16 April Tuesday

സഞ്ചാരികളേ ഇതിലേ...ഇതിലേ ...

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

കോട്ടയം> ചൂണ്ടയിടീലും കയർപിരിയും ഓലമെടയലുമൊക്കെ ഇനി വള്ളത്തിൽ സഞ്ചരിച്ച്‌ ആസ്വദിക്കാം. വലവീശി മീൻപിടിക്കാനും തെങ്ങിൽകയറി കള്ളുചെത്താനും താല്പര്യപ്പെടുന്നവർക്ക്‌ ഇത്തരം സൗകര്യങ്ങളും ഒരുക്കും. ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കൂട്ടിയിണക്കി സഞ്ചാരികൾക്കായി ഗ്രാമീണ ടൂർ പാക്കേജിലാണ്‌ ഈ ഓഫറുകൾ. 

കുമരകത്ത്‌ തുടക്കമിട്ട പദ്ധതി വൻവിജയമായതോടെയാണ്‌ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തിയത്‌. പാക്കേജുകളെല്ലാം ഗ്രാമീണജീവിതം അടുത്തറിയുന്നതിനും പരിചയപ്പെടുന്നതിനും ഗ്രാമീണ തൊഴിൽമേഖലകൾ പരിശീലിക്കുന്നതിനും സഞ്ചാരികൾക്ക്‌ സൗകരമൊരുക്കുന്നു. ഗ്രാമീണ ടൂർ പാക്കേജുകൾ നയിക്കുന്നതിനായി കമ്യൂണിറ്റി ടൂർ ലീഡേഴ്സ് എന്ന പേരിൽ പ്രായോഗിക പരിശീലനവും നൽകി. നാൽപ്പതോളം പേരടങ്ങുന്ന സംഘത്തിൽ വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.
 
കുമരകം, തിരുവാർപ്പ്‌, അയ്‌മനം, ആർപ്പൂക്കര, വൈക്കം, മുറിഞ്ഞപുഴ, ചെമ്പ്‌, തലയാഴം, വെച്ചൂർ,  പള്ളിക്കത്തോട്‌, കാഞ്ഞിരപ്പള്ളി, ഇല്ലിക്കൽകല്ല്‌ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി 20 ഗ്രാമീണ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്‌. ഓരോ പ്രദേശത്തിന്റെയും തനതു ജീവിതരീതികളും തൊഴിലും സഞ്ചാരികൾക്ക്‌ കാട്ടിക്കൊടുക്കുന്ന പാക്കേജുകളാണിത്‌.  ‘ബിയോണ്ട്‌ ദ ബാക്ക്‌ വാട്ടർ, എ ഡേ വിത്ത്‌ ഫാർമർ തുടങ്ങിയവയാണ്‌ കുമരകത്തെ പാക്കേജ്‌. സഞ്ചാരികളെ വള്ളത്തിൽ കയറ്റി വിവിധ ജനവാസമേഖലകളിൽ എത്തിക്കും.
 
ഓലമെടയൽ, വലവീശൽ, കയർപിരിക്കൽ, ചൂണ്ടയിടീൽ, കള്ളുചെത്ത്‌ തുടങ്ങിയ ജീവിതക്കാഴ്‌ചകൾ നേരിൽ കാണാനാകും. നെൽകൃഷി, പശുവളർത്തൽ തുടങ്ങിയ കാർഷിക മേഖലകളിലും സന്ദർശനമുണ്ടാകും. പള്ളിക്കത്തോട്ടിലേക്ക്‌ യാത്രയുടെ തുടക്കം സൂര്യകാലടിമനയിൽ നിന്നാണ്‌.
 
റബർ, മരച്ചീനി തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട കാഴ്‌ചകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. വെട്ടിക്കാട്ടിൽ നിന്നാണ്‌ തിരുവാർപ്പ്‌ പാക്കേജിന്‌ തുടക്കം. പലരീതിയിലുള്ള മീൻപിടിത്തം, കന്നുകാലി ഫാം, കനാൽ സവാരി, മലരിക്കൽ അസ്‌തമനം ഉൾപ്പെടെ തിരുവാർപ്പ്‌ ക്ഷേത്രത്തിൽ സഞ്ചാരികളെ എത്തിക്കുന്ന ഒരുദിവസത്തെ പാക്കേജാണിത്‌. മാഞ്ചിറ, കരീമഠം കേന്ദ്രീകരിച്ചാണ്‌ അയ്‌മനം പാക്കേജ്‌. സർപ്പക്കാവുകൾ, പുരാതനക്ഷേത്രങ്ങൾ എന്നിവയും അയ്‌മനം കാഴ്‌ചകളിൽ നിറയും.
 
കുമരകം കേന്ദ്രീകരിച്ച്‌ വനിതകളുടെ നേതൃത്വത്തിലുള്ള മറ്റൊരു പാക്കേജിനും ആർടി മിഷൻ രൂപം നൽകിയിട്ടുണ്ട്‌. കൊഞ്ചുമട കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പാക്കേജിൽ സ്‌ത്രീകൾ തന്നെ വള്ളം തുഴഞ്ഞ്‌ സഞ്ചാരികളെ ഓരോ കേന്ദ്രങ്ങളിലും എത്തിക്കും. അടുത്തമാസം നെഹ്‌റുട്രോഫി ജലമേളയോടെ  കായൽ ടൂറിസം ഊർജിതമാകും.
 
 ജനുവരി വരെ നീളുന്ന സീസണിൽ ഗ്രാമീണ പാക്കേജിന്‌ കൂടുതൽ പ്രചാരം നൽകാനാണ്‌ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പരിപാടി.  ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റുകളിലും ആവശ്യമായ പരസ്യം നൽകും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോർഡിനേറ്റർ രൂപേഷ് കുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഇൻഫർമേഷൻ ഓഫീസർ സുനിത, കോർഡിനേറ്റർ ഭഗത് തുടങ്ങിയവർക്കാണ്‌ ഗ്രാമീണ ടൂർ പാക്കേജിന്റെ ചുമതല.    
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top