20 April Saturday

സേലയും നൂറയും: രാജ്യാഭിമാനം കാക്കാനുള്ള പെൺപോരാട്ടം...പരമ്പര തുടരുന്നു

കെ ആർ അജയൻUpdated: Friday Jul 3, 2020


പടിഞ്ഞാറൻ- അരുണാചലിലെ സ്വപ്നഭൂമിയാണ് ദിരാങ്. തവാങ്ങിലേക്കുള്ള യാത്രയിലെ ഇടത്താവളമെന്ന് ഈ പട്ടണത്തെ വിശേഷിപ്പിക്കാം. ബോംഡിലയിലേക്ക് ഇവിടെനിന്ന് 43 കിലോമീറ്ററേയുള്ളൂ. ജീലാഭരാലി എന്ന് അസംകാർ വിളിക്കുന്ന കമേങ് നദിയുടെ തീരത്തുള്ള ഈ പട്ടണം എല്ലാ സഞ്ചാരികളുടെയും സ്വപ്നഭൂമിയാണ്.

തകർന്നടിഞ്ഞ വഴികൾ പിന്നിട്ട് ഞങ്ങൾ സമതലപ്രദേശമെന്ന് തോന്നിക്കുന്ന ദിരാങ്ങിൽ എത്തുന്നു.  ഇന്ന് രാത്രിത്താവളം ഇവിടെയാണ്. പടിഞ്ഞാറൻ അരുണാചലിലെ സ്വപ്നഭൂമിയാണ് ദിരാങ്. തവാങ്ങിലേക്കുള്ള യാത്രയിലെ ഇടത്താവളമെന്ന് ഈ പട്ടണത്തെ വിശേഷിപ്പിക്കാം. ബോംഡിലയിലേക്ക് ഇവിടെനിന്ന് 43 കിലോമീറ്ററേയുള്ളൂ. ജീലാഭരാലി എന്ന് അസംകാർ വിളിക്കുന്ന കമേങ് നദിയുടെ തീരത്തുള്ള ഈ പട്ടണം എല്ലാ സഞ്ചാരികളുടെയും സ്വപ്നഭൂമിയാണ്. കുന്നും താഴ്വരയും പുഴയും പാടവുമൊക്കെ സംഗമിക്കുന്ന തനി നാട്ടിൻപുറത്തിന്റെ ആകർഷണീയത തോന്നുന്ന പട്ടണം.

ഭൂട്ടാന്റെ അതിരുതൊടുന്ന ഇവിടെ ബുദ്ധസൗന്ദര്യം വഴിഞ്ഞൊഴുകുന്നു. 150 വർഷത്തിലേറെ പഴക്കമുള്ള ദിരാങ് സോങ്   ഇവിടെയാണ്.  ഇവിടെയുള്ള പൗരാണിക മന്ദിരങ്ങൾക്ക് അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് ചരിത്രം പറയുന്നു. ചൂടുനീരുറവകൾക്ക് വളരെ പ്രശസ്തമാണിവിടം.  ഇനിയുമുണ്ട് ദിരാങ് പുരാണം. യാക്കുകളെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ്.

ദിരാങ് ചുരത്തിലെ യാത്രാ തടസ്സം മാറ്റുന്നു

ദിരാങ് ചുരത്തിലെ യാത്രാ തടസ്സം മാറ്റുന്നു


ന്യൂക് മാൻതുക് എന്നാണ് റിസർച്ച് സെന്റർ കുടികൊള്ളുന്ന ഗ്രാമത്തിന്റെ പേര്. ദിരാങ്ങ ിൽനിന്ന് 30 കിലോമീറ്റർ അകലെയാണത്. മഞ്ഞുതൊപ്പിവച്ച പർവതങ്ങളും അലക്ഷ്യമായി ഒഴുകുന്ന നീർത്തടങ്ങളും മഞ്ഞിൽ കുതിർന്നൊട്ടിയ കുന്നുകളും അതിന്റെ താഴ്വരയിലെ കുടിലുകളുമെല്ലാം ഒരുതരം നൊസ്റ്റാൾജിക് വികാരം സൃഷ്ടിക്കുമെന്നുറപ്പ്.  നമുക്കു മുന്നിൽ കാണുന്ന ചെറിയ കുടിലിന് അഞ്ഞൂറ് വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ, വിശ്വസിച്ചേ പറ്റൂ. കാരണം നമുക്കൊപ്പം സഞ്ചരിക്കുന്നത് ചരിത്രംകൂടിയാണ്. നവംബറിന്റെയൊടുവിൽ ചൈനാതടം പറന്നെത്തുന്ന ദേശാടനപക്ഷികൾ ദിരാങ്ങിലെ സങ്തി താഴ്വരയിൽ നൂറ്റാണ്ടുകളായി വിശ്രമിക്കാൻ എത്തുന്നു. നമ്മുടെ നാട്ടിലെ നീർകാക്കകളെപ്പോലെ സുന്ദരികൾ വിശ്രമവേളകൾക്കായി എത്തുന്നത് ഇവിടെ ആണത്രേ.

അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള കാലചക്ര ഗോംപെ ദിരാങ്ങിലാണ്. അവിടെ എത്തിപ്പെടുക ദുഷ്കരമാണ്. ആപ്പിൾ നഴ്സറിയും കിവി പഴങ്ങളുടെ തോട്ടവും എല്ലാം ദിറാങ്ങിലെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്.
സ്നോലയൺ എന്ന് പേരുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ അന്തിയുറങ്ങിയത്. മലകളാൽ ചുറ്റപ്പെട്ട താമസയിടം. ഒരു ബുദ്ധാശ്രമത്തിന്റെ പ്രതീതി ഉണർത്തുന്ന അന്തരീക്ഷം. കോടമഞ്ഞ് നമുക്കു ചുറ്റും നൃത്തം ചെയ്യുന്ന സായാഹ്നം. പ്ലം പോലുള്ള പഴങ്ങൾ കുലകുലയായി തൂങ്ങിക്കിടക്കുന്ന ചെറിയ വൃക്ഷങ്ങൾ. സിംഹരൂപമുള്ള വ്യാളീമുഖങ്ങൾ ഹോട്ടലിന്റെ കവാടത്തിൽ ആകാശത്തേക്ക് ഗർജിച്ചുനിൽപ്പുണ്ട്. സബർജെല്ലി മരങ്ങൾ ഇലകളെ തോൽപ്പിച്ച് കായിട്ട് നിൽക്കുന്നു. യാക്കുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രം ഞങ്ങളുടെ ഹോട്ടലിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ്. അടുത്തദിവസം സേല പാസിലേക്ക് യാത്ര ചെയ്യുമ്പോൾ അത് കാണാനാവുമെന്നതിനാൽ അവിടേക്ക് വൈകിട്ടുള്ള യാത്ര ഉപേക്ഷിച്ചു.

കിഴക്കൻ ഹിമാലയ പ്രദേശമാണ് ദിരാങ്. പടിഞ്ഞാറൻ ഹിമാലയത്തിലേക്ക് യാത്ര തുടങ്ങുന്ന വർക്കുള്ള തങ്ങലിടം എന്ന് വേണമെങ്കിൽ ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.
ദിരാങ്ങിലെത്തി സങ്തി താഴ്വരയിലൂടെ നടന്ന് സേലപാസിൽ എത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. അനുകൂലമല്ലാത്ത കാലാവസ്ഥയും തദ്ദേശീയരുടെ നിരുത്സാഹപ്പെടുത്തലും  അതിനെ പിന്തിരിപ്പിച്ചു. അടുത്ത ദിവസം പുലർച്ചെ സേലാപാസ് വഴി തവാങ്ങിലേക്ക് വാഹനത്തിൽ യാത്രചെയ്യാൻ അവസാനം തീരുമാനിച്ചു. ഹോട്ടൽ ഉടമസ്ഥ  ഞങ്ങൾക്ക് പുലർച്ചെ പോകാനുള്ള വാഹനവും ഏർപ്പാടാക്കി തന്നു. കാൽനടയാത്ര ഉപേക്ഷിച്ചതിനാൽ യാത്രാപദ്ധതിയിൽ ഒരു ദിവസം കൂടി അധികം ലഭിച്ചു.

രാവിലെ തവാങ്ങിലേക്കുള്ള യാത്രയ്‌ക്ക് തയ്യാറായി ഹോട്ടലിന് പുറത്തിറങ്ങി. തലേന്ന് കണ്ടതിനെക്കാൾ കടുത്ത നിറത്തിലാണ് ചുറ്റുമുള്ള പൂക്കൾ. സബർെജല്ലി ചുവട്ടിൽ ഒരു ദിനത്തിന്റെ അടയാളംപോലെ കുറെ കായ്കൾ വീണുകിടപ്പുണ്ട്. സുന്ദരമായ തണുപ്പിന്റെ സുഖത്തിൽ വിടരാൻമടിച്ച്  കൂമ്പിനിൽക്കയാണ് പൂക്കൾ. വീശിയടിക്കുന്ന കാറ്റിന് സ്വെറ്ററും തുളച്ചു കടക്കാനുള്ള ശക്തിയുണ്ട്. എങ്കിലും ഒരു കുളിരുള്ള സുഖം നൽകി അത് താഴ്വരയിലേക്ക് ഒഴുകിപ്പോകുന്നു. വാഹനം തയ്യാറാണ്. ബാഗുകളും മറ്റും മുകളിൽ വച്ചുകെട്ടി യാത്രക്കുള്ള തയാറെടുപ്പിലാണ് ഡ്രൈവർ ഹേംചന്ദ്. പരമാവധി വേഗത്തിലിറങ്ങിയാൽ രാത്രിയെത്തുംമുമ്പ് തവാങ്ങിലെത്താം.  അതിനിടെ സേലയും സേലപാസുമൊക്കെ പിന്നിടേണ്ടതുണ്ട്.കാലാവസ്ഥ ചതിക്കാതെയിരുന്നാൽ നിശ്ചിതസമയത്ത് എത്താം. വീണ്ടും കാണാമെന്ന പതിവുവചനത്തോടെ ഞങ്ങൾ ഹോട്ടലിലെ ബഹൻജിയോട് യാത്ര പറയുന്നു. ഒറ്റരാത്രിയിലെ പരിചയം പുഷ്പിച്ചതാവണം, അവർ ഡ്രൈവറോട് സൂക്ഷിച്ചു പോകണമെന്നൊക്കെ നിർദേശിക്കുന്നുണ്ട്.

ദിരാങ് മലയോരത്ത് നിൽക്കുന്ന സബർജല്ലി മരം

ദിരാങ് മലയോരത്ത് നിൽക്കുന്ന സബർജല്ലി മരം


   ഇന്ത്യൻ പട്ടാളക്യാമ്പിന് ഇടയിലൂടെയാണ് വാഹനം ഓടുന്നത്. വഴിയിലൊരു നാഗക്ഷേത്രമുണ്ട്. കൂറ്റൻ പാറകൾക്കുകീഴെ ചോളം പൂത്തുനിൽക്കുന്ന വയലാണ് ഇരുവശവും. ക്ഷേത്രത്തിനുമുന്നിൽ വാഹനം നിർത്തി, ഡ്രൈവർ ഒരു നിമിഷം പ്രാർഥിച്ചു. അയാൾക്ക് മാത്രമല്ല ഞങ്ങൾക്കും കൂടിയുള്ള പ്രാർഥനയാണ്. തലേന്നോ മറ്റോ തകർന്നുവീണ കുന്നിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് വാഹനമോടുന്നത്. കൂറ്റൻ പാറക്കല്ലുകൾ ഇരുവശത്തും കൂട്ടിയിട്ടിട്ടുണ്ട്.  കഷ്ടിച്ച് വാഹനമോടാനുള്ള വഴി മാത്രമേയുള്ളൂ. കമേങ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുകൂടിയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇടയ്ക്കിടെ ബുദ്ധാശ്രമങ്ങളുടെ ബോർഡുകൾ തെളിയുന്നുണ്ടെങ്കിലും അവയെല്ലാം കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റാത്തത്ര അകലെ താഴ്വരയിലും കുന്നിൻ പുറത്തുമാണ്. സോങ്‌സെ, ന്യൂക്മതുങ് ഇങ്ങനെയൊക്കെ പേരുകൾ റോഡരികിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിലത് യുദ്ധസ്മാരകങ്ങൾ. അല്ലാത്തവ മൊണാസ്ട്രികളും. തവാങ്ങിലേക്ക് ഇനിയും 118 കിലോമീറ്ററുണ്ട്. മണ്ണിടിച്ചിൽ ഏറ്റവുമധികമുള്ള മേഖലയാണ്. തൊട്ടുമുമ്പ് ഇടിഞ്ഞുവീണ കൂറ്റൻപാറകൾ റോഡിൽനിന്ന് മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് തൊഴിലാളികളും യന്ത്രങ്ങളും. സമുദ്രനിരപ്പിൽ നിന്നും 9252 അടി ഉയരത്തിലാണ് ഞങ്ങൾ സഞ്ചരിക്കുന്നത്.
ദിരാങ്- മലയിടുക്കിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിൽ

ദിരാങ്- മലയിടുക്കിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിൽ


   മഞ്ഞും ചാറ്റൽമഴയും ഇടയ്ക്കിടെ പെയ്യുന്നു. ജസ്വന്ത് സൈനിക് ഇൻസ്റ്റിറ്റ്യൂട്ട് മുന്നിലുണ്ട്. അരുണാചലിലെ പ്രധാന സൈനിക പരിശീലന കേന്ദ്രമാണിത്. അശോകചക്ര ബറ്റാലിയനാണ് ഇവിടെയുള്ളത്. ഗബ്ബാർസിങ് ദ്വാർ എന്ന കൂറ്റൻ കമാനം റോഡിന് കുറുകെ. സേലയിലേക്ക് 15 കിലോമീറ്റർ കൂടിയുണ്ട്.  ഇതാ ചരിത്രം മറ്റൊരു ബോർഡുമായി സമീപമുണ്ട്. കിരാന്തിസുകളുടെ ലോകത്തേക്ക് സ്വാഗതം.
   കിഴക്കൻ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് നീളുന്ന പ്രദേശങ്ങളിൽ അധിവസിക്കുന്ന ആദിമ ഗോത്രസമൂഹമാണ് കിരാതികൾ. മഹാഭാരത യുദ്ധത്തോളം നീളുന്നതാണ് ഇവരുടെ ജീവിതവും ചരിതങ്ങളും. മംഗോളിയൻ  വംശജരുടെ പിന്മുറക്കാരായ കിരാതികൾ  ഒരുകാലത്ത് നേപ്പാളിലെ ഭരണാധികാരികളായിരുന്നു. യജുർ,അഥർവ വേദങ്ങളിലെല്ലാം കിരാതികളുടെ സാന്നിധ്യമുണ്ട്.  പരമശിവനിൽനിന്ന് ധനുർവിദ്യ അഭ്യസിക്കാൻ പഞ്ചപാണ്ഡവപ്രമുഖനായ അർജുനൻ കിരാത വേഷപ്രഛന്നനായത് മഹാഭാരതത്തിൽ ഉണ്ടല്ലോ. പരമശിവൻ  വിവാഹം ചെയ്ത കിരാതപെണ്ണ് പിൽക്കാലത്ത് പാർവതിയെന്ന് അറിയപ്പെട്ടതായും വിശ്വാസമുണ്ട്.

കുന്നു കയറിയെത്തുന്നത് സ്വപ്നഭൂമിയിലേക്കാണ്.- തവാങ്ങിലേക്ക് സ്വാഗതമോതുന്ന കമാനം റോഡിനു കുറുകെയുണ്ട്-. ഒരു ബുദ്ധാശ്രമ കവാടത്തിന്റെ വാസ്തുശിൽപ്പഭംഗിയാകെ അതിൽ നിറഞ്ഞുനിൽക്കുന്നു. മഞ്ഞുമൂടിയ കുന്നുകളാണ് ചുറ്റിലും.

  8, 9 നൂറ്റാണ്ടുകളിൽ കിഴക്കൻ ഹിമാലയ പ്രദേശങ്ങളിൽ തിബറ്റൻ കുടിയേറ്റം വ്യാപകമായി. അവിടങ്ങളിലെ പരമ്പരാഗത ഗോത്രവിഭാഗമായ കിരാതികൾ തിബറ്റരോടൊപ്പംചേർന്ന് പിൽക്കാലത്ത് ഒരു സങ്കരവർഗമായി പരിണമിച്ചതായി ചരിത്രകാരന്മാർ വിലയിരുത്തുന്നു. ലിബു, റായി, സുനുവർ, യക്കക തുടങ്ങിയ വിഭാഗത്തിലുള്ളവരെല്ലാം പൂർവ കിരാതികളത്രെ. ആയിരംവർഷംമുമ്പ് കാഠ്മണ്ഡു താഴ്വര കിരാന്തിസുകളുടെ ഭരണത്തിൻകീഴിൽ ആയിരുന്നതായി ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുണ്ട്. ലിംബു ദേശീയതയിലൂ ന്നിയ സാമൂഹ്യ ജീവിതരീതിയാണ് കിരാന്തിസുകൾക്കുള്ളത്. അവരുടെ വേദപഠന രീതി, കിരാത്തോളജി എന്നാണ്  അറിയപ്പെടുന്നത്.  പരമ്പരാഗത കിരാതികൾ ഇപ്പോൾ രണ്ടു വർഗമായി മാറിക്കഴിഞ്ഞു. റായ് എന്നും ലിംബുവെന്നും. ഇവരുടെ ആചാരങ്ങളിലും ആരാധനാക്രമങ്ങളിലുമൊക്കെ പ്രകടമായ മാറ്റവും സംഭവിച്ചിട്ടുണ്ട്. പ്രകൃതിയെയും ജീവജാലങ്ങളെയും ആരാധിക്കുന്ന പ്രത്യേക പ്രാർഥനാരീതികൾ ഇവർക്കുണ്ട്.
   ആരാണ് ഇന്ത്യക്കാരൻ എന്ന ചോദ്യം തലയ്ക്കുമീതെ നിൽക്കുന്ന അവസ്ഥയാണല്ലോ ഇപ്പോൾ. വംശീയതയും വർഗീയതയും അതിന്റെ എല്ലാ വിഷലിപ്ത ഫണവും പുറത്തുകാട്ടുന്ന ഭീതിദമായ സ്ഥിതി. ഈ സാഹചര്യത്തെ പ്രത്യേക സ്വത്വം അവകാശപ്പെടുന്ന കിരാതികൾ എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെയറിയണം.

2019 ജൂലൈ 30ന് പൗരത്വപട്ടികയുടെ കരട് പുറത്തുവന്നപ്പോൾ 41 ലക്ഷം മനുഷ്യജീവികൾ അതിൽ പെട്ടില്ല. നുഴഞ്ഞു കയറ്റക്കാരെന്നോ, അനധികൃത കുടിയേറ്റക്കാരെന്നോ ഒക്കെ മൊഴിചൊല്ലി ഇവരെ പടിക്ക് പുറത്താക്കുന്ന കാഴ്ചയിലേക്കാണല്ലോ നമ്മൾ സഞ്ചരിക്കുന്നത്. അസമിലും  അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും നീറിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നം പുതിയതല്ല.  ഇതിൽ കിരാതികളിലെ ലിംബു വർഗക്കാരും പെട്ടിട്ടുണ്ട്. അതിനുകാരണം കിരാതികളിൽ ചിലരുടെ മതംമാറ്റമാണെന്നും പറഞ്ഞുകേൾക്കുന്നു.
 മഞ്ഞും മഴയും അത്ര ശക്തമല്ലെങ്കിലും കുന്നിറക്കത്തിൽ അതീവ ജാഗ്രത വേണം. വൈൽഡ് സ്ട്രോബെറി എന്നറിയപ്പെടുന്ന ഹിമാലയൻ പഴങ്ങൾ റോഡരികിലെ ഈർപ്പമുള്ള ചരുവിൽ വളർന്നു കിടക്കുന്നു. വാഹനം നിർത്തി കുറച്ച് പൊട്ടിച്ചെടുത്തു. ഡ്രൈവർ തിന്നുന്നതുവരെ കഴിക്കാൻ ധൈര്യം പോരാ. എല്ലാം മറച്ച്  കോടമഞ്ഞ് എത്തിക്കഴിഞ്ഞു. ഞങ്ങൾ കയറിവന്ന വഴിയൊന്നും കാണാനില്ല. സർവത്ര മഞ്ഞ്.  ജീപ്പിന്റെ മഞ്ഞവെളിച്ചം കീറിമുറിക്കുന്ന വഴിയിലൂടെ മുന്നോട്ടുപോവുകയാണ്.

കമേങ്- നദി ചുറ്റി ദിരാങിലേക്കുള്ള വഴി

കമേങ്- നദി ചുറ്റി ദിരാങിലേക്കുള്ള വഴി


കുന്നു കയറിയെത്തുന്നത് സ്വപ്നഭൂമിയിലേക്കാണ്. തവാങ്ങിലേക്ക് സ്വാഗതമോതുന്ന കമാനം റോഡിനു കുറുകെയുണ്ട്. ഒരു ബുദ്ധാശ്രമ കവാടത്തിന്റെ വാസ്തുശിൽപ്പഭംഗിയാകെ അതിൽ നിറഞ്ഞുനിൽക്കുന്നു. മഞ്ഞുമൂടിയ കുന്നുകളാണ് ചുറ്റിലും. കുന്നുകളിൽ നിന്ന് താഴ്വരയിലേക്ക് ഞാത്തിയിട്ടിരിക്കുന്ന വർണതോരണങ്ങൾ, ഉയർന്നുനിൽക്കുന്ന കൂറ്റൻ കൊടികൾ. ഒരു ബുദ്ധിസ്റ്റ് ഗ്രാമത്തിന്റെ പ്രതീതിയുണർത്തുന്ന  കാഴ്ചകൾ. ഞങ്ങൾ നിൽക്കുന്നത് സേലയിലാണെന്നു പറയാം. സേലാപാസ് തുടങ്ങുന്നത് ഇവിടെയാണ്. തൊട്ടടുത്താണ് വിശ്വപ്രസിദ്ധമായ സേല തടാകം. വെയ്റ്റിങ്‌ ഷെഡ്ഡുപോലെ തോന്നിച്ച ചെറിയ കവാടത്തിൽ കുറെ ശിലകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഓരോന്നിലും സേലയുടെ വിശേഷങ്ങൾ കൊത്തിവച്ചിട്ടുണ്ട്. തവാങ്ങിനും പടിഞ്ഞാറൻ കമേങ് ജില്ലയ്ക്കുമിടയിൽ ഏറ്റവും മനോഹരവും അത്യന്തം അപകടം കൂടിയതുമാണ് സേല. 13700 അടി ഉയരത്തിലുള്ള ഇവിടം നേരത്തെ ദേശീയപാത 229 ന്റെ ഭാഗമായിരുന്നു. ഇപ്പോൾ ദേശീയപാത 13ലും. തിബറ്റൻ ബുദ്ധിസത്തിൽ പരിശുദ്ധമെന്ന് കരുതിപ്പോരുന്നു 101 തടാകങ്ങളിൽ ഒന്നാണ് സേല.
സേല വെറുമൊരു പേരല്ല, ചോരയും കണ്ണീരുമുണങ്ങിയ ഒരു പോരാട്ടത്തിന്റെകൂടി മണ്ണാണ്.  അതുമാത്രമല്ല,  ഈ താഴ്വരകളിലെ കാറ്റിനൊപ്പമുള്ള തരിവളകിലുക്കത്തിന്റെ പേരുമാണ്. സേലയെക്കുറിച്ച് പറയുമ്പോൾ നൂറയെക്കുറിച്ചും പറയണം.
ഇതുരണ്ടും പറയുമ്പോൾ  ജസ്വന്ത്സിങ്ങിനെക്കുറിച്ചും പറയണം. ചരിത്രം നാടോടിക്കഥയായി മാറുന്നത് ഈ ഘട്ടത്തിലാണ്. സേലയും നൂറയും മോൻപ വിഭാഗത്തിൽപെട്ട രണ്ട് ഗ്രാമീണ പെൺകുട്ടികൾ. ജസ്വന്ത്സിങ്‌ രാജ്യത്തിന്റെ മാനംകാക്കാൻ ഒറ്റയ്ക്ക് ഉശിരോടെ പോരടിച്ചവൻ. ചരിത്രത്തിൽ കഥയുടെ മേമ്പൊടി ചിലപ്പോൾ ഉണ്ടാകാമെങ്കിലും അതുകേട്ടേ തീരൂ.
ജസ്വന്ദ്‌ സൈനിക ഇൻസ്‌റ്റിട്ററ്യൂട്ട്‌

ജസ്വന്ദ്‌ സൈനിക ഇൻസ്‌റ്റിട്ററ്യൂട്ട്‌


വർഷം 1962. ഇന്ത്യ‐ ചൈന യുദ്ധം. നവംബർ 17ന് ചൈന ഇന്ത്യക്കുനേരെ കടുത്ത ആക്രമണം നടത്തി. തവാങ് മേഖലയിലെ ഇന്ത്യൻ സൈന്യത്തെയാകെ നിലംപരിശാക്കിയായിരുന്നു ചൈനീസ് മുന്നേറ്റം. പിടിച്ചുനിൽക്കാനാവില്ലെന്ന് വന്നതോടെ തവാങ്ങിൽ അവശേഷിച്ച പട്ടാളക്കാരോട് പിൻവാങ്ങാൻ ഇന്ത്യ നിർദേശിച്ചു.  എന്നാൽ റൈഫിൾമാനായ ജസ്വന്ത്സിങ്‌  അതിന് ഒരുക്കമായിരുന്നില്ല. ആത്മാഭിമാനത്തിനേറ്റ മുറിവുമായി ജസ്വന്ത് കുന്നുകളിൽ നിന്ന് കുന്നുകളിലേക്ക് പലായനം ചെയ്തു. ഒറ്റയ്ക്കായാലും പോരാടി മരിക്കുകയെന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. ഇരുട്ടും മഞ്ഞും മൂടിയ രാത്രികളെ തോൽപ്പിച്ച് ജസ്വന്ത് അലഞ്ഞു.

ഇന്ത്യൻ ഭാഗത്തുനിന്ന് പ്രത്യാക്രമണമൊന്നും കാണാത്തതിനാൽ സൈന്യം പിൻവാങ്ങിയെന്ന നിഗമനത്തിലായിരുന്നു ചൈനീസ് പട്ടാളം.  അപ്രതീക്ഷിതമായാണ് ജസ്വന്ത് ആക്രമണം തുടങ്ങിയത്. കൈവശമുണ്ടായിരുന്ന ആയുധങ്ങളാൽ തുരുതുരാ വെടിയുതിർത്തു. ശത്രുവിന്റെ മനക്കോട്ട തകർന്ന നിമിഷങ്ങൾ. അവിടെനിന്ന് സ്ഥലം വിട്ട് തൊട്ടടുത്ത കുന്നിൽ കയറി വീണ്ടും നിറയൊഴിച്ചു. അവിടെയും ശത്രുസൈന്യം നിലംപരിശായി. ഇരുട്ടിന്റെ മറവിൽ വീണ്ടുമോടി അടുത്ത കുന്നിലേക്ക്. അവിടെയും ജസ്വന്ത് ലക്ഷ്യംകണ്ടു. ചൈനീസ്പട ആകെ അങ്കലാപ്പിലായി. ഇന്ത്യൻസൈന്യം തങ്ങളെ വളഞ്ഞതായി അവർക്ക് തോന്നി. പ്രത്യാക്രമണത്തിന് കോപ്പുകൂട്ടുമ്പോഴെല്ലാം ജസ്വന്ത് ഓരോ കോണുകളിൽനിന്ന് വെടിയുതിർത്ത് ശ്രദ്ധ മാറ്റിക്കൊണ്ടിരുന്നു. അയാൾക്ക് കൂട്ടായി രണ്ട് നാടൻ പെൺകുട്ടികൾ. സേലയും നൂറയും. ജസ്വന്തിന് ഭക്ഷണവും വെള്ളവുമായി പെൺകുട്ടികൾ കുന്നുകളിൽനിന്ന് കുന്നുകളിലേക്ക് ഓടിക്കൊണ്ടിരുന്നു. രാജ്യാഭിമാനം കാക്കാനുള്ള പെൺപോരാട്ടം.

ജസ്വന്തിന്റെ തോക്കിനുമുന്നിൽ പിടഞ്ഞുവീണത് മുന്നൂറോളം ചൈനീസ് പടയാളികൾ. നീണ്ട 72 മണിക്കൂറാണ് വിശ്രമരഹിതമായി പോരടിച്ചത്. പ്രത്യാക്രമണത്തിൽ സേല പിടഞ്ഞുവീണു മരിച്ചു.  പട്ടാളം വെടിവച്ചുപിടിക്കുമെന്ന് ഉറപ്പായപ്പോൾ നൂറ ആത്മഹത്യചെയ്തു. ജസ്വന്ത് സ്വയം വെടിവച്ചു.  കലിയടങ്ങാത്ത ചൈനീസ് പട്ടാളം ജസ്വന്തിന്റെ തലയറുത്ത് ചൈനയിലേക്ക് കൊണ്ടുപോയി. യുദ്ധത്തിൽ 26000 ചതുരശ്രമൈൽ സ്ഥലം ചൈന കയ്യടക്കി. 1962 നവംബർ 21ന് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ജസ്വന്തിന്റെ പോരാട്ടങ്ങളിൽ മതിപ്പു തോന്നിയ ചൈനീസ് പട്ടാളം അദ്ദേഹത്തിന്റെ വെങ്കല പ്രതിമയുണ്ടാക്കി പിൽക്കാലത്ത് ഇന്ത്യക്ക് കൈമാറി. നൂറാങ് എന്ന സ്ഥലത്ത് ഇന്ത്യൻ പട്ടാളം നിർമ്മിച്ച ജസ്വന്ത്ഘറിൽ അതിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങൾ യാത്രചെയ്യുന്ന വഴിയിലാണ് ജസ്വന്ത്ഘർ. ചൈനീസ്‌പട്ടാളം വെടിവച്ചുകൊല്ലുമെന്ന് വ്യക്തമായതോടെ സേലയും നൂറയും ചെങ്കുത്തായ കുന്നിൻതാഴ്ചയിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നും പ്രചാരമുണ്ട്. പോരാട്ട കഥകൾക്കൊപ്പം രണ്ടു പെൺകുട്ടികളും ചരിത്രത്തിന്റെ ഭാഗമാണ്.  സേലയുടെ ഓർമ്മയ്ക്കു നൽകിയ പേരാണ് സേലപാസ്.  നൂറയുടെ ഓർമ്മയ്ക്ക് മഴവില്ല് തെളിയുന്ന ഒരു വെള്ളച്ചാട്ടമുണ്ട്. നൂറാനങ്‌ എന്നാണ് അതിന്റെ പേര് .

(തുടരും)

ഒന്നാംഭാഗം ഇവിടെ: ഒളിച്ചുകടക്കുന്ന 'ദൈവ'ത്തിനൊപ്പം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top