29 March Friday
തെരഞ്ഞെടുപ്പ് യാത്രകള്‍

ധര്‍മപുരിയിലെ ജാതിവെറിയും തിരുപ്പൂര്‍ ഗാര്‍മെന്റ് ഫാക്ടറിയും

വി ജയിന്‍Updated: Friday May 24, 2019

വി ജയിന്‍

വി ജയിന്‍

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി തമിഴ്‌നാട്ടിലും
ആന്ധ്രയിലും ഉത്തര്‍പ്രദേശിലും നടത്തിയ യാത്രകളെപ്പറ്റി ദേശാഭിമാനി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്
വി ജയിന്‍ എഴുതുന്നു.അഞ്ച് ഭാഗങ്ങളായി വായിക്കാം.

പത്രപ്രവര്‍ത്തന ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് ആണിത്. 30 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തില്‍ നിരവധി സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയിട്ടുണ്ട്. 1993 ലെ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പു മുതല്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയത് ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കുമ്പോഴാണ്.

ഇക്കുറി മെയ് 31ന് റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശിലെ അമേഠി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്യാനാണ് അവസരം കിട്ടിയത്. മാര്‍ച്ച് 25ന് കോയമ്പത്തൂരില്‍ നിന്ന് തുടങ്ങി. ഏപ്രില്‍ 13 ന് വയനാട്ടില്‍ അവസാനിച്ചു. കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായ പി ആര്‍ നടരാജന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി.

 ഡിഎംകെ ജില്ലാ നേതാക്കളടക്കമുള്ള നിരവധി പേര്‍ വന്നിരുന്നു. നാഗസ്വരമടക്കം വാദ്യഘോഷം കേട്ടു. മൊത്തത്തില്‍ ഒരു വിവാഹച്ചടങ്ങിനെത്തിയ പ്രതീതി. എല്ലാവരിലും വലിയ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതിന്റെ സൂചനയായി തോന്നി. സ. പി ആര്‍ നടരാജന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ജി രാമകൃഷ്ണന്‍ എന്നിവരെ ഇന്റര്‍വ്യൂ ചെയ്തു. കോയമ്പത്തൂരിലെ തീക്കതിര്‍ ഓഫീസില്‍ പോയി സ. കണ്ണനെ കണ്ടു. തമിഴ്‌നാട്ടില്‍ പോകേണ്ട മറ്റ് സ്ഥലങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു.

തിരുപ്പൂരിലെ ഗാര്‍മെന്റ് വ്യവസായത്തെക്കുറിച്ചും ധര്‍മപുരിയിലെ ജാതിവെറിയെക്കുറിച്ചും പ്രത്യേക വാര്‍ത്തകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവിടങ്ങളിലുള്ള തീക്കതിര്‍ ലേഖകരുടെ സഹായം വേണമെന്ന് പറഞ്ഞു. അവരുടെയൊക്കെ നമ്പര്‍ തന്നു. തിരിച്ച് കോയമ്പത്തൂര്‍ സിപിഐ എം ഓഫീസിലെത്തി. അവിടെ ഭക്ഷണമുണ്ടായിരുന്നു. ദേശാഭിമാനി പ്രവര്‍ത്തകരോട് തമിഴ്‌നാട്ടിലെ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും വലിയ സ്‌നേഹവും അടുപ്പവുമാണ് കാണിക്കുന്നത്.

അടുത്ത ദിവസം തിരുപ്പൂരിലേക്ക് ബസ് കയറ്റി വിടാന്‍ ഓഫീസിലെ ഒരു സഖാവ് കൂടെ വന്നു. സ്റ്റാന്‍ഡിലുണ്ടായിരുന്ന തിരുപ്പൂര്‍ ബസില്‍ കയറി. അത് പല്ലടം വഴി പോകുന്ന ബസായിരുന്നു. അവിനാശി വഴിയുള്ള ബസായിരുന്നു എളുപ്പം. തിരുപ്പൂരിലെത്തി തീക്കതിര്‍ ലേഖകന്‍ പൂയവനെ വിളിച്ചു. അദ്ദേഹം ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്നു. തൊട്ടടുത്ത് തന്നെയാണ് പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസ്. അതിനുള്ളില്‍ തീക്കതിര്‍ ഓഫീസ്. കുറെ നേരം അവിടെയിരുന്നു. മൊത്തം സ്ഥിതിഗതികള്‍ സംസാരിച്ചു.

ഗാര്‍മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ നേതാവ് സ. സമ്പത്തിനോട് വിശദമായി സംസാരിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് ഗാര്‍മെന്റ് ഫാക്ടറിയിലെ തൊഴിലാളികള്‍  ചായകുടിക്കാനിറങ്ങുമ്പോള്‍ അവരോട് സംസാരിക്കാമെന്നു പറഞ്ഞു. അഞ്ചേമുക്കാലിന് ബൈക്കില്‍ പൂയവനോടൊപ്പം മൂന്നുനാല് കിലോമീറ്റര്‍ അകലെയുള്ള ഫാക്ടറിയില്‍ പോയി. തൊഴിലാളികളോട് വിശദമായി സംസാരിച്ചു. അവര്‍ നേരിടുന്ന ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും വിശദീകരിച്ചു.

 തുഛമായ കൂലിക്ക് പണിയെടുക്കുന്ന പാവം സ്ത്രീകള്‍. പലരും മധുര, ദിണ്ടുഗല്‍, തിരുനെല്‍വേലി, നീലഗിരി ജില്ലകളില്‍ നിന്ന് എത്തിയവരാണ്. വീട്ടുകാരില്‍ നിന്നകന്ന് തിരുപ്പൂരില്‍ ഏതെങ്കിലും വാടകമുറിയില്‍ താമസിക്കുന്നു. വാടകയും ജീവിതച്ചെലവും കൂലിയുമായി ഒത്തുപോകുന്നില്ല. ഷിഫ്റ്റുകളുടെ എണ്ണം കുറഞ്ഞു. എന്തെങ്കിലും അസുഖം വന്നാല്‍ സാമ്പത്തികസ്ഥിതി തകരാറാവും.

പ്രിയ, ഭാഗ്യലക്ഷ്മി, സരസ്വതി എന്നിവര്‍ വിശദമായി തന്നെ സംസാരിച്ചു. കടത്തില്‍ നിന്ന് മോചനം കിട്ടുന്നില്ലെന്നതാണ് അവരുടെ പ്രധാന വേവലാതി. എത്ര കടമുണ്ടെന്ന് ചോദിച്ചു, പ്രിയയോട്. പറയാന്‍ മടി. കുറെ നിര്‍ബ്ബന്ധിച്ചപ്പോള്‍ പറഞ്ഞു, 10000 രൂപ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി പല തവണയായി വാങ്ങിയതാണ്. സങ്കടം വന്നു. 10000 രൂപയുടെ കടം കാരണം സമാധാനം നഷ്ടപ്പെട്ട പാവങ്ങള്‍.
ധര്‍മപുരിയിലെ ജാതിവെറിയില്‍ കൊല്ലപ്പെട്ട ദളിതന്‍ ഇളവരശന്റെ ചിത്രവുമായി അമ്മ

ധര്‍മപുരിയിലെ ജാതിവെറിയില്‍ കൊല്ലപ്പെട്ട ദളിതന്‍ ഇളവരശന്റെ ചിത്രവുമായി അമ്മ



തിരിച്ച് തീക്കതിര്‍ ഓഫീസിലെത്തി. പൂയവനുമായുള്ള ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച രസകരമായിരുന്നു. മധുരയില്‍ നിന്നാണ് പൂയവന്‍ തിരുപ്പൂരിലെത്തിയത്. രാഷ്ട്രീയം, വാര്‍ത്തകള്‍ എന്നിവയെ സംബന്ധിച്ചൊക്കെ സവിശേഷമായ കാഴ്ചപ്പാടുണ്ട് പൂയവന്. ദേശീയരാഷ്ട്രീയവും കേരള, തമിഴ്‌നാട് രാഷ്ട്രീയവും സിപിഐ എമ്മിന്റെ വളര്‍ച്ചയും പ്രശ്‌നങ്ങളുമൊക്കെ ഞങ്ങളുടെ സംഭാഷണത്തില്‍ നിറഞ്ഞു. രാത്രി പാര്‍ടി ഓഫീസില്‍ കിടക്കാമെന്ന് പൂയവന്‍ പറഞ്ഞു. ഞാന്‍ അത് വേണ്ടെന്നുപറഞ്ഞു. രാത്രി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു.

 അടുത്ത ദിവസം രാവിലെ ധര്‍മപുരിയിലേക്ക് പോണം. രാവിലെ ഏഴ് മണിയോടെ ധര്‍മപുരി ബസില്‍ കയറി. ഒന്‍പത് മണിക്ക് അവിടെ എത്തി. തീക്കതിര്‍ ലേഖകന്‍ ലെനിനെ  കാത്ത് മുക്കാല്‍ മണിക്കൂര്‍ ധര്‍മപുരി ബസ് സ്റ്റാന്‍ഡില്‍ നിന്നു. ലെനിന്‍ വന്ന് പാര്‍ടി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പാര്‍ടി നേതാക്കളുമായി ധര്‍മപുരി ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിഎംകെയുടെ അവസ്ഥയും ജില്ലയുടെ പിന്നോക്കാവസ്ഥയുമൊക്കെ ചര്‍ച്ച ചെയ്തു. വണ്ണിയര്‍ സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിദ്രാവിഡ വിഭാഗത്തില്‍ പെട്ട ഇളവരശന്റെ വീട്ടില്‍ പോണം, വീട്ടുകാരെ കാണണം എന്നതാണ് എന്റെ പ്രധാന ആവശ്യം.

ലെനിന്‍ കുറച്ച് സാവകാശക്കാരനാണ്. പക്ഷേ കാര്യങ്ങള്‍ നന്നായി ചെയ്യാനറിയാം. ലെനിന്റെ സ്‌കൂട്ടറില്‍ തന്നെ ഇളവരശന്റെ സ്വദേശമായ നത്തത്തേക്ക് പോയി. അവിടെ റോഡില്‍ കാത്തുനിന്ന സഖാക്കളുമായി ഇളവരശന്റെ കൊലയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ സംസാരിച്ചു. അവര്‍ നല്ല ഫ്രൂട്ട് ജ്യൂസും പഴവും വാങ്ങിത്തന്നു. കൊടുംചൂടില്‍ വലിയ ആശ്വാസമായിരുന്നു അത്. ഒരു കോളനിയിലാണ് ഇളവരശന്റെ വീട്. അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ആറ് മാസത്തോളം ബംഗളൂരുവിലും ചെന്നൈയിലും കഴിഞ്ഞശേഷമാണ് ധര്‍മപുരിയിലേക്ക് രണ്ടാളും മടങ്ങിവന്നതെന്ന് അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛന്‍ ഇതിനിടയില്‍ ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയിലായ സമയത്ത് പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വം സ്വാധീനിച്ച് വശത്താക്കി ഇളവരശനുമായുള്ള വിവാഹത്തെ തള്ളിപ്പറയിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കുറച്ചു കാലം മാറിനില്‍ക്കാനായി ആന്ധ്രയിലെ ചിറ്റൂരേക്ക് പോകുന്നുവെന്നു പറഞ്ഞ് തന്നെ സമാധാനിപ്പിച്ചാണ് പോയതെന്നും അന്നുതന്നെ ഉച്ചയ്ക്കുശേഷം ധര്‍മപുരിയില്‍ റെയില്‍പ്പാളത്തില്‍ ഇളവരശന്റെ ജഡം കണ്ടുവെന്നും അമ്മ പറഞ്ഞു. അവിടെനിന്ന് വെള്ളം കുടിച്ചു.

തിരിച്ച് ധര്‍മപുരിയിലെത്തി. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടം തേടി അലച്ചിലായി. സാധാരണ ഹോട്ടലുകളിലേക്ക് ലെനിന്റെ കണ്ണ് പോകുന്നേയില്ല. ഊടുവഴികളിലൂടെ കുറെ സഞ്ചരിച്ച് ഒരു ചെറിയ മെസില്‍ എത്തി. ഇലയൊക്കെ വച്ചുള്ള സദ്യ. നല്ല ചിക്കനും മീന്‍ വറുത്തതുമെല്ലാമുണ്ട്. നല്ല ഉച്ചഭക്ഷണമായിരുന്നു. എത്താന്‍ വൈകിയെങ്കിലും ലെനിന്റെ സേവനം മികച്ചതായിരുന്നു. ഇളവരശന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് ലെനിന്. ഇളവരശന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അന്വേഷിച്ച് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ലെനിന്‍ ശ്രദ്ധിച്ചിരുന്നു.

അടുത്ത ദിവസം രാവിലെ എട്ട് മണിയോടെ ധര്‍മപുരിയില്‍ നിന്ന് കൃഷ്ണഗിരിയിലേക്കുള്ള ബസ് കയറി. ബംഗളൂരുവിലേക്ക് പോകുന്ന ബസുകളെല്ലാം കൃഷ്ണഗിരി വഴിയാണ് പോകുന്നത്. അത്തരമൊരു ബസിലാണ് കയറിയത്. കൃഷ്ണഗിരിയിലേക്കുള്ള വഴി വളരെ രസകരമായിരുന്നു. വരണ്ടുണങ്ങിയ തമിഴ്‌നാടിന്റെ പൊതുചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പച്ചപ്പുതപ്പിട്ട പ്രദേശങ്ങള്‍. മിക്ക സ്ഥലങ്ങളിലും നെല്‍കൃഷിയാണധികം. പച്ചക്കറി, പൂക്കൃഷി എന്നിവയുമുണ്ട്. എല്ലാം രസമായി കണ്ടു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top