25 April Thursday
ഉത്തരവാദിത്ത ടൂറിസം പദ്ധതി

ടൂറിസം സാധ്യതയൊരുക്കി പെരിങ്ങമ്മല

ശരത‌് എസ്‌ നായർUpdated: Tuesday Jan 29, 2019
പാലോട‌്>ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാൽവയ‌്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കർഷകർ, കുടുംബശ്രീ പ്രവർത്തകർ, കരകൗശല നിർമാതാക്കൾ, ടൂറിസം സംരംഭകർ, ഹോംസ്റ്റേ, കലാകാരന്മാർ, ടൂറിസം ഗൈഡുകൾ തുടങ്ങി നിരവധി തദ്ദേശീയർക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാൻ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തു. 
 
തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂർ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണർവ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങൾ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. 
 
നാടിന്റെ പരിസ്ഥിതിയേയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയർക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം.
 
 സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ ഊന്നിയുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. പെരിങ്ങമ്മല പഞ്ചായത്തിന് വളരെ വലിയ പ്രാദേശിക വരുമാനം ലഭിക്കുന്നതാണ് പദ്ധതി. നാട്ടിലെ പരമ്പരാഗത തൊഴിലുകളെയും ഉത്സവങ്ങളെയും ആഘോഷങ്ങളെയും പാക്കേജുകളാക്കി അനുഭവേദ്യ ടൂറിസം പാക്കേജുകളെന്ന പുതിയ സെക്ടറിനാണ് ഉത്തരവാദിത്ത ടൂറിസം നേതൃത്വം നൽകുന്നത്. ഇതിന്റെ ആദ്യ ചുവടുവയ‌്പായി നടന്ന സ്‌പെഷ്യൽ ഗ്രാമസഭ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ചിത്രകുമാരി, വൈസ് പ്രസിഡന്റ് കെ ജെ കുഞ്ഞുമോൻ, വാർഡ് അംഗങ്ങളായ റീജ ഷെനിൽ, എ റിയാസ്, സിന്ധുകുമാരി ,പഞ്ചായത്ത് സെക്രട്ടറി വി ജ്യോതിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top