25 April Thursday

ഷാക്കീറും ആമിനയും റെഡി ചലോ യൂറോപ്പ്‌

മനോഹരൻ കൈതപ്രംUpdated: Wednesday Oct 23, 2019
ഇരിട്ടി> മോട്ടോർ സൈക്കിളിൽ യൂറോപ്പിലേക്ക്‌ യാത്രക്കൊരുങ്ങുകയാണ്‌ ഇരിട്ടി വികാസ‌് നഗറിലെ ഷാക്കീർ സുബ‌്ഹാൻ. കഴിഞ്ഞ കൊല്ലം നേപ്പാൾവരെ ഹിച്ച‌് ഹൈക്കിങ്‌ നടത്തിയ ഷാക്കീറിന്റെ യാത്രാവിശേഷങ്ങൾ ലോകമറിഞ്ഞത‌് ദേശാഭിമാനിയിലൂടെയാണ്‌.
 
കിട്ടുന്ന വാഹനത്തിൽ കയറി യാത്രചെയ്യലാണ്‌ ഹിച്ച്‌ ഹൈക്കിങ്‌. സ‌്പോർട‌്സ‌് ബൈക്കായ ടിവിഎസ‌് അപ്പാച്ചെ ആർടിആർ 200 ഇനം മോട്ടോർ സൈക്കിളലാണ്‌ ഇക്കുറി യാത്ര. ബൈക്കിന‌് അനുബന്ധ ഉപകരണങ്ങൾ, അന്തർ ദേശീയ ബൈക്ക‌് യാത്രാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷാഘടകങ്ങൾ എന്നിവ ഘടിപ്പിച്ചു. ഉമ്മ ആമിനയുടെ പേരിട്ട ഈ ബൈക്ക‌് ലോകം ചുറ്റാനുള്ള കുതിപ്പിന‌് കാത്ത‌ുകിടപ്പാണ‌്. 

സോഷ്യൽമീഡിയയിൽ ഹിറ്റായി മല്ലു ട്രാവലർ
ഷാക്കീർ നടത്തിയ നേപ്പാൾ യാത്രക്കിടെ ഇന്ത്യൻ ഗ്രാമങ്ങളെയും അവിടത്തെ മനുഷ്യരുടെ ജീവിതത്തെയും പകർത്തി തൽസമയം ഫേസ‌്ബുക്കിലൂടെയും പിന്നീട‌് യൂട്യൂബ‌് ചാനൽ വഴിയും പുറത്തെത്തിച്ചു. നേപ്പാൾ യാത്രക്ക‌്ശേഷം ഏഴ‌് രാജ്യങ്ങൾ ഹിച്ച‌് ഹൈക്കിങ്ങിലൂടെ പിന്നിട്ട‌് സിംഗപ്പൂരിലെത്തി.
 
യാത്ര പിന്നീട‌് ആഫ്രിക്കയിലേക്ക‌്. ഒടുവിൽ സ‌്കൂട്ടറിൽ ലഡാക്ക‌് യാത്രയും നടത്തി. യൂട്യൂബ‌് ഉൾപ്പെടെയുള്ള നവമധ്യമങ്ങളിൽ 3.70 ലക്ഷം ഫോളോവേഴ‌്സ‌് ഷാക്കീറിന്റെ യൂറോപ്പ‌് യാത്രാവിശേഷങ്ങൾക്ക‌ായി ആകാംഷയോടെ കാത്തിരിപ്പുണ്ട‌്.

ആമിന കപ്പലിലും കയറും
യൂറോപ്പ‌് യാത്രക്കിടെ റോഡ‌്  കടലിൽ ചെന്നവസാനിക്കുന്നയിടങ്ങളിൽ നിയമാനുസരണം കിട്ടിയ അനുമതിയിൽ ഷാക്കീറിന്റെ ആമിന ബൈക്ക‌് കപ്പലിൽ കയറി യാത്ര തുടരും. കണ്ണൂർ, ബംഗളൂരു വഴി ബൈക്ക‌് മുംബൈയിലെത്തും. പിന്നീട‌് കപ്പലിൽ ഒമാനിലേക്ക‌്. ഒമാൻ, യുഎഇ, ഇറാൻ, തുർക്കി, അർമേനിയ, ജോർജിയ, അസർബൈജാൻ വഴി റോഡ‌് മാർഗം ആമിനയും ഷാക്കീറും യൂറോപ്പിലെത്തും.
 
ഒമ്പത‌് മാസങ്ങൾ കൊണ്ട‌് യാത്ര യൂറോപ്പിൽ പൂർത്തിയാക്കലാണ‌് ലക്ഷ്യമെന്ന‌് ഷാക്കീർ പറഞ്ഞു. ഇരുപത്തൊമ്പതുകാരനായ ഷാക്കീറിന‌് രണ്ട‌് മക്കൾ: മാസി ഷാക്കീർ, റയാൻ ഷാക്കീർ. ബൾക്കീസാണ‌് ഭാര്യ. പ്രവാസിയായ സുബഹാനാണ്‌ ഉപ്പ. ഉമ്മ കുഞ്ഞാമിന. 27ന‌് പകൽ മൂന്നിന‌് കണ്ണൂർ സെന്റ‌് മൈക്കിൾസ‌് സ‌്കൂൾ മൈതാനിയിലാണ‌് യാത്രാ ഫ‌്ളാഗ‌് ഓഫ‌് ചടങ്ങ‌്. സഫാരി ടിവി മേധാവി സന്തോഷ‌് ജോർജ‌് കുളങ്ങര ഫ‌്ളാഗ‌് ഓഫ‌് ചെയ്യും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top