18 April Thursday

ബോണക്കാട‌് ‌എസ‌്റ്റേറ്റിലെ 25/ജിബി ബംഗ്ലാവ്: ഇവിടെ "പ്രേതമില്ല'

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2019
വിതുര> കോടമഞ്ഞും ചാറ്റൽമഴയും പെയ്തിറങ്ങുന്ന കാട് മൂടിയ തേയിലത്തോട്ടങ്ങൾ. തകർന്ന ചുവരിൽ സിമന്റിൽ തീർത്ത ബോർഡിൽ  25/GB. ഗേറ്റ് പിന്നിട്ട് അകത്തോട്ടു കയറിയാൽ അതി വിശാലമായ പുല്ലു വളർന്ന മുറ്റം.  അതും പിന്നിട്ടാൽ  ആഡംബര ബംഗ്ലാവ്. പറഞ്ഞു വരുന്നത് ഒരു ഹൊറർ ചിത്രത്തിന്റെ കഥയല്ല. ഒരു  കാലത്തിന്റെ ചരിത്രം പേറുന്ന ബോണക്കാട‌് ‌എസ‌്റ്റേറ്റിലെ  ബംഗ്ലാവിനെപ്പറ്റിയാണ്. ഇന്നുള്ള ടെക്നോളജിയെക്കാൾ മികച്ച രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ. 
 
125 വർഷങ്ങൾക്കു മുൻപ് ഘോര വനത്തിനിടയിൽ  കേരളത്തിലെ തന്നെ ഏറ്റവും മികച്ച തോട്ടങ്ങളിൽ ഒന്നാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് പിൽക്കാലത്ത‌്  ബംഗ്ലാവ് പണിതത്. തേയിലക്കൊപ്പം കുരുമുളക് കൃഷിയും പ്രധാനമായിരുന്നു. കേരളത്തിൽ തന്നെ അക്കാലത്തു തേയില ഫാക്ടറികൾ ഉണ്ടായിരുന്ന ചുരുക്കം ചില തോട്ടങ്ങളിൽ ഒന്നായിരുന്നു ബോണക്കാട്. ഇതിന്റെ ശേഷിപ്പുകൾ ഒരു സ്മാരകമായി  അവശേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളുമായി ഫാക്ടറി തുടങ്ങി  നല്ല നിലയിൽ പ്രവർത്തനം നടക്കുന്ന കാലത്താണത്രെ  ബ്രിട്ടീഷുകാർ  ബംഗ്ലാവ് പണിതത്.
 
ലോവർ, മിഡിൽ, അപ്പർ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്ന ബോണക്കാടൻ മലനിരകളിൽ മിഡിലിൽ നിന്നുമാണ്  പ്രേത ബംഗ്ലാവിലേക്ക് വഴി തിരിയുന്നത്. മലനിരകളിൽ ഏറ്റവും ഉയർന്ന കാടുകളാൽ  ചുറ്റപ്പെട്ട പ്രദേശത്താണ് ഇത‌്സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ ബോണക്കാട് എസ്റ്റേറ്റ്, തോട്ടം, ഫാക്ടറി തുടങ്ങിയവ കാണാം. കിലോമീറ്ററുകൾ അപ്പുറം മലയുടെ താഴ‌് വാരത്ത‌് പേപ്പാറ ഡാമിന്റെ കാഴ്ച . കരിങ്കല്ലുകൊണ്ടാണ‌് ചുമര്. ബംഗ്ലാവിനുള്ളിലെ മുറികളിലെല്ലാം തണുപ്പ് കാലത്തു തീ കായനുള്ള ചിമ്മിനികൾ, മൊസൈക്ക് ചെയ്ത തറ, മറ്റു സജ്ജീകരണങ്ങളുമുണ്ട്.പില്ക്കാലത്ത് തോട്ടം ഇന്ത്യൻ കമ്പനിക്ക് വിൽപ്പന നടത്തി ബ്രിട്ടുഷുകാർ ചുരമിറങ്ങിയെങ്കിലും വർഷങ്ങളോളം ബംഗ്ലാവ് തല ഉയർത്തി നിന്നു. 
തൊഴിൽ പ്രശ്നം കാരണം തോട്ടം നശിക്കുകയും കേസും കോടതിയുമൊക്കെയായി കാലങ്ങൾ കഴിഞ്ഞതോടെ ആഡംബര ബംഗ്ലാവ് ‘പ്രേത ബംഗ്ലാവായി’ മാറി. ഇതോടെ  ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായി. അത് ഇപ്പോഴും തുടരുന്നു. 
 
ബോണക്കാട്ടെക്കുള്ള സഞ്ചാരികൾക്കു വനം വകുപ്പ് അധികൃതർ തടയിട്ടിരിക്കുകയാണ്.  ഉപാധികളോടെ സഞ്ചാരികളെ കടത്തി വിടുന്നുമുണ്ട്. ബംഗ്ലാവ്  കന്നുകാലികളുടെയും സാമൂഹ്യ വിരുദ്ധരുടെയും  താവളമാണ്. പ്രേത ബംഗ്ലാവെന്ന പ്രചാരണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരെന്നാണ്  ലയങ്ങളിൽ അവശേഷിക്കുന്ന തൊഴിലാളികൾ പറയുന്നത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top