26 April Friday
പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണം

കുത്തനൂരിലേക്ക് വരൂ, 
ശിലായുഗ കാഴ്‌ചയ്ക്കായി

ആർ ജനാർദ്ദനൻUpdated: Wednesday May 24, 2023

കുത്തനൂർ മാറോണിയിലെ ഗുഹ

കുഴൽമന്ദം > പുസ്‌തകങ്ങളിൽ കണ്ടതും കഥകളിൽ കേട്ടതുമായ മുനിയറകളും നന്നങ്ങാടികളും കാണാം,  കുത്തനൂരിലെത്തിയാൽ. മുപ്പഴ, തോലനൂർ എന്നിവിടങ്ങളിൽ 2500 മുതൽ 3000 വരെ വർഷം പഴക്കമുള്ള നൂറുകണക്കിന് നന്നങ്ങാടികളുണ്ട്‌. 23 വർഷംമുമ്പ്‌ സാക്ഷരതാ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ്‌ നന്നങ്ങാടികളും മുനിയറകളും കണ്ടെത്തിയത്.
 
തുടർ പഠനത്തിൽ മണ്ണിനടിയിൽ കിടക്കുന്ന നൂറുക്കണക്കിന് മുനിയറകളും നന്നങ്ങാടികളും വൻ ഗുഹകളും കണ്ടെത്തി. കേരളത്തിലെ ചരിത്രകാരന്മാർ ഇത്‌ സംബന്ധിച്ച് പഠനം നടത്തി. മുപ്പുഴ ഭാഗങ്ങളിൽനിന്ന്‌ കണ്ടെത്തിയ അവശിഷ്‌ടങ്ങൾ തെളിയിക്കുന്നത് ഗോത്രവർഗ സമൂഹം കുത്തനൂരിൽ താമസിച്ചിരുന്നുവെന്നാണ്. മെഡിറ്റേറിയൻ ഗോത്ര വംശജരാണ് ശിലാ സ്മാരകത്തിന്റെ വക്താക്കൾ. മഹാശില എന്നത് തന്നെ അവരുടെ കണ്ടുപിടിത്തമാണ്. ദ്രാവിഡ ഭാഷ ഉപയോഗിച്ച ഗോത്രവർഗങ്ങൾ ആയിരിക്കാം കുത്തനൂരിലേതെന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം.
 
58 മുനിയറ, രണ്ട് കിണർ, അഞ്ച് നന്നങ്ങാടികൾ, രണ്ട് ഗുഹകൾ എന്നിങ്ങനെയാണ് കുത്തനൂരിലെ മുപ്പുഴയിലെ നിക്ഷിപ്‌ത വന മേഖലയിൽനിന്നും കണ്ടെത്തിയത്. ഇടുക്കി മറയൂരിലുമുണ്ട്‌ മുനിയറകളും നന്നങ്ങാടികളും. ഇവയുടെ സംരക്ഷണം  സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ലൈസൻസ് ലഭിക്കാത്തതിനാൽ നടപടിയായില്ല.
 
ശിലായുഗ സംസ്‌കാരത്തിന്റെ വേരുകൾ തേടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ചരിത്ര വിദ്യാർഥികൾ കുത്തനൂരിലെ മുപ്പുഴയിലും മാറോണിയിലെ ഗുഹയും കാണാൻ എത്തുന്നുണ്ട്‌. ഫോറസ്റ്റ് ഓഫീസർ എ ദേവദാസ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകുന്നു. കുത്തനൂരിലെ നന്നങ്ങാടികളും മുനിയറകളും ഗുഹകളും പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top