25 April Thursday

നെൽസൺ ബൈക്ക‌് ഓടിച്ചു, ലോകത്തിന്റെ നെറുകയിലേക്ക‌്

വി കെ സുധീർകുമാർUpdated: Saturday Jul 20, 2019
കോഴിക്കോട‌്> മൈനസ‌് നാല‌് ഡിഗ്രി തണുപ്പ‌്,  ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലും  ഇരുവശങ്ങളിലും കൊക്കയുള്ള മഞ്ഞും കല്ലുകളും നിറഞ്ഞ പാതയിലുടെ അവന്റെ ബൈക്ക‌് നീങ്ങി. യാത്ര അവസാനിച്ചത‌് കശ‌്മീരിലെ കർദുങ‌് ലെ എന്ന മഞ്ഞുമലയിലാണ‌്. മോട്ടോർ വാഹനങ്ങൾക്ക‌് എത്തിപ്പെടാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  പ്രദേശം.
 
സമുദ്രനിരപ്പിൽനിന്നും 18,380 അടി ഉയരത്തിലുള്ള കർദുങ‌് ലെയിൽ  എത്തുകയെന്ന സ്വപ‌്നമായിരുന്നു ആ നിമിഷം സാക്ഷാത‌്കരിക്കപ്പെട്ടത‌്.  തൃശൂർ സ്വദേശി വടക്കാഞ്ചേരി എരുമപ്പെട്ടിയിലെ നെൽസൺ ആണ‌് കർദുങ‌് ലെയിലേക്ക‌് സാഹസിക യാത്ര നടത്തിയത‌്. തിരികെയുള്ള യാത്രയിൽ കോഴിക്കോട്ടെത്തിയ നെൽസൺ യാത്രാനുഭവങ്ങൾ ദേശാഭിമാനിയുമായി പങ്കുവച്ചു.
 
ഏതൊരു സാഹസിക യാത്രക്കാരന്റെയും സ്വപ‌്നമാണ‌് ജമ്മുകശ‌്മീരിലെ ലഡാക്ക‌് ജില്ലയിലുള്ള കർദുങ‌് ലെ ചുരത്തിലൂടെയുള്ള ബൈക്ക‌് യാത്ര. ശരീരത്തിലേക്ക‌് കുത്തിക്കയറുന്ന തണുപ്പ‌ും ഇടുങ്ങിയ പാതയിലൂടെയുള്ള പ്രതികൂല സാഹചര്യങ്ങളും തരണംചെയ‌്തുവേണം അവിടെയെത്താൻ. ജൂൺ 17നായിരുന്നു നെൽസൺ തൃശൂരിൽനിന്നും  ലഡാക്കിലേക്ക‌് 96 മോഡൽ യമഹ ബൈക്കിൽ  യാത്ര തുടങ്ങിയത‌്. കർണാടക, ഗോവ, രാജസ്ഥാൻ ഗുജറാത്ത‌്, പഞ്ചാബ‌്  എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട‌് ജമ്മുവിലെത്തി.
 
ലഡാക്കിൽനിന്നും ലെ വഴി 200 കിലോമീറ്റർ താണ്ടി കർദുങ്ങിലെത്തി. ലെ യിലെ സൈനിക ക്യാമ്പിൽനിന്നും അനുവദിക്കുന്ന പ്രത്യേക പാസുമായാണ‌്  യാത്ര. യാത്രാമധ്യേ  നാല‌് പേരെ സുഹൃത്തുക്കളായി കിട്ടി. പരിചയപ്പെട്ടു.  ഇവരിൽ കണ്ണൂർ സ്വദേശി ഷാഹിലിന്റെ ബൈക്ക‌് കൊക്കയിലേക്ക‌് മറിഞ്ഞു. തലനാരിഴയ‌്ക്കാണ‌്  രക്ഷപ്പെട്ടത‌്‌. ഈ ബൈക്കിൽ സൂക്ഷിച്ചിരുന്ന നെൽസന്റെ ബാഗും നഷ്ടമായി. എറണാകുളം സ്വദേശി സന്ദീപ‌ിന‌് കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന‌് യാത്ര മുഴുമിപ്പിക്കാനായില്ല.
 
മനസ്സിനെ പിന്നോക്കം വലിക്കുന്ന ദുരനുഭവങ്ങളെ മറികടന്നായിരുന്നു നെൽസൺ കർദുങ്ങിൽ യാത്ര അവസാനിപ്പിച്ചത‌്. ഇവിടെയും ഒരു സൈനിക ക്യാമ്പും ചായക്കടയും ഉള്ളതായി നെൽസൺ പറഞ്ഞു. ശ്വാസതടസ്സം നേരിടുന്നവരെ സഹായിക്കാൻ  പട്ടാള ക്യാമ്പിൽ ഓക‌്സിജൻ സിലിണ്ടറുൾപ്പെടെയുള്ള സൗകര്യവുമുണ്ടായിരുന്നു.
 
കനത്ത മഞ്ഞുവീഴ‌്ചയിൽ  നെൽസണും ശ്വാസതടസ്സംനേരിട്ടിരുന്നു. എങ്കിലും ലക്ഷ്യം കൈവരിക്കാതെ മടങ്ങില്ലെന്ന‌് തീരുമാനിച്ചു. ഒരുമാസത്തിലധികം നീണ്ട യാത്രയിൽ ബൈക്കിൽ  30,000 രൂപയുടെ പെട്രോൾ  നിറച്ചു. നഗരങ്ങളിൽ ലോഡ‌്ജുകളിലും മറ്റു സ്ഥലങ്ങളിൽ താൽക്കാലിക ടെന്റിലുമായിരുന്നു താമസം. റെഡിമെയ‌്ഡ‌് ടെന്റും നെൽസൺ കരുതിയിരുന്നു. മണാലി, ന്യൂഡൽഹി വഴിയായിരുന്നു തിരികെയാത്ര .  സ്വകാര്യ മൊബൈൽ കമ്പനിയിൽ ജീവനക്കാരനായിരുന്ന നെൽസൺ ജോലി രാജിവച്ചാണ‌് സാഹസിക യാത്രക്കൊരുങ്ങിയത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top