20 April Saturday
തെരഞ്ഞെടുപ്പ് യാത്രകള്‍

പ്രധാന പ്രശ്‌നം ജലക്ഷാമം; കാര്‍ഷികവൃത്തിയുടെ ആന്ധ്ര

വി ജയിന്‍Updated: Friday May 24, 2019

വി ജയിന്‍

വി ജയിന്‍

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി തമിഴ്‌നാട്ടിലും
ആന്ധ്രയിലും ഉത്തര്‍പ്രദേശിലും നടത്തിയ യാത്രകളെപ്പറ്റി
ദേശാഭിമാനി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി ജയിന്‍ എഴുതുന്നു.

കൃഷ്ണഗിരി ബസ് സ്റ്റാന്‍ഡ് ഒരു ചെറിയ മലയുടെ അടിവാരത്താണ്. ധാരാളം ഉരുളന്‍ പാറകള്‍ കുന്നുകൂടിക്കിടക്കുന്ന മലയാണ്. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ് കിട്ടി. കുപ്പം വഴി തിരുപ്പതിയില്‍ പോകുന്ന ബസാണ്. തമിഴ്‌നാട് കോര്‍പറേഷന്റേത്. ബസില്‍ കയറി ഒരു മണിക്കൂറാകുംമുമ്പ് ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഹമ്പിയില്‍ കാണുന്ന പോലെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ മലകള്‍. ആന്ധ്രപ്രദേശിന്റെ തെക്കുഭാഗമാണിത്. സമുദ്രനിരപ്പില്‍ നിന്ന് നല്ല ഉയരമുള്ള സ്ഥലമായതിനാല്‍ ചൂട് അധികമില്ല. ധാരാളം പൂക്കൃഷിയുണ്ട്. പച്ചക്കറി കൃഷിയും കണ്ടു. പിന്നീട് വരണ്ട പ്രദേശങ്ങളും. കനാലുകളും തോടുകളുമൊന്നും കണ്ടില്ല. കുഴല്‍ക്കിണര്‍ വഴിയായിരിക്കും കൃഷിക്ക് വെള്ളം കിട്ടുന്നത്.

പത്ത് മണിയോടെ കുപ്പത്തെത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ചു. എസിയുള്ള ഹോട്ടലില്‍ മുറി വേണം, അവിടേക്ക് പോട്ടെ എന്നു പറഞ്ഞു. ടൗണ്‍ വിട്ട് നല്ലൊരു ഹോട്ടലുണ്ടെന്നും അവിടേക്ക് പോകാമെന്നും പറഞ്ഞു, ഓട്ടോറിക്ഷക്കാരന്‍. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിട്ടയുടന്‍ കണ്ടു, ഒരു ഹോട്ടല്‍. അത് എസിയല്ലല്ലോ, അത് നോക്കേണ്ട കാര്യമില്ലെന്ന് മനസ്സില്‍ കരുതി. രണ്ട് കിലോമീറ്ററോളം ഓട്ടോ ഓടി. പുതിയൊരു ഹോട്ടലിനു മുന്നില്‍ കൊണ്ടുനിര്‍ത്തി. അവിടെ മുറിയുണ്ടോ എന്ന് അന്വേഷിക്കാനായി ഡ്രൈവര്‍ പോയി. കുറേക്കഴിഞ്ഞ് മടങ്ങിവന്നു.

 പിന്നെ ഞാന്‍ പോയി. സവാളയൊക്കെ കൊത്തിയരിച്ച് ഇട്ടിരിക്കുന്നു. റിസപ്ഷനില്‍ ആരെയും കാണാനില്ല. ഒച്ചയുണ്ടാക്കി നോക്കി. അഞ്ച് മിനിറ്റ് നിന്നിട്ടും ആളെ കാണാനില്ല. എന്നാല്‍പിന്നെ തിരിച്ചുപോകാമെന്ന് കരുതി. വണ്ടി തിരിച്ചുവിട്ടു. ബസ് സ്റ്റാന്‍ഡിനടുത്ത് ആദ്യം കണ്ട ഹോട്ടലിനു മുന്നില്‍ നിര്‍ത്തി. അവിടെ ചോദിച്ചപ്പോള്‍ മുറിയുണ്ട്. റിസപ്ഷനില്‍ പോയി കാത്തിരുന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ വന്നു. അവരോട് മുറി വേണമെന്ന് പറഞ്ഞു. ഇരിക്കാന്‍ എന്നോട് പറഞ്ഞു. അവര്‍ ആളെ അന്വേഷിക്കാനായി പോയി. തിരിച്ചുവന്ന് ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. ഇവിടെ ഹോട്ടലുകളില്‍ റിസപ്ഷനില്‍ ആളുകള്‍ ഉണ്ടാകാറില്ലെന്ന് മനസ്സിലായി. ക്ഷമയുടെ നെല്ലിപ്പലക കാണുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റിസപ്ഷനിലെ ആള്‍ നീരാട്ടുകഴിഞ്ഞ് വന്നു.

മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എന്നോട് ചോദിച്ചു, എന്താ കാര്യമെന്ന്. മുറി വേണമെന്ന് സമാധാനമായി ഞാന്‍ പറഞ്ഞു. ആധാര്‍ കൊടുത്തപ്പോള്‍ കേരളത്തില്‍ നിന്നാണല്ലേ എന്ന് മലയാളത്തില്‍ ചോദിച്ചു. തമിഴനാണ് അയാള്‍. കേരളത്തില്‍ പലയിടത്തും പോയിട്ടുണ്ട്. അതിനാല്‍ മലയാളമൊക്കെ അറിയാം. സിംഗിള്‍ മുറി തന്നു. മുറിയെടുത്ത ശേഷം താഴെ റസ്റ്റാറണ്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി.


പ്രജാശക്തി ലേഖകന്‍ പ്രശാന്ത് തിരുപ്പതിയില്‍ നിന്ന് വരുന്നുണ്ട്, എനിക്ക് കൂട്ടുവരാന്‍. മൂന്നര മണിക്കൂര്‍ യാത്രയുണ്ട് തിരുപ്പതിയില്‍ നിന്ന് കുപ്പത്തേക്ക്. രണ്ടും ചിറ്റൂര്‍ ജില്ലയിലാണ്. പക്ഷേ നല്ല ദൂരം. പ്രശാന്തും പത്ത് മണിക്കു തന്നെ എത്തിയിരുന്നു. എന്റെ ലോഡ്ജ് അന്വേഷിച്ച് പിടിച്ച് വന്നു. ഭക്ഷണത്തിനു ശേഷം ചില സ്ഥലങ്ങള്‍ കാണാന്‍പോകാമെന്നു പറഞ്ഞു. ചില ഗ്രാമങ്ങള്‍ കാണണം, കര്‍ഷകരോട് സംസാരിക്കണം, തെലുഗുദേശം നേതാക്കളുമായി സംസാരിക്കണം. ഇതൊക്കെയാണ് എന്റെ ആവശ്യങ്ങള്‍.
പെദ്ദബദനവാഡ എന്ന സ്ഥലത്ത് ആദ്യം പോയി. അവിടെ ഗ്രാമപഞ്ചായത്ത് സര്‍പ്പഞ്ചായ കൃഷ്ണപ്പയെ കണ്ടു. കുടിവെള്ളമാണ് ഏറ്റവും വലിയ പ്രശ്‌നമെന്നാണ് കൃഷ്ണപ്പ പറഞ്ഞത്. ഗ്രാമത്തിലെ സ്ത്രീകള്‍ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്ന തിരക്കിലാണ്. എടിഎം മാതൃകയില്‍ വാട്ടര്‍ കിയോസ്‌ക് കണ്ടു. വാട്ടര്‍ എടിഎം എന്ന് പ്രശാന്തും കുപ്പത്തെ മറ്റ് സഖാക്കളും എനിക്ക് വിശദീകരിച്ചുതന്നു. എടിഎം എന്നാല്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്ന യന്ത്രമാണെന്നും അത് പണമാണ് തരുന്നതെന്നും ഞാന്‍ വിശദീകരിച്ചു.

വാട്ടര്‍ കിയോസ്‌ക് എന്നതാണ് അനുയോജ്യമായ പേരെന്ന എന്റെ അഭിപ്രായത്തെ അവര്‍ സ്വീകരിച്ചു. തോഡേലുഗട്ട ഗ്രാമത്തില്‍ പൂക്കൃഷി ചെയ്യുന്ന രത്‌നമ്മ എന്ന സ്ത്രീയെ കണ്ടു. അവര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്. നല്ല വീടൊക്കെയുണ്ട്. എന്നാലും കൃഷിയാണ് ഇഷ്ട വിനോദം. പൂക്കൃഷിയിലാണ് താല്‍പര്യം. വെള്ളമില്ലായ്മ തന്നെയാണ് പ്രശ്‌നം. 1800 അടി കുഴിച്ചാലാണ് വെള്ളം കിട്ടുക. അതിന് മൂന്ന് ലക്ഷം രൂപയെങ്കിലുമാകും. അതിന് കഴിവുള്ളവര്‍ മാത്രമാണ് കൃഷി ചെയ്യുക. കുപ്പത്തെ യാത്രക്കിടയില്‍ കൃഷിയിടങ്ങള്‍ പച്ചത്തുരുത്ത് പോലെ കണ്ടതിന്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത്.  രണ്ടേക്കറില്‍ മള്‍ബറി കൃഷിയും പട്ടുനൂല്‍ കൊക്കൂണ്‍ ഉല്‍പാദനവും നടത്തുന്ന മുനിരത്‌നത്തെ കണ്ടു. മള്‍ബറി നല്ല ലാഭമുള്ള കൃഷിയാണ്. പക്ഷേ വെള്ളം കിട്ടാത്തത് വലിയ പ്രശ്‌നമാണ്. കുഴല്‍ക്കിണര്‍ മൂന്നെണ്ണം കുഴിക്കേണ്ടിവന്നു മുനിരത്‌നത്തിന്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രത്‌നമ്മയും മുനിരത്‌നവും കടുത്ത തെലുഗുദേശക്കാരാണ്.

വാഹനത്തിലിരിക്കുമ്പോള്‍ രായലസീമയിലെ ജലക്ഷാമത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഹന്‍ട്രി-നീവ എന്ന ജലപദ്ധതി പൂര്‍ത്തിയാകാറായെന്നും രണ്ട് മാസത്തിനുള്ളില്‍ വെള്ളം കുപ്പത്തെത്തുമെന്നും പ്രശാന്ത് പറഞ്ഞു. ശ്രീശൈലം അണക്കെട്ടില്‍ നിന്ന് വെള്ളം ലിഫ്റ്റ് ഇറിഗേഷന്‍ വഴി 560 കിലോമീറ്റര്‍ കനാലിലൂടെ രായലസീമയിലെത്തിക്കുന്ന നദീസംയോജന പദ്ധതിയാണ്. കനാല്‍ കുപ്പത്തിന്റെ തൊട്ടടുത്തു വരെ എത്തിയെന്നും രണ്ട് മാസത്തിനകം വെള്ളമെത്തുമെന്നും പ്രശാന്ത് ആവര്‍ത്തിച്ചു. എന്നാല്‍ അവിടെ വരെ പോകാമെന്ന് ഞാനും പറഞ്ഞു. ദ്രാവിഡ യൂണിവേഴ്‌സിറ്റിയുടെ അടുത്താണ് പ്രവൃത്തി നടക്കുന്നത്. അവിടേക്ക് പുറപ്പെട്ടു. ദ്രാവിഡ സര്‍വകലാശാല ഭാഷകള്‍ക്കും സാമൂഹ്യവിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സര്‍വകലാശാലയാണ്. നമ്മുടെ കുട്ടികള്‍ക്കും ഇവിടെ വന്ന് പഠിക്കാം. ഹമ്പിയിലെ പോലെ ഉരുളന്‍ പാറക്കൂട്ടങ്ങള്‍ കൂട്ടിവച്ച മലകളാണ് എമ്പാടും.

ചിലയിടത്ത് ഈ മലകളിലെ കരിങ്കല്ല് പൊട്ടിച്ച് തൂണുകള്‍, നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ആവശ്യമായ കല്ലുകള്‍ എന്നിവയുണ്ടാക്കുന്നു. അവിടെനിന്ന് ചെന്നൈയിലേക്കും വിശാഖപട്ടണത്തേക്കുമാണ് കല്ല് കൊണ്ടുപോകുന്നത്. എത്ര വെട്ടിയെടുത്താലും ഈ പാറക്കൂട്ടങ്ങള്‍ തീരില്ലെന്നു തോന്നി. എങ്കിലും മലകളുടെ ഭംഗി നഷ്ടപ്പെടും. പാരിസ്ഥിതിക സന്തുലനവും തകരും. ഹന്‍ട്രി--നീവ കനാലിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തി. പാറകള്‍ പൊട്ടിക്കല്‍, തുരങ്ക നിര്‍മ്മാണം എന്നിവ നടക്കുന്നു. രണ്ട് വര്‍ഷമെങ്കിലുമെടുക്കും ഇത് പൂര്‍ത്തിയായി വെള്ളം കിട്ടാന്‍.

പണി ഏകദേശം പൂര്‍ത്തിയായ തുരങ്കത്തിനടുത്ത് പോയി. തുരങ്കത്തില്‍ കയറി സംസാരിച്ചപ്പോള്‍ നല്ല ശബ്ദസംവിധാനം. മറ്റൊന്നും ചിന്തിച്ചില്ല. ശങ്കരാഭരണം എന്ന തെലുഗു സിനിമയിലെ 'ശങ്കരാ...' എന്ന പാട്ട് ഞാന്‍ പാടാന്‍ തുടങ്ങി. ഒപ്പം വന്നവര്‍ സ്തംഭിച്ചുപോയി. ഇയാള്‍ക്കെന്താ വട്ടുണ്ടോ എന്നായിരിക്കും അവര്‍ ആദ്യം ചിന്തിച്ചത്. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. വീഡിയോ എടുക്കാനും തുടങ്ങി. പാട്ട് അവസാനിച്ചപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തു.
അവിടെനിന്ന് മടങ്ങി. തിരിച്ചു വരുന്ന വഴി കരിങ്കല്ല് കൊത്തി ഉല്‍പ്പന്നമാക്കുന്ന തൊഴിലാളികളെ കണ്ട് സംസാരിച്ചു.


കുപ്പത്ത് ദേശീയപാത കടന്നുപോകുന്ന സ്ഥലത്തുള്ള ഒരു ധാബയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. എന്താ വേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാനുള്ള ശ്രമമായി. ഒരു പ്രാദേശിക വിഭവത്തിന്റെ പേരു പറഞ്ഞു. അതായാലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഊണു മതി. എന്ത് റൈസ്, പുലാവോ ഫ്രൈഡ് റൈസൊ എന്ന് അടുത്ത ചോദ്യം. അവിടെ മീല്‍സ്, ഊണ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ആദ്യം പറഞ്ഞ പ്രാദേശിക വിഭവം തന്നെയാകട്ടെ എന്ന് പറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്തൂരി റൊട്ടിയും പ്രാദേശിക വിഭവവും വന്നു. സത്യം പറയണമല്ലോ, എന്താ രുചി. മട്ടണ്‍ ഇത്രയും രുചികരമായി പാകംചെയ്യാന്‍ കഴിയുമോ എന്ന് അത്ഭുതപ്പെട്ടു.

ശാസ്ത്ര സംഘടനയായ ജനവിജ്ഞാന വേദികയുടെ ചിറ്റൂര്‍ ജില്ലാ പ്രസിഡന്റ് നാഗേശ്വരറാവുവിനെയാണ് പിന്നീട് കണ്ടത്. നമ്മുടെ ശാസ്ത്ര സാഹിത്യ പരിഷത്തിന് സമാനമായ ശാസ്ത്രപ്രസ്ഥാനമാണ്.  കുപ്പത്തെ ജനസംഖ്യയില്‍ 40 ശതമാനം ദിവസവും മറ്റ് നഗരങ്ങളില്‍ പോയി ജോലി ചെയ്യുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ജലക്ഷാമവും വ്യവസായങ്ങള്‍ ഇല്ലാത്തതും കാരണം തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. അത് പരിഹരിക്കാനാണ് വന്‍തോതിലുള്ള കുടിയേറ്റം. 20 ശതമാനം ജനങ്ങള്‍ സ്ഥിരമായി മറ്റ് പ്രദേശങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നു. കൃഷി ചെയ്യാതെ തരിശിട്ട ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയ കയ്യടക്കിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ ആറ് മണിക്ക് കുപ്പം റെയില്‍വെ സ്റ്റേഷനില്‍ തൃശൂര്‍ പൂരത്തിനുള്ള ആളുണ്ടാകുമെന്ന് പ്രശാന്ത് പറഞ്ഞു.  6.45 ന് പുറപ്പെടുന്ന കുപ്പം - ബംഗളൂരു സിറ്റി മെമു ട്രെയിനില്‍ കയറിപ്പറ്റാനുള്ളവരുടെ തിരക്കാണ്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചാല്‍ മൂവായിരത്തോളം ആളുകള്‍ കയറിപ്പറ്റും.  അവിശ്വസനീയമെന്നു തോന്നും. പക്ഷേ യാഥാര്‍ഥ്യമാണ്. നിത്യജീവിതത്തിനുള്ള വക തേടി ഗ്രാമീണ കുടുംബങ്ങളില്‍ നിന്നുള്ളവരുടെ നിത്യയാത്രയുടെ കാഴ്ചയാണിത്. കാരണം, കുപ്പത്ത് തൊഴിലും ജീവിതമാര്‍ഗവുമില്ല. പ്രതിമാസം 25 രൂപക്കുള്ള പ്രത്യേക സൗജന്യ ടിക്കറ്റെടുത്ത് ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും 208 കിലോമീറ്റര്‍ യാത്ര ചെയ്ത് ബംഗളൂരു നഗരത്തില്‍ നിന്ന് ജീവിതത്തിനുള്ള വക തേടുന്നവരാണിവര്‍.

1989 മുതല്‍ ചന്ദ്രബാബു നായിഡു കുപ്പത്ത് മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. വികസനമെന്ന പേരില്‍ ഇവിടെ എത്തുന്നത് കോണ്‍ക്രീറ്റ് റോഡും കുറെ കെട്ടിടങ്ങളുമാണ്. വെള്ളം എത്തുന്നില്ല. രായലസീമയുടെ തെക്കന്‍ സീമയില്‍ തമിഴ്‌നാടിനോട് ചേര്‍ന്നാണ് കുപ്പം. കര്‍ണാടകവുമായും അതിര്‍ത്തി പങ്കിടുന്നു.   2017 ലാണ് അവസാനമായി മഴ കിട്ടിയത്. ഒരു വരുമാനവുമില്ലാത്തതിനാല്‍ ജനങ്ങള്‍ ബംഗളൂരുവടക്കമുള്ള നഗരങ്ങളിലേക്ക് ചേക്കേറുന്നു. കഷ്ടപ്പെട്ട് വെള്ളം സംഘടിപ്പിച്ച് നെല്ല്, റാഗി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പൂക്കള്‍ എന്നിവ കൃഷി ചെയ്യുന്നവരുണ്ട്.

തോഡേലുഗട്ട ഗ്രാമത്തില്‍ പൂക്കൃഷി ചെയ്യുന്ന രത്‌നമ്മ

തോഡേലുഗട്ട ഗ്രാമത്തില്‍ പൂക്കൃഷി ചെയ്യുന്ന രത്‌നമ്മ


തെലുഗുദേശം സംസ്ഥാന സെക്രട്ടറിയും ചന്ദ്രബാബു നായിഡുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ആളുമായ പി ഗോപിനാഥിനെ കാണാനാണ് പിന്നീട് പോയത്. വലിയൊരു മനുഷ്യന്‍. കസേരയിലിരുന്ന് ഉറങ്ങുന്നു. വിളിച്ചുണര്‍ത്തിയപ്പോള്‍ അന്തംവിട്ട് കുറേനേരം നോക്കിയിരുന്നു. ഞാന്‍ തമിഴ് സംസാരിക്കുമെന്ന് കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായെന്ന് ഗോപിനാഥ്. ഞാന്‍ ചോദ്യം ചോദിച്ചപ്പോള്‍, ഇതെന്ത് തമിഴാണെന്ന് അദ്ദേഹം ചോദിച്ചു. കേരള തമിഴാണെന്ന് ഞാനും പറഞ്ഞു.

ചന്ദ്രബാബു നായിഡു വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു. 1989 മുതല്‍ കുപ്പത്തു നിന്ന് മത്സരിക്കുന്ന ചന്ദ്രബാബു നായിഡു എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1962 ല്‍ ഇവിടെ നിന്ന് ജയിച്ചത് കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി വജ്രവേലു ചെട്ടിയാണ്. കോണ്‍ഗ്രസ് ഒരിക്കല്‍ മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളൂ.

  ഞാന്‍ റൂമിലൈത്തിയ ശേഷം കുപ്പം ടൗണ്‍ നടന്നുകണ്ടു. ഒരു പഴയ പട്ടണമെന്ന് തോന്നും. നിറയെ പഴവര്‍ഗങ്ങളും പച്ചക്കറിയും കച്ചവടം ചെയ്യുന്ന ചെറിയ കച്ചവടക്കാര്‍. വില താരതമ്യേന കുറവാണ്. വലിയ ഹോട്ടലുകളോ വാണിജ്യസ്ഥാപനങ്ങളോ ഇല്ല. പാതിമയക്കത്തിലുള്ള ഒരു രായലസീമാ പട്ടണം. നാളെ രാവിലെ ഇവിടെനിന്ന് യാത്രയാകും. വെള്ളമില്ല, മിനുമിനുപ്പില്ല, പളപളപ്പില്ല.

എന്നാലും ഈ കൊച്ചു പട്ടണത്തോട് ഒരു പ്രത്യേക സ്‌നേഹം തോന്നി.പ്രജാശക്തി ഡെപ്യൂട്ടി എഡിറ്റര്‍ തുളസീദാസുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, ജഗന്‍ മത്സരിക്കുന്ന പുലിവെണ്ടുലയില്‍ ഒന്ന് പോകുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. അവിടെ പ്രജാശക്തി ലേഖകനെ വിവരം അറിയിക്കാമെന്നും പറഞ്ഞു. കഡപ്പ ജില്ലയിലാണ് പുലിവെണ്ടുല. കുപ്പത്തു നിന്ന് പോകാന്‍ സൗകര്യപ്രദമായ ട്രെയിനുമില്ല. ബസിലാണെങ്കില്‍ അഞ്ചര - ആറ് മണിക്കൂറെടുക്കും. അതും കുപ്പത്തു നിന്ന് നേരിട്ട് ബസില്ല. മദനപ്പള്ളിയില്‍ പോയിട്ട് അവിടെ നിന്ന് പോണം. പുലിവെണ്ടുലയില്‍ നിന്ന് വിജയവാഡക്കുള്ള യാത്രയും പ്രശ്‌നമാണ്.

ആലോചിച്ച് ഒടുവില്‍ പുലിവെണ്ടുല വേണ്ടെന്നുവെച്ചു. തുളസീദാസിനെ വിളിച്ചു പറഞ്ഞു. നേരേ വിജയവാഡയിലേക്കാണ് എത്തുന്നതെന്നു പറഞ്ഞു.

 കുപ്പത്തെ കരിങ്കല്‍ തൊഴിലാളികള്‍

കുപ്പത്തെ കരിങ്കല്‍ തൊഴിലാളികള്‍


അടുത്ത ദിവസം രാവിലെ നാലരയ്ക്കു തന്നെ എഴുന്നേറ്റ് കുളിച്ച് തയ്യാറായി അഞ്ചരക്ക് ലോഡ്ജില്‍ നിന്ന് ഇറങ്ങി. 5.45ന് തിരുപ്പതിക്കുള്ള തമിഴ്‌നാട് ബസ് വന്നു. പുലര്‍കാലത്തില്‍ ചിറ്റൂര്‍ ജില്ലയില്‍ കൂടിയുള്ള ബസ് യാത്ര രസമായിരുന്നു. രണ്ട് മണിക്കൂറായപ്പോള്‍ ചിറ്റൂര്‍ ടൗണ്‍ എത്തി. ഇതും പഴയ പട്ടണമാണ്. ഒന്‍പതരയോടെ തിരുപ്പതിയിലെത്തി. തീര്‍ഥാടനം മാത്രം പ്രധാന വരുമാനമാര്‍ഗമായ തിരുപ്പതി നഗരം അത്യാധുനിക നഗരം തന്നെയാണ്.

ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ എസി ബസ് രാവിലെ 10ന് വിജയവാഡക്ക് പുറപ്പെടുമെന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസ്സിലാക്കിയിരുന്നു. ബസ് സ്റ്റാന്‍ഡിലിറങ്ങി ബസ് കണ്ടെത്തി. ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ ടിക്കറ്റ് മെഷീനില്‍ നോക്കി സീറ്റുണ്ടെന്ന് ഉറപ്പുവരുത്തി എന്നോട് ഇരിക്കാന്‍ പറഞ്ഞു. ടിക്കറ്റിന് 930 രൂപ. 1000 രൂപ കൊടുത്തപ്പോള്‍ ശരിയെന്നു പറഞ്ഞ് അയാള്‍ വാങ്ങി വെച്ചു. ബാക്കി അയാള്‍ക്കുള്ളതാണെന്ന് അയാള്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അത് വാങ്ങിയതുമില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top