26 April Friday

ആകാശംതൊട്ട്‌ നെല്ലിക്കാമല

വി എസ് സബി കുമാർUpdated: Monday Jan 9, 2023

നെല്ലിക്കാമലയിൽനിന്നുള്ള ദൃശ്യം

വെള്ളറട
ട്രക്കിങ്‌, സാഹസികത, ഉദയാസ്‌തമയം, മനോഹരമായ മലനിരകൾ തുടങ്ങി സാഹസിക ഇക്കോ ടൂറിസത്തിന് സാധ്യത ഏറെയുള്ള ഇടമാണ്‌ അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമല. സമുദ്രനിരപ്പിൽനിന്ന്‌ 1500 അടി ഉയരത്തിലുള്ള നെല്ലിക്കാമല അമ്പൂരിയിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ്‌. 
പുലർകാലങ്ങളിലും സായാഹ്നങ്ങളിലും മലയുടെ നെറുകയിൽ എത്തുന്നവർക്ക്‌ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്‌. ചുറ്റും വിശാലമായ ഭൂപ്രദേശവും മലനിരകളും അഗസ്ത്യാർകൂടവും പശ്ചിമഘട്ടമലകളും നെയ്യാർ ജലസംഭരണിയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്നതും ഉയരുന്നതും ശംഖുംമുഖം കടലിൽ കടലാസ് വള്ളം പോലെ ബോട്ടുകൾ സഞ്ചരിക്കുന്നതുമെല്ലാം കാണാം. 
 
മഴക്കാലത്ത്‌ കോടമഞ്ഞ്‌ ആകാശം തൊടുന്നപോലെ ഒഴുകിനീങ്ങുന്നതും ആസ്വദിക്കാം.  മാർത്താണ്ഡവർമ്മ ഒളിവിൽ കഴിഞ്ഞതായി പറയപ്പെടുന്ന  ദ്രവ്യപ്പാറയും ഗുഹാക്ഷേത്രവും സമീപത്താണ്. ഇടവഴിയിലെ കാടുവഴികളിലൂടെ മിനിറ്റുകൾ യാത്ര ചെയ്‌താൽ ദ്രവ്യപ്പാറയിലെത്താം. തിരുവനന്തപുരത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള നെല്ലിക്കാമലയിൽ കാട്ടാക്കട –- നെയ്യാർ ഡാം -–- അമ്പൂരി പൊട്ടൻചിറ വഴി എത്തിച്ചേരാം. നെയ്യാറ്റിൻകര ഭാഗത്തുനിന്നും വെള്ളറട- കുടപ്പനമൂട് വഴി പൊട്ടൻചിറയിലെത്തി നെല്ലിക്കാമലയിലെത്താം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികളുടെ ഹൃദയഭൂമികയായി മാറും. എന്നാൽ ടൂറിസം മേഖലയ്‌ക്ക്‌ അനന്തസാധ്യതയുണ്ടായിട്ടും അമ്പൂരി പഞ്ചായത്ത്‌ ഭരണസമിതി യാതൊരു വിധത്തിലുള്ള വികസനവും പ്രദേശത്ത്‌ നടപ്പാക്കിയിട്ടില്ല. 
 
മലയുടെ മുകളിലേക്ക്‌ ഒന്നരകിലോമീറ്ററോളം ചെമ്മണ്ണ്‌ നിറഞ്ഞ റോഡിലൂടെ വേണം യാത്ര ചെയ്യാൻ. ഇവിടെ ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും സഞ്ചാരികൾ പറയുന്നു. അപകടസാധ്യതയുള്ള ചിലയിടങ്ങളിൽ സൂചനാബോർഡുകളും പഞ്ചായത്ത്‌ സ്ഥാപിച്ചിട്ടില്ല. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും യാതൊരുവിധ നടപടിയുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top