25 April Thursday

പശുവിനെ തിന്നുന്ന നാട്ടിൽ...അരുണാചല്‍ അനുഭവവുമായി പ്രസാദ് അമോര്‍

പ്രസാദ് അമോര്‍Updated: Saturday Jan 26, 2019

അരുണാചലിലെ ഓരോ വര്‍ഗവും തങ്ങളുടെ മഹത്വത്തില്‍ ഊറ്റം കൊള്ളുന്നവരാണ് . അതിസാന്ദ്രമായ വനഭൂമിയില്‍ അതിരുകള്‍ നിശ്ചയിച്ച് ഓരോ ഓരോ രാജ്യമെന്നപോലെ പൊതുവായ അതിരുബോധത്തില്‍ വര്‍ഗവിശ്വാസങ്ങളും ഗോത്ര താല്‍പര്യങ്ങളുമായി അവര്‍ സ്വതന്ത്രരായി ജീവിക്കുന്നു...ഒരു അരുണാചല്‍ യാത്രയുടെ ഓര്‍മ്മയുമായി പ്രസാദ്‌ അമോര്‍.

തവാങില്‍ നിന്നുള്ള മടക്കയാത്രയില്‍ വെസ്റ്റ് കാമെങ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നാല് ദിവസം തങ്ങി. മഴക്കാറുള്ള ഒരിരുണ്ട പ്രഭാതത്തില്‍ ഞാന്‍ കാമെങ് നദിയുടെ തീരത്തു നിന്ന് അകലങ്ങളിലെ പര്‍വ്വതങ്ങളുടെ ഹൃദ്യമായ കാഴ്ചകള്‍ നോക്കി നില്‍ക്കുകയായിരുന്നു. തവാങില്‍ വെച്ച് പരിചയപ്പെട്ട അരുണാചല്‍ പ്രദേശിലെ മിരി ഗോത്ര വംശജനായ മൃണാള്‍ മിരിയും എന്റെ കൂടെയുണ്ടായിരുന്നു .ഗോഹട്ടിയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന അദ്ദേഹം തവാങിലെ രണ്ടാഴ്ചത്തെ ഒഫീഷ്യല്‍ ടൂറിനു ശേഷം വെസ്റ്റ് കാമെങ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഹോദരനെ സന്ദര്‍ശിക്കാന്‍ വന്നതാണ്.

എന്റെ കയ്യിലെ മഗ്ഗില്‍നിന്ന് ഒരു കപ്പ് ചായ പകര്‍ന്നുകൊടുത്തുവെങ്കിലും അദ്ദേഹം അത് സ്‌നേഹത്തോടെ നിരസിച്ചു.''ഞങ്ങള്‍ പശുവിന്റെ പാല്‍ കുടിക്കാറില്ല.ഞാന്‍ ചോദ്യഭാവത്തോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി .

''ഞങ്ങള്‍ പശുവിനെ തിന്നും. അതിനാല്‍ അതിന്റെ പാല്‍ കുടിക്കുകയില്ല .പാല്‍ കുടിച്ചാല്‍ പിന്നെ അതിനെ എങ്ങനെ തിന്നും. നമ്മള്‍ സ്വന്തം അമ്മയെ തിന്നാറില്ലല്ലോ?

തലേദിവസം മൃണാള്‍ മിരിയോടൊപ്പം അദ്ദേഹത്തിന്റെ സഹോദരന്റെ ക്വാര്‍ട്ടേസില്‍ പോയിരുന്നു. വരട്ടിയ ഇറച്ചിയും ചാരായവും അവര്‍ പങ്കുവെച്ചു. വളരെ മൃദുവായി തോന്നിയ ആ ഇറച്ചി രുചിയേറിയതായിരുന്നു. അത് പശു ഇറച്ചി വരട്ടിയതാണെന്ന് മൃണാള്‍ മിരി പറഞ്ഞു. ഞാന്‍ കൊഹിമയില്‍ ഡോക്ടര്‍ അലോങ് കോണ്‍സ് വാങിന്റെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍ അവര്‍ വിശിഷ്ട ഭോജ്യം എന്ന് പറഞ്ഞു തന്നപട്ടി ഇറച്ചിയും പട്ടുനൂല്‍ പുഴു ഫ്രൈ ചെയ്തതുമെല്ലാം എന്താണെന്ന് അറിയാതെ രുചിയോടെ കഴിച്ചിട്ടുണ്ട്.

ക്രൂര രൂപികളായ മൃഗങ്ങളുടെയും ഓമന മൃഗങ്ങളുടെയും മാംസം എനിക്ക് പഥ്യമല്ല. എന്നാല്‍ ഒരു കുറ്റബോധവുമില്ലാതെ ഇത്തരം ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്ന ആ ഗിരിവര്‍ഗ മനുഷ്യരും ഞാനും തമ്മില്‍ യാതൊരു അന്തരവുമില്ല എന്ന ചിന്ത എന്റെ പ്രയാസം ഒഴിവാക്കാന്‍ സഹായമായി.

വടക്കെ ഇന്ത്യയിലെ ഒരു ഗോമയ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റി ഞാന്‍ പറഞ്ഞു. പശുക്കളെച്ചൊല്ലിയുള്ള മനുഷ്യഹത്യകളും, തട്ടിക്കൊണ്ടുപോകലും ഒരു പ്രാകൃത ഗോത്രവ്യവസ്ഥയെ അനുസ്മരിക്കുന്നതാണ്. പശുവിനെ ഒരു വിശുദ്ധ മൃഗമാക്കുന്ന പുരാതന സംസ്‌കാരത്തിന്റെ പുനഃസ്ഥാപനത്തിനായി മുറവിളികൂട്ടുന്നവര്‍ മാംസാഹാരത്തെ വര്‍ജ്ജ്യം എന്ന നിലയില്‍ നിന്ന് ശുദ്ധിയും അശുദ്ധിയും കല്‍പ്പിക്കുന്ന ബ്രാഹ്മണ്യത്തിന്റെ അസമത്വങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നു.



അരുണാചല്‍ പ്രദേശില്‍ പശുക്കള്‍ നിര്‍ബാധം അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാണാം .ആരും അവയെ ശ്രദ്ധിക്കുന്നില്ല .നേപ്പാളികളായ ഇടയന്മാര്‍ ചില പശുക്കൂട്ടങ്ങളെ മേയ്ക്കുന്നതു കണ്ടിട്ടുണ്ട് .ഇവിടത്തെ ചില ഗോത്രങ്ങള്‍ പശുക്കളെയും ,മിത്തൂണുകളേയും (വനാന്തരങ്ങളില്‍ നിന്ന് പിടിച്ചുമെരുക്കിയെടുക്കുന്ന, നല്ല തടിച്ചു കൊഴുത്ത ഒരു തരം അര്‍ദ്ധ വന്യമൃഗമാണ് മിത്തൂണ്‍) വേട്ടയാടിപ്പിടിക്കുന്ന വന്യമൃഗങ്ങളെയും തിന്നുക മാത്രമല്ല ,ബലിയര്‍പ്പിക്കാറുമുണ്ട്.

ക്രിസ്തു മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ പോലും ഒരു അനുഷ്ടാനം എന്ന രീതിയില്‍ മൃഗബലി പിന്തുടരുന്നത് സാധാരണമാണ്. ഓരോ ഗോത്രത്തിലെയും മിത്തൂണുകള്‍ക്ക് വ്യത്യസ്തമായ അടയാളങ്ങള്‍ ഉണ്ട്

അരുണാചല്‍ പ്രദേശ് അതിവിസ്തൃതമായ ഒരു പര്‍വത പ്രദേശമാണ് .അതിന്റെ അതിര്‍ത്തി -വടക്ക് കിഴക്ക് ചൈനയും മ്യാന്മറും തെക്ക് ആസാമും നാഗാലാന്‍ഡും പടിഞ്ഞാറ് ഭൂട്ടാനുമാണ് .വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ ആചാരങ്ങളിലും പാരമ്പര്യത്തിലും വൈജാത്യം പുലര്‍ത്തുന്ന വിവിധ ഗോത്രങ്ങളെ ഇവിടെ കാണാം .ഓരോ ഗോത്രത്തിനും ഓരോ ഭാഷയാണ്

വേഷഭൂഷാദികളിലും ജീവിത ക്രമത്തിലും ആഘോഷങ്ങളിലുമെല്ലാം അവരുടെ വിചിത്ര വിശ്വാസങ്ങളുടെയും മിത്തുക്കളുടെയും സ്വാധീനം പ്രകടമാണ് .ആധുനിക സമൂഹത്തിന്റെ സ്വാധീനം ഗോത്രങ്ങളെ ആശ്ലേഷിച്ചിട്ടുണ്ടെങ്കില്‍ തന്നെയും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഭഞ്ജിക്കാന്‍ അവര്‍ ഒരുക്കമല്ല .മൃഗബലിക്കും മാന്ത്രിക ആചാരങ്ങള്‍ക്കും പ്രാമുഖ്യമുള്ള ഗോത്രങ്ങളാണ് ആദി ,മിഷിമ ,താങ്‌സ് ,മിരി ,താഗിന് അപ്പത്താണി ഡാഫ്ള ,ഖോവ ,അക തുടങ്ങിയവ.


താന്ത്രിക അനുഷ്ടാനങ്ങളും വൈഷ്ണവ വിശ്വാസങ്ങളുമായി സാമ്യം പുലര്‍ത്തുന്നവരാണ് വാഞ്ചു നൊക്ത വിഭാഗങ്ങള്‍ .ഇവര്‍ തലവേട്ട അനുഷ്ഠിച്ചിരുന്നവരാണ് .ഈ ഗോത്രങ്ങള്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചിരുന്നത് വെട്ടിയെടുത്ത മനുഷ്യത്തലകള്‍ ഉണക്കി തങ്ങളുടെ ഗൃഹത്തിന്റെ മുന്‍പില്‍ കെട്ടിത്തൂക്കിയാണ് .ഒരു കാലത്ത് രണ്ടുമൂന്ന് തലയെങ്കിലും വെട്ടിയെടുത്താലെ ഒരു ആണിന് വിവാഹം ചെയ്യാന്‍ യോഗ്യത ഉണ്ടായിരുന്നുള്ളു .കുഞ്ഞു ജനിക്കുമ്പോള്‍ കെട്ടിത്തൂക്കിയിട്ടുള്ള തലകളെടുത്ത് അവയിലെ വീര്യം കുഞ്ഞിലേയ്ക്ക് പകര്‍ത്തുന്ന ഒരു അനുഷ്ടാനം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

ഈ ഗോത്രങ്ങളുടെ വിശ്വാസപ്രമാണത്തില്‍ ദൈവമില്ല ,ഭൂതങ്ങളും പിശാചുകളുമാണുള്ളത് .വെട്ടിയെടുത്ത തലകളാണ് ഭൂതങ്ങളില്‍ നിന്ന് തങ്ങളെ രക്ഷപെടുത്തുന്നത് എന്നാണ് ഇവര്‍ കരുതുന്നത് .മരിച്ചുപോയ പൂര്‍വികന്മാരുടെ പുനര്‍ജന്മമായിട്ടാണ് അവര്‍ ചില വലിയ വൃക്ഷങ്ങളെയും വന്‍ പാറകളെയും കരുതുന്നത് .അവര്‍ അതിനെ പരിപാവനമായി കണ്ട് ആരാധിക്കുന്നു .

ക്ഷുദ്രജീവികളെ തിന്നുന്ന വടക്കുകിഴക്കന്‍ ഇന്ത്യയിലെ ചില ഗോത്രങ്ങളുടെ ആഹാരരീതികളെക്കുറിച്ചും അവരുടെ വിചിത്ര മാന്ത്രിക വിശ്വാസങ്ങളെക്കുറിച്ചുമുള്ള എന്റെ ഉത്കണ്ഠകള്‍ക്ക് മൃണാള്‍ മിരിയ്ക്ക് ഉത്തരമുണ്ടായിരുന്നു.

നിങ്ങള്‍ കൊഴിറച്ചിയും മാട്ടിറച്ചിയും ചെമ്മീനുമെല്ലാം തിന്നുന്നതും ഈ പ്രദേശത്തെ ആളുകള്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളേയും നായ്ക്കളെയും തിന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല .ചെമ്മീനും ഒരു പുഴു പോലുള്ള ജീവിയാണ് .ഒരു ജീവിയേയും കൊല്ലാതെ ജീവിക്കണമെങ്കില്‍ പഴങ്ങള്‍മാത്രം തിന്ന് ജീവിക്കേണ്ടതായിവരുന്നു .പശു എന്നത് ഞങ്ങള്‍ കൊന്ന് തിന്നുന്ന പന്നിപോലുള്ള ഒരു ജീവി മാത്രമാണ് .നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വികര്‍ ഈ മൃഗങ്ങളെ വേട്ടയാടി കൊന്ന് തിന്നുന്നു.

മറ്റൊരു ഗോത്രത്തിന്റെ ആഹാരരീതിയോ വിശ്വാസങ്ങളോ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കുകയില്ല .ശത്രുവിന്റെ തലവെട്ടിയെടുത്തിരുന്ന ഞങ്ങളുടെ പൂര്‍വികര്‍ ചെയ്തിരുന്നതില്‍നിന്ന് പരിഷ്‌കൃതരെന്ന് വിളിക്കുന്ന സമൂഹങ്ങള്‍ക്കും വ്യത്യാസമൊന്നുമില്ല .ശത്രുക്കളെ കൊല്ലുന്ന യുദ്ധം കൊണ്ടാണ് ഇന്നും രാഷ്ട്രങ്ങളുടെ ശക്തി അളക്കുന്നത് .ഞങ്ങളുടെ ഗിരിവര്‍ഗ്ഗ സംസ്‌കാരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു . മൃണാള്‍ വികാരഭരിതനായി.

അരുണാചലിലെ ഓരോ വര്‍ഗവും തങ്ങളുടെ മഹത്വത്തില്‍ ഊറ്റം കൊള്ളുന്നവരാണ് . അതിസാന്ദ്രമായ വനഭൂമിയില്‍ അതിരുകള്‍ നിശ്ചയിച്ച് ഓരോ ഓരോ രാജ്യമെന്നപോലെ പൊതുവായ അതിരുബോധത്തില്‍ വര്‍ഗവിശ്വാസങ്ങളും ഗോത്ര താല്‍പര്യങ്ങളുമായി അവര്‍ സ്വതന്ത്രരായി ജീവിക്കുന്നു.

അപ്രാപ്യമായ പര്‍വ്വതങ്ങളില്‍ ജീവിക്കുന്ന അരുണാചലിലെ വിവിധ ഗോത്രങ്ങളില്‍ ചെന്നെത്തുക എന്നത് പെട്ടെന്ന് സാധ്യമല്ല .അടുത്ത കാലംവരെ ,പുറത്തുനിന്ന് വരുന്നവരെ ശത്രുക്കളായികരുതി അവര്‍ വേട്ടയാടി .ഓരോ ഗോത്രത്തിനും വിവിധ പ്രതിരോധമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു .അവരുടെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഒളി സൂത്രങ്ങള്‍ സജ്ജീകരിച്ച് അവര്‍ അപരിചിതരെ കെന്നൊടുക്കിയിരുന്നു.

വിഷം പുരട്ടിയ ഒളിയമ്പുകളും മുളംകത്തിയുമായി ദുര്‍ഘടം പിടിച്ച പര്‍വതവഴികളിലൂടെ നടന്നിരുന്ന ആ മനുഷ്യരും ഭയന്നിരുന്നത് മറ്റു മനുഷ്യരെത്തന്നെയായിരുന്നു .നാഗരികരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യരും ,രാജ്യങ്ങളുമെല്ലാം ആയുധങ്ങളും പടക്കോപ്പുകളും കൂടി പരസ്പരം ഭയന്ന് ജീവിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി .

പര്‍വ്വതങ്ങളുടെ സുന്ദരമായ കാഴ്ചകളും ശീതകാലാവസ്ഥയുമെല്ലാം നിശബ്ദവും ആലസ്യം നിറഞ്ഞതുമായ ഒരനുഭവം തരുന്നു .ജലകണങ്ങള്‍ പെയ്തിറങ്ങുന്ന ഹൃദ്യമായ അന്തരീക്ഷം വിസ്മയഭരിതമാണ് .വാഹനങ്ങളുടെ ആരവമില്ലാത്ത ,ധൂളികളില്ലാത്ത ഒരു കാലാവസ്ഥയില്‍ പ്രകൃതിയുടെ ലാളന ഒരനുഭൂതിയായി മാറുന്നു .

തെളിഞ്ഞ പ്രകൃതിയില്‍ ദൃശ്യമാകുന്ന ചെരിഞ്ഞ പര്‍വ്വതങ്ങളുടെ മടക്കുകളിലെ ഒറ്റപ്പെട്ട ഗൃഹങ്ങള്‍ മഞ്ഞിന്‍ കൂട്ടങ്ങള്‍ വരുമ്പോള്‍ അദൃശ്യമാകുന്നത് നമ്മെ അതിശയിപ്പിക്കും .നമ്മുടെ മതിഭ്രമങ്ങളെ പ്രചോദിപ്പിക്കുന്ന പ്രകൃതിയുടെ വേഷപ്പകര്‍ച്ചകളില്‍ മുഴുകുന്ന നേരങ്ങള്‍ ആഹ്ളാകരമാകുന്നു.നൈസര്‍ഗികമായ സ്വഭാവവും വര്‍ണ്ണശബളമായ ജീവിതങ്ങളുമായി പര്‍വ്വതങ്ങളില്‍ പാര്‍ക്കുന്ന മനുഷ്യര്‍ . അതിഗംഭീരവും വൈവിധ്യവുമായ പ്രകൃതിക്കാഴ്ചകള്‍,മര്‍മരം കൊള്ളുന്ന നീരൊഴുക്കുകള്‍ ,വനസാന്ദ്രമായ പര്‍വ്വതങ്ങളില്‍ പെയ്യുന്ന മഞ്ഞുമഴകള്‍ ,ദുര്‍ഘടംപിടിച്ച വീതികുറഞ്ഞ വഴികള്‍ -ഒരു ഹിമാലയന്‍ വന്യതയുടെ തീവ്രത.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top