26 September Tuesday

ജലനിധിയാണ്‌ ഈ കാട്ടു ചതുപ്പുകൾ

ഡോ. രാജേന്ദ്രപ്രസാദ് എം, തുളസിദാസ്‌ ജിUpdated: Sunday May 14, 2023

പശ്ചിമഘട്ടത്തെ ജൈവസമ്പുഷ്ടമാക്കുന്നത് വിവിധങ്ങളായ ആവാസവ്യവസ്ഥകളുടെ വ്യാപനമാണ്. അവയിൽ സവിശേഷതയേറിയ  ആവാസവ്യവസ്ഥയാണ്‌ കാട്ടുജാതി ചതുപ്പുകൾ (Myristica Swamps). സുഗന്ധവിളയായ ജാതിമരത്തിന്റെ കുടുംബമായ ‘മിരിസ്റ്റിക്കേസിയെ’യിലെ വിവിധ വന്യ ഇനങ്ങളുടെ വ്യാപനത്താൽ  ശ്രദ്ധേയമാകുന്നതിനാലാണ് ഈ പേര് ലഭിച്ചത്. ശുദ്ധജലം കിനിയുന്ന മേൽമണ്ണോടുകൂടിയ ഈ ആവാസവ്യവസ്ഥ ജൈവസമ്പത്താൽ സമ്പന്നമാണ്‌.  
ചരിത്രം

 1960ൽ കുളത്തൂപ്പുഴ വനമേഖലയിൽ ഡോ. കൃഷ്ണമൂർത്തി നടത്തിയ പഠനത്തിലാണ്‌ ഈ ആവാസ വ്യവസ്ഥയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ പുറത്തുവരുന്നത്. ഇന്ത്യൻ വനഭൂമികളുടെ വർഗീകരണം പൂർത്തിയാക്കിയ എച്ച്‌ ജി ചാമ്പ്യൻ, എസ്‌ കെ സേത്ത് എന്നീ ശാസ്ത്രജ്ഞർ നിത്യഹരിത വനവിഭാഗത്തിലെ എഫ്‌എസ്‌1‐4സി (FS1‐4C) എന്ന ഉപവിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയത്‌.  
കുളത്തൂപ്പുഴ മേഖലയിൽ മാത്രമുള്ളത്‌ എന്നായിരുന്നു ആദ്യമുള്ള നിഗമനം. എന്നാൽ, പശ്ചിമഘട്ടത്തിന്റെ തെക്കൻ മേഖലയായ ഗോവ, കർണാടകം എന്നിവിടങ്ങളിലും ഇവയുടെ  വ്യാപനം പിന്നീട് കണ്ടെത്തി. സമീപകാലത്ത് തൊടുപുഴ, ബന്തടുക്ക, കാസർകോട്‌, റാന്നി, കോന്നി, പുനലൂർ, അച്ചൻകോവിൽ, തട്ടേക്കാട് തുടങ്ങിയ വനമേഖലകളിലും ഒറ്റപ്പെട്ട ഇത്തരം സസ്യാവരണം  കണ്ടെത്തിയിട്ടുണ്ട്. നിമ്നോന്നത സവിശേഷമാക്കുന്ന ഘടനയോടെയുള്ള ഭൂപ്രകൃതിയിൽ, താഴ്ന്ന തട്ടിലെ നിരപ്പായ പ്രദേശങ്ങളിലാണ് ഇവ രൂപപ്പെടുന്നത്.  

ജൈവ വൈവിധ്യമയം

കര-ജല സ്ഥലങ്ങൾക്ക് ഇടയിലുള്ള ഉഭയസ്ഥാനമാണ് ഈ ചതുപ്പുവനങ്ങൾ. ഈ സവിശേഷതകളോട്‌ പൊരുത്തപ്പെട്ട് ജീവിതചക്രം പൂർത്തിയാക്കുന്ന സസ്യ-ജന്തുവിഭാഗങ്ങളാണ് ഇതിലെ അന്തേവാസികൾ. ചതുപ്പുചെടികളും അവയോടു ചേർന്നുള്ള അപൂർവ ജന്തുസമൂഹവും മാത്രമാണ്‌ ഇവിടെയുള്ളത്‌. താങ്ങുവേരുകളോടുകൂടി തിങ്ങിവളരുന്ന വൃക്ഷരൂപികളാണ് പ്രധാന ആകർഷകത്വം. ഇവ മൂന്ന് വിതാനത്തിലായി കാണപ്പെടുന്നു. കുറ്റിച്ചെടികൾ ഉൾപ്പെടുന്നതാണ് നാലാംനിര സസ്യങ്ങൾ. ചെറുസസ്യങ്ങളും ചെറുവള്ളികളും ഉൾപ്പെടുന്ന അടിക്കാടുകൾ വനഘടനയിലെ അഞ്ചാംനിര ഒരുക്കും. ദാരുരൂപികൾക്കു പുറമെ അവയ്ക്കൊപ്പം വളർന്നെത്തുന്ന വലിയ വള്ളികളും ഭൂകാണ്ഡങ്ങളോടുകൂടിയ സസ്യങ്ങളും കാട്ടുജാതി ചതുപ്പുകളിലെ ജൈവ വൈവിധ്യം ശ്രദ്ധേയമാക്കുന്നു. പരവാസ സസ്യങ്ങളുടെയും  പരാദ സസ്യങ്ങളുടെയും സാന്നിധ്യവുമുണ്ട്‌.

81 സസ്യകുടുംബങ്ങളിലുള്ള 240 ഇനം സപുഷ്പികളെ വിവിധ പഠനങ്ങളിലൂടെ ഈ ആവാസ വ്യവസ്ഥയിൽനിന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്. സപുഷ്പികൾക്ക് പുറമെ അപുഷ്പികളുടെ  നിരയുമുണ്ട്‌. ഇതിനൊപ്പം വലിയൊരു ജന്തുലോകവും. ശാസ്ത്രലോകം തിരിച്ചറിഞ്ഞതും അല്ലാത്തതുമായ അസംഖ്യം ചെറുജീവികൾ ഇതിൽപ്പെടുന്നു. പല ചതുപ്പുകളും അക്ഷരാർഥത്തിൽ പക്ഷിസങ്കേതങ്ങളാണ്. ഏകദേശം 130 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം 15 ഇനം മത്സ്യങ്ങൾ, 56 ഇനം ഉഭയജീവികൾ, 58 ഇനം ഉരഗങ്ങൾ, 27 ഇനം സസ്തനികൾ എന്നിവയും.  

പാരിസ്ഥിതികം

 പശ്ചിമഘട്ടത്തിന്റെ അടിവാരത്തിലുള്ള  കാട്ടുജാതി ചതുപ്പുകൾ മഴവെള്ള സംഭരണികളായി പ്രവർത്തിക്കുന്നു. മലയിൽ പെയ്തിറങ്ങുന്ന മഴവെള്ളം നേരിട്ട് നദികളിൽ എത്താതെ തടയുന്ന ഇടനിലങ്ങളാണ്‌.  കാട്ടുജാതി ചതുപ്പിലെ മരങ്ങളിൽ  രൂപപ്പെടുന്ന പൊയ്ക്കാൽ വേരുകൾ (Stilt Root), കാവടിവേരുകൾ (Pneumatophore), ഊന്നുകാൽ വേരുകൾ (Buttress Root) എന്നിവ  ജലപ്രവാഹം മന്ദഗതിയിലാക്കുന്നതിലൂടെ ജലം കൂടുതൽ സമയം ചതുപ്പിൽ തങ്ങിനിർത്തും. കൂടിയ അനുപാതത്തിൽ കാണപ്പെടുന്ന കളിമണ്ണ്  ജലം പിടിച്ചുനിർത്തുന്ന ഘടകമാണ്‌.

    ഉറവകളുടെ ഉറവിടമാകുന്നതിലൂടെ  വരൾച്ചയെ പ്രതിരോധിച്ച് ജലസാന്നിധ്യം ഉറപ്പുവരുത്തുന്നു. ആഗോളതലത്തിൽ ശുദ്ധജലത്തിന്റെ കരുതൽ ശേഖരത്തിൽ 2.6 ശതമാനം സാധ്യമാക്കുന്നത് ചതുപ്പുകളാണ്‌. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളവയാണ്‌ ഇവ. അതുകൊണ്ടുതന്നെ ഇവയുടെ സംരക്ഷണത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌.  

(പാലോട്‌ ജവാഹർലാൽ നെഹ്‌റു ട്രോപിക്കൽ
ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞരാണ്‌ ലേഖകർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top