08 December Friday

രാമേശ്വരത്തെ "സൂഫിയെ' തേടി ഒരു യാത്ര! - കെ ടി ജലീലിന്റെ തമിഴ്‌നാട്‌ യാത്രാക്കുറിപ്പ്‌ അവസാന ഭാഗം

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2023

രാമേശ്വരത്തിൻ്റെ മുക്കിലും മൂലയിലും കലാമിൻ്റെ ഗന്ധം അനുഭവപ്പെട്ടു. അദ്ദേഹം സൈക്കിളിൽ പത്രം വിറ്റ് നടന്ന തെരുവിലൂടെ ഞങ്ങൾ നടന്നു. കലാമിൻ്റെ വീടിനടുത്തുള്ള കൊച്ചുമക്കാനിയിൽ നിന്ന് ചായ കുടിച്ചു. രാവിലെ പോയത് എ പി ജെ അബ്‌ദുൽ കലാമിൻ്റെ ശവകുടീരം സന്ദർശിക്കാനാണ്. ഡോ. കെ ടി ജലീലിന്റെ തമിഴ്‌നാട്‌ യാത്രാക്കുറിപ്പുകൾ അവസാനഭാഗം.

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പ്രസിദ്ധമായ പട്ടണമാണ് രാമേശ്വരം. ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന ദ്വീപിലാണ് രാമേശ്വരത്തിൻ്റെ കിടപ്പ്. ഹൈന്ദവ വിശ്വാസികളുടെ പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം. ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി ലോകം മുഴുവൻ കീർത്തി കേട്ട ഡോ: എ പി ജെ അബ്‌ദുൽ കലാമിൻ്റെ ജന്മസ്ഥലവും കൂടിയാണിത്. ഞങ്ങൾ ഒരു രാത്രി താമസിച്ചത് രാമേശ്വരത്താണ്. അബ്‌ദുൽ കലാമിൻ്റെ എഴുത്തിലൂടെ ചിരപരിചിതമായ രാമേശ്വരം ക്ഷേത്രവും രാമേശ്വരം തെരുവും ബീച്ചും കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്‌തി എവിടെനിന്നൊക്കെയോ തിരമാല കണക്കെ മനസ്സിലേക്ക് പതച്ചെത്തി. രാമേശ്വരത്തിൻ്റെ മുക്കിലും മൂലയിലും കലാമിൻ്റെ ഗന്ധം അനുഭവപ്പെട്ടു. അദ്ദേഹം സൈക്കിളിൽ പത്രം വിറ്റ് നടന്ന തെരുവിലൂടെ ഞങ്ങൾ നടന്നു. കലാമിൻ്റെ വീടിനടുത്തുള്ള കൊച്ചുമക്കാനിയിൽ നിന്ന് ചായ കുടിച്ചു. രാവിലെ പോയത് എ പി ജെ അബ്‌ദുൽ കലാമിൻ്റെ ശവകുടീരം സന്ദർശിക്കാനാണ്.

രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമ്മിച്ച സ്ഥലമായാണ് രാമേശ്വരം ചരിത്രത്തിൽ ഇടം നേടിയത്. രാമേശ്വരം ക്ഷേത്രത്തിൻ്റെ മുന്നിലൂടെ എന്നും മദ്രസ്സയിലേക്ക് പോയിരുന്ന കലാം. ബ്രാഹ്മണ സമുദായത്തിൽ പെടുന്ന കുട്ടികൾ ക്ഷേത്രത്തിനടുത്ത പൂണൂലിട്ട അദ്ധ്യാപകൻ്റെ വീട്ടിൽ കണക്ക് പഠിക്കാൻ പോയി തിരിച്ചു വരുന്നത് പലപ്പോഴും കണ്ടു. അപ്പോഴാണ് പത്ര വിതരണക്കാരൻ പയ്യൻ്റെ ഉള്ളിൽ ഒരു മോഹം മൊട്ടിട്ടത്. തനിക്കും അവരുടെ കൂട്ടത്തിൽ ഒരാളാവണം. ഉപ്പയോട് ആഗ്രഹം പങ്കുവെച്ചു. പള്ളിയിലെ ജോലിക്കാരനായ സൈനുൽ ആബിദ് തൻ്റെ മകൻ്റെ മോഹം പൂവണിയിക്കാൻ മനമില്ലാ മനസ്സോടെ ആ "നമ്പൂരിമാഷെ" സമിപിച്ചു. മകൻ്റെ പഠിക്കാനുള്ള താൽപര്യം അറിയിച്ചു. കേൾക്കേണ്ട താമസം മാഷ് സമ്മതം മൂളി. ഒറ്റ വ്യവസ്ഥയേ ഉണ്ടായിരുന്നുള്ളൂ. പുലർച്ചെ 5.30 ന് എത്തണം.

പ്രഭാത പ്രാർത്ഥന കഴിഞ്ഞ് പിതാവ് മകൻ്റെ കയ്യും പിടിച്ച് ക്ഷേത്രനടയോട് ചേർന്ന അഗ്രഹാരത്തിൽ എത്തിച്ചു. അന്ന് തൻ്റെ ആഗ്രഹത്തിന് ''നമ്പൂരി മാഷ്" ചാരുത പകർന്നില്ലായിരുന്നെങ്കിൽ ഭാരതത്തിന് ഒരു 'കലാമി'നെ ലഭിക്കുമായിരുന്നില്ല. അബ്‌ദുൽകലാം നന്ദിയോടെ അനൽപ്പമായ ആദരവോടെ തൻ്റെ ആദ്യത്തെ ഗുരുവിനെ പലയിടങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്. ആ ക്ഷേത്രവും അഗ്രഹാരവുമെല്ലാം രമേശ്വരത്തെത്തിയപ്പോൾ സ്‌മൃതിപഥങ്ങളിൽ തെളിഞ്ഞുവന്നു. അറിയാതെ വിശാലമനസ്‌കനായ "നമ്പൂരി മാഷ്ടെ" ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് കുനിഞ്ഞു.

രാവിലെ ഉടുത്തൊരുങ്ങി ആദ്യം പോയത് കലാമിൻ്റെ അന്ത്യവിശ്രമ സ്ഥലം സ്ഥിതി ചെയ്യുന്ന സ്‌മാരകത്തിലേക്കാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയമാണ് സ്‌മാരക മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ഭംഗിയായും വൃത്തിയായും അത് പരിപാലിച്ചു പോരുന്നുണ്ടെന്ന് അവിടെ എത്തുമ്പോൾ തന്നെ ബോദ്ധ്യമാകും. ഇന്ത്യൻ പ്രസിഡണ്ടായ കലാം അമേരിക്കൻ പ്രസിഡണ്ടായ ബറാക് ഒബാമയെ ഹസ്‌തദാനം ചെയ്യുന്ന ഫോട്ടോയോട് കൂടിയാണ് മ്യൂസിയത്തിലെ കാഴ്ചകളുടെ തുടക്കം.  ഇരുവരുടെയും നിഷ്‌കളങ്കമായി ചിരിച്ചു നിൽക്കുന്ന മുഖം ആരെയും ആകർഷിക്കും.

ലോകനേതാക്കളുമൊത്തുള്ള കലാം സാറിൻ്റെ കൂടിക്കാഴ്ചകളുടെ മനോഹരമായ മുഹൂർത്തങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതിൻ്റെ ദൃശ്യാവിഷ്കാരം സുന്ദരമാണ്. കാഴ്ചകളിൽ ലയിച്ച് പൊടുന്നനെയാണ് അബ്ദുൽകലാമിൻ്റെ ഖബറിടത്തിൽ എത്തിയത്. സൂഫികളുടെ ഖബർ പോലെ ഒരടി ഉയരത്തിൽ കെട്ടി ഉയർത്തി രണ്ട് ഭാഗത്തും മീസാൻ കല്ലുകൾ വെച്ച് വർണ്ണപ്പൊലിമയുള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു. അൽപ്പനേരം അവിടെ നിന്ന് കലാമിൻ്റെയും ഞങ്ങളുടെയും പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ചു.

കലാം ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം അവിടെ ചില്ലിട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കിടപ്പുമുറിയിൽ നിന്ന്   ലഭിച്ചവയുടെ കൂട്ടത്തിൽ ഇസ്തിരിയിട്ട് വെച്ച വെള്ള ഡബിൾ തുണിയും കോട്ടും പേനയും ചുവന്ന മുസല്ലയുമെല്ലാം ഉൾപ്പെടുന്നു. അദ്ദേഹത്തിന് ലഭിച്ച ഭാരതരത്നവും പത്മവിഭൂഷണും പത്മഭൂഷണും മറ്റു ലോക അംഗീകാര മുദ്രകളും ഗ്ലാസ് അലമാരിയിലിരുന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. ഫോട്ടോയിൽ കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് ഇവയെല്ലാം കാണുന്നത് ആദ്യമായാണ്.

എല്ലാം കണ്ടിറങ്ങുമ്പോൾ കലാം തൻ്റെ മാതാവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഓർമ്മയിൽ വന്നത്. പട്ടിണി കൂടപ്പിറപ്പായ ചെറുപ്പകാലം. ഉമ്മ ചപ്പാത്തി ചുട്ട് മക്കൾക്ക് വീതം വെച്ച് നൽകും. കൂടപ്പിറപ്പുകൾ കാണാതെ കൂട്ടത്തിൽ ദുർബലനായ കലാമിന് ഒരു ചപ്പാത്തി കൂടുതൽ നൽകും. സഹോദരൻമാരിലാരോ ഉമ്മയുടെ ''പക്ഷപാതിത്വം" കണ്ടു പിടിച്ചു. നീ തിന്നുന്ന അധിക ചപ്പാത്തി ഉമ്മാക്കുള്ളതിൽ നിന്നാണ് തരുന്നതെന്ന് ആ കൊച്ചുകുട്ടി സഹോദരൻ വെളിപ്പെടുത്തിയപ്പോഴാണ് അറിയുന്നത്. ഉമ്മയുടെ ഒട്ടിയ വയർ നോക്കി അവൻ പിന്നീടുള്ള രാത്രികളിൽ ഒരുപാട് കരഞ്ഞു. മെലിഞ്ഞൊട്ടിയ ഉമ്മയുടെ വയറാണ് തൻ്റെ എല്ലാ വിജയത്തിൻ്റെയും നിതാനമെന്ന് കലാം പലയിടങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്. ഡോ:എ.പി.ജെ. അബ്ദുൽ കലാം കേവലമൊരു മനുഷ്യനായിരുന്നില്ല. രാമേശ്വരത്തെ യഥാർത്ഥ സൂഫിയായിരുന്നു! ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ പകർന്ന ശരിയായ സന്യാസി!.

അദ്ദേഹം ജനിച്ചു വളർന്ന വീട്ടിലും പോയി. ഓലമേഞ്ഞ വീട് റിട്ടയർമെൻ്റിന് ശേഷം കിട്ടിയ പണം കൊണ്ടാണ് ഇന്ന് കാണും വിധം പുതുക്കിപ്പണിതത്. അതിൻ്റെ താഴ്ഭാഗത്ത് മൂത്ത സഹോദരൻ്റെ മക്കൾ താമസിക്കുന്നു. മുകളിലത്തെ നിലകൾ കലാമിൻ്റെ ഓർമ്മസ്ഥലങ്ങളായി നില നിർത്തിയിട്ടുണ്ട്. കലാമിൻ്റെ പുസ്‌തകങ്ങളുടെ വിൽപനയും അദ്ദേഹത്തിൻ്റെ ഫോട്ടോ പതിച്ച കീ ചെയ്നുകളും കലാമിൻ്റെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന അലങ്കാര വസ്‌തുക്കളുമെല്ലാം അവിടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. കുടുംബക്കാർ കൂടി ഉണ്ടാക്കിയ കലാം ഫൗണ്ടേഷനാണ് ഇതെല്ലാം നടത്തുന്നത്. കേഷ്യറുടെ കസേരയിൽ ഇരുന്നിരുന്നത് കലാം സാറിൻ്റെ സഹോദരിയുടെ മകനാണ്. വീടിനോട് തൊട്ടരുമ്മി ഒരു ചെറിയ പള്ളിയും നിൽപ്പുണ്ട്. കലാം തൻ്റെ വീട് പുതുക്കിപ്പണിതപ്പോൾ ആ കൊച്ചു പള്ളിയും നവീകരിച്ചു. അവിടെയാണ് കലാമിൻ്റെ ഉപ്പ ബാങ്ക് കൊടുത്തും പ്രാർത്ഥനക്ക് നേതൃത്വം നൽകിയും ജീവിച്ചത്. ആ കൊച്ചു മസ്‌ജിദ് അവർക്ക് വീട് തന്നെയായിരുന്നു.

ഇന്ത്യയുടെ വാലറ്റത്ത് ചെന്നു നിന്ന് നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് കുറച്ചു സമയം നിന്നു. ശ്രീലങ്കയിലേക്ക് 50 കിലോമീറ്റർ ദൂരമേ ധനുഷ്കോടിയിൽ നിന്നുള്ളൂ. വളാഞ്ചേരിക്കടുത്ത മൂന്നാക്കൽ സ്വദേശികളെ അവിടെ വെച്ച് കണ്ടുമുട്ടി. അവരുമൊത്ത് ഫോട്ടോ എടുത്ത ശേഷം പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഏർവാടിയിലേക്ക് പുറപ്പെട്ടു.

മദീനയിലെ ഒരു തെരുവിൻ്റെ പേരായ "യർബദ്" ലോപിച്ചാണ് ഏർവാടി എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന ഒരു ഐതിഹ്യമുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കാലടി താലൂക്കിലെ കീളക്കര ടൗൺ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് ഇന്നത്തെ ഏർവാടി. അജ്‌മീർ കഴിഞ്ഞാൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന മുസ്ലിം തീർത്ഥാടന കേന്ദ്രം. ഖുതുബുസ്സുൽത്താൻ സയിദ് ഇബ്രാഹീം ശഹീദ് ബാദുഷയുടെ മഖ്ബറ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ചെറിയൊരു പട്ടണമാണെങ്കിലും തമിഴ്നാട്ടിലെ നികുതി വരുമാനത്തിലെ മുൻനിരയിൽ നിൽക്കുന്ന നഗരങ്ങളിൽ ഒന്നായി ഏർവാടി മാറിയത് അത്ഭുതകരമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ പതിനെട്ടാമത്തെ പൗത്രനായിരുന്നു അൽ ഖുതുബുൽ ഹാമിദ് സുൽത്താൻ സയ്ദ് ഇബ്രാഹിം ശഹീദ്. മദീനയിലെ ഭരണാധികാരികളുടെ കുടുംബത്തിൽ പിറന്ന അദ്ദേഹം മതപ്രബോധന ആവശ്യാർത്ഥം ഇന്ത്യയിലെ കണ്ണൂരിൽ കാല് കുത്തിയതായാണ് കരുതപ്പെടുന്നത്. പിന്നീട് ഏർവാടി എന്നറിയപ്പെടുന്ന ബൗദിരാമണിക്കപ്പട്ടണത്ത് എത്തുകയായിരുന്നു ആ സൂഫിവര്യൻ.

ഗേറ്റ് കടന്ന് ഏർവാടി ദർഗയുടെ അങ്കണത്തിൽ പ്രവേശിച്ചപാടെ പൊന്നാനിയിൽ നിന്നും തിരൂരിൽ നിന്നുമുള്ള ആളുകളെ കണ്ടു. ഞാൻ ആദ്യമായാണ് ഏർവാടിയിൽ പോകുന്നത്. ദർഗയുടെ ചുറ്റും പണിത ഷീറ്റിട്ട താൽക്കാലിക പന്തലുകളിൽ നിലത്ത് നിരവധി പേർ ഇരിക്കുന്നതും കിടക്കുന്നതും കാണാം. മാനസിക രോഗികളാണ് ഇവരിൽ വലിയൊരു ശതമാനവും. അവർക്ക് കൂട്ടിന് വന്നവർ വേറെയും. കഴിഞ്ഞ നാൽപ്പത്തിരണ്ട് വർഷമായി സുഖമില്ലാത്ത മകളെയും കൊണ്ട് ഏർവാടിയിലെത്തിയ ഒരു നിസ്സഹായനായ വൃദ്ധനെ പരിചയപ്പെട്ടു. 25 വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം നാട്ടിലേക്ക് പോയിട്ടേയില്ല. മകൾക്ക് കൂട്ടായി ഒപ്പമുണ്ട്. സുരക്ഷിതമായി കിടക്കാനിടവും ഭക്ഷണവും ദർഗയുടെ വകയായി കിട്ടും. സമാന രൂപത്തിൽ വർഷങ്ങളായി താമസിക്കുന്ന പാവം മനുഷ്യരാണ് അവിടെയുള്ളവരിൽ വലിയൊരു ശതമാനം. പലരും അസുഖം ഭേദമായി മടങ്ങുന്നുമുണ്ടത്രെ. മണൽതിട്ട രൂപത്തിലുള്ള ദർഗയുടെ വിശാലമായ മുറ്റം നേർച്ച മൈതാനം പോലെ തോന്നിക്കും.

ഞങ്ങൾ ദർഗ്ഗക്കകത്ത് കയറി പ്രാർത്ഥിച്ചു. നൂറുകണക്കിനാളുകളാണ് ഇരു കൈകളും മേൽപ്പോട്ടുയർത്തി പടച്ചവനോട് തേടുന്നത്. സയ്യിദ് സുൽത്താൻ ഇബ്രാഹിം ഷഹീദിൻ്റെ അദൃശ്യ സാന്നിദ്ധ്യം തങ്ങളുടെ പ്രാർസ്ഥനകൾക്ക് വേഗം ഉത്തരം കിട്ടുന്നതിന് സഹായിക്കുമെന്നാണ് അവിടെയെത്തുന്നവരിൽ 99% വും കരുതുന്നത്. ഖബർ സിയാറത്ത് (ശവകുടീര സന്ദർശനം) കഴിഞ്ഞ് കമ്മിറ്റി ഭാരവാഹികൾ ഞങ്ങളെ ഓഫീസിലേക്ക് ആനയിച്ചു. അവിടെ ഒരു അമേരിക്കക്കാരനെ പരിചയപ്പെട്ടു. കഴിഞ്ഞ ഒരാഴ്‌ചയായി അദ്ദേഹം അവിടെയുണ്ട്. ഓരോ ദിവസവും നിരവധി പേർക്കാണത്രെ അദ്ദേഹം ഭക്ഷണം കൊടുക്കുന്നത്. തീർത്ഥാടകരിൽ ഏതാണ്ട് പകുതിയിലധികം സ്ത്രീകളാണ്. എല്ലാം കണ്ട ശേഷം ഏർവാടിയോട് യാത്ര പറഞ്ഞിറങ്ങി. ദൈന്യമാർന്ന മനുഷ്യരുടെ കണ്ണീർ നനഞ്ഞ മുഖമായിരുന്നു ഉള്ള് നിറയെ.

കന്യാകുമാരിയിലെത്തി അസ്‌ത‌മയം കാണുന്നതോടെ അഞ്ചു ദിവസം നീണ്ടു നിന്ന 'ഓട്ടപ്പാച്ചിൽ' അവസാനിക്കും. വൈകുന്നേരം 5.45 നു തന്നെ ഞങ്ങൾ കന്യാകുമാരിയിലെത്തി. മഴക്കാറുള്ളതിനാൽ അസ്‌തമയം കണ്ടില്ല. സന്ധ്യ മയങ്ങും വരെ കടപ്പുറത്തിരുന്നു. തെരുവു വാണിഭക്കാരുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. കുട്ടികൾ കളിപ്പാട്ടങ്ങൾക്കായി കലപില കൂടുന്നു. ചെറുപ്പക്കാരും മുതിർന്നവരും തിരമാലകളുടെ സ്പർശമേൽക്കാൻ കടലിലിറങ്ങി നിൽക്കുന്നു. നോക്കെത്തും ദൂരത്തുള്ള വിവേകാനന്ദപ്പാറ നോക്കി നിൽക്കുന്നവരുടെ എണ്ണവും കുറവല്ല. ചിപ്പികൾ കൊണ്ടുണ്ടാക്കിയ വിവിധയിനം ഉൽപന്നങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട്. കുട്ടികൾ കുതിരപ്പുറത്ത് സവാരി ചെയ്യാൻ മൽസരിക്കുന്നു. നവമിഥുനങ്ങൾ കടല കൊറിച്ച് ഹണിമൂൺ തിമർക്കുന്നു. വൃദ്ധ ദമ്പതികൾ തിരക്കുകളിൽ നിന്നകന്ന് ഗതകാല സ്മ‌രണകൾ തലോടി മോണകാട്ടി ചിരിക്കുന്നു. മധ്യവയസ്കർ ഭൂതത്തെയും വർത്തമാനത്തെയും കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും മുഖത്ത് ആനന്ദ ലഹരി പ്രകടമാണ്. എവിടെയും മൂടിക്കെട്ടിയ മുഖങ്ങൾ കണ്ടില്ല. ഉള്ളവനും ഇല്ലാത്തവനും സന്തോഷത്തിൽ ആറാടുന്നത് കാണാൻ കന്യാകുമാരി ഉദയാസ്തമയ മുനമ്പിലെത്തിയാൽ മതി. കേരള ഹൗസിൻ്റെ മട്ടുപ്പാവിലിരുന്ന് ഉദയം കണ്ടാണ് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലേക്ക് തിരിച്ചത്. പതിവു ദിനചര്യയുടെ ഭാഗമായതോടെ നാടുകാണൽ യാത്രക്ക് തൽക്കാല വിരാമമായി. (അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top