19 April Friday
ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ ടൂറിസവുമായി കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ

ഇരട്ടിയായി പാക്കേജുകൾ; ‘ബജറ്റിൽ’ ഹിറ്റ്‌ മൂന്നാർ

സുനീഷ്‌ ജോUpdated: Tuesday May 30, 2023

തിരുവനന്തപുരം > തദ്ദേശീയ വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മൂന്നാർ. കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയായി ട്രിപ്പുകളും പാക്കേജുകളും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ 441 യാത്ര‌യാണ്‌ ടൂറിസം സെൽ തയ്യാറാക്കിയത്‌. അതിൽ 250 യാത്ര ഏപ്രിലിലായിരുന്നു. ഇക്കാലയളവിൽ 560 ട്രിപ്പ്‌ സംഘടിപ്പിച്ചു. 42 വിനോദസഞ്ചാര കേന്ദ്രത്തിലേക്കായിരുന്നു യാത്ര. 25 ഡിപ്പോകൾ യാത്രകൾ സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽനിന്ന്‌ 25831 പേരാണ്‌ ബജറ്റ്‌ ടൂറിസം ഉപയോഗപ്പെടുത്തിയത്‌. ഇതിലൂടെ 2.40 കോടി വരുമാനവും നേടാനായി.

കൊച്ചിയിൽനിന്നുള്ള നെഫ്രിറ്റിറ്റി ആഡംബരക്കപ്പൽ യാത്രയാണ്‌ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുത്ത രണ്ടാമത്തെ പാക്കേജ്‌. ഗവി, മലക്കപ്പാറ, വാഗമൺ എന്നിവയാണ്‌ പിന്നീടുള്ള സ്ഥാനങ്ങളിൽ. ഗവി യാത്രയിൽ ഭക്ഷണവുമുണ്ട്‌. ആറുമാസത്തിനിടെ ഗവിയിലേക്ക്‌ മാത്രം 450 യാത്ര നടത്തി. അതിലെ 160 ട്രിപ്പും കഴിഞ്ഞ രണ്ടുമാസമാണുണ്ടായത്‌. മൂന്നാറിൽ രാത്രി താമസത്തിന്‌ കെഎസ്‌ആർടിസിയുടെ സ്ലീപ്പർ ബസുകളുമുണ്ട്‌. മറ്റുബസുകളിൽ മൂന്നാറിൽ എത്തുന്നവർക്ക്‌ ചുരുങ്ങിയ തുകയ്‌ക്ക്‌ സ്ലീപ്പർബസിൽ സ്ഥലങ്ങൾ കാണാനും അവസരമുണ്ട്‌. വയനാട്‌ പാക്കേജും ആകർഷകമാണ്‌.

മൺസൂൺ ടൂറിസം പ്രയോജനപ്പെടുത്താനും ബജറ്റ്‌ ടൂറിസംസെൽ പദ്ധതിയിട്ടിട്ടുണ്ട്‌. ഇതിൽ ഗവി, അതിരപ്പിള്ളി, മൂന്നാർ, മാമലക്കണ്ടം പാക്കേജുകൾ ഉൾപ്പെടുന്നു. കുടുംബശ്രീ അംഗങ്ങളും വിവിധ ക്ലബ്ബുകളും റസിഡൻസ്‌ അസോസിയേഷനുകളും പാക്കേജുകൾക്കായി കെഎസ്‌ആർടിസിയെ സമീപിക്കുന്നുണ്ട്‌. 40 പേർ അടങ്ങിയ സംഘത്തിന്‌ ബസുകളുടെ ലഭ്യത അനുസരിച്ച്‌ പാക്കേജ്‌ നൽകും. രണ്ടരക്കോടിയാണ്‌ അവധിക്കാല പാക്കേജുകളിലൂടെ ബജറ്റ്‌ ടൂറിസംസെൽ ലക്ഷ്യംവച്ചത്‌. ഒറ്റമാസംകൊണ്ട്‌ ലക്ഷ്യം കൈവരിക്കാനായി. വരുമാനം വർധിപ്പിക്കുന്നത്‌ ലക്ഷ്യമിട്ട്‌ 2021 നവംബറിലാണ്‌ ബജറ്റ്‌ ടൂറിസംസെൽ ആരംഭിച്ചത്‌. അടുത്തമാസം ഇതിനായി മാത്രം മൊബൈൽ ആപ്പിറങ്ങും. ഇതുകൂടി വരുന്നതോടെ യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ്‌ കരുതപ്പെടുന്നത്‌. ചുരുങ്ങിയ തുകയ്‌ക്ക്‌ ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിലേക്ക്‌ സുരക്ഷിത യാത്രയാണ്‌ ബജറ്റ്‌ ടൂറിസംസെല്ലിന്റെ വാഗ്‌ദാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top