28 March Thursday

കുംഭാവുരുട്ടി വെള്ളച്ചാട്ടം; കാടുകാണാം കാട്ടാറും

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കൊല്ലം > പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനു ജില്ലയിൽ വനം വകുപ്പ്‌ 58 ലക്ഷം രൂപ അനുവദിച്ചു. സഞ്ചാരികൾക്ക്‌  ദൃശ്യവിരുന്നേകുന്ന വെള്ളച്ചാട്ടമുള്ള കുംഭാവുരുട്ടിയിലും മണലാറിലും സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും 24 ലക്ഷം രൂപ അനുവദിച്ചു. ഇതുൾപ്പെടെ അച്ചൻകോവിൽ വനം ഡിവിഷനിൽ ടൂറിസം വികസനത്തിന്‌ ആദ്യഘട്ടമായി അനുവദിച്ചത്‌ 30 ലക്ഷം രൂപയാണ്‌.
 
കുംഭാവുരുട്ടിയിൽ 50 അടി ഉയരത്തിൽ നിന്നാണ്‌ വെള്ളം പതിക്കുന്നത്‌. ഇവിടെ 20 അടി താഴ്‌ചയുള്ള കുഴി അപകടകരമാണ്‌. ഇതു നികത്തി ഉറപ്പിക്കാനും  അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമാണ്‌ വനം വകുപ്പ്‌ 17 ലക്ഷം അനുവദിച്ചത്‌. മണലാറിൽ പാർക്കിങ്‌ സൗകര്യം ഒരുക്കാനും സൈൻ ബോർഡ് സ്ഥാപിക്കാനും സഞ്ചാരികൾക്ക്‌ ശുചിമുറികൾ സ്ഥാപിക്കാനുമാണ്‌ ഏഴു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്‌.
 
ഏരൂർ, ആയൂർ ഇക്കോ കോംപ്ലക്‌സ്‌ നിർമാണവും തുടങ്ങിയിട്ടുണ്ട്‌. 12 ലക്ഷം രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. കുളത്തൂപ്പുഴ വനം മ്യൂസിയത്തിന്‌ 5.13 ലക്ഷവും ശെന്തുരുണിയിൽ നിലവിലെ താമസസ്ഥലത്തിന്റെ നവീകരണത്തിന്‌ 11 ലക്ഷവും അനുവദിച്ചിട്ടുണ്ട്‌.
 
വേണം തീർഥാടന, 
ഉത്തരവാദിത്ത ടൂറിസം
 
ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇക്കോ ടൂറിസത്തിനുപുറമെ തീർഥാടന, ഉത്തരവാദിത്ത ടൂറിസത്തിനും സാധ്യതയേറെ. അതിപുരാതനമായ അച്ചൻകോവിൽ ശ്രീ ശാസ്‌താക്ഷേത്രത്തിൽ മാത്രം ഒരു വർഷം എത്തുന്നവരുടെ എണ്ണം ആറുലക്ഷമാണ്‌. കൊട്ടാരക്കര ഗണപതിക്ഷേത്രം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ്‌ ശാസ്‌താ ക്ഷേത്രങ്ങൾ എന്നിവയെ മീൻപിടിപ്പാറ, പുനലൂർ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം, പാലരുവി, അമ്പനാട്‌ ഹിൽസ്‌, കുംഭാവുരുട്ടി, മണലാർ വെള്ളച്ചാട്ടം എന്നിവയുമായി ബന്ധിപ്പിച്ച്‌ ടൂറിസം പാക്കേജിന്‌ സാധ്യതയുണ്ട്‌.
മലയോര നാടിന്‌ തൊഴിൽ, വരുമാന  മാർഗത്തിന്‌ ഇക്കോ ടൂറിസം കൂടാതെ തീർഥാടന, ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൂടി പരിഗണിക്കണമെന്ന് ആര്യങ്കാവ്‌ പഞ്ചായത്ത്‌അംഗം സാനു ധർമരാജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top