25 April Thursday

ടൂറിസം ഭൂപടത്തിലേക്ക‌് വയലടയും

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018
ബാലുശേരി 
മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയുമാണ‌് ‘വയലട’യെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത‌്. 'റൂറൽ ടൂറിസം വയലട ഹിൽസ്’ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം നിർവഹിച്ചതോടെ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ഒരുക്കത്തിലാണ് വയലട. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്നതാണ‌് ഈ നിത്യഹരിത വനപ്രദേശം.  

അമ്പരപ്പിക്കുന്ന കാഴ്ചകളാണ‌് ഇവിടേക്കുള്ള യാത്രയിലെങ്ങും. സമുദ്രനിരപ്പിൽനിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലട മല. കക്കയം ഡാമിൽനിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെ ചുറ്റിക്കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകൾക്കൊപ്പം കല്യാണ ആൽബങ്ങൾ ഷൂട്ട് ചെയ്യാനും നവദമ്പതികൾ എത്തുന്നു. മുള്ളൻപാറക്കുമുകളിൽനിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണുകളും കാണാം. മലബാറിന്റെ ഗവിയെന്നാണ‌് വയലടയുടെ വിളിപ്പേര‌്. വയലട മലനിരയിൽ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും മറ്റൊരു പ്രധാന ആകർഷണമാണ്. 
ഇവിടുത്തെ മുള്ളൻപാറ പ്രസിദ്ധമാണ്. പേര‌് സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകൾ നിറഞ്ഞ പാതയാണ് മുള്ളൻപാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാൻ.   

ബാലുശേരിയിൽനിന്ന‌് 12 കി.മീ അകലെയാണ് ഈ ഭൂപ്രദേശം. മൗണ്ട് വയലട വ്യൂ പോയന്റ്, ഐലന്റ് വ്യൂ മുള്ളൻപാറ, കോട്ടക്കുന്ന് വ്യൂ പോയന്റ് എന്നീ മുനമ്പുകൾ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കുന്നു. കോഴിക്കോട് നഗരത്തിൽനിന്നും ബാലുശേരിയിലേക്ക് 25 കി.മീറ്ററാണുള്ളത‌്. വയലടയിലേക്ക് വളരെ കുറച്ച് ബസുകൾ മാത്രമേ ഉള്ളൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top