04 October Wednesday

അന്നവിചാരം: നീരാളിയെ തിന്നുന്ന നാട്ടിൽ ചെന്നാൽ...?

ലക്ഷ്‌മി ദിനചന്ദ്രൻ Updated: Monday Jun 5, 2023

എഴുത്തുകാരിയും ന്യൂസിലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഒട്ടാഗോയിൽ ശാസ്‌ത്ര ഗവേഷകയുമായ ലക്ഷ്‌മി ദിനചന്ദ്രൻ എഴുതുന്നു

പലദേശക്കാരായ മനുഷ്യർ ഒന്നിച്ചു താമസിച്ച് ഒരേ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ അവരെ ഒന്നിപ്പിക്കാനും തമ്മിൽ തല്ലിക്കാനും ഭക്ഷണത്തോളം പോന്നത് മറ്റൊന്നുമില്ല. ഞങ്ങളുടെ ബോർഡിങ് ഹൗസിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും ഏഷ്യക്കാരാണ്. ഇംഗ്ലണ്ട്, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, ചൈന, പാകിസ്ഥാൻ, മ്യാന്മർ, ഇറാഖ്, എന്നിങ്ങനെയുള്ള രാജ്യക്കാർ  പിന്നെ ഞാനും. 

ആദ്യകാലങ്ങളിൽ അവരവർക്ക് അവരവരുടെ കാര്യം എന്ന നിലയ്ക്ക് ആയിരുന്ന ഞങ്ങളെ ഒന്നിപ്പിച്ചത് രണ്ടു സംഗതികളാണ്  മുൻപൊരിക്കൽ ഈ കോളത്തിൽ പറഞ്ഞുപോയിട്ടുള്ള ഡോക്ടർ ആൻ ഫോർമാനും, പിന്നെ ബിരിയാണിയും. മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ ഒന്നിച്ചുണ്ടാകുക ആനും ഞാനുമാണ്. ജർമനിയിലെ പലതരം റൊട്ടിയെക്കുറിച്ച് അവരും ബിരിയാണിയെപ്പറ്റി ഞാനും നിരന്തരം സംസാരിക്കും. ഏതാണ്ട് രണ്ടു മാസത്തിനു ശേഷം ആനിനു തിരികെ ജർമനിയിലേക്ക് മടങ്ങേണ്ട സമയമായി. ഒരു സെന്റ്ഓഫ് എന്ന നിലയ്ക്ക് നമുക്ക് ബിരിയാണിയാക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.

സവാള നെയ്യിൽ മൊരിയുന്നതിന്റെയും കൈമ അരി വേകുന്നതിന്റെയും സുഗന്ധം അടുക്കളയിൽ നിന്നും പുറപ്പെട്ടുതുടങ്ങിയതോടെ, സ്വതേ അടുക്കളയിൽ മറ്റുള്ളവർക്ക് സ്വകാര്യത ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്ന മറ്റുള്ളവർ ഓരോരുത്തരായി പതിയ അടുക്കളയിലേയ്ക്ക് എത്തിനോക്കാൻ തുടങ്ങി. തമ്മിൽ കാണുമ്പോൾ ഉപചാരപൂർവം ചിരിക്കുകയും സംഭാഷണങ്ങൾ കാലാവസ്ഥ എന്ന ഒറ്റവിഷയത്തിൽ ഒതുക്കുകയും ആണ് പതിവ് എന്നതുകൊണ്ടുതന്നെ,
'എന്താണിത്?'
'ബിരിയാണി'
'ഓ, ലവ്ലി'
എന്നുള്ള ചോദ്യോത്തരങ്ങളിൽ എല്ലാവരും തങ്ങിനിന്നു. പക്ഷെ, ഇറച്ചിക്കഷണങ്ങൾ മസാലയിൽ കിടന്നു തിളച്ചു തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. സ്വതേ ഗൗരവക്കാരിയായ ലാഹോറുകാരി ഫർസാന മുന്നോട്ട് വന്നു രണ്ടും കൽപ്പിച്ച് പറഞ്ഞു  'എനിക്കും കൂടെ തരുമോ നിങ്ങളുടെ ബിരിയാണി? നല്ല മണം വരുന്നു.' അങ്ങനെ അടുത്ത മൂന്നുദിവസത്തേയ്ക്കുള്ള ഉച്ചഭക്ഷണത്തിനുകൂടെ തികയാൻ എന്ന കണക്കിൽ ഉണ്ടാക്കിയ ബിരിയാണി, എല്ലാവരും കൂടെ ഒറ്റയിരിപ്പിനു ശാപ്പിട്ടു. അന്നത്തോടെ, പക്ഷെ, ഞങ്ങളുടെ അടുക്കളയിലെ ഔപചാരികത പൂർണമായും മാറിക്കിട്ടി. എല്ലാവരുമൊന്നിച്ചു ബിരിയാണിയും ബീഫ് റെൻദാങ്ങും പിസയും ആപ്പിൾപൈയും ഒക്കെ പലപ്പോഴായി പരീക്ഷിച്ചു എന്ന് മാത്രമല്ല, സ്പെഷ്യൽ ആയി ഉണ്ടാക്കുന്നത് മറ്റുള്ളവർക്ക് കൂടെ രുചിക്കാൻ പാകത്തിന് മേശമേൽ ഒരു പങ്ക് വെയ്ക്കുന്നതും പതിവായി.

ന്യൂസിലാൻഡ് കുടിയേറ്റക്കാരുടെ നാടാണ് എന്നത് ഇവിടത്തെ ഭക്ഷ്യസംസ്കാരത്തിൽ വ്യക്തമാണ്. ചൈന, കൊറിയ, ജപ്പാൻ തുടങ്ങി കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലെ രുചികൾ വിളമ്പുന്ന റെസ്റ്റോറന്റുകൾക്ക് ഇവിടെ യാതൊരു പഞ്ഞവുമില്ല.

കുടിയേറ്റക്കാരായും വിദ്യാർത്ഥികൾ ആയും ഇവിടങ്ങളിൽ നിന്നും ഈ രാജ്യത്തെത്തിച്ചേർന്നവരുടെ ബാഹുല്യമാകാം ഇതിനു കാരണം. ചൈനയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഒരു വലിയ ചരിത്രം തന്നെയുള്ള സ്ഥലമാണ് ഡുണീഡിൻ. മോമോസ് പോലെ ചിക്കനും പോർക്കും പച്ചക്കറികളും നിറച്ച് ആവിയിൽ വേവിച്ച ഡംപ്ലിങ്‌സിന്റെ കച്ചവടം യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ അടക്കം തകൃതിയാണ്.

ജാപ്പനീസ് വിഭവമായ സുഷി, നമ്മുടെ ഒരു കറിയോടും നീതി പുലർത്താത്ത 'കറി' എന്ന് മാത്രം പേരുള്ള വിഭവം, തുർക്കിക്കാരുടെ കബാബ്, തുടങ്ങിയവയൊക്കെയാണ് പെട്ടെന്ന് കിട്ടുന്ന ഹോട്ടൽ ഭക്ഷണം. ഇന്ത്യൻ റെസ്റ്റോറന്റിൽ വിഭവങ്ങൾ അത്ഭുതപ്പെടുത്തും വിധം മധുരം മുന്നിൽ നിൽക്കുന്നവയാണ്. എരിവ് കൂടുതൽ വേണം എന്ന് ആവശ്യപ്പെട്ടാൽ ഉടൻ തിരികെ വരുന്ന ഒരു ചോദ്യമുണ്ട്  'ഇന്ത്യൻ ഹോട്ട് ഓർ കിവി ഹോട്ട്?'. ഇന്ത്യൻ ഹോട്ട് എന്ന് പറഞ്ഞുപോയാൽ മധുരിക്കുന്ന കറി നമ്മുടെ മുന്നിലെത്തുക ചുവന്ന മുളകുപൊടിയിൽ ആറാടിയാകും. ഓക്‌ലാൻഡ് പോലെ ഉള്ള വലിയ നഗരങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. എങ്കിലും കുഞ്ഞു ഡുണീഡിൻ ഇങ്ങനെയൊക്കെത്തന്നെ.  

ന്യൂസീലൻഡിന്റെ തനതുവിഭവം എന്ന് വിളിക്കാൻ സാധിക്കുക ഒരുപക്ഷെ, മാവോരികളുടെ 'ഹാങ്ങി' ആയിരിക്കും. മാവോരി ഭാഷയിൽ ഭക്ഷണത്തിനു 'കായ്' എന്നാണു പറയുക. സംസാരഭാഷയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്കാണിത്.

സാധാരണനിലയ്ക്ക് 'ഹാങ്ങി' കഴിക്കാനുള്ള അവസരം കിട്ടുക പ്രയാസമാണ്. അവരുടെ തനതുവിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾ അധികമൊന്നും ഇല്ല എന്നതും, തയാറാക്കാനുള്ള ബുദ്ധിമുട്ടും ആണ് കാരണം. മിക്കവാറും ഏതെങ്കിലും പരിപാടിയുടെ ഭാഗമായി മാത്രമാണ് 'ഹാങ്ങി' തയാറാക്കപ്പെടുന്നത്. 'ഹാങ്ങി' എന്നാൽ ഒരു വിഭവം എന്നതിനേക്കാൾ ഒരു പാചകരീതിയാണ്.

മത്സ്യവും വിവിധതരം മാംസവും കഴിഞ്ഞാൽ ഹാങ്ങിയുടെ പ്രധാനപ്പെട്ട ചേരുവ 'കുമര' ആണ്. ന്യൂസീലാൻഡ് ഭക്ഷ്യസംസ്കാരത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത സ്ഥാനമുള്ള 'കുമര' നമ്മുടെ മധുരക്കിഴങ്ങാണ്! മത്തങ്ങ, കാബേജ് തുടങ്ങിയ പച്ചക്കറികളും ഹാങ്ങിയിൽ ഇപ്പോൾ പതിവാണ്. ഇവയെല്ലാം കഷണങ്ങളാക്കി ചണച്ചെടിയുടെ ഇലകൊണ്ടു പൊതിയുകയോ, അതേ ഇലയുപയോഗിച്ചു നെയ്‌തെടുക്കുന്ന 'കെറ്റെ' എന്ന് പേരുള്ള കുട്ടകളിലാക്കുകയോ ചെയ്യും.

ശേഷം, മണ്ണിൽ കുഴിച്ച വലിയ കുഴികളിൽ ചൂടായ കല്ലുകൾ നിരത്തി, ഈ പൊതിയോ കുറ്റകളോ അവയുടെ മുകളിൽ വെക്കും. വീണ്ടും ഒരു നനഞ്ഞ പായകൊണ്ടു മൂടി, അതിനു മുകളിൽ മണ്ണിട്ട് മൂടും. അങ്ങനെ നാലോ അഞ്ച് മണിക്കൂറുകൾ വെച്ച ശേഷം, പുകയുടെ രുചിയുള്ള, വെന്തുപാകമായ ഭക്ഷണം വിളമ്പുന്നു. ഒരുപാട് പേർക്കുള്ള ഒത്തുകൂടലുകൾ നടക്കുമ്പോഴാണ് ഇങ്ങനെ ഭക്ഷണം തയാറാക്കുക പതിവ്. ചിലയിടങ്ങളിൽ കല്ലുകൾക്ക് പകരം അഗ്നിപർവ്വതങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ചൂടുറവകളിൽ മുക്കിയിട്ടും 'ഹാങ്ങി' തയാറാക്കാറുണ്ട്.

'ബ്രിട്ടീഷുകാരുടെ സ്വതേ എരിവും പുളിയുമില്ലാത്ത ഭക്ഷണത്തിൽ തന്നെ ഏറ്റവും വികാരമില്ലാത്ത വിഭവങ്ങൾ തെരഞ്ഞു പിടിച്ചുകൊണ്ടാണ് അവർ ന്യൂസിലണ്ടിലേയ്ക്ക് വന്നത്,' എന്നാണ് കൊളോണിയൽ വിഭവപാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടത്തുകാരിയായ ഒരു സുഹൃത്ത് പറഞ്ഞുതന്നത്. സത്യത്തിൽ കാര്യങ്ങൾ അത്ര പരിതാപകരമല്ലെങ്കിലും, ഇന്ത്യയുടെ വിഭവസമൃദ്ധിയുമായി തട്ടിച്ചുനോക്കാൻ മുതിരാതിരിക്കുന്നതാണ് നല്ലത്!

ഈ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഒരു വിഭവം 'പൈ' ആണ്. നമ്മുടെ പഫ്സിന്റെ തോടുപോലെ വട്ടത്തിലുള്ള 'പൈ'യുടെ ഉള്ളിൽ ബീഫ്, പോർക്ക്, ചിക്കൻ, മുട്ട, മീൻ എന്നിവയിൽ ഏതെങ്കിലുമൊക്കെ ആണ് നിറയ്ക്കുക. ഒപ്പം കൂൺ, ചീസ് എന്നിവയും കണ്ടേക്കാം. പുതിയ തലമുറയിൽ നിരവധി ആളുകൾ മാംസഭക്ഷണം കഴിക്കാത്തവരാണ്.

 'പൈ'

'പൈ'

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയാണ് ചിലരെ നയിക്കുന്നത്. മറ്റു ചിലർക്കത് മാംസം കഴിക്കാതെ നിവർത്തിയില്ലാതിരുന്ന, ഫാമുകളിൽ ചെലവഴിക്കേണ്ടി വന്ന കുട്ടിക്കാലത്തോടുള്ള കലഹമാണ്.

ഇനിയും വലിയൊരു വിഭാഗത്തിന് കുത്തനെയുള്ള വിലവർദ്ധനവ് കാരണം ഇറച്ചിവിഭവങ്ങൾ വാങ്ങാൻ പാങ്ങില്ല. ഇക്കൂട്ടരെയെല്ലാം ഉദ്ദേശിച്ചു കുമര, ചീര, ഉരുളക്കിഴങ്ങും ഗ്രീൻപീസും എന്നിവ നിറച്ച പൈകളും കിട്ടും. വില ലേശം കുറവായിരിക്കും.... അര ഡോളറോ മറ്റും. ഇവിടുത്തെ കടകളിൽ പൈ കിട്ടാത്തവ ചുരുക്കമാണ്. പെട്രോൾ പമ്പിലെ ചെറിയ കടകൾ മുതൽ സൂപ്പർമാർകെറ്റ് വരെ ഭക്ഷണം കിട്ടുന്ന എല്ലായിടത്തും ചൂടോടെയോ ഫ്രീസ് ചെയ്തരൂപത്തിലോ ഇവ കാണും.

 
കഴിഞ്ഞ ഒന്നരനൂറ്റാണ്ടിൽ ആദ്യമായി ഒരു മനുഷ്യന് അഞ്ച് ചെമ്മരിയാട് എന്ന കണക്കിലും താഴെ ചെമ്മരിസംഖ്യയിൽ കുറവുവന്ന വർഷമാണ് കടന്നുപോയത്. ഈ കുറവിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ എൺപതുകളിൽ ഒരു മനുഷ്യന് ഇരുപത്തിരണ്ടു ചെമ്മരിയാടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്നത് കൂടെ ശ്രദ്ധിക്കണം. ന്യൂസിലാണ്ടിന്റെ പ്രിയവിഭവങ്ങളിൽ ആട്ടിറച്ചി കടന്നുകൂടുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതത്തിനു വകയില്ല.
റോസ്‌റ്റ്‌ ലാംബ്

റോസ്‌റ്റ്‌ ലാംബ്

റോസ്‌മേരി ഇലകൾ ചേർത്ത് തയാറാക്കുന്ന റോസ്‌റ്റ്‌ ലാംബ് നെ വേണമെങ്കിൽ ന്യൂസിലൻഡിന്റെ ദേശീയ ഭക്ഷണം എന്ന് തന്നെ വിളിക്കാം. എങ്കിലും, വിലക്കയറ്റം കാരണം സാധാരണക്കാരുടെ തീന്മേശകളിൽ നിന്ന് ഇത്തരം വിഭവങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇവിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാവ്‌ലോവ എന്ന മധുരപലഹാരം കണ്ടുപിടിച്ചതാര് എന്ന കാര്യത്തിൽ ന്യൂസിലാൻഡും തൊട്ടടുത്ത ഓസ്ട്രേലിയയും തമ്മിൽ വലിയ തർക്കങ്ങൾ നിലവിലുണ്ട്. രസഗുള കണ്ടുപിടിച്ച വിഷയത്തിൽ ബംഗാളും ഒഡിഷയും തമ്മിലുള്ള തർക്കം പോലെ. പാവ്‌ലോവയുടെ പ്രധാന ഭാഗം മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിച്ചതും ചേർത്ത് പതപ്പിച്ച് കട്ടിയാക്കി ബേക് ചെയ്‌തെടുക്കുന്ന മെറാങ് (Meringue) ആണ്. കിളിക്കൂടിന്റെ ആകൃതിയിലുള്ള പുറന്തോടിനുള്ളിൽ ക്രീമും പഴങ്ങൾ അരിഞ്ഞതും നിറച്ചാണ് പാവ്‌ലോവ തയ്യാറാക്കുന്നത്.

അതിപ്രശസ്തയായിരുന്ന റഷ്യൻ ബാലെ നർത്തകി അന്ന പാവ്‌ലോവയുടെ പേരിൽ നിന്നാണ് ഈ പലഹാരത്തിനും അതിന്റെ പേര് ലഭിച്ചത്. 1926ൽ അന്ന ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു. അക്കാലത്തു വെല്ലിങ്ടണിലെ ഒരു ഷെഫ് അവരുടെ ടുട്ടു (ബാലെ നർത്തകർ ധരിക്കുന്ന പാവാട) വിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാവ്‌ലോവ സൃഷ്ടിച്ചതെന്ന് ഇവിടത്തുകാരും,

പാവ്‌ലോവ

പാവ്‌ലോവ

അതല്ല ഓസ്‌ട്രേലിയയിലെ പെർത് നഗരത്തിൽ ഒരിടത്ത് ഈ വിഭവം വിളമ്പിയപ്പോൾ ഭക്ഷണം കഴിക്കാനെത്തിയ ഒരാൾ 'പാവ്‌ലോവയെ പോലെ ലോലമായത്' എന്ന് വിശേഷിപ്പിച്ച പലഹാരമാണിതെന്ന് കുളത്തിനക്കരെയുള്ള ഓസ്‌ട്രേലിയക്കാരും അവകാശപ്പെടുന്നു. കണ്ടുപിടിച്ചത് ആരുമായിക്കോട്ടെ, രുചിയുടെ കാര്യത്തിൽ പാവ്‌ലോവ മുൻപന്തിയിലാണ്.

എല്ലാത്തിലുമുപരി ഒരു ദ്വീപസമൂഹമായ ന്യൂസിലണ്ടിൽ കടൽവിഭവങ്ങൾ സമൃദ്ധമാകുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ! ഇവിടെ ഏത് മൂക്കിനും മൂലയ്ക്കും 'ഫിഷ് ആൻഡ് ചിപ്പ്' ഷോപ്പുകൾ കാണും. മാവിൽ മുക്കി വറുത്തെടുത്ത മുള്ളില്ലാത്ത മീൻ കഷണങ്ങൾ, നേരിയ പുളിയുള്ള റ്റാർട്ടർ സോസ്, ഉരുളക്കിഴങ്ങു വറുത്തെടുക്കുന്ന ചിപ്സ്  ഇങ്ങനെയാണ് കോമ്പിനേഷൻ. ബ്ലൂ കോഡ്, സ്നാപ്പെർ തുടങ്ങിയ മത്സ്യങ്ങളാണ് ഫിഷ് ആൻഡ് ചിപ്സിനായി അധികവും ഉപയോഗിക്കുന്നത്. ക്രേഫിഷ് എന്ന് വിളിക്കുന്ന കൊഞ്ചിനോട് സാമ്യമുള്ള വലിയ മീൻ, പലയിനം കക്കകളും ചിപ്പികളും, അതിമനോഹരമായ പുറന്തോടും കട്ടിയുള്ള ഇറച്ചിയുമുള്ള പഉവ എന്നറിയപ്പെടുന്ന പ്രത്യേകതരം ചിപ്പി, കട്ടിയുള്ള പുറന്തോടും അതിൽ നിറയെ മുള്ളുകളും ഉള്ള വിചിത്രരൂപിയായ കിന അഥവാ ഒരിനം കടൽച്ചൊറി, പുഴകളിലെ സാൽമൺ  ഇവിടെയുള്ള മത്സ്യവൈവിധ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ചിപ്പികളിൽ ഏറ്റവും വിപുലമായി കാണപ്പെടുന്നത് പച്ചനിറമുള്ള 'ഗ്രീൻലിപ്പ്ഡ് മസ്സൽ' ആണെങ്കിലും ഏറ്റവും പ്രശസ്തം

ബ്ലഫ് ഓയിസ്റ്റർ

ബ്ലഫ് ഓയിസ്റ്റർ

'ബ്ലഫ് ഓയിസ്റ്റർ' ആണ്. ലോകത്തെ തന്നെ ഏറ്റവും രുചികരമായ ചിപ്പി എന്നനിലയ്ക്ക് പ്രശസ്തമായ ബ്ലഫ് ഓയിസ്റ്റർ ഏറ്റവും രുചികരം പിടിച്ച ഉടൻ തൊണ്ടിൽ നിന്നും നേരിട്ട് പച്ചയ്ക്ക് കഴിക്കുന്നതാണത്രേ. രുചിയ്ക്ക് വേണമെങ്കിൽ ഒരൽപം നാരങ്ങ കൂടെ പിഴിഞ്ഞൊഴിക്കാം. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ഇദ്ദേഹം മാർക്കറ്റിലും ഹോട്ടലുകളിലും പ്രത്യക്ഷപ്പെടാറുപതിവ്.

പച്ചയ്ക്ക് ഐസ് മെത്തയിൽ കിടത്തിയും, മാവിൽ മുക്കി പൊരിച്ചും, ചൗഡർ എന്ന രസികൻ സൂപ്പിന്റെ രൂപത്തിലുമൊക്കെ എത്തുന്ന ബ്ലഫ് ഓയിസ്റ്റർ ഭക്ഷിക്കാൻ ലോകത്തിന്റെ പലഭാഗത്തുനിന്നും കൊതിയന്മാരും കൊതിച്ചികളും എത്താറുണ്ട്.

ഇവിടെ വന്നശേഷം കഴിച്ച മീൻവിഭവങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് 'ടാക്കോയാക്കി'

ടാക്കോയാക്കി

ടാക്കോയാക്കി

എന്നറിയപ്പെടുന്ന ജാപ്പനീസ് പലഹാരമാണ്. 'ഇന്ത്യക്കാർക്ക് ബീഫ് കഴിക്കാമോ?' എന്ന സഹപ്രവർത്തകന്റെ ചോദ്യത്തിന് അയാളുടെ പ്ളേറ്റിൽ നിന്നും ഒരു കഷ്ണം ബീഫ് ചൂണ്ടിയെടുത്ത് കൊണ്ട് 'ഇന്ത്യക്കാർക്ക് അവർക്ക് ഇഷ്ടമുള്ളത് കഴിക്കാം! എന്തേ?' എന്ന് മറുപടി പറഞ്ഞപ്പോഴാണ്, 'ഓഹോ! എങ്കിൽ ടാക്കോയാക്കി കഴിച്ച് കാണിക്കൂ' എന്ന വെല്ലുവിളി ഉയർന്നത്. നമ്മുടെ ഉണ്ണിയപ്പത്തിന്റെ രൂപമുള്ള പലഹാരമാണ് ടാക്കോയാക്കി. മൊരുമൊരെയുള്ള പുറവും മൃദുലമായ ഉൾഭാഗവും... മാവിനുള്ളിൽ പക്ഷെ നമുക്കത്ര പരിചയംപോരാത്ത ഒരു കക്ഷിയാണ്  നീരാളി അഥവാ ഒൿടോപസ്. ആലോചിക്കുമ്പോൾ ചെറിയ ഒരു ഞെട്ടൽ തോന്നുമെങ്കിലും നീരാളി തീൻമേശയിലെത്തുന്ന നാടുകൾ ഒരുപാടുണ്ടത്രെ! സ്വാദിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ടാക്കോയാക്കി ഒന്നര പ്ലേറ്റ് കഴിച്ചുതീർത്താണ് ഈയുള്ളവൾ നാടിന്റെ യശസ്സിന് കോട്ടം വരാതെ ശ്രദ്ധിച്ചത്.

വിരലിനൊപ്പം നീളം മാത്രമുള്ള മീൻകുഞ്ഞുങ്ങൾക്ക് ഇവിടെ പറയുന്ന പേര് 'വൈറ്റ്ബെയിറ്റ്' (Whitebait) എന്നാണ്. ചില മാസങ്ങളിൽ ഇവയെ പിടികൂടാൻ അനുമതി നൽകാറുണ്ട്.
'വൈറ്റ്ബെയിറ്റ്'

'വൈറ്റ്ബെയിറ്റ്'

ആ സമയത്ത് പ്രത്യക്ഷപ്പെടുന്ന വിഭവമാണ് വൈറ്റ്ബെയിറ്റ് ഫ്രിറ്റേഴ്‌സ് (Whitebait fritters). വെറുതെയൊന്നു കഴുകി വെള്ളം കളഞ്ഞ മുഴുവൻ മീൻ മാവും മുട്ടയും ചേർത്ത് ഓംലെറ്റ് പോലെ പൊരിച്ചെടുക്കുകയാണ് പതിവ്. ഒന്ന് രുചിച്ച് നോക്കണം എന്നുണ്ടെങ്കിലും പൂർണ വെജിറ്റേറിയൻ കൂട്ടുകാരിയായ സാം 'നീ ആലോചിച്ച് നോക്ക്.... നൂറു കണക്കിന് കുഞ്ഞു മീൻകണ്ണുകൾ ആ ഫ്രിട്ടെരിൽ നിന്നും നിന്റെ കണ്ണുകളിലേയ്ക്ക് നോക്കും... അതെങ്ങനെ കഴിക്കും?!' എന്ന് ചോദിച്ച് എന്റെ വിശപ്പ് കെടുത്തിക്കളഞ്ഞു എന്നതാണ് സത്യം.

മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഭക്ഷണത്തിന്റെ രാഷ്ട്രീയം ഇവിടെയും ചർച്ചചെയ്യപ്പെടാറുണ്ട്. ആഴത്തിൽ തന്നെ. അതേക്കുറിച്ചു വിശദമായി പിന്നീട്...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top