29 March Friday

എറണാകുളം ഏകഠിന യാത്രകള്‍ക്ക് ഈ സ്ഥലങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

സംഘർഷഭരിതമായ ദിനചര്യകളിൽനിന്ന‌് ഒറ്റയ‌്ക്കും കൂട്ടമായും ഒരു യാത്രപോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട‌്? സ്വന്തമായി വാഹനം ഇല്ലാത്തവർക്കും കൂട്ടമായി പോകുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്കും സമീപപ്രദേശങ്ങളിലേക്ക‌് യാത്രപോകാൻ പറ്റിയ ദിനങ്ങളാണ‌് വേനൽക്കാല അവധികൾ. അധികം പണം മുടക്കാതെ കാടും പുഴയും പുൽമേടുകളും ആസ്വദിച്ച‌് ശുദ്ധവായു ശ്വസിച്ച‌് ഒരു ദിവസമോ രണ്ടു ദിവസമോ അടിച്ചുപൊളിച്ച‌് മടങ്ങാനാകുന്ന ചെറു പാക്കേജുകളാണ‌് എറണാകുളം ഡിടിപിസി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത‌്.

ഇലവീഴാപ്പൂഞ്ചിറ (വൺ ഡേ പാക്കേജും 2 ഡേ പാക്കേജും)
ഇലവീഴാപ്പൂഞ്ചിറ യാത്രയിലൂടെ എറണാകുളത്തിന്റെമാത്രമല്ല, സമീപജില്ലയായ കോട്ടയത്തിന്റെയും ഭംഗി ആസ്വദിക്കാനും യാത്രക്കാർക്ക‌് കഴിയുന്നു. രാവിലെമുതൽ വൈകിട്ടുവരെ പൂർണമായും ആസ്വാദനം നൽകുന്ന ഈ യാത്രയിൽ അഞ്ചു ജില്ലകളുടെ സമന്വയ ടോപ് വ്യൂ–-  മുനിയറ കേവ്സ്–-  കട്ടിക്കയം വാട്ടർ ഫാൾസ്–-  ഇല്ലിക്കക്കല്ല് തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങൾ, മലകൾക്കിടയിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് യാത്ര എന്നിവ പ്രായഭേദമെന്യേ ആസ്വദിക്കാനായി അവസരം ഒരുക്കുന്നു. നാടൻഭക്ഷണത്തിന്റെ രുചിയിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവയും ഈ യാത്രയിൽ ലഭിക്കും. രാവിലെ ആറിന‌് വൈറ്റിലയിൽനിന്ന‌് ആരംഭിക്കുന്ന യാത്ര ഇലവീഴാപ്പൂഞ്ചിറയിലെ അസ‌്തമയം ആസ്വദിച്ച‌് മടങ്ങും. ഒരാൾക്ക‌് 1250 രൂപയാണ‌് ചെലവ‌്. ആവശ്യക്കാർക്ക‌് രണ്ടു ദിവസത്തെ പാക്കേജും ചെയ‌്ത‌് നൽകുന്നുണ്ട‌്.

കൊച്ചി സിറ്റി ടൂർ പാക്കേജ‌്
കൊച്ചിയുടെ തീരദേശത്ത‌് ഒരു ദിവസം ചെലവഴിക്കാവുന്ന രീതിയിലാണ‌് ഈ പാക്കേജ‌് ക്രമീകരിച്ചിരിക്കുന്നത‌്. രാവിലെ ആരംഭിച്ച‌് വൈകിട്ടോടെ പര്യവസാനിക്കുന്ന യാത്രയിൽ സ്ഥലങ്ങൾ സന്ദർശിക്കാനും കായലിലെ ബോട്ട‌് യാത്ര ആസ്വദിക്കാനും അവസരം ലഭിക്കും. കൂടാതെ ‘കേരള ഫോക‌്‌ലോർ മ്യൂസിയം (ശനിയാഴ്ച), ഫോർട്ടുകൊച്ചി, ഇന്തോ പോർച്ചുഗീസ് മ്യൂസിയം, മട്ടാഞ്ചേരി പാലസ് (ഞായറാഴ്ച), ഇന്റർനാഷണൽ കയർ മ്യൂസിയം, ആലപ്പി ഹൗസ് ബോട്ടിങ‌് (രണ്ടുമണിക്കൂർ) തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിയിട്ടുണ്ട‌്. 1265 രൂപയാണ‌് നിരക്ക‌്.



ഏഴാറ്റുമുഖം–-അതിരപ്പിള്ളി ട്രിപ്പ്
ഹരിതസൗന്ദര്യത്തിന്റെ നിറക്കാഴ്ച സഞ്ചാരികൾക്ക‌് പകർന്നുകൊടുത്തുകൊണ്ട് മുന്നേറുന്ന ഈ യാത്രയിൽ ഏഴാറ്റുമുഖം, തുമ്പൂർമുഴി ബട്ടർഫ്ലൈ ഗാർഡൻ, അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, മലക്കപ്പാറ ജംഗിൾ സഫാരി, അപ്പർ ഷോളയാർ ഡാം തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങളും സന്ദർശിച്ചുമടങ്ങുന്നതിനൊപ്പം ഫോട്ടോ പകർത്തുന്നതിനായി അനുവദനീയമായ സ്ഥലങ്ങളിലും അവസരം ഒരുക്കും. 1699 രൂപയാണ‌് നിരക്ക‌്.

ഭൂതത്താൻകെട്ട്–-തട്ടേക്കാട് ട്രിപ്പ്
രാവിലെ ആറിന‌് ആരംഭിക്കുന്ന യാത്ര പ്രഭാതഭക്ഷണത്തിന‌ുശേഷം ഒമ്പതോടെ ഭൂതത്താൻകെട്ട് ഡാം സന്ദർശിക്കും. പരിചയസമ്പന്നനായ ഗൈഡിന്റെ അകമ്പടിയോടെ കാടിന്റെ മനോഹാരിത ആസ്വദിച്ച് നടക്കാനും ഓൾഡ് ഭൂതത്താൻകെട്ട് സന്ദർശിക്കാനും യാത്രയിൽ അവസരമുണ്ട്. പെരിയാറിലൂടെയുള്ള ബോട്ടിങ്ങും കേരളത്തനിമയോടെയുള്ള ഉച്ചഭക്ഷണവും ഈ യാത്രയുടെ പ്രത്യേകതയാണ്. ഉച്ചയ‌്ക്കുശേഷം തട്ടേക്കാട് പക്ഷിസങ്കേതത്തിലെ മ്യൂസിയവും ബേർഡ് വാച്ച് ട്രക്കിങ്ങും ഇഞ്ചത്തൊട്ടി തൂക്കുപാലവും സന്ദർശിച്ച‌് മടക്കം. 1250 രൂപയാണ‌് ഒരാൾക്ക‌് ചെലവ‌്.


 
മൂന്നാർ ട്രിപ്പ്
തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകൾ ക്യാമറയിലൂടെ പകർത്താൻ സഞ്ചാരികൾക്ക‌് സാധിക്കുന്ന യാത്രയാണ‌് ഇത‌്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെ കോടമഞ്ഞ‌് വാരിവിതറുന്ന സുഖകരമായ അനുഭൂതി പകർന്നുകൊണ്ട് നീങ്ങുന്ന  യാത്രയിൽ വാളറ, ചിയാപാറ വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ്സ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഒരാൾക്ക‌് 1299 രൂപയാണ‌് ചെലവ‌്. ഓരോ യാത്രയിലും കുറഞ്ഞത‌് 20 പേരുണ്ടാകും. ഇതുകൂടാതെ ഒറ്റയ‌്ക്കും ഗ്രൂപ്പായും യാത്രക്കാരുടെ ആവശ്യാനുസരണമുള്ള പാക്കേജുകളും ലഭ്യമാണ‌്.
0484–- 2367334, 8893858888, 8893998888
www.keralacitytour.com, info@keralacitytour.com

സഹയാത്രികനായി ഐആർസിടിസിയും
ആകർഷകമായ നിരവധി യാത്രാപാക്കേജുകൾ റെയിൽവേയുടെ ഐആർസിടിസിക്കുണ്ട്. ഇതിലേറെയും വേനലവധിക്കാലത്താണ്. അന്താരാഷ‌്ട്ര പാക്കേജുകളും ഇതിൽപ്പെടും. റെയിൽമാർഗമല്ലാതെയുള്ള റോഡ‌് ട്രിപ്പുകളുമുണ്ട‌് ഐആർസിടിസിക്ക‌്. ഇതിൽ 14 ദിവസത്തെ യൂറോപ്പ് സന്ദർശനപാക്കേജുണ്ട്. 19ന് കൊച്ചിയിൽനിന്നാണ് യൂറോപ്പ് പാക്കേജ് പുറപ്പെടുന്നത്.

സിംഗപ്പൂർ, -മലേഷ്യ ഗ്രൂപ്പ് ടൂർ കൊച്ചി വിമാനത്താവളത്തിൽനിന്ന് ജൂൺ 22ന് പുറപ്പെട്ട് 27ന് തിരികെയെത്തും. പാക്കേജിലൂടെ ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ സിറ്റി ടൂർ, സിംഗപ്പൂർ ഫ്‌ളൈയർ, സെന്റോസ ദ്വീപ്, ജുറോങ‌് ബേർഡ് പാർക്ക്, ക്വലാലംപൂർ സിറ്റി ടൂർ, പെട്രോണസ് ടവർ, ജെന്റിങ‌് ഹൈലൻഡ്‌സ്, ബാട്ടു ഗുഹകൾ, പുത്രജയ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസസൗകര്യം, എസി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ ഗൈഡ്, വിസ, ഇൻഷുറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടും. ഏറെ ജനപ്രിയമാണ‌് എല്ലാ ചൊവ്വാഴ‌്ചകളിലുമുള്ള കൊച്ചി–-മൂന്നാർ പാക്കേജ‌്. ചെന്നൈ, മൂന്നാർ, കൊച്ചി കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ‌് അഞ്ചു ദിവസത്തെ ഈ പാക്കേജ‌്.

കൊച്ചി, കുമരകം, മൂന്നാർ, തേക്കടി കേന്ദ്രങ്ങൾ ഉൾപ്പെടുത്തി എൻചാന്റിങ‌് കേരള എന്ന പേരിൽ ആറുദിവസത്തെ മറ്റൊരു പാക്കേജുമുണ്ട‌്. കൊച്ചി, മൂന്നാർ, ആലപ്പുഴ ടൂറിസ‌്റ്റ‌് കേന്ദ്രങ്ങൾ ഉൾപ്പെട്ട ഹണിമൂൺ പാക്കേജ‌് യാത്ര ഐആർസിടി ഓപ്പറേറ്റ‌് ചെയ്യുന്നുണ്ട‌്. ഇത്തവണ 14നാണ‌് ഈ യാത്ര. ആറ‌ുദിവസത്തെ യാത്ര തുടങ്ങുന്നത‌് ഹൈദരാബാദിൽനിന്നാണെങ്കിലും പ്രധാന കേന്ദ്രം കൊച്ചിതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top