29 March Friday

അവധിക്കാലമല്ലേ, മൂന്നാർ വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2022

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ

മൂന്നാർ > വിഷു, ഈസ്റ്റർ അവധി ഇങ്ങെത്തിയതോടെ സഞ്ചാരികളെ വരവേൽക്കാൻ തെക്കിന്റെ കശ്‌മീരായ മൂന്നാർ ഒരുങ്ങി. പ്രധാന കേന്ദ്രങ്ങളിലെ ഹോംസ്‌റ്റേ, കോട്ടേജ്, റിസോർട്ട് എന്നിവിടങ്ങളിലെല്ലാം മുൻകൂർ ബുക്കിങ് ആരംഭിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് മികച്ച താമസസൗകര്യം ഒരുക്കുന്നതിന് മത്സരബുദ്ധിയോടെയുള്ള പ്രവർത്തനമാണ് റിസോർട്ട് ഉടമകൾ നടത്തുന്നത്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ മൂന്നാറിലെ ടൂറിസം മേഖല പതിയെ ഉണരുകയാണ്. വിവിധ ഓഫറുകൾ നൽകി സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നീക്കങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സജീവമാക്കിയിട്ടുണ്ട്.

രാജമലയിൽ വരയാടുകളെ കാണാനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതിനാൽ സഞ്ചാരികൾക്ക് തിരക്കുകൂടാതെ ഇവിടം സന്ദർശിച്ച്‌ മടങ്ങാനാകും. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിൽ ബോട്ടിങ് നടത്തുന്നതിന് ആയിരക്കണക്കിനുപേർ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഹൈഡൽ ടൂറിസവും ഡിടിപിസിയും വിവിധ തരത്തിലുള്ള ബോട്ടുകൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കുണ്ടളയിൽ കുതിരസവാരി നടത്തുന്നതിനും സൗകര്യമുണ്ട്. തമിഴ്നാടിന്റെ വിദൂരദൃശ്യം കാണാവുന്ന ടോപ്‌ സ്‌റ്റേഷനും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്.
 
വിനോദകേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കച്ചവടക്കാരാണ്‌ പ്രദേശത്തുള്ളത്‌. സ്ഥാപനങ്ങൾ മോടിപിടിപ്പിച്ചും കടകളിൽ ആവശ്യമായ സാധനങ്ങൾ നിരത്തിയും കച്ചവടക്കാർ ഉഷാറായിക്കഴിഞ്ഞു. ഹൈഡൽ ടൂറിസത്തിന്റെ കീഴിൽ ഹെഡ്‌വർക്ക്‌സ് അണക്കെട്ടിന്‌ സമീപമുള്ള ബ്ലോസം പാർക്ക്, കെഎഫ്ഡിസിയുടെ കീഴിൽ മാട്ടുപ്പെട്ടി റോഡിലുള്ള ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വേനൽക്കാല ടൂറിസം പ്രമാണിച്ച് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ മെയ് ഒന്നുമുതൽ 10 വരെ പുഷ്‌പമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top