19 April Friday

അവധിക്കാലം ആസ്വദിക്കാൻ മലനാട്ടിലെ മാനസസരോവരം

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2023

കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രം

കട്ടപ്പന> 'ഈ സ്ഥലത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. വീണ്ടും ഇവിടേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്.' കാല്‍വരിമൗണ്ടിലെത്തുന്ന സന്ദര്‍ശകര്‍ മടക്കയാത്രയില്‍ പറയുന്നതിങ്ങനെ. സമുദ്രനിരപ്പിൽനിന്നും 2700 അടി ഉയരെയുള്ള ഇടുക്കി ജലക്കോട്ട മാനസസരോവരമായി തോന്നും. പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കോടമഞ്ഞിൽ ഇടുക്കി ജലതടാകത്തിന്റെ വിദൂരക്കാഴ്ചകള്‍ മലമേലെ തിരിവച്ചും, മാണിക്യച്ചിറകുള്ള പാട്ടുകളുടെ പശ്ചാലത്തില്‍ ദൃശ്യങ്ങളായി, റീല്‍സുകളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്‌. പ്രകൃതിയുടെ വശ്യസൗന്ദര്യം, കാഴ്ചകളുടെ ജാലകങ്ങളായി തുറന്നിടുന്ന കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശകരെ ഒട്ടും നിരാശപ്പെടുത്തില്ല. സമുദ്രനിരപ്പിൽനിന്നും വെള്ളിത്തിരയില്‍ കണ്ട അതേ കൗതുകവും ആവേശവുമാണ് നേരില്‍ക്കാണുമ്പോഴും. വേനലവധി ആരംഭിച്ചതോടെ ഇവിടെ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
 
മലയടിവാരത്തെ ഘോരവനങ്ങളും ജലാശയത്തിലെ ദ്വീപുകളും പ്രധാന കാഴ്ചകളാണ്. മണ്‍സൂണ്‍ കാലത്ത് കല്യാണത്തണ്ടിലെ കുന്നിൻചെരിവുകളിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞിനും ആരാധകര്‍ നിരവധി. വേനല്‍ക്കാലത്ത് കനത്ത ചൂടിനെപ്പോലും അകറ്റിനിര്‍ത്താന്‍ ഇവിടുത്തെ കാറ്റിനു കഴിയും. ചെറുതും വലുതുമായ നിരവധി ദ്വീപുകളാണ് ജലാശയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ജലനിരപ്പ് താഴുമ്പോള്‍ ദ്വീപുകള്‍ വലുതാകുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാല്‍ മഴക്കാലത്ത് അണക്കെട്ടില്‍ ജലനിരപ്പുയരുന്നതോടെ വീണ്ടും പഴയ സ്ഥിതിയിലാകും.
എത്തുന്നത്‌ ആയിരങ്ങൾ
 
സ്വദേശികളും വിദേശികളുമടക്കം ആയിരത്തോളം പേരാണിപ്പോള്‍ ദിവസവും ഇവിടെ എത്തുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ഏറെയും. സ്‌കൂളുകള്‍ പൂട്ടിയതോടെ കുടുംബസമേതം ദിവസങ്ങളോളം ഇവിടെ താമസിച്ചാണ് മടങ്ങുക. വലിയ പെരുന്നാള്‍ കഴിയുന്നതോടെ പ്രതിദിന സന്ദര്‍ശകരുടെ എണ്ണം മൂവായിരം കടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സഞ്ചാരികളുടെ വരവേറിയതോടെ കാല്‍വരിമൗണ്ടിലെ വ്യാപാര മേഖലയിലും ഉണര്‍വ് പ്രകടമാണ്. ഹോട്ടലുകളടക്കം പുതുതായി നിരവധി സ്ഥാപനങ്ങള്‍ അടുത്തിടെ ആരംഭിച്ചു. ഇടുക്കി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രമാണിവിടം. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ കാല്‍വരിമൗണ്ടിലെത്താതെ മടങ്ങാറില്ല.
സൗധങ്ങള്‍ തയ്യാര്‍
 
വിനോദസഞ്ചാര രംഗത്ത് ഒരുപതിറ്റാണ്ടിനിടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കാല്‍വരിമൗണ്ട് സ്വന്തമാക്കിയത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയതോടെ സന്ദര്‍ശകര്‍ ഒഴുകിയെത്തി. പേരും പെരുമയും കടല്‍കടന്നതോടെ വിദേശികളും കൂടുതലായി എത്തിത്തുടങ്ങി. ഇത് വ്യാപാര, വ്യവസായ രംഗത്തും മുന്നേറ്റമുണ്ടാക്കി. നിലവില്‍ 10 റിസോര്‍ട്ടുകളും 20 ഹോംസ്റ്റേകളും കാല്‍വരിമൗണ്ടിലും പരിസര പ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്നു. വലിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തിത്തുടങ്ങുന്നതോടെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സജീവമാകും. ഇപ്പോള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ കുടുംബമായി എത്തുന്നുണ്ട്. സഞ്ചാരികളെ വരവേല്‍ക്കാന്‍ സ്ഥാപനങ്ങളും സജീവമാണ്‌.
 
'ക്യാമറ റോളിങ്, ആക്ഷന്‍'
ഇടുക്കി ഗോള്‍ഡ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ വെള്ളിത്തിരയിലും പ്രത്യക്ഷപ്പെട്ട കാല്‍വരിമൗണ്ട് ജില്ലയിലെ പ്രധാന ലൊക്കേഷനായി മാറിക്കഴിഞ്ഞു. നിരവധി സിനിമകളും സീരിയലുകളും സംഗീത ആല്‍ബങ്ങളുമാണ് ഇവിടെ ചിത്രീകരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിച്ച ജെറി എന്ന സിനിമ അടുത്തിടെയാണ് ഇവിടെ ചിത്രീകരിച്ചത്. കൂടാതെ മഞ്ഞില്‍വിരിഞ്ഞ പൂവ്, മൂടല്‍മഞ്ഞ്, ജീവിതനൗക, സ്ത്രീപഥം തുടങ്ങിയ സീരിയലുകളും ഇവിടെയാണ് ഷൂട്ട് ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top