോകും കുഞ്ഞിക്കാ
കല്യാണത്തിന്
എങ്ങനെ എങ്ങനെ... കുഞ്ഞിക്കാ...

കുഞ്ഞബ്ദുള്ള പാടിയ ഈ പാട്ട് ഞാനേറ്റു പാടിയപ്പോൾ മുൻ സീറ്റിലിരിക്കുന്ന അദ്ദേഹം ഒരു കുട്ടിയെ പോലെ കൈ രണ്ടും കൂട്ടി അടിച്ച് ഒപ്പം പാടികൊണ്ടിരിക്കേ ഞങ്ങൾ ഡൽഹിയിലെ തണുപ്പിലേക്ക് എത്തി.

ഡൽഹിയിലെ ജനക്പുരിയിലെ   മാർക്കറ്റിലേക്ക് കയറിയ പുനത്തിൽ   വലിയ മീനുകൾ വാങ്ങി. യാത്രയിലുടനീളം   അദ്ദേഹം പണത്തിന്റെ കാര്യത്തിൽ യാതൊരു പിശുക്കും കാണിച്ചിരുന്നില്ലായെന്നത് പറയാതെ വയ്യ. തീവണ്ടിയിൽവെച്ചോ, തെരുവോരങ്ങളിലൂടെ നടക്കുമ്പോഴോ, മുറിയിൽവെച്ചോ പുനത്തിൽ   ഒരിക്കലും തന്റെ സാഹിത്യകൃതികളെക്കുറിച്ച് ഒന്നും പറയാതെ, അവാർഡുകളെക്കുറിച്ചോ, ആരാധകരുടെ രോമാഞ്ചക്കുപ്പായങ്ങളെക്കുറിച്ചോ ഉരിയാടാതെ, ചെന്നെത്തുന്ന ഇടങ്ങളെ കുറിച്ച് തനിക്ക് അറിയാവുന്നത് മാത്രം പറയുന്നു.

പ്രതിഭയുടെയും പ്രശസ്തിയുടെയും താങ്ങാൻ കഴിയാത്ത ഭാരമുള്ള ആ എഴുത്തുകാരൻ  കാണുന്ന ഇടങ്ങളിലേക്ക് കൗതുകം ചോർന്നു പോകാത്ത നോട്ടങ്ങളും ആവേശവുമായി ചെല്ലുന്നു. ഡൽഹിയിലെ രാത്രികൾക്കും പകലുകൾക്കുമിടയിൽ പെരുക്കിയെടുത്ത ദിനങ്ങൾ.നീ ജോണിയെ കാണാറില്ലേ? പെട്ടെന്നായിരുന്നു ചോദ്യം. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ കെ ജോണിയെക്കുറിച്ചായിരുന്നു ചോദ്യം. ''ഉണ്ട്''. ''ഇടയ്ക്കൊക്കെ നീ പോയി കാണണെ. നല്ലൊരുത്തനാ. എന്ത് മനോഹരമാ ഓന്റെ എഴുത്ത്. പക്ഷേ മടിയനാണ്''. ''അതെ''.

 ഒ കെ ജോണി

ഒ കെ ജോണി

''ഞങ്ങള് നല്ല സുഹൃത്തുക്കളാണ്. അല്ല അത് നിനക്ക് അറിയാലോ. നിങ്ങൾ രണ്ടാളും അന്ന് പനമരത്തെ എന്റെ വീട്ടിൽ വന്നതൊക്കെ നന്നായി''. പരിഭവത്തിന്റെ ഒരു കാലത്തെ മുറിച്ചു മാറ്റുകയും സ്നേഹത്തിന്റെ മറുകാലത്തെ ചേർത്ത് വെയ്ക്കുകയും ചെയ്യുന്ന പുനത്തിലിന്റെ മനുഷ്യസ്പർശം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയല്ല ആ നിമിഷത്തിൽ ചെയ്തത്. മറിച്ച് എഴുത്തുകാരനും കലാകാരനുമൊക്കെയാകുമ്പോഴും അടിസ്ഥാനപരമായി നമ്മളൊക്കെ വെറും മനുഷ്യരാണെന്നും ഇണക്കവും പിണക്കവും കഴിഞ്ഞ് തർക്കവും ചോദ്യങ്ങളും കഴിഞ്ഞ് വീണ്ടും ഇണങ്ങി കഴിയുകയുമാണ് വേണ്ടത് എന്ന് പഠിപ്പിക്കുകയുമായിരുന്നു.

''ജോണി എപ്പോഴും കുഞ്ഞിക്കാനെ കുറിച്ച് പറയാറുണ്ട്. നിങ്ങളുടെ എഴുത്തിലെ ഒഴുക്കിനെ അത്ഭുതത്തോടെയാണ് വിവരിക്കാറ്''. ഞാനത് പറഞ്ഞപ്പോൾ ആ ചുവന്ന മുഖം ഒരു ഇഷ്ടമേറിയ ചിരിയോടെ ഒന്നു കൂടെ ചുവന്നു. ജീവിക്കാൻ ഏറ്റവും ഇഷ്ടം വയനാടാണ്. ഇരുന്ന് എഴുതാനും അവിടെയാ നല്ലത്.

തനിക്ക് തോന്നുന്ന എല്ലാ അനുരാഗങ്ങളെയും ആർത്തിയെയും പേറി യാതൊരു മറയുമില്ലാതെ നടന്നു തീർക്കാൻ കഴിയാത്ത വണ്ണം ഉള്ളിൽ  സൃഷ്‌ടിക്കപ്പെട്ട  ഉന്മാദ തോട്ടത്തിൽ രാജാവായി   ജീവിച്ച പുനത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാളിയുടെ വായനാമുറിയിൽ നിന്ന് ഒരിക്കലും ഇറങ്ങി പുറത്തേക്ക്‌ പോരാത്ത ‘സ്മാരകശിലകളും’, കന്യകയുടെ ഗന്ധം പുരുഷന്റെ ശരീരത്തിന്റെ ഓരോ കോശങ്ങളിലും നിറച്ച ‘കന്യാവനങ്ങളും’, മരുന്നും പ്രണയവും കാമവും ഏറ്റവും അനിവാര്യമായ ഔഷധമാണെന്ന്‌ പറയുന്ന ‘മരുന്നും’, ‘കത്തി’യും, ഓരോ വായനക്കാരന്റെയും  കാമ ഇടങ്ങളിൽ  ഉറുമ്പുകളെക്കൊണ്ട് കടിപ്പിച്ച  ‘മലമുകളിലെ അബ്ദള്ള’യും, ഏത് നിമിഷവും നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നു വന്നു വാതിൽ തുറക്കുന്ന ‘ജോൺപോൾ വാതിൽ  തുറക്കുമ്പോൾ’ സംഭവിക്കുന്ന നിമിഷങ്ങളും പാകിയിട്ട് ‘കിച്ചൻ മാനിഫെസ്റ്റോ’ വരെ നീണ്ട എഴുത്തിന്റെ അമ്പതാണ്ടുകൾ കൊണ്ട്  നടത്തിയ മാന്ത്രിക വാക്കുകൾ ആ സൗഹൃദം പോലെത്തന്നെ നമ്മെ ഇപ്പോഴും പിടികൂടുന്നു. കാലങ്ങളെ ആ എഴുത്തു പ്രപഞ്ചം ഇപ്പോഴും മറികടക്കുന്നു. കുഞ്ഞബ്ദുള്ള തന്റെ എഴുത്തു ജീവിതത്തെക്കുറിച്ചു പറഞ്ഞ ഒരു വാക്യം ഇവിടെ വായിക്കാം:

‘‘സാഹിത്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവനും തുലച്ചവനുമാണ് ഞാൻ. സാഹിത്യം മാത്രമാണ് ജീവിക്കാനുള്ള എന്റെ കാരണം.വാർധക്യത്തിൽ എനിക്കിപ്പോൾ കൂട്ടിനുള്ളതും സാഹിത്യം മാത്രമാണ്. നിങ്ങൾ നിങ്ങളുടെ വാക്കുകൾകൊണ്ട് വീണ്ടും വീണ്ടും എന്നെ പരിക്ഷിക്കുക. മറ്റാരെയും നിങ്ങൾക്ക് കിട്ടില്ല. എന്നെ കിട്ടും. കാരണം, ഞാൻ ഒരു പരീക്ഷണ വസ്തുവാണ്. ’’ ‐ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരൻ തന്റെ നീണ്ട കാലത്തെ എഴുത്തു ജീവിതത്തെ ഈ വരികളിൽ ചുരുട്ടികെട്ടി. പക്ഷേ അതിലുണ്ട് ആ പച്ച മനുഷ്യന്റെ എല്ലാ ആഴവും. മനുഷ്യ ജീവിതത്തിലേക്കും, അതിന്റെ സംഘർഷങ്ങളിലേക്കും, ശരീര ദാഹങ്ങളിലേക്കും, നാം മറച്ചുവെക്കുന്ന രഹസ്യങ്ങളിലേക്കും, പുനത്തിൽ തന്റെ മുനകൂർപ്പിച്ച വാക്കുകളുമായി ധൈര്യത്തോടെ കടന്നു ചെന്നു.

എന്നാൽ അദ്ദേഹം  സമൂഹത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അധികാരത്തിന്റെ ഇരകളെക്കുറിച്ചും കാര്യമായി എഴുതുകയോ പറയുകയോ ചെയ്തില്ല. എഴുത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയത്തെ പാടെ ഉപേക്ഷിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ എന്നു പറയാം. അത്തരമൊരു എഴുത്തിൽ നിന്ന് എന്തുകൊണ്ടാവും വഴി മാറി നടന്നതെന്ന് ഇടയ്ക്ക് ആലോചിച്ചു പോകാറുണ്ട്.  പുനത്തിൽ എഴുത്തിന്റെ രുചിയെയും  ജീവിതത്തിന്റെ ഉന്മാദത്തെയും ഒരേപോലെ കൊണ്ടുപോകാൻ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. അതിന്റെ ലഹരിയിലാണ് തന്റെ ജീവവായു എന്നു വിശ്വസിച്ചു. മലയാളി പുനത്തിലിനെ അങ്ങനെ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തു. ഒരുപക്ഷെ നേരത്തെ സൂചിപ്പിച്ചതുപോലെ നമുക്ക് അളന്നു മുറിച്ചെടുക്കാൻ കഴിയാത്തവണ്ണം മനസ്സ് രൂപപ്പെട്ടതുകൊണ്ടാവാം പുനത്തിൽ കുഞ്ഞബ്ദുള്ള  ഇങ്ങനെ എഴുതി ജീവിച്ചത്.

ഡൽഹിയിൽ നിന്ന് മടക്കയാത്രക്കായി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുഞ്ഞബ്ദുള്ള വളരെ ആഹ്ലാദവാനായി കാണപ്പെട്ടു. ‘‘എന്താ ഇത്ര സന്തോഷം ''‐ ഞാൻ ചോദിച്ചു. വേഗം നാട്ടിലെത്താലോ.അതൊരു സുഖമാണ്. ‐ അദ്ദേഹം പറഞ്ഞു.

തീവണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട്. കുഞ്ഞബ്ദുള്ള എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി നിന്നു. യാത്രക്കായി വന്നവരും യാത്ര യയക്കാനായി വന്നവരും കുഞ്ഞബ്ദുള്ളയെ കണ്ടപാടെ ഓടിയടുത്തു. ഒരു സിനിമാ സൂപ്പർസ്റ്റാറിനെ കാണുന്നത് പോലെ അവർ ആരാധനനോടെ നോക്കി നിൽക്കുന്നു.
 

തീവണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട്. കുഞ്ഞബ്ദുള്ള എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി നിന്നു. യാത്രക്കാരും   യാത്ര അയക്കാനായി വന്നവരും അദ്ദേഹത്തെ  കണ്ടപാടെ ഓടിയടുത്തു. ഒരു സിനിമാ സൂപ്പർ സ്റ്റാറിനെ കാണുന്നത് പോലെ അവർ ആരാധനനോടെ നോക്കി നി ൽക്കുന്നു;  വിശേഷങ്ങൾ ചോദിക്കുന്നു. കുഞ്ഞബ്ദുള്ളയാവട്ടെ അയൽപക്കക്കാരോടെന്ന പോലെ വാ തോരാതെ അവരോട് സംസാരിക്കുന്നു. അതവരിൽ വല്ലാത്ത സന്തോഷം നിറയ്ക്കുന്നു.മനുഷ്യരിലേക്ക്  അടുക്കാൻ പുനത്തിലിന്‌  വലിയ പ്രിയമാണെന്നു തോന്നി.

അദ്ദേഹം തനിക്ക് ചുറ്റും കൂടിയവരുടെ വിശേഷങ്ങൾ നിർത്താതെ ചോദിച്ചുകൊണ്ടേയിരുന്നു.അവർ മാറി മാറി തങ്ങളുടെ നാടും വീടും ജോലിയും പറയുമ്പോൾ കുഞ്ഞബ്ദുള്ള അടുത്ത ആളിലേക്ക് പോകുന്നു. രസകരമായ ഒരു കാഴ്ചയായിരുന്നു അത്. യാതൊരു മസിലുപിടുത്തവുമില്ലാതെ ഒരു എഴുത്തുകാരൻ തന്നെ അറിയുന്നവരെ ചേർത്തു പിടിക്കുന്നു. കുതിച്ചു പായുന്ന തീവണ്ടിയിൽ ഇരിക്കുന്ന പുനത്തിൽ പുറത്തേക്ക് നോക്കാനായി മുതിരുന്നെയില്ല.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് വാങ്ങാനായി ഡൽഹിയിൽ വളരെ ചെറുപ്പത്തിൽ വന്ന അനുഭവത്തെക്കുറിച്ചു പറയുന്നതിനൊപ്പം അദ്ദേഹം തകഴിയെക്കുറിച്ചു പറഞ്ഞു. അല്പം  പിശുക്കുള്ള തകഴി മണ്ണിൽ പണിയെടുത്തുകൊണ്ടു തന്നെ എഴുതി.  തകഴിയെ കാണാൻ വീട്ടിൽ ചെന്നതും പോരാൻ നേരത്ത് നല്ലൊരു വാഴക്കുല വെട്ടി കാറിന്റെ ഡിക്കിയിൽ വെച്ച് തന്നതും  ഓർത്തെടുത്ത്‌ ഞങ്ങളോട് പറഞ്ഞു.

നിസാമുദ്ദീൻ റെയിൽവെ സ്‌റ്റേഷൻ

നിസാമുദ്ദീൻ റെയിൽവെ സ്‌റ്റേഷൻ

‘‘ആ തലമുറയുടെ സ്നേഹ സൗഹൃദം ലഭിച്ചത് ഒരു വലിയ ഭാഗ്യമാണ്.  എനിക്കതുണ്ടായി''‐ അത്രയും പറഞ്ഞ ശേഷം പുനത്തിൽ തല താഴ്ത്തി ഇരുന്നു. കുറെ  നേരത്തേക്ക് ഞാൻ ആ ഇരുത്തം നോക്കിയിരുന്നു.ആർക്കും ഒരിക്കലും പിടികൊടുക്കാതെ ഒഴുകിപ്പോകുന്ന മനുഷ്യന്റെ ഇരുത്തം. ഞാനെന്നും ഒറ്റ സഞ്ചാരിയാണെന്ന് തോന്നിപ്പിക്കുന്ന മൗനം. പെട്ടെന്നാർക്കും എന്നിലേക്ക് പ്രവേശിക്കാൻ കഴിയില്ലായെന്ന്  പറയാതെ പറയുന്ന നിമിഷങ്ങൾ....

 ഇന്നിപ്പോൾ നമുക്കൊപ്പം കുഞ്ഞബ്ദുള്ളയില്ല. ആ പുസ്തകങ്ങളത്രയും സമ്മാനിച്ച് നമ്മളിൽ ആരൊക്കെ അത് വായിക്കുന്നുണ്ടെന്നു എവിടെയോ ഇരുന്നു  ഒളിഞ്ഞു നോക്കുന്നുണ്ടാവുമെന്ന് നമുക്ക് ഒരു കുഞ്ഞബ്ദുള്ള ശൈലിയിൽ കുസൃതിയോടെ  വെറുതെ ആലോചിക്കാം. മരിച്ചുപോയതിന് ശേഷം മടങ്ങി വന്ന മനുഷ്യരെക്കുറിച്ച് ഒരു നോവൽ എഴുതാനിരിക്കെയാണ് എഴുത്തിന്റെയും സൗഹൃദത്തിന്റെയും വേദിയിൽ അദ്ദേഹം     പിൻമാറിയത്. യാഥാർഥ്യവും ഫാന്റസിയും ചേർന്ന ആ നോവൽ മറ്റാർക്കും വായിക്കാൻ കഴിയാത്ത വണ്ണം സ്വന്തം ഹ്യദയത്തിൽ എഴുതി വായിച്ചിട്ടുണ്ടാവും അദ്ദേഹം.

എല്ലാറ്റിൽ നിന്നും പിൻമാറിയ ആ കാലത്ത് ആരും കാണാതെ കുഞ്ഞബ്ദുള്ള കരഞ്ഞിട്ടുണ്ടാകുമോ?  മരണത്തെക്കുറിച്ച് അേദ്ദഹം എന്തായിരിക്കും ആലോചിച്ചുണ്ടാവുക. അത് എഴുതാൻ ആഗ്രഹിച്ചിട്ടുണ്ടാകുമോ... മരണങ്ങളെ  എങ്ങനെയാണ് കാണുന്നതെന്ന് കാര്യമായി എവിടെയും പറഞ്ഞിട്ടില്ല. ജീവിതത്തെ അത്രമേൽ പ്രണയിച്ചത് കൊണ്ടാവാം അത്‌.എന്നാൽ അദ്ദേഹത്തിന്റെ ‘എന്റെ കരച്ചിൽ’ എന്ന ചെറിയൊരു കഥയുണ്ട് മരണത്തെക്കുറിച്ച്.

‘‘എനിക്ക് അച്ഛനും അമ്മയുമില്ല എന്റെ അമ്മ മരിച്ച അന്ന് ഞാൻ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു.

അർഷാദ്‌ ബത്തേരി

അർഷാദ്‌ ബത്തേരി


വർഷങ്ങൾ ഏറെ കഴിഞ്ഞ്‌ എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാൻ കരഞ്ഞില്ല. കാരണം മരണം എന്താണെന്ന് അപ്പോഴേക്കും  എനിക്കറിയാമായിരുന്നു...’’ മരണത്തെക്കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ഈ കഥ വായിക്കാം.
തീവണ്ടി കുലുങ്ങിയ നേരം കുഞ്ഞബ്ദുള്ള തല ഉയർത്തി യാത്രാക്ഷീണത്താൽ ഇരിക്കുന്ന ഞങ്ങളെ നോക്കി ചെറിയ ഒരു ചിരി തന്നു. ഏതോ സ്റ്റേഷനിൽ വണ്ടി നിന്നു. ‘‘നിങ്ങളിൽ ഏറ്റവും പ്രായം കൂടിയ ആൾ ഞാനാണ്.എന്നാൽ ചെറുപ്പം എനിക്കാ, നിങ്ങളൊക്കെ ആദ്യം മാറ്റേണ്ടത് ഭക്ഷണ രീതിയാണ്.

രാവിലെ എഴുന്നേറ്റാൽ ഉടനെ ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം കുടിച്ചേക്കണം, കുറച്ചു കഴിഞ്ഞ്, മധുരമില്ലാത്ത കട്ടൻ ചായയും രണ്ട് ബദാമും രണ്ട് ഈത്തപ്പഴവും രണ്ട് മണി കടലയും മൂന്നോ നാലോ ഉണക്കമുന്തിരിയും, ഒന്നോ രണ്ടോ അണ്ടിപ്പരിപ്പും  കഴിക്കണം. പിന്നെ  കുളിയൊക്കെ കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചാമതി’’. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഞങ്ങളുടെ ആഹാര രീതിയെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

‘‘കുഞ്ഞിക്ക ഇങ്ങനെയൊക്കെ മുടങ്ങാതെ കഴിക്കാറുണ്ടോ ഈ ബദാമും... അണ്ടിപരിപ്പുമെല്ലാം’’‐ ഞാൻ ചോദിച്ചു
‘‘ഡോക്ടറോട് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലല്ലോ''  ...കുലുങ്ങിചിരിച്ചുകൊണ്ടുള്ള മറുപടി. തീവണ്ടി വീണ്ടും പുറപ്പെട്ടു.  ആ യാത്രക്കിടയിൽ കുറെ നേരം എന്നെക്കൊണ്ട് വയനാടൻ തമാശകൾ പറയിപ്പിച്ചു.

ഇഷ്ടപ്പെടുന്നത് വീണ്ടും പറയാൻ പറയും. കേൾക്കും തോറും  ചിരിക്കും. ക്രമേണ ഞങ്ങൾ ഓരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി. ഇപ്പോൾ ആ യാത്രയുടെ ചലനം ഉള്ളിൽ ഒച്ചവെക്കുന്നു. ഒപ്പം മലയാളത്തിന്റെ ആ വലിയ എഴുത്തുകാരനും. പുനത്തിൽ ഒരു ലോകമായിരുന്നു. അവിടെ അദ്ദേഹം  മാത്രമേ ഉണ്ടായിരുന്നുള്ളു. ആരെയും ആഴത്തിലൊന്നും ഉള്ളിൽ സൂക്ഷിച്ചിരുന്നില്ല. നിമിഷങ്ങളിൽ മാത്രമായിരുന്നു ആ ജീനിയസ്‌ കഴിഞ്ഞിരുന്നത്. ആ നിമിഷങ്ങളാവട്ടെ ഇന്നു നമുക്ക് പറയാനും, വായിക്കാനുമുള്ള ഒരു ദേശമായി പരന്നു കിടക്കുന്നു. ആ യാത്രയിലെ ഓർമകൾ മറ്റ് അനേകം യാത്രകളിലേക്ക് പുറപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഓർമകളിൽ നിന്ന് ഇപ്പോൾ ഈ യാത്രാദിനങ്ങളെ അടർത്തിയെടുത്തപ്പോൾ എന്റെ ഉള്ളിൽ മറ്റൊരു ചോദ്യമുയരുന്നു. കണ്ണുകളുടെ കാഴ്ച തീരും മുമ്പേ, രുചിയുടെ വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വരെ, ശരീരം വളഞ്ഞ് തൊലി ചുരുണ്ടു പോകും മുമ്പേ, ഒരു നാടിന്റെ ഗന്ധവും സംസ്കാരവും രാഷ്ട്രീയവും ഉള്ളറിഞ്ഞ് തൊട്ട്,  മനുഷ്യരായ നമ്മൾ എത്രമാത്രം ചെറുതാണെന്ന് തിരിച്ചറിയാനുള്ള ഏറ്റവും മനോഹരമായ വഴിയാണെന്ന തിരിച്ചറിവോടെ, പ്രിയപ്പെട്ടവർക്കൊപ്പം  ഇടയ്ക്കൊക്കെ യാത്രകൾ  ചെയ്യാതെ എന്ത് ജീവിതം?  .

(ദേശാഭിമാനി വാരികയിൽ നിന്ന്)







 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top