27 April Saturday

വേറിട്ട അനുഭവം, കാഴ്ച...പരുന്തുംപാറ എത്ര സുന്ദരം

എം അനില്‍Updated: Wednesday Aug 3, 2016

ഇടുക്കി > വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും മലയോര ജില്ല ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതിന് തെളിവാണ് ടൂറിസത്തിന്റെ പറുദീസയായ പരുന്തുംപാറ. പ്രകൃതി കനിഞ്ഞരുളിയ ലോകത്തിലെ തന്നെ അത്യപൂര്‍വ പ്രദേശങ്ങളില്‍ ഒന്നാണിതെന്ന് അധികമാര്‍ക്കുമറിയില്ല.

അധികൃതരും ഈ യാഥാര്‍ഥ്യം വേണ്ടവിധം ഉന്നതതല യോഗങ്ങളില്‍ അവതരിപ്പിക്കാറുമില്ല. നയന സുന്ദരിയായ പരുന്തുംപാറയുടെ അനന്ത സാധ്യതകള്‍ സഞ്ചാരിയുടെ മനം കവരുംവിധം മാറ്റിതീര്‍ക്കാന്‍ നാളേറെയായിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുതന്നെ നാടിന്റെ പുരോഗതിക്കായി പരുന്തുംപാറയുടെ മനോഹാരിത ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ നടപടി ഏറെ അകലെയാണെന്നുമാത്രം. പ്രകൃതിയുടെ മടിത്തട്ടാണിവിടം. പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം പരുന്തുംപാറ സമ്മാനിക്കുന്നു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവരെ അതിശയിപ്പിക്കുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ ചൂടിലും ഇവിടെ അതിശയിപ്പിക്കുന്ന തണുപ്പ് ആസ്വദിക്കാം.



ആരവത്തോടെ ആര്‍ത്തിരമ്പിയെത്തുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രത്യേകത. പച്ചപ്പണിഞ്ഞ മലകളും മഞ്ഞുമുടിയ ചുറ്റുപാടും കോറിയിട്ട തണുപ്പും മൊട്ടകുന്നുകളും വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും. ആഭ്യന്തരടൂറിസ്റ്റുകളേക്കാള്‍ വിദേശികളാണ് ഇവിടെയെത്തുന്നവരില്‍ കൂടുതല്‍. അതിനിടെ ഇടുക്കി ജില്ലയിലെ തന്നെ അധികമാരും പരുന്തുംപാറയുടെ സൌന്ദര്യം ആസ്വദിപ്പിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

മൂന്നാര്‍, തേക്കടി, വാഗമണ്‍ പോലെ വിനോദസഞ്ചാരികള്‍ എത്തേണ്ട പ്രകൃതിയുടെ വരദാനമാണ് പരുന്തുംപാറ. നല്ല റോഡുകള്‍, ടൂറിസ്റ്റുകള്‍ക്കുവേണ്ട മറ്റ് അടിസ്ഥാന സൌകര്യം ഇതൊന്നും ഇവിടെയില്ല. കുട്ടിക്കാനത്തുനിന്നും തിരിഞ്ഞ് കുമളി റൂട്ടില്‍ പീരുമേട് കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് നാല് കി.മീറ്റര്‍ യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. മുന്നാറിലും തേക്കടിയിലും എത്തുന്നവര്‍ക്കും റോഡുമാര്‍ഗം ഇവിടെയെത്താവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top