25 April Thursday
കർശന നിയന്ത്രണങ്ങൾ

മുത്തങ്ങയും തോല്‍പ്പെട്ടിയും ഇന്നുമുതൽ സന്ദർശകർക്കായി തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 19, 2020
കൽപ്പറ്റ >  കോവിഡിനെ തുടർന്ന്‌ ആറ്‌ മാസ നീണ്ട അടച്ചിടലിനുശേഷം വന്യജീവി സങ്കേതങ്ങൾ സന്ദർശകർക്കായി തുറക്കുന്നു.  സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്ന്‌  മുത്തങ്ങ, തോൽപ്പെട്ടി സങ്കേതങ്ങൾ ബുധനാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും. മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പുവരുത്തിയാവും പ്രവേശനം. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വൈൽഡ്‌ലൈഫ്‌ വാർഡൻ അറിയിച്ചു.  കോടതി ഉത്തരവിനെ തുടർന്ന്‌ അടച്ചിട്ട‌ വനംവകുപ്പിന്‌ കീഴിലെ മറ്റ്‌ ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല.
 
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്‌ മാർച്ചിലാണ്‌ വന്യജീവി സങ്കേതങ്ങൾ അടച്ചത്‌. നൂറ്‌ കണക്കിനാളുകൾക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നഷ്ടപ്പെട്ടു. ടാക്‌സി ജീവനക്കാർ, വ്യാപാരികൾ തുടങ്ങിയവരെയെല്ലാം പ്രതികൂലമായി ബാധിച്ചു. കോവിഡിനെതിരെ പൊരുതുന്നതിനൊപ്പം ജനജീവിതം സാധാരണഗതിയിലേക്ക്‌ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്‌ ഘട്ടംഘട്ടമായുള്ള തുറക്കൽ.
 
ടിക്കറ്റ് നിരക്ക്, പ്രവേശന സമയം എന്നിവ നിലവിലുണ്ടായിരുന്നതുപോലെ ആയിരിക്കും. പ്രവേശ സമയം രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 5 മണിവരെയുമാണ്‌.  ഒരു ദിവസം പരമാവധി  60 വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. വനത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി വരുന്ന സഞ്ചാരികൾ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം. താമസ സൗകര്യം നൽകില്ല. പനി, ചുമ തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള രോഗമോ, രോഗ ലക്ഷണങ്ങളോ ഉള്ള വ്യക്തികൾ, 10 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ള ആളുകൾ എന്നിവരെ വന്യജീവിസങ്കേതത്തിൽ  പ്രവേശിപ്പിക്കില്ല.
 
ടിക്കറ്റ് കൗണ്ടറിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ടൂറിസ്റ്റുകളെ തെർമ്മൽ സ്കാനിംഗിന് വിധേയമാക്കും. ടൂറിസ്റ്റുകൾ ഓരോരുത്തരും അവരുടെ പേര് വിവരവും മൊബൈൽ നമ്പറും നൽകണം.  ടിക്കറ്റ് കൗണ്ടറിൽ സാനിറ്റൈസർ, സോപ്പ്, ഹാന്റ് വാഷ്, വെള്ളം എന്നിവ ലഭ്യമാക്കും.   സന്ദർശകർ ജീപ്പിലുള്ള ഗൈഡിന്റെ നിർദ്ദേശങ്ങൾ  പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തും. ഇക്കോടൂറിസം കേന്ദ്രത്തിന് മുന്നിലോ സമീപത്തോ ടൂറിസ്റ്റുകളെ കൂട്ടം ചേർന്ന് നിൽക്കാൻ അനുവദിക്കില്ല. ടിക്കറ്റ് നൽകുന്നയാളും തെർമ്മൽ സ്കാനിങ്‌ ചെയ്യുന്നയാളും കൈയുറയും, ഫെയ്‌സ് മാസ്ക്കും ധരിക്കും.   ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് എടുക്കുന്നതിന് പുറമേ ഇക്കോടൂറിസം കേന്ദ്രത്തിലുള്ള ഒരു വ്യക്തിയുമായും ഇടപഴകാൻ സഞ്ചാരികളെ  അനുവദിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top