26 April Friday

ക്യാംഡൻ മാർക്കറ്റിലെ മാഴ്‌സും വീനസും...ആൻ പാലി എഴുതുന്നു

ആൻ പാലിUpdated: Tuesday Jan 7, 2020

പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര- അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'

കാൽപ്പാടുകൾ ബാക്കിവെച്ച് ,ഓർമ്മകളെ മാത്രം തിരികെകൊണ്ടുപോവേണ്ടതാണ് യാത്രകളെന്ന് വായിച്ചതോർക്കുന്നു.എന്നാൽ യാത്രകളുടെ അലച്ചിലിനും കാഴ്ചകൾക്കുമൊക്കെ ശേഷവും ചുറ്റിത്തിരിഞ്ഞു പിന്നേയും കടന്നുവരുന്ന ഓർമ്മകളുണ്ട്, മുഷിപ്പിക്കുന്ന പകലുകളേയും ഉറക്കം നഷ്ടപ്പെടുന്ന രാവുകളേയും മധുരിപ്പിക്കാൻ പാകത്തിന് ഹൃദയമൊരുക്കിയ നാരങ്ങാമിഠായികൾ, അനുഭവങ്ങളുടെ അടയാളപ്പെടുത്തലുകൾ, എന്റെ 'അനുയാത്രകൾ'...

പലപ്പോഴും പഠനത്തിനായി ഹോസ്റ്റലിൽ താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായി വീടും നാടും വിട്ട് ഏറെ നാൾ നിന്നത് ലണ്ടനിൽ എംബിഎ ചെയ്യാൻ പോയപ്പോളാണ്. ദിവസേനയുള്ള അസൈന്‌മെന്റുകളും തട്ടിക്കൂട്ട് പാചകവും പുലരും വരെയുള്ള റിസേർച്ചുമൊക്കെ ക്ഷീണിപ്പിക്കുന്ന ഇരുണ്ട ദിനങ്ങൾക്ക് പകരമായി എന്റെ ആഴ്ചാവസാനങ്ങളിൽ ഞാൻ നിറങ്ങൾ വിതറും.ഒന്നെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പിക്‌നിക്കുകൾ, അല്ലെങ്കിൽ തെരഞ്ഞുപിടിച്ചുള്ള യാത്രകൾ, അതൊന്നും സാധിച്ചില്ലെങ്കിൽ അറിയില്ലാത്ത ഏതെങ്കിലുമൊരു വഴിയേ ഏറെ ദൂരം നടക്കുന്നത് ...തിരിഞ്ഞു നോക്കുമ്പോൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമ്മകൾ അവയൊക്കെയാണ്.

എംബിഎ  കഴിഞ്ഞു ജോലി ആരംഭിച്ചപ്പോൾ,  അതിനോടനുബന്ധമായി  ബ്രിട്ടനിലെ എല്ലാ നഗരങ്ങളും സന്ദർശിച്ചിട്ടുണ്ട്. പക്ഷെ, ഹോട്ടൽ മുറിയിലെ ഒറ്റക്കുള്ള താമസം അന്നും ഇന്നും പേടിയാണ്.അതുകൊണ്ടു തന്നെ ചെറിയൊരു ശബ്ദം കേട്ടാൽ മതി, ചാടിയെണീക്കും.പിന്നെ ഉറങ്ങാൻ കഴിയാത്ത എനിക്ക്, ഏറെ പുലരും മുൻപേ, ആളൊഴിഞ്ഞ തെരുവുകളിലൂടെ നടക്കുന്നത് കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്. ആ നിമിഷങ്ങൾ തന്നെയാണ്  ഓരോ യാത്രയിലേയും ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന ചിത്രങ്ങൾ. എങ്കിലും, ലണ്ടൻ എന്ന നഗരത്തെപ്പോലെ ആത്മാവിൽ  പച്ചപ്പുള്ള ഒരിടം തീറെഴുതിക്കൊടുത്ത മറ്റൊരിടവും എനിക്കില്ല. , കല്ല് പാകിയ നിരത്തുകൾ, തിരക്ക് പിടിച്ച ട്രെയിൻ സ്റ്റേഷനുകൾ , ചരിത്രവിസ്മയങ്ങൾ പകരുന്ന മ്യൂസിയങ്ങൾ, ക്രിസ്തുമസ് കാലത്തെ അലങ്കാരങ്ങൾ എന്നിങ്ങനെ ഗന്ധമായും കാഴ്ചയായും സംഗീതമായും  കഥകൾ സമ്മാനിക്കുന്ന അനുഭവം. ഒറ്റയ്ക്കെങ്കിലും ഒരിയ്ക്കലും ഒറ്റപ്പെടുത്താത്ത വിധം മനസ്സിനെ ചേർത്ത് പിടിക്കുന്ന ഒരിടം...


ലണ്ടനിലെ എനിക്കേറ്റവും പ്രിയപ്പെട്ട വീക്കെൻഡ് ഗെറ്റവേ ആയിരുന്നു ക്യാംഡൻ ലോക്ക് മാർക്കറ്റ്.  സംഗീതത്തിന്റെ അകമ്പടിയുള്ള, കാലത്തോട് പൊരുത്തപ്പെടാത്ത മനസ്സുമായി അലസഗമനം നടത്തുന്ന ഹിപ്പികളും, സ്വവർഗപ്രേമികളും വാണിഭക്കാരും ബഹുസ്വരത സൃഷ്ടിക്കുന്ന കാല്പനികമായ  അന്തരീക്ഷമാണവിടെ. പൊതുവെ, പതിയെ മാത്രം സംസാരിച്ച്, മങ്ങിയ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞു നടക്കുന്ന ലണ്ടൻ നിവാസികൾ  സാധാരണ മനുഷ്യരെപ്പോലെയാവുന്നത്  ഇതുപോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോളാണെന്നുപോലും തോന്നിപ്പോവും .നമ്മൾ മലയാളികളുടെ കണ്ണിൽക്കൂടി നോക്കുമ്പോൾ ആകെയൊരു ആളും ബഹളോം തട്ടും മുട്ടും, ഏതാണ്ടൊരു പള്ളിപ്പെരുന്നാളിന് ചെന്ന പ്രതീതി...

ലണ്ടനിലെ അറിയപ്പെടുന്ന കുതിരക്കച്ചവടകേന്ദ്രമായിരുന്നു ഒരിയ്ക്കലീ ക്യാംഡൻ ലോക്ക് മാർക്കറ്റ്. ബ്രിട്ടീഷ് രാജ് നിലനിന്നിരുന്ന സമയത്ത് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചരക്കുകളുടെ വ്യവഹാരങ്ങൾ  നടന്നൊരിടം. അവിടെ നിന്നും ഉത്പാദിപ്പിച്ച   മികച്ച ജിന്നും പിയാനോയുമൊക്കെ വിവിധയിടങ്ങളിലേക്ക് കപ്പൽ കടന്നു പോയതും , ക്യാംഡനിലെ ചാപ്പൽ പിയാനോയ്ക്ക് സ്ട്രോസും ബീഥോവനും വരെ ആരാധകരായിരുന്നുവെന്നും ചരിത്രം. ഈ തെരുവുകൾ കഥയുടെ വിത്തുകൾ പാകിയ ഒരു മനസ്സിനെക്കൂടി നാം അറിയും , ചാൾസ് ഡിക്കൻസ്.  നിരവധി വ്യവസായങ്ങളും വാണിജ്യകേന്ദ്രങ്ങളും കുതിരാലയവും കുതിരകൾക്കായുള്ള ആശുപത്രി പോലും ഉണ്ടായിരുന്ന പ്രൗഢമായ വിക്ടോറിയൻ യുഗത്തിന്റെ ചെറുശേഷിപ്പുകൾ ഇന്നും കാംഡെനിലെ കെട്ടിടങ്ങൾക്കും തെരുവുകൾക്കുമുണ്ട്.

പഴയ പിയാനോ ഫാക്ടറി കാംഡെനിലെ എണ്ണം പറഞ്ഞ  ആഡംബരഫ്ളാറ്റുകളുടെ കെട്ടിടമാണ്,  'സ്റ്റേബിൾ മാർക്കെറ്റ്' വസ്ത്രങ്ങളും കരകൗശലവസ്തുക്കളും വിൽക്കുന്നിടവും, കുറച്ചു ദൂരം ചെന്നാൽ ചാൾസ് ഡിക്കെൻസ് മ്യൂസിയം കാണാം.ചെറുതും വലുതുമായ ഭക്ഷണശാലകളും റീറ്റെയ്ൽ ഷോപ്പുകളും 'ടാറ്റൂ , ബോഡി പിയേർസിങ്' പാർലറുകളും തിങ്ങി നിറഞ്ഞ ഒരു സ്ഥലം.അതിൽ തന്നെ എത്നിക്, ഗോഥിക് സ്റ്റൈലിലുള്ള സർവ്വവിധസാധനങ്ങളും പുതിയതും പഴയതുമായ സംഗീതോപകരണങ്ങളും കിട്ടുന്നിടം. ഒന്നും വാങ്ങിയില്ലെങ്കിലും ക്യാംഡനിലെ നിരത്തുകളിൽ വർണ്ണങ്ങൾ വിതറി അവയൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു കൗതുകമാണ്. ആ കൗതുകം തന്നെയാവും ഓരോ വർഷവും ഏതാണ്ട് മൂന്നു കോടിയോളം വിരുന്നുകാരെ സ്വീകരിക്കാൻ ഒരു കൊച്ചു പ്രദേശത്തിനാവുന്നതും.

പല ആഴ്ചകളിലും എന്നെപ്പോലുള്ളവർ ഈ ക്യാംഡൻ ലോക്ക് മാർക്കറ്റിലേയ്ക്കു ചാടിപ്പുറപ്പെടുന്നതിന് മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു കേട്ടോ. അവിടെയുള്ള കടകളിൽ നിന്നും അധികം പൈസ ചെലവാക്കാതെ ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങാം. വലിയ കേടുപാടുകളൊന്നുമില്ലാത്ത സെക്കൻഡ് ഹാൻഡ് സാധനങ്ങളിൽ അത്യാവശ്യം ബാഗുകളും ഫർണിച്ചറും ഇലക്ട്രോണിക് സാധനങ്ങളും   വരെയുണ്ട്.  ഭക്ഷണമാണെങ്കിൽ നല്ല മധുരമുള്ള  ഹോം മേഡ്  ചോക്ലേറ്റ് കുക്കീസ് ആൻഡ് ഡ്രിങ്ക്സ് മുതൽ  നമ്മുടെ നെയ്യൊഴിച്ച നാടൻ ദോശ വരെ കിട്ടും. അങ്ങനെ ഇഷ്ടമുള്ളതൊക്കെ കഴിച്ചും ഏതോ ഒരു പങ്ക് സ്റ്റോറിൽ നിന്നും ചുളുവിലയ്ക്ക് വാങ്ങിയ  മഞ്ഞ തൊപ്പിയുമൊക്കെ വെച്ച് നടക്കുന്നതിനിടയിൽ എനിക്കൊരാഗ്രഹം, ഒരു ടാറ്റൂ ചെയ്യണം. ഉടൻതന്നെ മുന്നിൽക്കണ്ട ടാറ്റൂ പാർലറിൽ ചാടികയറി.  എന്റെ തൊപ്പിയും കയ്യിലെ പഞ്ഞിമുട്ടായിയും കണ്ടിട്ടാണാവോ "പേടിയുണ്ടോ ?" എന്ന് ചോദ്യമായിരുന്നു ആദ്യം കേട്ടത് . 'ശ്ശെ, ഇതൊക്കെ എന്ത് ?' എന്ന ഭാവത്തിൽ സ്റ്റുഡിയോയിൽ കയറി മൂന്നു മാലാഖമാർ വിത്ത് പഞ്ചാരിമേളം നിൽക്കുന്ന നാലിഞ്ച് പടം സെലക്ട് ചെയ്ത് ശ്വാസം പിടിച്ചിരുന്നു.അപ്പോളാണ് ഏതാണ്ടൊരു ആറടി പൊക്കവും അഞ്ചേമുക്കാലടി വീതിയും ദേഹം മുഴുവനും പെയിന്റടിച്ച പോലെ ടാറ്റൂ ചിത്രങ്ങളും ഉള്ള ആർട്ടിസ്റ്റ് പറയുന്നത്, ഇതൊക്കെ വരച്ചിടാൻ ഓന് നേരം ഇമ്മിണി വേണോന്ന്, ഒപ്പം വേദനയും കൂടുതലാത്രേ. 'വേദന പേടിയാണ് ചേട്ടാ, വല്ല നക്ഷത്രമോ ലോലിപോപ്പോ ഒക്കെ പോരേ?' എന്ന് പറയാൻ ദുരഭിമാനം സമ്മതിക്കാത്തതുകൊണ്ട് 'ആണോ , എന്നാലെന്റെ ഫ്രണ്ടിനെ കൂടെ കൂട്ടി ഇപ്പ വരാം...' എന്ന് പറഞ്ഞു സ്പീഡിൽ നടന്ന ഓർമ്മയുണ്ട്.

ഉടുപ്പ്, ചെരുപ്പ്, മാല, വള, കമ്മൽ എന്നിങ്ങനെ പലതരം സംഭവങ്ങൾ കിട്ടുമെങ്കിലും ക്യാംഡണിന്റെ സിഗ്നേച്ചർ പ്രോഡക്ട് എന്ന് പറയുന്നത് ഗോഥിക് ശ്രേണി തന്നെയാണ്. കറുപ്പിന് ഇത്രയൊക്കെ ഭംഗിയുണ്ടോ എന്ന് തോന്നിപ്പോവുന്നു തരം വൈവിധ്യങ്ങൾ. ചിലതൊക്കെ കാണുമ്പോൾ പേടിയുണ്ടാവുന്നതും സ്വാഭാവികമാണ്. തലയോട്ടി കൊണ്ടുള്ള പലതരം ആഭരണങ്ങൾ, ശവപ്പെട്ടിയുടെ മാതൃകയിലുള്ള ബാഗുകൾ, മരണത്തെ സ്നേഹിച്ചു കൊണ്ടുള്ള ഉദ്ധരണികൾ എഴുതിവെച്ച ജാക്കെറ്റുകൾ, മുനകൾ നിറച്ച ഷൂസുകൾ, അങ്ങനെ ഇരുണ്ടലോകത്തിന്റെ കഥ പറയുന്ന കുറേ മനുഷ്യരും അവരുടെ പ്രിയപ്പെട്ട വസ്തുക്കളും കണ്ടു നടന്നാൽതന്നെ സമയം തീരും.

ജീവിതത്തെ അത്രമേൽ ഈസിയായി കാണുന്ന ക്യാംഡനിലെ ലോകത്തിലും ചില്ലറ പക്ഷിശാസ്ത്രക്കാരും കൈനോട്ടക്കാരുമൊക്കെയുണ്ട്. പക്ഷെ നല്ല പുതുമയുള്ള  രീതിയിലാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. 'ടാരോട് കാർഡ്സും' 'മാജിക് ക്രിസ്റ്റൽ ബോൾസുമൊക്കെയായി'  ഇരിക്കുന്ന അവർക്ക് സ്ഥിരം കാസ്റ്റമേഴ്സുമുണ്ട്, നാട്ടിലെ പോലെ തന്നെ സ്ത്രീകളാണ് അവരിൽ കൂടുതൽ ! വലിയ ഇവന്റസിനൊക്കെ ഇവരെകൂടി ഉൾപ്പെടുത്തുന്ന പതിവുകൾ ഉണ്ടായതു കൊണ്ടാവും ചിലർ അവരുടെ വൻ കസ്റ്റമേഴ്സിന്റെ ചിത്രങ്ങൾ ഒക്കെ നമ്മളെ കാണിക്കും.  


എന്റെ ഓഫീസിലെ റിസേര്‍ച് വര്‍ക്കിനൊക്കെ ഫോക്കസ് ഗ്രൂപ്പിനായി വിളിക്കുന്ന ഒരു കേന്യക്കാരനുണ്ടായിരുന്നു, ഓസോഗോ. വീല്‍ ചെയറിലാണ് ഒസാഗോയുടെ ജീവിതം, എന്നാല്‍ മുന്നിലെത്തുന്ന സകല ആളുകളുടെ പ്രശ്നങ്ങള്‍ക്കും ഒസോഗോയ്ക്ക് ഉത്തരമുണ്ട്. കറുപ്പില്‍ വെള്ള പുള്ളിയുള്ള ഒരു കണ്ടന്‍ പൂച്ചയും, പതുപതുത്ത മഞ്ഞ രോമങ്ങളുള്ള ഒരു പെണ്‍പൂച്ചയും അയാളുടെ ഒപ്പം എപ്പോളുമുണ്ടാവും, മാഴ്‌സ് എന്നും വീനസ് എന്നുമാണ് അവരുടെ പേര്. സത്യത്തില്‍ ഇത്രയും അനുസരണയുള്ള പൂച്ചകുട്ടികളെ ഞാന്‍ വേറെയെവിടെയും കണ്ടിട്ട് പോലുമില്ല. ടാരോട് കാര്‍ഡുകള്‍ വിടര്‍ത്തിയ മേശമേല്‍ ഒരു ബഹളവുമില്ലാതെ പൂച്ചകള്‍ തലയും താഴ്ത്തിയിരിക്കും. ഒസോഗോ സംസാരിച്ചു കഴിയുമ്പോളെക്കും അവര്‍ മെല്ലെയിറങ്ങി അയാളുടെ കാല്‍ച്ചുവട്ടില്‍പോയിരിക്കും.

ഒരു വൈകുന്നേരം, കയ്യിലുള്ള കുറെ ടാരോട് കാര്‍ഡുകള്‍ നിരത്തി അതില്‍ നിന്നും അഞ്ചെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞ ഒസോഗോ എന്റെ ഭാവിയും പ്രവചിച്ചിട്ടുണ്ട്. വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഞാനും അഞ്ചു കാര്‍ഡുകള്‍ പെറുക്കിയെടുത്തു. ഒസോഗോ കാര്‍ഡുകളിലേക്കും എന്റെ മുഖത്തേക്കും തുറിച്ചു നോക്കി, മാഴ്‌സും വീനസും സ്ഥായിയായ നിസ്സംഗഭാവത്തില്‍ എന്നെ നോക്കി. ഒസോഗോ സംസാരിച്ചു തുടങ്ങി, 'ജീവിതത്തില്‍ ഏറെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന നിങ്ങള്‍  വലിയ പണക്കാരിയാവും. പക്ഷെ, ജീവിതത്തില്‍ സ്നേഹിക്കാന്‍  വരുന്ന പുരുഷന്മാരെയൊക്കെ അവഗണിക്കുന്നതിന്റെ ഫലമായി  ഒടുവില്‍ ഒരു വീട് മുഴുവന്‍ പൂച്ചകളെകൊണ്ട് നിറച്ചു അവര്‍ മാത്രം കൂട്ടുള്ള ഒരാളായി വയസ്സാംകാലത്തു കഴിഞ്ഞു കൂടേണ്ടിവരും'. ഒസോഗോയുടെ വക  മുന്‍കൂര്‍ അറിയിപ്പാണ്.



കൊടുക്കണമെന്ന് മാത്രം. മാഴ്സും വീനസും മുരണ്ടു കൊണ്ട് ഒസോഗോയുടെ കാല്‍ചുവട്ടിലേക്ക് എത്തിയപ്പോളേക്കും  ഞാന്‍ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു, പിന്നീടവിടെ പോയിട്ടുമില്ല, അയാളെ കണ്ടിട്ടുമില്ല. ഭാഗ്യാന്വേഷികള്‍ തേടി വരുന്നിടത്തോളം കാലം ഒസോഗോയും മാഴ്‌സും വീനസും സൗഭാഗ്യകരമായ ജീവിതം നയിക്കുക തന്നെ ചെയ്യും.

എങ്കിലും, പ്രിയപ്പെട്ട  ഓസോഗോ,
പൂച്ചകളെ എനിക്കിപ്പോളും പേടിയാണ്, ഒരു വീട്ടില്‍ പോയിട്ട്, ഒരു മുറിയില്‍ പോലും ഒരു രാത്രി ഒറ്റയ്ക്ക് കിടക്കാനുള്ള  ധൈര്യമെനിക്കില്ല. പിന്നെ, എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍; സത്യം പറഞ്ഞാല്‍ മാസാവസാനം ഉള്ള ബാങ്ക് അക്കൗണ്ട് കണ്ടാല്‍ എനിക്ക് പോലും എന്നോട് പാവം തോന്നും. നുണക്കഥകള്‍ പറയുന്ന നിന്നോടെനിക്ക്  വിരോധമൊന്നുമില്ല കേട്ടോ.

ക്യാംഡനിലെ കാറ്റിലും കുളിരിലും ചില സ്വപ്നങ്ങളുണ്ട്.ആ തെരുവുകളില്‍ ആരെയും കൂസാതെ, ലോകത്തെ ഭയപ്പെടാതെ, ഒരു തൂവല്‍ പോലെ പറന്നു നടക്കുന്നതിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവുമുണ്ട്. അവയില്‍ നീയും ഞാനും ഓരോ തൂവലുകളായി പരസ്പരം കണ്ണിറുക്കിയപ്പോള്‍ പറയാന്‍ കൊതിച്ച കഥകളാണിതൊക്കെയെന്ന്  ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അല്ലെങ്കിലും  മടുപ്പ് തോന്നിക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ ക്യാംഡനിലെത്തുമ്പോള്‍ ആര്‍ക്കാണ് വെറും ഒരു സാധാരണക്കാരനോ സാധാരണക്കാരിയോ ആവാന്‍ കഴിയുക?  മാഴ്‌സിനും വീനസിനും കുട്ടികളുണ്ടാവട്ടെ, നിനക്ക് നന്മകളും...
സ്‌നേഹം,
ആന്‍ പാലി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top