20 April Saturday

അടുത്ത അവധിക്കാല യാത്രയ്ക്ക് ഇപ്പോഴേ തയ്യാറെടുക്കാം

ശ്രേയഷ് ദേവല്‍ക്കര്‍Updated: Sunday May 29, 2016

അങ്ങിനെ ഒരവധിക്കാലംകൂടി കഴിയുകയാണ്. അവധിക്കാലമെന്നാല്‍ യാത്രകളുടെ കാലംകൂടിയാണ്. പലപ്പോഴും കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാല്‍ അവധിക്കാല യാത്രകള്‍ അനാവശ്യ ബുദ്ധിമുട്ടുകളിലേക്കും പ്രശ്നങ്ങളിലേക്കും നീങ്ങാറുണ്ട്. അടുത്ത അവധിക്കാലത്തെ യാത്രകള്‍ മനോഹരമാക്കാന്‍ ഇപ്പോഴേ ചില ആസൂത്രണങ്ങളെല്ലാം നടത്തുന്നത് നന്നാകും. അവധിക്കാല യാത്രകള്‍ എന്നത് പലപ്പോഴും ഏറെ ചെലവുള്ള ഏര്‍പ്പാടാകും. ഇതേസമയം, മറ്റു മേഖലകളില്‍ ചെലവഴിക്കുന്നതുമായി ഇതിന് ഏറെ വ്യത്യാസമുണ്ട്. കാറോ വീടോ മറ്റോ വാങ്ങുമ്പോള്‍ ഉള്ളതുപോലെ എന്തെങ്കിലും ആസ്തികള്‍ ഇങ്ങിനെ പണം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല. ഇതിനായുള്ള ചെലവുകള്‍ ഒറ്റത്തവണ നിക്ഷേപവുമല്ല. പണത്തിന്റെ നിക്ഷേപമായല്ല, വികാരങ്ങളുടെയും അനുഭവങ്ങളുടെയും നിക്ഷേപമായാണ് അവധിക്കാല യാത്രകള്‍ക്കായി നടത്തുന്ന ചെലവുകളെ കണക്കാക്കാനാവുക.

ഇങ്ങിനെയുള്ള അവധിക്കാല യാത്രകള്‍ക്കായി എങ്ങിനെയാണ് പണം കണ്ടെത്തുക? കുടുംബത്തിന്റെ അവധിക്കാല യാത്രകള്‍ക്കായി പണം സ്വരൂപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.  അവ കൃത്യമായി ആസൂത്രണംചെയ്യണമെന്നു മാത്രം. മറ്റെല്ലാ വലിയ ചെലവുകളുടെയും കാര്യത്തിലെന്നപോലെ അവധിക്കാല യാത്രകള്‍ക്കായുള്ള ചെലവുകളുടെ കാര്യത്തിലും കൃത്യമായ കണക്കു കൂട്ടലുകള്‍ നടത്തണം. എത്രത്തോളം പണം ചെലവഴിക്കേണ്ടി വരും, എത്രത്തോളം ചെലവഴിക്കാനാവും എന്നിവയെല്ലാം വിലയിരുത്തണം. അതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള ബജറ്റും തയ്യാറാക്കണം. ചെലവും സൌകര്യവും വിലയിരുത്തിയശേഷം യാത്രാമാര്‍ഗം നിശ്ചയിക്കണം. താമസം, കാഴ്ചകള്‍, ഭക്ഷണം തുടങ്ങിയവയെല്ലാം കുടുംബാംഗങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനം കൈക്കൊള്ളണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായുള്ള പണത്തെക്കുറിച്ചും ധാരണ വേണം. നിങ്ങളുടെ യാത്രയ്ക്കായുള്ള ബജറ്റിനെ വലിയതോതില്‍ സ്വാധീനിക്കുന്ന ഘടകമാണ് യാത്ര ചെയ്യുന്ന സമയം. നിങ്ങള്‍ യാത്രപോകാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് പീക്ക് സീസണ്‍ ആണെങ്കില്‍ അവിടെ സ്വാഭാവികമായും ചെലവു വര്‍ധിക്കും. ഓഫ് സീസണിലാണ് അങ്ങോട്ടു പോകുന്നതെങ്കില്‍ ചെലവു കുറയുകയും ചെയ്യും. കാലാവസ്ഥയാണ് കണക്കിലെടുക്കേണ്ട മറ്റൊരു ഘടകം. തണുപ്പുകാലത്താണ് യാത്രയെങ്കില്‍ അപ്പോള്‍ ആവശ്യമായിവരുന്ന വസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള അധികച്ചെലവും കണക്കാക്കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം കണക്കാക്കിക്കഴിഞ്ഞാല്‍ അവധിക്കാല യാത്രയ്ക്കായുള്ള ബജറ്റ് യാഥാര്‍ഥ്യബോധത്തോടെ തയ്യാറാക്കാനാവും.

അവധിക്കാല യാത്രകള്‍ മാത്രം ലക്ഷ്യമിട്ട് പ്രത്യേകമായ ഫണ്ട് ഉണ്ടാക്കുക എന്നതാണ് ഇവിടെ ചെയ്യാനാവുന്ന ഒരു കാര്യം.  അവധിക്കാല യാത്രയ്ക്കായുള്ള ബജറ്റ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ഉടനെതന്നെ ഇതും തുടങ്ങാം. മുന്‍കൂട്ടി തയ്യാറാക്കിയ ബജറ്റിനനുസൃതമായി ഓരോ മാസവും ഒരു നിശ്ചിത തുക അച്ചടക്കത്തോടെ മാറ്റിവയ്ക്കാം. ഇങ്ങിനെ മാറ്റിവയ്ക്കുന്ന പണം എവിടെ സൂക്ഷിക്കും? പതിവു സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ ഈ പണം സൂക്ഷിക്കുന്നതിനു പകരം മെച്ചപ്പെട്ട മറ്റു ചില മേഖലകള്‍ കണ്ടെത്തണം. എസ്ബി അക്കൌണ്ടിനെക്കാള്‍ കൂടുതല്‍ മെച്ചംതരുന്ന ഹ്രസ്വകാല നിക്ഷേപമേഖലകളാകണം ഇതിനായി കണ്ടെത്തേണ്ടത്. ലിക്വിഡ് ഫണ്ടുകള്‍, അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകള്‍ എന്നിവ ഇക്കാര്യത്തിന് ഉതകുന്നവയാണ്. ഇവ താരതമ്യേന സുരക്ഷിതവും താരതമ്യേന മികച്ച വരുമാനം നല്‍കുന്നവയുമാണ്.  ഇനി ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ഒക്കെ മുമ്പുതന്നെ ഇങ്ങിനെ പണം നീക്കിവയ്ക്കുകയാണെങ്കില്‍ ചെറിയൊരു ഭാഗം ഓഹരികളിലോ ഓഹരി അധിഷ്ഠിത മേഖലകളിലോ നിക്ഷേപിക്കുകയുമാവാം.  അവധിക്കാലയാത്ര അത്ര താമസമില്ലാത്തതാണെങ്കില്‍ മന്ത്ലി ഇന്‍കം പ്ളാനുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.  നിക്ഷേപത്തിന്റെ ഒരുഭാഗം ഓഹരിക്കായി മാറ്റിവയ്ക്കുന്നവയാണ് ഈ പദ്ധതികള്‍.

അവധിക്കാല യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരെയും പങ്കാളികളാക്കുക എന്നതിനും ഏറെ പ്രാധാന്യമുണ്ട്. യാത്രകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ ചുമതലകള്‍ കുട്ടികള്‍ക്ക് ഏല്‍പ്പിക്കുകയുമാവാം. ചില വലിയ കുടുംബങ്ങള്‍ക്ക് അവധിക്കാല യാത്രകള്‍ക്കായി സമ്പാദിക്കുക എന്നത് പ്രായോഗികമാക്കാനാവില്ല. അത്തരം സാഹചര്യങ്ങളില്‍ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ചുമതല കുടുംബത്തിലെ പലര്‍ക്കായി വിഭജിച്ചു നല്‍കുന്നത് പ്രയോജനകരമാകും. പരമാവധി മുന്‍കൂട്ടി ആസൂത്രണംചെയ്യുക എന്നതാണ് അവധിക്കാല യാത്രകളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇവയെല്ലാം ശ്രദ്ധിക്കുകയാണെങ്കില്‍ വിലയേറിയ ഒട്ടേറെ അനുഭവങ്ങളും ഓര്‍മകളുമായാകും യാത്രകള്‍ക്കുശേഷം തിരിച്ചുവരുന്നത്.

ബിഎന്‍ബി പാരിബാ മ്യൂച്വല്‍ ഫണ്ട് മാനേജറാണ് ലേഖകന്‍
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top