28 November Tuesday

ബെല്ലാരിയിലെ തേങ്ങൽ....ഡോ.കെ ടി ജലീൽ എഴുതുന്നു

ഡോ.കെ ടി ജലീൽUpdated: Thursday Feb 2, 2023

അബ്ദുൽ നാസർ മഅദനിയ്‌ക്കൊപ്പം

ഖിലാഫത്ത് സമരത്തിൽ പിടിക്കപ്പെട്ട് 12 വർഷം ബെല്ലാരി ജയിലിലടക്കപ്പെട്ട വലിയുപ്പയുടെ ഓർമ്മകൾ തേടിയുള്ള യാത്രക്കിടയിൽ ടിപ്പുവിനെ കണ്ടു. മഅദനിയുമായി സംസാരിച്ചു. വലിയുപ്പ കിടന്ന ജയിൽ മുറി തേടിയുള്ള യാത്രയുടെ വർത്തമാനങ്ങൾ പങ്കുവെക്കുകയാണ് ഡോ.കെ ടി ജലീൽ. രണ്ട് ഭാഗങ്ങളായി എഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം.

ടിപ്പുവിൻെറ ജ്വലിക്കുന്ന സ്മരണകൾ നെഞ്ചകം പേറി വൈകുന്നേരം ഏഴുമണിക്ക് ശ്രീരംഗപട്ടണത്തു നിന്ന് പുറപ്പെട്ട ഞങ്ങൾ രാത്രി ഒൻപത് മണിയോടെ ബാഗ്ലൂരിലെത്തി. നേരെ ഖാദിസിയ്യ പള്ളിയുടെ അടുത്തുള്ള ഫ്ലാറ്റിലേക്കാണ് പോയത്. താഴെ അബ്ദുൽ നാസർ മഅദനിയുടെ ഒരു ശിഷ്യൻ കാത്ത് നിൽപ്പുണ്ട്. രണ്ടാം നിലയിലെ ഫ്ലാറ്റിലെത്തി മഅദനിയെ കണ്ടു. ദീർഘനേരം സംസാരിച്ചു. വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളും സംസ്ഥാന രാഷ്ട്രീയവുമെല്ലാം ചർച്ചയായി. ഞാനെഴുതിയ നാല് പുസ്തകങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു. കൂടെ ജോമോൻ പുത്തൻപുരക്കൽ രചിച്ച "ദൈവത്തിൻെറ സ്വന്തം വക്കീലി"ൻെറ കോപ്പിയും കൊടുത്തു. സലാം പറഞ്ഞ് തിരിച്ച് പോരുമ്പോൾ മനസ്സൊന്ന് പിടഞ്ഞു. സ്വാതന്ത്ര്യത്തിൻെറ മധു നുകരാൻ എത്രയും വേഗം അദ്ദേഹത്തിന് അവസരമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു. ആ കൂടിക്കാഴ്ചയെ കുറിച്ച് തൊട്ടടുത്ത ദിവസം മുഖപുസ്തകത്തിൽ ഇങ്ങിനെ കുറിച്ചു:

"ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?
ആരോട് ചോദിക്കാൻ?
ആരോട് പറയാൻ?

ചെയ്യാത്ത കുറ്റം ആരോപിച്ച് ഒൻപതര വർഷം കോയമ്പത്തൂർ ജയിലിൽ! മുടിനാരിഴ കീറിയ വിചാരണക്കൊടുവിൽ കുറ്റവിമുക്തൻ!!! ജീവിതത്തിൻെറ വസന്തം കരിച്ച് കളഞ്ഞവരോടും തൻെറ ഒരു കാൽ മുറിച്ചെടുത്തവരോടും ആ മനുഷ്യൻ ക്ഷമിച്ചു. ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തിൽ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കർണ്ണാടക സർക്കാറിൻെറ വക കാരാഗ്രൃഹ വാസം! നാലര വർഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങൾ. ദീനരോദനങ്ങൾക്കൊടുവിൽ ചികിൽസക്കായി കർശന വ്യവസ്ഥയിൽ ജാമ്യം. ബാഗ്ലൂർ വിട്ട് പോകരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കൽ തന്നെ.

ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിൻെറ പാരമ്യതയാണെന്ന് പറയാതെ വയ്യ.

എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. "മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും" പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബിബിസി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക.

മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻെറ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻെറ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.

അബ്ദുൽ നാസർ മഅദനിയെ ഒരുപാട് രോഗങ്ങളാണ് അലട്ടുന്നത്. ശരീരം മുഴുവൻ തണുപ്പ് കീഴടക്കുന്നു. ഫാനിൻെറ കാറ്റ് പോലും ഏൽക്കാനാവുന്നില്ല. കിഡ്നിയുടെ പ്രവർത്തനം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. വൈകാതെ ഡയാലിസിസിലേക്ക് നീങ്ങേണ്ടിവന്നേക്കും.  കാഴ്ചശക്തി കുറഞ്ഞ് വരുന്നു. രക്തത്തിലെ ക്രിയാറ്റിൻ ഏറിയും കുറഞ്ഞും നിൽക്കുന്നു. ഡയബറ്റിക്സും രക്ത സമ്മർദ്ദവും അകമ്പടിയായി വേറെയും. പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ല. വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ല. ജയിൽവാസം തീർത്ത അസ്വസ്ഥതകളിൽ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിൻെറയും നെഞ്ചുരുക്കും.


ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. ഇനി വാദം പൂർത്തിയാക്കണം. മനസ്സുവെച്ചാൽ എളുപ്പം തീർക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങൾ അനന്തമായി നീട്ടുകയാണ്. മഅദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാദ്ധ്യത.

കോയമ്പത്തൂരിലെ കേസ് വിസ്താരം ഒച്ചിൻെറ വേഗതയിലാക്കിയിട്ടും അവസാനം കുറ്റവിമുക്തനായത് നിലവിലുള്ള കേസിലും സംഭവിക്കുമെന്ന് ഭരണകൂട ഭീകരർക്ക് നന്നായറിയാം. കുറ്റം ചെയ്യാത്ത ഒരാളെ ആര് വിചാരിച്ചാലും കുറ്റക്കാരനാക്കാനാകില്ലല്ലോ?

അന്തിമ വിധി പറയും മുമ്പേ പ്രതി കാലയവനികക്കുള്ളിൽ മറഞ്ഞുവെന്ന് എഴുതി ഫയൽ ക്ലോസ് ചെയ്യാനും ഒരുപക്ഷേ അധികാരികൾ ചിന്തിക്കുന്നുണ്ടാകും. അനാവശ്യമായി പീഡിപ്പിച്ചു എന്ന പഴി വീണ്ടും കേൾക്കുക വഴി ഉണ്ടായേക്കാവുന്ന ചീത്തപ്പേര് ഒഴിവാക്കാനാകും അവരുടെ ശ്രമം! അല്ലാതെ എന്തിനാണ് കേസ് തീർപ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടൽ? മഅദനിയെ കണ്ട് മടങ്ങുമ്പോൾ എൻെറ ഉള്ളം നിറയെ ഒരായിരം കുതിര ശക്തിയോടെ  ഉയർന്ന സംശയങ്ങൾ! അവക്കുത്തരം നൽകാൻ സൻമനസ്സുള്ള നീതിമാൻമാരില്ലേ ഈ നാട്ടിൽ!!"


പിറ്റേദിവസം രാവിലെ കർണ്ണാടക സർക്കാറിൻെറ കീഴിലുള്ള "ന്യൂ കുമാരകൃപ" ഗസ്റ്റ് ഹൗസിൽ നിന്ന് 10.30 ന് 307 കിലോമീറ്റർ ദൂരത്തുള്ള ബെല്ലാരിയെ ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ ഒന്നോ രണ്ടോ ടൗണുകൾ മാത്രമേ കണ്ടുള്ളൂ. ദേശീയപാത അടിപൊളിയാണ്. പശ്ചാത്തല വികസനത്തിൽ നമ്മുടെ രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും ഈ പുരോഗതി കൈവരിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി കൊതിച്ചു. കലീക്കരയിലെ 'ഹർഷ ദാബ' യിൽ നിന്നുള്ള റുമാൽ റൊട്ടിയും മുട്ടക്കറിയും വിഭവങ്ങളായ ഉച്ചഭക്ഷണം കേമമായി. നാലു പേർ വയറു നിറയെ കഴിച്ചു. ആകെ വന്നത് 360 രൂപ. നാലോ അഞ്ചോ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ ക്യാഷ് കൗണ്ടറിൽ തൂക്കിയ ആ കടയുടെ ഉടമകൾ അരുണും നാഗേശുമാണ്. ഞങ്ങൾക്ക് വിളമ്പി സഹായിക്കാൻ തൊപ്പി വെച്ച പൈജാമയും ജുബ്ബയുമിട്ട താടിക്കാരൻ ബാഷാ മൗലാന സജീവമായത് കൗതുകം പകർന്നു. ഇതാരുടെ സ്ഥാപനമാണെന്ന് ബാഷയോട് ചോദിച്ചു. തൻെറ സ്നേഹിതൻമാരുടേതാണെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. ഹൈന്ദവ-മുസ്ലിം ജനവിഭാഗങ്ങൾ വളരെ സൗഹാർദ്ദത്തിലാണ് കഴിയുന്നതെന്ന് മൗലാന നിസ്സംശയം സാക്ഷ്യപ്പെടുത്തി. കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.


കുന്നുകളും പാറക്കൂട്ടങ്ങളും സമതലങ്ങളും മാറി മാറി വന്ന പ്രദേശങ്ങളിലൂടെ 120 സ്പീഡിലാണ് മുനീർ കാർ ഓടിച്ചത്. കൂറ്റൻ കല്ലുകൾ അടുക്കി വെച്ച് കൃത്രിമമായി ഉണ്ടാക്കിയതെന്ന് തോന്നിക്കുന്ന വലിയ കുന്നുകൾ നിറഞ്ഞ ബൈരാപുരയെ കീറി മുറിച്ച് ഞങ്ങൾ കുതിച്ചു. കരിങ്കൽ കുന്നുകളുടെ ഓരത്ത് കുറച്ച് സമയം വണ്ടി നിർത്തി. ചുറ്റുപാടുമുള്ള ജിജ്ഞാസയുണർത്തുന്ന കുന്നുകൾ നോക്കി നിന്നു. മറ്റൊരിടത്ത് എത്തിയപ്പോൾ സ്വർണ്ണ നിറമുള്ള ഗോതമ്പ് വയലുകൾ വിളഞ്ഞു നിൽക്കുന്നത് കണ്ടു. സൂര്യകാന്തിപ്പൂ വിരിഞ്ഞ് നിൽക്കുന്ന ഏക്കർ കണക്കിന് പാടങ്ങൾ കണ്ടു. കരിമ്പിൻ തോട്ടങ്ങളും ചോളക്കൃഷിയും കണ്ടു. നയന മനോഹര കാഴ്ചകൾ നോക്കി മുന്നോട്ട് ഗമിച്ചു. ബെല്ലാരിയിലെത്തിയത് അറിഞ്ഞില്ല. സമയം ഉച്ചതിരിഞ്ഞ് 3.30.

ഇരുമ്പയിരിൻെറ നാട് എന്നാണ് ബെല്ലാരി അറിയപ്പെടുന്നത്. ഖനനമുള്ളത് കൊണ്ടാണ് ബ്രിട്ടീഷുകാർ ബെല്ലാരിയിലേക്ക് ആദ്യകാലത്തു തന്നെ റെയിൽവേ ലൈൻ സ്ഥാപിച്ചതത്രെ. ബെല്ലാരിയിൽ സെൻട്രൽ ജയിൽ ഒരുക്കിയത് തടവുകാരെക്കൊണ്ട് ഖനിപ്പാടങ്ങളിൽ പണിയെടുപ്പിക്കാനാണെന്നും പാറാവുകാരൻ പറഞ്ഞു. 46 ഏക്കറിൽ പണിത സെൻട്രൽ ജയിലിൻെറ ആറു മീറ്ററോളം ഉയരത്തിൽ കെട്ടിയ ഭീമൻ ഭിത്തി കണ്ടപ്പോൾ മനസ്സൊന്ന് കിടുങ്ങി. അഭിനവ രാജ്യസ്നേഹികളെപ്പോലെ മാപ്പെഴുതിക്കൊടുത്ത് പോരാൻ തയ്യാറാകാത്തത് കൊണ്ട് നീണ്ട പന്ത്രണ്ട് വർഷമാണ് കൂരിപ്പമ്പിൽ തെക്കുംപാട്ട് രായിൻകുട്ടി മകൻ മരക്കാർ, ബെല്ലാരി ജയിലിൽ കിടന്നത്. അന്ന് ബ്രിട്ടീഷുകാർക്ക്  പാദസേവ ചെയ്ത് വീട്ടിൽ അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്നെങ്കിൽ "പുതിയ ദേശസ്നേഹികളുടെ" പട്ടികയിൽ അദ്ദേഹത്തിനും ഇടം ലഭിക്കുമായിരുന്നു!

ജയിൽ സൂപ്രണ്ട് ലതയോട് വരവിനെ കുറിച്ച് പറഞ്ഞിരുന്നതിനാൽ അവർ ജയിലർ രേണുക ആചാര്യയെ ഞങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നു. ജയിൽ മുഴുവൻ ചുറ്റിനടന്ന് കണ്ടു.

ബെല്ലാരി ജയിലിനു മുന്നിൽ

ബെല്ലാരി ജയിലിനു മുന്നിൽ

1884 ലാണ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെല്ലാരിയിൽ ബ്രിട്ടീഷുകാർ സെൻട്രൽ ജയിൽ സ്ഥാപിച്ചത്. ആൻഡമാൻ സെല്ലുലാർ ജയിലിനെ ഓർമ്മിപ്പിക്കും വിധമാണ് ബെല്ലാരി ജയിലും നിർമ്മിച്ചിരിക്കുന്നത്. അഞ്ഞൂറോളം ഒറ്റ സെല്ലുകളുണ്ടവിടെ. 360 സിങ്കിൾ സെല്ലുകൾ പൂട്ടിയിട്ടിരിക്കുകയാണ്. കാലപ്പഴക്കമുണ്ടെങ്കിലും അവക്ക് കേടുപാടുകൾ ഒന്നും പറ്റിയിട്ടില്ല. ഇരുഭാഗത്തും ഒന്നിനു പിന്നിൽ ഒന്ന് എന്ന നിലയിൽ മൂന്ന് ലൈനായാണ് ജയിൽ സംവിധാനിച്ചിരിക്കുന്നത്. ഉദ്ദേശം 8 അടി നീളവും 4 അടി വീതിയും തോന്നിക്കുന്ന സെല്ലുകളുടെ രണ്ടടി വീതിയുള്ള ഇരുമ്പു വാതിലുകൾക്ക് എടുത്തുപറയത്തക്ക കോട്ടമൊന്നും പറ്റിയിട്ടില്ല. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ നിഷ്പ്രയാസം ജയിലിൻെറ അടച്ചിട്ട ഭാഗം ഇനിയും ഉപയോഗ യോഗ്യമാക്കാം. ജയിലിനകത്ത് ഫോട്ടോ എടുക്കാൻ അനുവാദമില്ല. അതുകൊണ്ട് ചിത്രങ്ങളെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ മനസ്സിൻെറ ക്യാമറയിൽ എല്ലാം പകർത്തി.

ജയിലിൻെറ വരാന്തയിലൂടെ നടക്കുമ്പോൾ എൻെറ ചിന്ത മുഴുവൻ വലിയുപ്പയെ (അച്ഛച്ചൻ) കുറിച്ചായിരുന്നു. ഞാൻ ജനിക്കുന്നതിന് പത്ത് പതിനൊന്ന് വർഷം മുമ്പേ അദ്ദേഹം മരിച്ചു. അതുകൊണ്ടുതന്നെ വലിയുപ്പയുടെ മുഖവും ആകാരവും ഓർമ്മയിലില്ല. എൻെറ ചെറിയ അമ്മായിയുടെ മുഖവും ഉയരവും വണ്ണവുമാണ് വലിയുപ്പാക്കെന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുവെച്ച് ഞാനെൻെറ മനസ്സിലൊരു ചിത്രം വരച്ചു.

1920 ൽ ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് സമരക്കാരായ ജനക്കൂട്ടം വളാഞ്ചേരി പോലീസ് സ്റ്റേഷൻ അക്രമിച്ച് രേഖകൾ നശിപ്പിച്ചു. കേസിൽ പ്രതിയാക്കി വലിയുപ്പ ഉൾപ്പടെ ഒരു സംഘം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ബെല്ലാരിയിലേക്ക് കൊണ്ടുപോയി അവരെ ജയിലിലടച്ചു. എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് വീട്ടുകാർക്കറിയില്ലായിരുന്നു. ഉപ്പ അന്ന് ജനിച്ചിരുന്നില്ല. അന്വേഷിച്ച് പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത കുടുംബം. ചോദിച്ചറിഞ്ഞ് മനസ്സിലാക്കാൻ വിദ്യാഭ്യാസമുള്ളവരും ഇല്ല. ഏത് ജയിലിലേക്കാണ് കൊണ്ടു പോയതെന്ന് പോലും ആർക്കും വ്യക്തതയില്ല. പട്ടാളം പിടിച്ച് കൊണ്ടുപോയാൽ  തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത കാലം.

പാവം വലിയുപ്പ. പാറ പൊട്ടിക്കലും ഇരുമ്പയിര് ഖനനവും ഉൾപ്പടെ കഠിന ജോലികൾ ചെയ്ത് ക്ഷീണിച്ച് എത്ര ദിനരാത്രങ്ങളാകും ജയിലറക്കുള്ളിൽ തള്ളിനീക്കിയിട്ടുണ്ടാവുക? ഞാൻ കണ്ട ഏതോ ഒരു സെല്ലിൻെറ ഇരുമ്പഴിക്കുള്ളിൽ ഇരുന്ന് ഏകാന്തനായി എത്ര കണ്ണീർ അദ്ദേഹം പൊഴിച്ചിട്ടുണ്ടാകും? ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ഖിലാഫത്ത് പ്രക്ഷോഭത്തിനിറങ്ങിയതിൻെറ പേരിൽ ബ്രിട്ടീഷുകാരുടെ അടിയും ഇടിയും ചവിട്ടുമേറ്റ് ആ സാധു മനുഷ്യൻ എത്ര പിടഞ്ഞിട്ടുണ്ടാകും? തൻെറ പ്രിയതമയെയും മക്കളെയുമോർത്ത് വലിയുപ്പ എത്ര വേദനിച്ചിട്ടുണ്ടാകും? തന്നെ കാണാൻ ബന്ധുക്കളാരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ജയിലിൻെറ ഗേറ്റിലേക്ക് കണ്ണുംനട്ട് എത്രകാലം അദ്ദേഹം വിങ്ങിപ്പൊട്ടി കഴിഞ്ഞിട്ടുണ്ടാകും? ഭാര്യ മരിച്ച വിവരമറിയാതെ പ്രിയതമയെ എന്നെങ്കിലും കാണാനാകും എന്ന് ചിന്തിച്ച് ഇരുട്ടിലേക്ക് നോക്കി എത്ര വർഷങ്ങൾ കരയാൻ ഒരിറ്റ് കണ്ണുനീർ പോലുമില്ലാതെ ആ സിമൻ്റു തറയിൽ വലിയുപ്പ കിടന്നുറങ്ങിയിട്ടുണ്ടാകും? അങ്ങിനെ നൂറായിരം ചോദ്യങ്ങൾ എൻെറ സ്മൃതിപഥങ്ങളിൽ കൊള്ളിമീൻ പോലെ മിന്നിമറഞ്ഞു. വലിയുപ്പയുടെ കാലൊച്ചയും കരച്ചിലും എവിടെനിന്നൊക്കെയോ കാതിൽ വന്നലക്കുന്ന പോലെ തോന്നി. കുറേ സമയം അവിടെ ചെലവഴിച്ചു.

ജയിൽ മോചിതനായി വലിയുപ്പ എത്തിയ വിശേഷങ്ങൾ കുട്ടിയായിരിക്കെ പൂമമ്മായി വിറയാർന്ന ശബ്ദത്തിൽ ചേർത്തു പിടിച്ച് പറഞ്ഞത് ഓർമ്മയിൽ ഓടിയെത്തി. ശിക്ഷാ കാലാവധി കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാണത്രെ അദ്ദേഹം നാട്ടിലെത്തിയത്. വലിയുപ്പാനെ തിരിച്ചറിഞ്ഞ് സുഹൃത്തുക്കൾ കൂടെക്കൂടി.  വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു. ദൂരെ നിന്ന് ഇടവഴി താണ്ടി വലിയുപ്പ നടന്ന് വരുന്നത് കണ്ടപാടെ വീട്ടിൽ നിന്ന് മക്കളും മരുമക്കളും ഓടിയെത്തി കെട്ടിപ്പിടിച്ചു. കുടുംബക്കാർ ആശ്ശേഷിച്ചു. വലിയുപ്പയുടെ കണ്ണുകൾ അപ്പോഴും ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. പ്രിയതമ വല്ല അസുഖവും ബാധിച്ച് കിടപ്പിലായിരിക്കുമെന്നാണ് അദ്ദേഹം കരുതിയതത്രെ. മുറ്റത്തെത്തിയ വലിയുപ്പ വല്ലിമ്മയുടെ പേര് നീട്ടി വിളിച്ചു. പിന്നെ അവിടെ  കൂട്ടക്കരച്ചിലാണ് ഉയർന്നത്. കോളറ ബാധിച്ച് നല്ലപാതി മരിച്ചതറിഞ്ഞ് അദ്ദേഹം സ്തബ്ധനായി. കുറേ നേരം തല താഴ്ത്തിയിരുന്ന് തേങ്ങിക്കരഞ്ഞു. മരിച്ചെന്ന് കരുതിയ ആൾ തിരിച്ചു വന്ന ആഹ്ളാദം വീട്ടിൽ സന്തോഷപ്പെരുമഴ തീർത്തു. വലിയുപ്പയുടെ മുഖത്ത് മാത്രം മ്ലാനത തളം കെട്ടി നിന്നു.

1933 ലാണ് അദ്ദേഹം ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയത്. അന്ന് വയസ്സ് 45. അരോഗ ദൃഢഗാത്രൻ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മൂന്ന് ആൺകുട്ടികളുള്ള ഭർത്താവ് മരിച്ച എൻെറ വലിയുമ്മയെ വിവാഹം ചെയ്തു. ആ ബന്ധത്തിലാണ് എൻെറ പിതാവും രണ്ട് അമ്മായിമാരും ജനിക്കുന്നത്. നല്ല കാലത്ത് 12 വർഷം ജയിലിലായിരുന്നതിനാൽ ജേഷ്ഠാനുജൻമാരെ പോലെ അദ്ധ്വാനിച്ച സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. കഷ്ടപ്പാടുകളുടെ നാളുകൾ മനക്കരുത്ത് കൊണ്ട് അദ്ദേഹം നേരിട്ടു. കേരളപ്പിറവിയുടെ നാളുകളിൽ വലിയുപ്പ അന്ത്യയാത്രയായി. കാട്ടിപ്പരുത്തി ജുമാമസ്ജിദിൻെറ ഖബർസ്ഥാനിലാണ് മറമാടിയത്. അധികം വൈകാതെ വലിയുമ്മയും മരിച്ചു. വലിയുപ്പയുടെ തൊട്ടടുത്തായി അവരെയും ഖബറടക്കി.

ബെല്ലാരി ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മനസ്സ് നിറയെ ഓർമ്മകളുടെ ഓളം അലതല്ലി. ജയിൽ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് അവരുമൊത്ത് ഫോട്ടോ എടുത്ത് പിരിഞ്ഞു. മടക്ക യാത്രയിൽ കാഴ്ചകൾ കാണാനേ തോന്നിയില്ല. കണ്ണിലും മനസ്സിലും കുഞ്ഞമ്മായിയുടെ മുഖവും രൂപവുമുള്ള സ്വാതന്ത്ര്യ സമര സേനാനിയായ പുരുഷ കേസരിയുടെ രൂപമാണ് തെളിഞ്ഞു നിന്നത്. സ്മരണകളുടെ ആകാശത്ത് ചിന്തകൾ വിഹരിക്കവെ എപ്പോഴോ ഉറക്കം കണ്ണുകളെ തഴുകി. രാത്രി നിർത്താതെ ഓടി 'ഗസലി'ൻെറ പടികടന്ന് കാറെത്തിയപ്പോൾ ഉറക്കമുണർന്നു. വീട്ടിലെ സഹായി സുരയുടെ കോഴി കൂവുന്ന ശബ്ദം കേട്ടാണ് പൂമുഖത്തേക്ക് കയറിയത്. വാച്ചിലേക്ക് നോക്കി. സമയം പുലർച്ച 5.30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top