24 April Wednesday

നീലക്കുറിഞ്ഞി പൂത്ത മലയഴക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2022

നീലക്കുറിഞ്ഞികളുടെ പശ്ചാത്തലത്തിൽ ചിത്രം പകർത്തുന്ന 
വിനോദസഞ്ചാരികൾ. ഫോട്ടോ: വി കെ അഭിജിത്

രാജാക്കാട്> ശാന്തൻപാറ കള്ളിപ്പാറയിൽ നീലവസന്തം. മൂന്നാർ-– കുമളി സംസ്ഥാനപാതയിൽ കള്ളിപ്പാറയിൽനിന്ന്‌ ഒന്നരക്കിലോമീറ്ററോളം അകലെയുള്ള എൻജിനിയർമെട്ട് എന്നറിയപ്പെടുന്ന കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടത്‍. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇവിടെ അഞ്ച് ഏക്കറിലധികം കുറിഞ്ഞിപ്പൂക്കളാണ്‌. 

ഒന്നരക്കിലോമീറ്ററോളം കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തം നുകരാം. അതിർത്തി മലനിരകൾ, ചതുരംഗപ്പാറ, കാറ്റാടിപ്പാറ എന്നിവയുടെ വിദൂരദൃശ്യങ്ങളും കാണാം. കുറിഞ്ഞിപ്പൂക്കൾ പറിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴയീടാക്കുമെന്ന്‌ വനംവകുപ്പ്‌ അറിയിച്ചു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സുരക്ഷാനിർദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് ശാന്തൻപാറ പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും തീരുമാനം. പ്ലാസ്റ്റിക് വസ്തുക്കൾക്ക്‌ നിരോധനവുമുണ്ട്‌.

വസന്തത്തിലേക്ക്‌ ഇതാണ് വഴി
കോട്ടയം ജില്ലയിൽനിന്ന് കുമളി, കട്ടപ്പനവഴി വരുന്നവർക്ക് നെടുങ്കണ്ടത്ത് എത്തിയശേഷം ഉടുമ്പൻചോലവഴി കള്ളിപ്പാറയിൽ എത്തിച്ചേരാം. എറണാകുളം, പാലാ– തൊടുപുഴ വഴി തെരഞ്ഞെടുക്കുന്നവർക്കും അടിമാലി- രാജാക്കാട് വഴി- ശാന്തൻപാറ എത്തി ആറ് കിലോമീറ്റർ സഞ്ചരിച്ച് കള്ളിപ്പാറയിലെത്താം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top