26 April Friday

സഞ്ചാരികളെ വരവേൽക്കാൻ കേരളം ഒരുങ്ങി: മുഖ്യമന്ത്രി ; കേരള ട്രാവൽ മാർട്ടിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 28, 2018

കൊച്ചി >പ്രളയക്കെടുതിക്ക‌് ശേഷം കേരളം വിനോദ സഞ്ചാരികളെ വരവേൽക്കാൻ കൂടുതൽ കരുത്തോടെ ഒരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളാ ട്രാവൽ മാർട്ടിന്റെ വിജയം ഇതാണ‌്  ലോകത്തിന‌് നൽകുന്ന സന്ദേശം. വിനോദ യാത്രികരെ ആകർഷിക്കുന്ന കേരളത്തിന്റെ പ്രകൃതി രമണീയതയെ നശിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സമയമായി.  അതാണ‌് പ്രളയം നമുക്ക‌് തന്ന പാഠമെന്നും അദ്ദേഹം പ റഞ്ഞു. കേരളാ ട്രാവൽ മാർട്ട‌് 2018ന‌് തിരിതെളിച്ച‌് ലുലു കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകൾ വർധിപ്പിക്കും. കേരള ടൂറിസം ആകർഷണീയമാണെന്ന് ഈ ട്രാവൽ മാർട്ടിലൂടെ നാം തെളിയിക്കുന്നു. 1500 ബയർമാരാണ് കേരളത്തിൽ എത്തിയത്. ആദ്യമായാണ് ഇത്രയധികംപേർ എത്തുന്നത്. കേരള ടൂറിസത്തിലുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ടൂറിസം അവാർഡുകളിൽ ഒമ്പതും കേരളത്തിനാണ‌് കിട്ടിയതെന്നതും ഈ രംഗത്തെ നമ്മുടെ മികവ‌ിന‌് ഉദാഹരണമാണ‌്.

വാണിജ്യ കൂടിക്കാഴ്ചകൾക്കൊപ്പം ടൂറിസം മേഖലകളെ കുറിച്ചുള്ള ചർച്ചകളും നടക്കും. ഇവിടെ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഭാവി വികസനത്തിന് പ്രയോജനപ്പെടുത്തും. പല ടൂറിസം കേന്ദ്രങ്ങളിലെയും റോഡ്, പാലം, അടിസ്ഥാന സൗകര്യം എന്നിവ നഷ്ടപ്പെട്ടു. 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയിൽ ഉണ്ടായത്. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇവ പുനർനിർമിക്കാൻ ശ്രമങ്ങൾ നടക്കുന്നു. സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

ഉത്തരവാദിത്ത ടൂറിസം വ്യാപകമാക്കി കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഒരു പ്രദേശം മാറുമ്പോൾ അവിടത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമുണ്ടാകും. മലബാറിലെ നാടൻ കലകളുടെയും പൈതൃകങ്ങളുടെയും പ്രത്യേകത സഞ്ചാരികളിലേക്കെത്തിക്കാൻ ഉടൻ പദ്ധതി നടപ്പാക്കും. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തും. ആയുർവേദ ചികിത്സ സംബന്ധിച്ച‌് കാല പരിഗണന പുനർ നിർവചിക്കും.    പുത്തൻ ടൂറിസം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

ആരോഗ്യ ടൂറിസത്തിന് ഏറെ സാധ്യതയുണ്ട്. സർക്കാർ നിക്ഷേപത്തിനൊപ്പം സ്വകാര്യ നിക്ഷേപവും പ്രയോജനപ്പെടുത്തും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിന് ഗ്രീൻ കാർപറ്റ് സംവിധാനം ശക്തപ്പെടുത്തും. പാരിസ്ഥിതിക സവിശേഷതകൾ കൂടി പരിഗണിച്ചുള്ള നിർമാണ പ്രവർത്തനങ്ങളേ അനുവദിക്കൂ. വിനോദ സഞ്ചാരത്തിന‌് നമ്മുടെ പ്രകൃതിയെ ഉപയോഗിക്കുമ്പോൾത്തന്നെ അവയെ സംരക്ഷിക്കാനുള്ള ബാധ്യതയും ഉണ്ട‌്. കൈയേറ്റങ്ങളും അശാസ‌്ത്രീയ നിർമാണങ്ങളും അനുവദിക്കില്ല. അശാസ്ത്രീയവും പാരിസ്ഥികാഘാതം ഉണ്ടാക്കുന്നവയുമായ പദ്ധതികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top