13 June Thursday
തെരഞ്ഞെടുപ്പ് യാത്രകള്‍

കിഴക്കന്‍ നാവികപ്പടയുടെ ആസ്ഥാനമായ വിശാഖപട്ടണത്ത്‌

വി ജയിന്‍Updated: Friday May 24, 2019

വി ജയിന്‍

വി ജയിന്‍

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി ആന്ധ്രയിലും തമിഴ്‌നാട്ടിലും
ഉത്തര്‍പ്രദേശിലും നടത്തിയ യാത്രകളെപ്പറ്റി ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോണ്ടന്റ്
വി ജയിന്‍ എഴുതുന്നു

തുരന്തോ ട്രെയിന് മറ്റെവിടെയും സ്‌റ്റോപ്പില്ലാത്തതിനാല്‍ രാവിലെ ആറരയ്ക്കു തന്നെ വിശാഖപട്ടണത്തെത്തി. ജഗദംബ തിയേറ്ററിനടുത്തുള്ള സിഐടിയു ഗസ്റ്റ് ഹൗസിലാണ് എനിക്ക് എത്തേണ്ടത്. മെയിന്‍ ഗേറ്റിലൂടെ പോകാതെ ഒരു ഊടുവഴിയിലൂടെ പുറത്തുകടന്നു. ഓട്ടോറിക്ഷക്കാര്‍ ആ വഴിയിലും കാത്തുനില്‍ക്കുന്നുണ്ട്. ജഗദംബ തിയേറ്ററിനടുത്തുള്ള സിഐടിയു ഓഫീസ് എന്നു പറഞ്ഞപ്പോള്‍ ഓട്ടോക്കാരന് മനസ്സിലായി. വിലപേശല്‍ ആരംഭിച്ചു.

അധികമൊന്നും ക്ലേശിക്കാതെ 100 രൂപയ്ക്ക് ഉറപ്പിച്ചു. ഗൂഗിള്‍ മാപ്പ് ഉള്ളതുകൊണ്ട് ദൂരം എത്രയെന്നൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. നമ്മള്‍ ഇത് മനസ്സിലാക്കിയിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍മാരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. രാവിലത്തെ വൈശാഖ്. റോഡില്‍ തിരക്കൊട്ടുമില്ല. ഗസ്റ്റ് ഹൗസില്‍ സൂക്ഷിപ്പുകാരനുണ്ട്. അയാള്‍ റൂം കാട്ടിത്തരുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഓട്ടോറിക്ഷക്കാരന്‍ ഒരിടത്ത് ചോദിച്ച് കൃത്യത വരുത്തി സിഐടിയു ഓഫീസിനു മുന്നില്‍ തന്നെ എത്തിച്ചു.

സൂക്ഷിപ്പുകാരന്‍ വന്ന് റൂം കാട്ടിത്തന്നു. നാലാമത്തെ നിലയിലാണ്. ലിഫ്റ്റില്ല. പാര്‍ടി ഗസ്റ്റ് ഹൗസുകളുടെ ശരാശരി നിലവാരം സൂക്ഷിക്കുന്ന മുറി. എസിയുണ്ട്. രാവിലെ തന്നെ ചൂട് തുടങ്ങി. കുളിച്ച് റെഡിയായി. റോഡില്‍ പോയി ഒരു തട്ടുകടയില്‍ നിന്ന് ഇഡ്ഡലിയും വടയും കഴിച്ചു. ഒന്‍പത് മണിയായപ്പോള്‍ രാധാകൃഷ്ണന്‍ വന്നു. പരിപാടികളൊക്കെ ചര്‍ച്ച ചെയ്തു.

ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ കാണാന്‍ പോകണം. കോണ്‍ഗ്രസിന്റെ റാലിയുണ്ട്. അതും കാണണം. അടുത്ത ദിവസം അരകു വാലി എന്ന സ്ഥലത്ത് പോകാമെന്ന് നിശ്ചയിച്ചു. അവിടെയാണ് സിപിഐ എം സഥാനാര്‍ഥി മത്സരിക്കുന്നത്. പാര്‍ടിക്ക് സ്വാധീനമുള്ള മേഖലയാണത്.

വൈശാഖിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സിപിഐക്കാരനാണ്. ഡി രാജയാണ് പ്രസംഗിക്കാന്‍ വരുന്നത്. അത് 12 മണിക്കേയുള്ളൂ. അതിനിടയില്‍ വിശാഖപട്ടണത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയായത്. പൊതുമേഖലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സഖാവും വന്നു. വിശാഖപട്ടണത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പുകളും അവര്‍ വിശദീകരിച്ചു. അതുസംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള പുസ്തകം തന്നു

രാധാകൃഷ്ണന്‍ 40 വര്‍ഷമായി വിശാഖപട്ടണത്ത് ജീവിക്കുന്നയാളാണ്. ഇവിടത്തെ ചെറു സംഭവങ്ങളുടെ പൊലും വസ്തുതകള്‍ മനസിലാക്കാനുള്ള രാഷ്ട്രീയ ഘ്രാണശക്തിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ ജോലിയെടുത്തു. അനീതിക്കും ചൂഷണത്തിനുമെതിരെ ശബ്ദമുയര്‍ത്തും. ക്രമേണ മറ്റൊരിടത്ത് എത്തിപ്പെടും. 20 വര്‍ഷം മുമ്പ് പാര്‍ടിയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി.

വിജയവാഡയില്‍ വച്ച് പ്രജാശക്തി ചീഫ് എഡിറ്റര്‍ ശര്‍മാജി ഇക്കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. രാധാകൃഷ്ണന്‍ വയസാംകാലത്ത് ഒരു കല്യാണവും കഴിച്ചുവെന്ന് ശര്‍മാജി പറഞ്ഞിരുന്നു. വൈശാഖില്‍ വച്ച് സംസാരിക്കുമ്പോള്‍ രാധാകൃഷ്ണനും ഇതൊക്കെ എന്നോട് പറഞ്ഞു. വൈക്കം സ്വദേശിയാണ് അദ്ദേഹം. ഇതിനിടയില്‍ റസിഡന്റ് എഡിറ്റര്‍ പി എം മനോജ് വിളിച്ചു. എവിടെയുണ്ടെന്ന് ചോദിച്ചു. വിശാഖപട്ടണത്താണെന്ന് പറഞ്ഞു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും ഉടന്‍ തന്നെ അമേഠിയില്‍ പോയി അവിടുത്തെ ആളുകളുടെ പ്രതികരണം എടുക്കണമെന്നും  വയനാടും അമേഠിയും തമ്മിലുള്ള താരതമ്യം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

ഫ്‌ളൈറ്റ് ടിക്കറ്റ് ഓഫീസില്‍ നിന്ന് ബുക്കുചെയ്തു തരും. വൈകിട്ട് നാലരയ്ക്ക് വിമാനമുണ്ട് ഡല്‍ഹിക്ക്. അതിനുമുമ്പ് വിശാപട്ടണത്തെ പരിപാടികള്‍ അവസാനിപ്പിക്കണം. രാധാകൃഷ്ണനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ നിരാശയായി. എന്തായാലും എനിക്ക് പോകാതെ കഴിയില്ലെന്ന കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു.


സിപിഐ സ്ഥാനാര്‍ഥിയുടെ റാലിക്ക് 12 മണിക്ക് പുറപ്പെട്ടു. റാലിയുണ്ടെന്ന് പറഞ്ഞ സ്ഥലത്ത് പോയി നില്‍പ്പായി. നല്ല വെയില്‍. എനിക്ക് വിശപ്പും ദാഹവും കൂടിവന്നു. ഷുഗറിന്റെ പ്രശ്‌നവും. അല്‍പ്പം കഴിഞ്ഞപ്പോള്‍ രാജാ ഇവിടെ പ്രസംഗിക്കുന്നില്ലെന്നു പറഞ്ഞു. കുറെ ബൈക്കുകള്‍ കൊടികെട്ടി ഓടിച്ചുവന്നു. അല്‍പ്പനേരം മുദ്രാവാക്യം വിളിയോടെ പരിപാടി അവസാനിച്ചു. രാജാ പത്രസമ്മേളനം നടത്തുന്നുണ്ട് സിപിഐ ഓഫീസില്‍. അവിടേക്ക് പോകാമെന്നു പറഞ്ഞു. അഞ്ച് മിനിറ്റിനകം അവിടെയെത്തി. പത്രസമ്മേളനം തുടങ്ങിക്കഴിഞ്ഞു. ഒരു കുപ്പി വെള്ളം കുടിച്ച് അല്‍പ്പം ആശ്വാസം കണ്ടെത്തി. പത്രസമ്മേളനത്തിലിരുന്നു. തെലുഗു മാധ്യമപ്രവര്‍ത്തകര്‍ക്ക് ആന്ധ്രപ്രദേശിലെ കാര്യങ്ങള്‍ മാത്രമേ ചോദിക്കാനുള്ളൂ. ഇടയ്ക്ക് കിട്ടിയ അവസരത്തില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് രാജ്യത്തെ ബിജെപി വിരുദ്ധ മതനിരപേക്ഷ-ജനാധിപത്യ കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ എങ്ങനയായിരിക്കും ബാധിക്കുകയെന്നാണ് ഞാന്‍ ചോദിച്ചത്.

രാജാ ക്ഷുഭിതനായി. അത് എന്നോടല്ല, കോണ്‍ഗ്രസുകാരോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു മറുപടി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദമായി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മത്സരിക്കുന്നുവെന്ന തീരുമാനം ഇന്നാണല്ലോ വന്നത്. അതുകൊണ്ടാണ് ഞാന്‍ പ്രതികരണം ചോദിച്ചതെന്നു പറഞ്ഞു. രാജായുമായി ഇന്റര്‍വ്യൂവിന് സമയം പറഞ്ഞുവെച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കാമെന്നു പറഞ്ഞു.

ഡല്‍ഹി വാസക്കാലത്ത് വി പി ഹൗസില്‍ ഞാന്‍ രണ്ട് വര്‍ഷം താമസിച്ചിരുന്നു. വി പി ഹൗസിലെ തന്നെ ഒരു ഫ്‌ളാറ്റിലാണ് രാജായും കുടുംബവും താമസിച്ചിരുന്നത്. രാജായെയും ആനി രാജായെയും നല്ല പരിചയമുണ്ട്. അടുത്ത സൗഹൃദമൊന്നുമില്ല.പത്രസമ്മേളനത്തിനു ശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണമായിരുന്നു. അതുകഴിഞ്ഞ് രാജായോട് സംസാരിച്ചു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനകളുടെ തുടര്‍ച്ചയാണിതെന്ന് രാജാ പറഞ്ഞു.

ഗ്രാമങ്ങളിലൂടെ

ഗ്രാമങ്ങളിലൂടെ


വിശദമായിത്തന്നെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു. അവസാനം മകള്‍ അപരാജിതയുടെ പഠനത്തെക്കുറിച്ചും മറ്റും ചോദിച്ചു. സ്‌നേഹത്തോടെയാണ് യാത്രപറഞ്ഞത്. തിരിച്ച് ഗസ്റ്റ് ഹൗസില്‍ വന്ന് വാര്‍ത്ത തയ്യാറാക്കി അയച്ചു. രണ്ടര മണിക്ക് ഇറങ്ങി. കുറേ ഓട്ടോറിക്ഷക്കാരോട് സംസാരിച്ച് ഒരാളുമായി രാധാകൃഷ്ണന്‍ ഡീല്‍ ഉറപ്പിച്ചു. 250 രൂപ. അല്‍പ്പം നേരത്തേ തന്നെ വിമാനത്താവളത്തിലെത്തി. രാധാകൃഷ്ണന്‍ സാമ്പത്തികമായി നല്ല  ക്ലേശമനുഭവിക്കുന്നുവെന്ന് തോന്നി. ഓട്ടോറിക്ഷക്ക് ഞാന്‍ പൈസ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊന്നും സമ്മതിച്ചില്ല.

പിന്നെ ഞാന്‍ തന്നെ നിര്‍ബ്ബന്ധപൂര്‍വം കൊടുത്തു. വളരെ ക്ലേശിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഒരു ജനുസില്‍ പെട്ടയാളാണ് രാധാകൃഷ്ണനെന്ന്  ബോധ്യമായി.വിമാനം സമയത്തു തന്നെ പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി ഉല്ലാസിനെ വിളിച്ചു. ഡല്‍ഹി ദേശാഭിമാനി ജീവനക്കാരനാണ് ഉല്ലാസ്. ഉല്ലാസെത്തി എന്നെ കൂട്ടിക്കൊണ്ടുപോയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top