24 April Wednesday

നക്ഷത്രാങ്കിത വിണ്ണിന്റെ കൊടുമുടിയിൽ; ദീപക് രാജു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

 

ഞങ്ങളുടെ കിളിമഞ്ചാരോ യാത്ര തുടങ്ങുന്നത് "മച്ചാമേ ഗേറ്റ്" എന്ന സ്ഥലത്താണ്. കിളിമഞ്ചാരോ പർവ്വതവും അതിന് ചുറ്റുമുള്ള സ്ഥലങ്ങളും ടാൻസാനിയ ഒരു നാഷണൽ പാർക്ക് ആയി സംരക്ഷിക്കുന്നു. ആ നാഷണൽ പാർക്കിലേക്ക് കയറാനുള്ള പല പ്രവേശന കവാടങ്ങളിൽ ഒന്നാണ് മച്ചാമേ ഗേറ്റ്. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരത്തിലാണ് ഇത്. ഇവിടെനിന്നാണ് സമുദ്രനിരപ്പിൽനിന്ന് 5895 മീറ്റർ ഉയരത്തിലുള്ള ഉഹുരു കൊടുമുടിയിലേയ്ക്ക് ഞങ്ങൾ നടന്ന് കയറേണ്ടത്.
ഒരു വാനിൽ ഞങ്ങളെ മച്ചാമേ ഗേറ്റിൽ എത്തിച്ചിട്ട് ഇന്നസെന്റ് ഞങ്ങൾക്കുള്ള പെർമിറ്റുകൾ തയാറാക്കാൻ പോയി. പല യാത്രാ സംഘങ്ങളിലായി വന്ന നൂറു കണക്കിന് ആളുകൾ യാത്ര തുടങ്ങാനായി മച്ചാമേ ഗേറ്റിൽ എത്തിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുൻപ് ഓരോരുത്തരുടെയും പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്ത്, ചെറിയ ഒരു ഫീസ് അടച്ച്, ഒരു പെർമിറ്റ് കൈപ്പറ്റണം. ഇനിയുള്ള ഓരോ ദിവസവും കൂടാരമടിക്കാനുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ അവിടെ ഇതുപോലെ രെജിസ്റ്റർ ചെയ്യണം. ഓരോ സഞ്ചാരിയും ഏത് ദിവസം എപ്പോൾ എവിടെ എത്തി എന്ന വിവരങ്ങൾ അധികൃതരുടെ കയ്യിൽ ഉണ്ട്.
മച്ചാമേ ഗേറ്റിൽ വേറൊരു നടപടി ക്രമം കൂടിയുണ്ട്.
ഞങ്ങളുടെ കൂടെ സാധനങ്ങൾ ചുമക്കുന്ന പോർട്ടർമാർ ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ. കിളിമഞ്ചാരോ കയറാൻ പോകുന്ന ഒരാൾക്ക് ഓരോ ദിവസത്തെയും താപനിലയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ഒക്കെയായി ഒരു ഇരുപത് കിലോയോളം സാധനങ്ങൾ കൂടെയുണ്ടാകും. പക്ഷെ അതിൽ ഒരു ദിവസത്തേക്കുള്ള ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എന്നിവ മാത്രമാണ് ഓരോ യാത്രികനും വഴിയിൽ ചുമക്കുന്നത്. ബാക്കി സാധനങ്ങൾ വഹിക്കുന്നത് പോർട്ടർമാരാണ്.
ഈ പോർട്ടർമാർ പലപ്പോഴും മാസം മൂന്നോ നാലോ തവണ വരെ കിളിമഞ്ചാരോ കയറിയിറങ്ങും! ഓരോ താവളത്തിലും ഞങ്ങൾ എത്തുന്നതിന് മണിക്കൂറുകൾ മുൻപേ അവർ ഓടിയെത്തി കൂടാരങ്ങൾ അടിക്കുകയും ഭക്ഷണം തയാറാക്കുകയും ഒക്കെ ചെയ്തിരിക്കും. ഇതിന് അവർക്ക് കിട്ടുന്ന കൂലി ഓരോ യാത്രയ്ക്കും ഇരുനൂറ് ഡോളറോ മറ്റോ ആണ്. അത് ചെറിയ തുക ആണ്. അതിന് പുറമേ ഓരോ യാത്രക്കാരിൽനിന്നും കിട്ടുന്ന ടിപ്പുകൾ ആണ് ഇതിനെ ആകർഷകമായ ഒരു തൊഴിലാക്കുന്നത്.
മച്ചാമേ ഗേറ്റിലെ നടപടി ക്രമങ്ങളിൽ ഒന്ന് ഓരോ പോർട്ടറും വഹിക്കുന്ന ഭാരം അളന്ന് തിട്ടപ്പെടുത്തുക എന്നതാണ്. ഒരാൾ ഇരുപത് കിലോയിൽ ഏറെ ഭാരം വഹിക്കരുതെന്നാണ് നിയമം. പോർട്ടർമാരുടെ കൂട്ടത്തിലെ ചില മടിയന്മാർ തൂക്കമെടുക്കുന്നതിന് മുൻപ് ബാഗിൽ കരിങ്കല്ലുകൾ ഇട്ട് ഇരുപത് കിലോ തികയ്ക്കുമെന്നും പിന്നെ അത് വഴിയിൽ കളഞ്ഞ് ഭാരം കുറയ്ക്കും എന്നാണ് ഗൈഡ് ഇന്നസെന്റ് അവകാശപ്പെടുന്നത്. പക്ഷേ, മാസത്തിൽ മൂന്നോ നാലോ തവണ കിളിമഞ്ചാരോ ഓടിക്കയറുന്ന ഒരാളെ മടിയൻ എന്ന് വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
നടപടിക്രമങ്ങൾ എല്ലാം തീർത്ത് ഞങ്ങൾ മല കയറ്റം തുടങ്ങി.
ആദ്യ ദിവസത്തെ ലക്ഷ്യം മച്ചാമേ ക്യാംപ് എന്ന സ്ഥലമാണ്. അത് സമുദ്ര നിരപ്പിൽനിന്ന് മൂവായിരം മീറ്റർ ഉയരത്തിലാണ്. മച്ചാമേ ഗേറ്റിൽ നിന്ന് അവിടേക്കുള്ള ദൂരം പതിനെട്ട് കിലോമീറ്റർ. ഞങ്ങൾ തുടങ്ങുന്നിടത്തുനിന്നുള്ള ഉയര വ്യത്യാസം ആയിരത്തി അഞ്ഞൂറ് മീറ്റർ.
ആദ്യ ദിവസത്തെ നടപ്പ് മുഴുവൻ കാടിനുള്ളിലൂടെയാണ്. നമ്മുടെ നാട്ടിലെപ്പോലെ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ. ഇടയ്ക്ക് പക്ഷികളും കുരങ്ങും ഒക്കെയുണ്ട്. നാട്ടിലെ മലഞ്ചെരിവുകളിൽ കാണുന്നതുപോലെയുള്ള വീതി കുറഞ്ഞ മൺപാത. ഇടയ്ക്ക് കുത്തനെ കയറ്റം, പക്ഷെ പലയിടത്തും നിരപ്പായ സ്ഥലവും ഇറക്കവും ഒക്കെയുണ്ട്.
പാത അത്ര കഠിനമല്ലാത്തതുകൊണ്ടാകണം, ഇന്നസെന്റ് "പോലെ പോലെ" (പതുക്കെ പതുക്കെ) എന്ന് പറഞ്ഞത് സംഘം അവഗണിച്ചു. വരിയായി നടക്കുന്ന ഞങ്ങളുടെ കൂട്ടത്തിൽ ഗ്രേസ് ആണ് ഏറ്റവും മുന്നിൽ. അവൾ പത്ത് ഫുൾ മാരത്തോണുകൾ ഓടിയിട്ടുണ്ട്. ബാക്കിയുള്ളവരും വേഗത്തിൽ അത്ര മോശമല്ല. ഇടക്കെങ്കിലും എന്തെങ്കിലും ക്ഷീണം കാണിക്കുന്നത് ബോട്ട്സ്വാനക്കാരിയായ ഡൂഡു മാത്രമാണ്. ഞാനാണെങ്കിൽ ഇവരുടെ ഒപ്പമെത്താൻ ശ്രമിച്ച് അണയ്ക്കുന്നുണ്ട്. കൂടെ ടി-ഷർട്ടും ഷോർട്ട്സുമാണ് വേഷം എങ്കിലും നന്നായി വിയർത്ത് കുളിക്കുന്നുമുണ്ട്.
പോർട്ടർമാരുടെ കൂട്ടത്തിൽ ഒരാൾ എന്നെ സമീപിച്ചു. "റഫീക്കീ" (സ്വാഹിലി ഭാഷയിൽ സുഹൃത്ത് എന്നർത്ഥം) "പോലെ പോലെ" അയാൾ ഓർമിപ്പിച്ചു. അയാളുടെ പേര് "സെയ്ദി" എന്നാണ്. കിളിമഞ്ചാരോയ്ക്ക് അടുത്തുള്ള മോഷി ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്. കുറച്ചുകാലമായി പോർട്ടർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ "അസിസ്റ്റന്റ് ഗൈഡ്" എന്ന തസ്തികയിലേക്ക് പ്രമോഷൻ കിട്ടിയിട്ടുണ്ട്. ഇതിൽനിന്ന് കുറച്ച് പണമുണ്ടാക്കിയിട്ട് ഒരു പ്രത്യേക കോഴ്സ് ചെയ്ത് സഫാരി ഗൈഡ് ആയി ജോലി നേടണം എന്നാണ് സെയ്ദിയുടെ ആഗ്രഹം.
സെയ്ദിയുമായി സംസാരിച്ച് നടന്നതിനിടെ കാട് അൽപം വെട്ടി തെളിച്ചിട്ടിരുന്ന ഒരു തുറസായ സ്ഥലത്തെത്തി. അവിടെയാണ് ഊണും വിശ്രമവും. ഉച്ചഭക്ഷണം പൊതിയിലാക്കി ഓരോരുത്തരുടെയും കയ്യിൽ തന്നിട്ടുണ്ട്. സാൻഡ്‌വിച്ച്, മുട്ട, തുടങ്ങിയ സാധനങ്ങളാണ്. ആദ്യദിവസം വൈകിമാത്രം നടപ്പ് തുടങ്ങിയതുകൊണ്ടാണ് ഇത്തരം ഒരു സംവിധാനം. മറ്റ് ദിവസങ്ങളിൽ ഓരോ സ്ഥലത്തും ഞങ്ങൾ എത്തുന്നതിന് മുൻപേ കോഴിക്കറിയോ മീനോ ഒക്കെ കൂട്ടി വിഭവസമൃദ്ധമായ ഭക്ഷണം ഉച്ചയ്ക്കും വൈകിട്ടും കൂടാരത്തിനുള്ളിൽ വിതരണം ചെയ്യും.
ഊണ് കഴിഞ്ഞ് വീണ്ടും നടത്തം. കയറ്റം കയറിയും ഇറക്കം ഇറങ്ങിയും മണിക്കൂറുകളോളം നടക്കുമ്പോഴും ഒരു മല കയറുകയാണ് എന്ന തോന്നൽ ഉണ്ടാകില്ല. കാരണം ചുറ്റും കൊടും കാടാണ്. ഞങ്ങളുടെ ലക്ഷ്യമായ ഉഹുരു കൊടുമുടി ദൃശ്യമല്ല. നാലാം ദിവസമോ മറ്റോ ആണ് കൊടുമുടി ആദ്യമായി വിദൂരതയിൽ കാണുന്നത്.
ഒന്നാം ദിവസത്തെ നടത്തം സമാപിച്ചപ്പോഴേയ്ക്ക് ഞാൻ ആകെ തളർന്നിരുന്നു. ആദ്യ ദിവസം തന്നെ, ഏറ്റവും മുന്നിൽ ഗ്രേസ്, ഏറ്റവും പിന്നിൽ ഏന്തി വലിഞ്ഞ് ഞാൻ, എന്ന ഞങ്ങൾ വരിയായി നീങ്ങുന്ന ക്രമം ഏതാണ്ട് തീരുമാനമായിരുന്നു. ഏറ്റവും പിന്നിലായതുകൊണ്ട്, ഒരു സുപ്രധാന ഉത്തരവാദിത്തം എനിക്ക് വന്ന് ചേർന്നു. ഇടയ്ക്ക്, മറ്റ് യാത്രാ സംഘങ്ങളിലെ പോർട്ടർമാർ ചുമടുകളുമായി പുറകിൽനിന്ന് വന്ന് ഞങ്ങളെ മറികടന്ന് പോകും. ഏറ്റവും പുറകിലുള്ള ഞാനാണ് ഇവരെ ആദ്യം കാണുന്നത്. അപ്പോൾ അവർക്ക് വഴിയൊരുക്കാൻ മുന്നിലുള്ളവരെ അറിയിക്കണം. സ്വാഹിലിയിൽ "ഇടത്" എന്ന് അർത്ഥം ഉള്ള "കുഷോത്തോ" എന്ന വാക്ക് ഞാൻ ഉറക്കെ വിളിച്ച് പറയും. അപ്പോൾ എല്ലാവരും പാതയുടെ ഇടത്തോട്ട് നീങ്ങി പോർട്ടർമാർക്ക് വഴിയൊരുക്കണം.
ഇനിയൊരടി മുന്നോട്ട് വയ്ക്കാനാകില്ല എന്ന് കരുതിയപ്പോഴാണ് ദൂരെ ഒരു ചെറിയ ബോർഡ് കണ്ടത് - "മച്ചാമേ ക്യാംപ്". ഏന്തിവലിഞ്ഞ് ആ ബോർഡിനടുത്തെത്തി എല്ലാവരും കൂടി ഫോട്ടോ എടുത്തു.
ഞങ്ങൾ യാത്ര ചെയ്തിരുന്ന കാട് അവസാനിച്ചു. മരങ്ങളും ചെടികളും ഇല്ലാതെ തരിശായി കിടന്ന ഒരു പ്രദേശത്താണ് മച്ചാമേ ക്യാംപ്. അത് ഒരു ചെറിയ താത്കാലിക ഗ്രാമം പോലെയാണ്. ഓരോ യാത്രാ സംഘവും ക്യാംപിന്റെ ഓരോ ഭാഗം കയ്യടക്കി വിവിധ വർണത്തിലുള്ള കൂടാരങ്ങൾ അടിച്ചിരുന്നു. ഞങ്ങളുടെ സംഘത്തിൽ ഓരോ യാത്രികർക്കും ഓരോ കൂടാരം. അതിൽ ഒരാൾക്ക് കഷ്ടിച്ച് എഴുന്നേറ്റ് ഇരിക്കാം. പിന്നെ, ഒരു വലിയ കൂടാരം - അവിടെയാണ് അത്താഴം കഴിക്കാനും വെടിവട്ടത്തിനുമായി എല്ലാവരും ഒത്തുചേരുന്നത്. ഇന്നസെന്റിനും പോർട്ടർമാർക്കും ഉറങ്ങാനായി മറ്റൊരു വലിയ കൂടാരം. പിന്നെ, വേറെ ഒരു ആഡംബരം കൂടിയുണ്ട്. നൂറ് ഡോളർ കൂടുതൽ കൊടുത്ത് ഞാൻ ബുക്ക് ചെയ്തിരുന്ന "പാലസ്" എന്ന ഓമനപ്പേരുള്ള ഞങ്ങളുടെ താത്കാലിക കക്കൂസ്. ഇതേ പോലെയുള്ള സെറ്റ് അപ്പ് ഓരോ സംഘവും തയാറാക്കുമ്പോൾ ഒരു രാത്രിയിലേയ്ക്ക് മച്ചാമേ ക്യാംപിൽ നൂറിലേറെ കൂടാരങ്ങൾ ഉയർന്നിരുന്നു.
അത്താഴത്തിടെ അഞ്ജലിയും ഷൂ എന്ന അൻഷുമാനും അവരുടെ ആദ്യത്തെ വഴക്ക് തുടങ്ങി. അൻഷുമാൻറെ കൂടാരത്തിന് അടുത്താണ് പോർട്ടർമാർ സഹോദരിയായ അഞ്ജലിയുടെ കൂടാരം അടിച്ചത് എന്നതാണ് വിഷയം. അൻഷുമാൻ കൂർക്കം വലിക്കും എന്നും അതുകൊണ്ട് അൻഷുമാൻറെ അടുത്തുള്ള കൂടാരം പറ്റില്ലെന്നും അഞ്‌ജലി. അത് ഒന്നും രണ്ടും പറഞ്ഞ് അവർ തമ്മിലുള്ള വഴക്കായി. അവസാനം പ്രശ്നം പരിഹരിച്ചതോ? അഞ്ജലിയുടെ കൂടാരം കൂർക്കം വലിയിലെ ഗിന്നസ് റിക്കോർഡിന് ഉടമയായ എൻ്റെ കൂടാരത്തിന് അടുത്തേയ്ക്ക് നീക്കിക്കൊണ്ട്! ഏതായാലും അഞ്ജലി-ഷൂ വഴക്കുകൾ അടുത്ത കുറെ ദിവസത്തേയ്ക്ക് സ്ഥിരം സംഭവമായിരുന്നു. അതിൽ എണ്ണയൊഴിക്കുക എന്നത് ഞങ്ങൾ മറ്റുള്ളവരുടെ ഒരു നേരംപോക്കും.
അത്താഴം കഴിഞ്ഞ് എൻ്റെ കൂടാരത്തിലേക്ക് ഏന്തി വലിഞ്ഞ് കയറിയപ്പോൾ എൻ്റെ സംശയം ഉറക്കം എങ്ങനെ നടക്കും എന്നായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു കൂടാരത്തിൽ സ്ലീപ്പിങ് ബാഗിനുള്ളിൽ ഉറങ്ങുന്നത്. എങ്കിലും ക്ഷീണം മൂലം വളരെ വേഗം ഉറങ്ങി.
രാത്രി എപ്പോഴോ മൂത്രശങ്ക എന്നെ ഉണർത്തി. ഓക്സിജൻ കുറവ് മൂലം ഉണ്ടാകുന്ന "അക്യൂട്ട് മൗണ്ടൻ സിക്ക്നെസ്" ഒഴിവാക്കാൻ കഴിക്കുന്ന ഗുളികയുടെ ഒരു പാർശ്വഫലമാണ് കൂടെക്കൂടെയുള്ള മൂത്രശങ്ക. തപ്പിപ്പിടിച്ച് ഹെഡ്‌ലൈറ്റുമായി "പാലസ്" തപ്പിപ്പോകുന്നതിനിടെ ഞാൻ മുകളിലേക്കൊന്ന് നോക്കി. പരിസരത്തെങ്ങും കൃത്രിമ വെളിച്ചം ഇല്ലാത്തതിനാലാകാം, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത മനോഹാരിതയോടെ നക്ഷത്രനിബിഢമായ ആകാശം. പിന്നീട് ഓരോ ദിവസവും എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഇരുട്ടത്തിറങ്ങി ആകാശം നോക്കുന്നത് ഞാൻ പതിവാക്കി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫോണിലോ ക്യാമറയിലോ ആ ആകാശരംഗം പകർത്താനായില്ല എന്നത് ഒരു നഷ്ടമായി.
(തുടരും)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top