02 May Thursday

ആനവണ്ടിയിലെ വിനോദയാത്ര ഹിറ്റായതോടെ പുതിയ പാക്കേജുകളുമായി കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

നിലമ്പൂർ> ആനവണ്ടിയിലെ വിനോദയാത്ര ഹിറ്റായതോടെ പുതിയ പാക്കേജുകളുമായി കെഎസ്ആർടിസി. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട് വിനോദസഞ്ചാര യാത്രാപദ്ധതികളാണ് പുതുതായി ഒരുങ്ങുന്നത്. മലപ്പുറം കെഎസ്ആർ‌ടിസി ഡിപ്പോയിൽനിന്ന് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ, കക്കാട് ഇക്കോ ടൂറിസത്തിലേക്കും  താമരശേരിമുതൽ നിലമ്പൂർ ആ‍ഢ്യൻപാറ വെള്ളച്ചാട്ടംവരെയുമുള്ള യാത്രാപദ്ധതികളാണ് വരുന്നത്. 

പദ്ധതികളുടെ അനുമതിക്കായി സർക്കാരിലേക്ക് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.  വനംവകുപ്പും ​കെഎസ്ആർടിസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.  മലപ്പുറം ടു കക്കാട് ഇക്കോ ടൂറിസം രാവിലെ ആറിന്‌ മലപ്പുറം ഡിപ്പോയിൽനിന്ന്  തുടങ്ങുന്ന ബസ് സർവീസ് ഈങ്ങാപ്പുഴയിലാണ്‌ ആദ്യമെത്തുക. ഈങ്ങാപ്പുഴയിലെ വനപർവം കാട്ടരുവിയിൽ കുളിക്കാനും ഉല്ലസിക്കാനുമുള്ള അവസരമൊരുക്കും. നാലുമണിക്കൂർ അവിടെ ചെലവഴിക്കും. തുടർന്ന്‌ കക്കാട് വനം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ്‌ യാത്ര. അവിടെയും ട്രക്കിങ്‌ ഉൾപ്പെടെ  നാലുമണിക്കൂറോളം ചെലവിടും. ആറോടെ തിരിച്ച് മലപ്പുറം ഡിപ്പോയിലെത്തും.

ഒരുദിവസം  50 പേർക്കാണ് യാത്രചെയ്യാനുള്ള അനുമതി. ഭക്ഷണമുൾപ്പെടെ 499 രൂപയാണ്‌ പാക്കേജ്‌.  താമരശേരി ടു 
ആഢ്യൻപാറ വെള്ളച്ചാട്ടം രാവിലെ 7.30ന്‌ താമരശേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ്‌  9.30ന് നിലമ്പൂർ കനോലി പ്ലോ‌ട്ടിലെത്തും. കനോലി പ്ലോട്ടിലെ ഭീമൻ തേക്കും തേക്കിൻതോട്ടവും മ്യൂസിയവും കാണാൻ അവസരമൊരുക്കും.  ഉച്ചയോടെ ആഢ്യൻപാറ വെള്ളച്ചാട്ടം,  കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം പദ്ധതി എന്നിവിടങ്ങളിൽ ചെലവഴിക്കാം. വൈകിട്ടോടെ താമരശേരിയിലേക്ക് മടക്കം. യാത്രാനിരക്കും ഭക്ഷണവുമുൾപ്പെടെയുള്ള ചെലവ് ക്രമീകരിച്ചിട്ടില്ല.

കൊതിയൂറും ഭക്ഷണം 

നാടൻഭക്ഷണമാണ് യാത്രക്കാർക്കായി കെഎസ്ആർടിസി ഒരുക്കുന്നത്. പ്രഭാതഭക്ഷണമായി കഞ്ഞിയും പയറും നൽകും. ഉച്ചയ്ക്ക് കുത്തരിച്ചോറും മോരുകറിയും ഉപ്പേരിയും മാന്തൾ പൊരിച്ചതുമുൾപ്പെടെയുള്ള ഭക്ഷണം.  സർക്കാരിലേക്ക് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top