24 April Wednesday

പാർവതി വാലി - ഹിമാചൽപ്രദേശിലെ പാർവതി വാലിയുടെ നിഗൂഢതകളിലേക്കൊരു യാത്ര

കെ ആർ അജയൻUpdated: Wednesday Feb 15, 2023

പാർവതി നദി

പാർവതി വാലിയുടെ നിഗൂഢതകളിലേക്ക് കെട്ടുമുറുക്കുമ്പോൾ ഒപ്പം കൂടിയതാണ് മുഷി. ഒടുവിൽ മടക്കയാത്രയ്ക്ക് വാഹനമേറുമ്പോൾ അനുഗമിച്ചുവന്ന്, തണുപ്പിനെ വകവയ്‌ക്കാതെ കാമുകിക്കുളിർ തന്നുപോയവൾ. ഈ കുറിപ്പ് പ്രിയപ്പെട്ടവളേ, നിനക്കാണ്. നായ്‌ക്കു‌ട്ടി എന്നതിനപ്പുറം ഞങ്ങളെ കരുതലോടെ കാത്തുനിന്ന നിനക്ക്.

ഭാഗം 1

കെ ആർ അജയൻ

കെ ആർ അജയൻ

നിശ്ശബ്‌ദ‌യായി അവൾ മുന്നിൽ നടക്കുകയാണ്. ഓരോ കുത്തുകയറ്റത്തിന്റെ തുടക്കത്തിലും പിന്തിരിഞ്ഞ് ഒന്നുനോക്കും. പിന്നെ കണ്ണുകളാൽ ആംഗ്യംകാണിച്ച് ദേഹമാകെ വിറപ്പിച്ച് ഒരു നിമിഷം നിൽക്കും.  ആ കണ്ണുകളിൽ ഒരു ചോദ്യമുണ്ട്, വരുന്നോ എന്റെ കൂടെയെന്ന്. കാടിനെ പിളർക്കുന്ന ഒരു ശബ്ദം മതി, അവൾ നിൽക്കും. പിന്നെ ആജ്ഞാ ശക്തിയോടെ കണ്ണുരുട്ടും. ആംഗലത്തിൽ പറഞ്ഞാൽ, ‘ഡോണ്ട് മൂവ്’. വഴി മുന്നിൽ പ്രശ്നരഹിതമാകുംവരെ അനക്കം ഉണ്ടാവില്ല.  കുറെക്കൂടി മുന്നിലേക്ക് പോയി  ‘റൂട്ട് ക്ലിയർ’ ആണോ എന്ന് നോക്കി തിരികെ ഒരു വരവുണ്ട്,  കമോൺ എന്ന് പറയാൻ.  മുഷീ, ഈ യാത്രയിൽ നീയാണ് എന്റെ പ്രണയം. പ്രിയ കാമുകീ വരൂ. നമുക്കൊന്ന് കറങ്ങി നടക്കാം.

മുഷി– ഈ യാത്രയിൽ ഒരിക്കലും മറക്കാൻ പറ്റാത്തവൾ.  അൾസേഷ്യൻ വർഗത്തിൽ പിറന്ന അവൾ നായ്ക്കുട്ടിയല്ല, എല്ലാ പ്രണയിനികൾക്കും അപ്പുറത്തേക്ക് വളർന്നു പന്തലിച്ചവൾ.  ഒരു റൊട്ടിക്കഷണം നീട്ടുമ്പോൾ നാവ്‌ തൊടാതെ ചുറ്റും ഒന്ന് കണ്ണോടിക്കും. ആരെങ്കിലും കഴിക്കാതെ ഉണ്ടോ എന്ന്. പരിഭവം നിറഞ്ഞ കണ്ണുകൾ. ഒടുവിൽ എല്ലാവരും കഴിച്ചുനിർത്തുമ്പോൾ ആദ്യം അവൾ എച്ചിലിലേക്ക് നോക്കും.  അതിൽ ആഴ്ന്നിറങ്ങി അതുമുഴുവൻ അമ്മയെപ്പോലെ കഴിക്കും. പിന്നെ അവൾക്കായിവച്ച റൊട്ടിക്കുമുന്നിൽ വെറുതെ വന്നിരിക്കും.

എല്ലാവരും അവരവരുടെ ലോകത്തിലേക്ക് മടങ്ങുമ്പോൾ വേസ്റ്റാക്കണ്ട, ഞാൻ തന്നെ തന്നേക്കാം എന്ന രീതിയിൽ  തിന്നുതുടങ്ങും.  പാർവതി വാലിയുടെ നിഗൂഢതകളിലേക്ക് കെട്ടുമുറുക്കുമ്പോൾ ഒപ്പം കൂടിയതാണ് മുഷി. ഒടുവിൽ മടക്കയാത്രയ്ക്ക് വാഹനമേറുമ്പോൾ അനുഗമിച്ചുവന്ന്, തണുപ്പിനെ വകവയ്ക്കാതെ കാമുകിക്കുളിർ തന്നുപോയവൾ.

ഈ കുറിപ്പ് പ്രിയപ്പെട്ടവളേ, നിനക്കാണ്. നായ്ക്കുട്ടി എന്നതിനപ്പുറം ഞങ്ങളെ കരുതലോടെ കാത്തുനിന്ന നിനക്ക്. അപ്രതീക്ഷിതമാണ് ഈ യാത്ര. ഹിമാചൽപ്രദേശിലെ പാർവതി വാലിയിൽ ഒന്ന് കറങ്ങണമെന്ന് മനസ്സ് പൂവിട്ടിട്ട് നാളൊരുപാടായി. സ്പിത്തിയും ലഹൂളുമൊക്കെ കയറിയിറങ്ങിയപ്പോഴും പാർവതി വാലി പ്രണയാതുരമായ നിരാശയായിരുന്നു. മുരുകയണ്ണന് (പി വി മുരുകൻ) ഹിമാലയം കയറിയേ പറ്റൂ. അത് ജനറ്റിക്കൽ പ്രോബ്ലം എന്ന് ഞങ്ങൾ തമാശയ്ക്കുപറയും.  ആരും ഇല്ലെങ്കിലും നമുക്ക് പോയാലോ എന്നായി അയാൾ.

മുഷി

മുഷി

കോവിഡ് കാലം  ഞങ്ങളുടെ യാത്രയെ വല്ലാതെ തളർത്തിയിട്ടുണ്ട്.  ഹാറൂണിനെ വിളിച്ചു, വരുന്നോ എന്ന് ചോദിക്കാൻ. അവൻ യാത്ര ഉറപ്പാക്കി.  കുറേ കഴിഞ്ഞപ്പോൾ അളിയന്റെ (കെ ശ്രീകണ്ഠൻ) വിളി വരുന്നു.  ‘ഡേയ്, ഞാനും നിങ്ങളുടെ കൂടെയുണ്ട്’. തമാശയെന്ന് ആദ്യം കരുതി. പക്ഷേ അളിയൻ  സീരിയസ്.  ‘ഡേയ് നിന്റേം മുരുകന്റേം കൂടെ ഒന്ന് ഹിമാലയം കാണണം’. ഞാൻ മുരുകനെ വിളിച്ചു. ആദ്യം ഹിമാലയ യാത്രക്കാർക്ക് പാർവതി വാലി അത്രയെളുപ്പമല്ല. പക്ഷേ ശ്രീകണ്ഠന്  വന്നേ പറ്റൂവെന്ന് വാശി.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന തീവണ്ടിയിൽ ഇരിക്കുമ്പോൾ ഞങ്ങളുടെ ആശങ്ക ശ്രീകണ്ഠനെക്കുറിച്ചായിരുന്നു.

ഞാനും മുരുകനും, ചെന്നൈയിൽ ഒപ്പംചേരുന്ന ഹാറൂണും നിരവധി ഹിമാലയ യാത്ര നടത്തിയിട്ടുണ്ട്. അതുപോലെയല്ല ശ്രീകണ്ഠൻ.  ഞങ്ങളുടെ യാത്രാപദ്ധതി  അത്രത്തോളം കഠിനമായതിനാൽ ഉള്ള ഉത്‌കണ്ഠ. രാവിലെ 10. 40 ന് ചെന്നൈയിൽനിന്ന് ചണ്ഡീഗഢിലേക്ക് വിമാനം. ഒമ്പതുമണിക്കെങ്കിലും വിമാനത്താവളത്തിൽ എത്തണം. തീവണ്ടി എത്തിയത് 8.30ന്. റിട്ടയറിങ് റൂമിൽ കക്കൂസ് അടിക്കാൻ ഉള്ളവരുടെ ക്യൂ.

ഇത്രയും പ്രശസ്തമായ തീവണ്ടി സ്റ്റേഷനിൽ രണ്ട് കക്കൂസും ഒരു കുളിമുറിയുംമാത്രം. എങ്ങനെയോ പ്രഭാതകർമങ്ങൾ നിർവഹിച്ച് ഞങ്ങൾ പുറത്തിറങ്ങി. ഓരോ ഇഡ്ഡലി പ്ലേറ്റും വാരി വിഴുങ്ങി മെട്രോയിൽ  വിമാനത്താവളത്തിൽ ചെന്നുകേറുമ്പോൾ പത്തുമണി. ഹാറൂൺ അതിനുമുമ്പേ വിമാനത്താവളത്തിലെത്തി. മിക്കവാറും വിമാനയാത്ര മുടക്കുന്ന അവൻ അന്ന് പെർഫെക്ട്.  (മുടക്കിയ യാത്ര പിന്നാലെ പറയാം). ചെക്കിങ് കഴിഞ്ഞ് ആകാശമാർഗം 12 മണിക്ക് ചണ്ഡീഗഢിൽ.

ചണ്ഡീഗഢിൽ ഒരു നിമിഷവും കളയാതെ ഞങ്ങൾ ഒരു ബസിൽ സ്ഥലം പിടിച്ചു, മൊഹാലിയിലേക്ക്. 7–8 കിലോമീറ്ററേയുള്ളൂ അവിടേക്ക്. അരമണിക്കൂറിൽ ബസ്‌സ്റ്റാൻഡിലെത്തി. സ്റ്റാൻഡിനോട് ചേർന്ന് മുകളിൽ റിട്ടയറിങ് റൂമുണ്ട്. രാത്രിവരെ ബാഗുകൾ ഇറക്കിവയ്ക്കാനും ഒന്ന് ഫ്രഷാവാനും അതിലൊന്ന് തരപ്പെടുത്തി. രാത്രി 10.30 ന് ബുന്ദറിലേക്ക് ബസുണ്ട്. പിറ്റേന്ന് പുലർച്ചെയെത്തുംവിധം ടിക്കറ്റും ഉറപ്പാക്കി.

ബസ്സ്റ്റാൻഡിൽതന്നെ കുഴപ്പമില്ലാത്ത ഭക്ഷണം കിട്ടുന്ന റസ്‌റ്റോറന്റുണ്ട്. അവിടെ കേറി എന്തോ കഴിച്ചു.  പിന്നെ ഒരു ഓട്ടോറിക്ഷയിൽ മൊഹാലി പട്ടണം കാണാനിറങ്ങി. മൊഹാലി മാർക്കറ്റിലേക്കെത്തുംമുമ്പ് ഒരു ഗുരുദ്വാര വഴിയിവിടെയെവിടെയോ കണ്ടു. വഴിയോര കച്ചവടക്കാരുടെ തിരക്കിനിടയിലൂടെ മൊഹാലി കൺട്രി മാർക്കറ്റിലേക്ക് നടന്നു.

  ഒരു സൂപ്പർ ബസാറിന്റെ ലക്ഷണമാണ് ചുറ്റിലും. ചിത്രമെടുക്കാൻ ശ്രമിച്ചപ്പോൾ ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ച് തുറിച്ചുനോക്കി. യാത്രാത്തുടക്കം ആയതിനാൽ സാധനങ്ങളൊന്നും വാങ്ങിയില്ല. കഠിനമായ നടത്തം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്  ഉള്ളതിനാൽ അത്രയും ഭാരംകൂടി ചുമലിൽ ഏറ്റേണ്ടെന്ന് വിചാരിച്ചു.

മൊഹാലി മാർക്കറ്റിലെ കച്ചവടക്കാരൻ

മൊഹാലി മാർക്കറ്റിലെ കച്ചവടക്കാരൻ

മാർക്കറ്റിനരികിലെ മരച്ചുവട്ടിൽ ഇരുന്ന് സിഗരറ്റ് കൊളുത്തുമ്പോൾ ഒരു തലേക്കെട്ടുകാരൻ പഞ്ചാബി അടുത്തുവന്നു. അത് ഗുരുദ്വാര പരിസരമാണ് പുകവലിക്കരുതെന്ന് മുന്നറിയിപ്പുനൽകി. സിഗരറ്റ് കുത്തിയണച്ച് വേസ്റ്റ്ബിന്നിനു സമ്മാനിച്ചു. 

ഇത്തിരി കഴിഞ്ഞപ്പോൾ തലേക്കെട്ടുകാരൻ വിളിക്കുന്നു. ‘ആപ്കേ പാസ് ലൈറ്റർ ഹെ?’ചുരുട്ടിന്റെ വലിപ്പമുള്ള ബീഡിയും കൈയിൽവച്ചാണ് സർദാർജിയുടെ നിൽപ്പ്. ബീഡി ഒന്ന് തരുമോയെന്ന് എന്റെ ചോദ്യം. അടിവസ്ത്ര പോക്കറ്റിൽനിന്ന് ഒരു നീണ്ട ബീഡിക്കവർ പുറത്തെടുത്ത് അതിൽ ഒന്നുതന്നു. 

പിന്നെ ഞങ്ങൾ ഭായി, ഭായി. അയാളാണ് മൊഹാലി മാർക്കറ്റിന്റെ രഹസ്യം പറഞ്ഞത്.  മൊഹാലി ഒരു ലഹരി വിനിമയ കേന്ദ്രമത്രേ. ഇരുപതിലേറെ ലഹരി പോക്കുവരവ് കേന്ദ്രങ്ങൾ അവിടെയുണ്ട്. തൊട്ടടുത്ത ജില്ലകളിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും ലഹരി ഒഴുകുന്ന വഴികൾ. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണ കേന്ദ്രമാണ് ഇവിടം. ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്‌ തുടങ്ങിയ ഇടങ്ങളിലേക്ക് എല്ലാം ലഹരി നിറയ്ക്കുന്നത് ഇവിടെ നിന്നാണ്.

മൊഹാലി മാർക്കറ്റ്‌

മൊഹാലി മാർക്കറ്റ്‌

അതുമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളെ വലയിലാക്കുന്ന റാക്കറ്റുകളുമുണ്ട്.  ലഹരിക്കടത്തിന്റെ കാരിയർമാരായി  അവരെ ഉപയോഗിക്കും. യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ നവംബർ നാളുകളിലൊന്നിൽ ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്ത വായിക്കുമ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. പിടിയിലായവരിൽ നിരവധി മലയാളികളും തമിഴ്നാട്ടുകാരുമുണ്ടായിരുന്നു.

രാത്രി 10.30നുള്ള  ബുന്ദർ ബസിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. മുറിയിൽനിന്ന് റുഗ്സാക്കുകൾ തോളിൽ കയറ്റി പുറത്തിറങ്ങുമ്പോൾ ഹാറൂണിനെ കാണാനില്ല. ഫോണിൽ കിട്ടുന്നുണ്ട്. ബസ്‌സ്റ്റാൻഡിന്റെ ഏതോ സൈഡിൽ വണ്ടി കിടപ്പുണ്ടെന്നും അവിടെ എത്താനുമായിരുന്നു അവന്റെ നിർദേശം.  പലവഴിയിൽ ഞങ്ങൾ മാറിമാറി സഞ്ചരിച്ചിട്ടും ബസ് കണ്ടെത്താനായില്ല. അവശരായി ഒടുവിൽ തിരികെ ബസ്‌സ്റ്റാൻഡിൽതന്നെ വന്നിരുന്നു. ഹാറൂണിനെയുംകൊണ്ട് വണ്ടി ഏതോ വഴികളൊക്കെ ഓടി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ വിയർത്തൊലിച്ച് അവൻ മുന്നിൽ വന്നുനിൽക്കുന്നു. തനി തിരുവന്തോരം ഭാഷയിൽ ഞാൻ കുറേ തെറി പറഞ്ഞു, പിണങ്ങി.  ഹാറൂൺ യാത്ര അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച്, എല്ലാം ഇട്ടെറിഞ്ഞ്  അവന്റെ വഴിക്കുപോയി. എനിക്കും മുരുകനും ഇത് ആദ്യ അനുഭവമല്ലാത്തതിനാൽ ഞങ്ങൾ കാര്യമാക്കിയില്ല.

ബുന്ദറിലേക്ക് അവസാനവണ്ടിയിൽ ടിക്കറ്റ് ഉറപ്പിച്ച ഞങ്ങൾ ബസ്‌സ്റ്റാൻഡിൽ ഇരുന്നു.

മൊഹാലി ബസ്‌സ്‌റ്റാൻഡ്‌ പരിസരം

മൊഹാലി ബസ്‌സ്‌റ്റാൻഡ്‌ പരിസരം

പാതിരാത്രിയായി. ബസിൽ കയറുമ്പോൾ എന്റെ തൊട്ടടുത്ത സീറ്റിൽ ഹാറൂണുമുണ്ട്.  നീരസം പ്രകടിപ്പിച്ച് ഞാൻ മൗനമായിരുന്നു.  ബസിന്റെ ഓട്ടത്തിനൊപ്പം ഞങ്ങളുടെ ഹൃദയങ്ങളും സഞ്ചരിക്കുന്നു. കുറേക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ‘നീ ഞങ്ങൾക്ക് ഒപ്പം ഉണ്ടോ?’ എന്തോ പറഞ്ഞുനിർത്തുമ്പോൾ അവന്റെ കണ്ണുനിറയുന്നു.

ഞാൻ അവനെ ചേർത്തടുപ്പിച്ചു. യാത്രയിലെ പ്രണയമെന്ന്‌ പറയുന്നത് അതാണ്. തിരികെ ദില്ലി കേരള ഹൗസിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവനെ വാഹനം കയറ്റുംവരെ  ആ പ്രണയത്തിന്റെ നോവുണ്ടായിരുന്നു.  ഈ യാത്ര അവൻ കൂടെ ഇല്ലായിരുന്നെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന എന്തോ ആയിരുന്നു. ഞങ്ങളെയും പേറിയുള്ള ബസ് പുലർച്ചെ ബുന്ദറിന്റെ  മണ്ണിനെ ചുംബിച്ചു.

തീരെ മോശമല്ലാത്ത തണുപ്പുണ്ട്.  എന്നാലും ഇന്നറിനും സ്വെറ്ററിനും താങ്ങാവുന്നതാണ്‌.  ഞങ്ങൾ യാത്രികരാണെന്ന് കണ്ടതിനാൽ ടാക്സിക്കാർ വളഞ്ഞു. മണികരണിലേക്കാണ് പോകേണ്ടത്. ചോദിക്കുന്ന ടാക്സി വാടക ഓരോരുത്തർക്കും തോന്നുംപോലെ. അവിടേക്ക് ബസുണ്ട്. 200 രൂപക്ക് താഴെയാണ് ടിക്കറ്റ്. 9 മണിക്ക് ശേഷമാണ് ബസ്. അതുവരെ ആ തണുപ്പിൽ പിടിച്ചുനിൽക്കാൻ പ്രയാസമാണ്. ഹാറൂണിന്റെ സുഹൃത്ത്‌ പാർവതി വാലിയിൽ ഹോംസ്റ്റേ നടത്തുന്ന സന്തോഷിനെ മൊബൈലിൽ വിളിച്ചു.

(സന്തോഷ് എന്നത് വ്യാജനാമം. ഒരു കാരണവശാലും തന്റെയൊ സ്ഥാപനത്തിന്റെയോ പേര് എഴുത്തിൽ പരാമർശിക്കരുതെന്ന് അയാൾക്ക് നിർബന്ധം). 2000 രൂപയ്ക്ക് ടാക്സി കിട്ടുമെന്നും സ്റ്റാൻഡിൽനിന്ന് ഇത്തിരി നടന്നാൽ മതിയെന്നും താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സന്തോഷ് തിരിച്ചറിയിച്ചു. പാതിയുറക്കവും മഞ്ഞിൻകുളിരും ഉള്ളിലേറ്റി അരകിലോമീറ്ററോളം നടന്നു. ഒരു പാലത്തിന്റെ അരികിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. താഴെ വഴിയിൽ ടാക്സി കിടപ്പുണ്ട്. എല്ലാം വാരിക്കേറ്റി മാരുതി സ്വിഫ്ടിൽ ഞങ്ങൾ കുന്നിൻ മുകളിലേക്ക് യാത്ര തുടങ്ങുന്നു. മഞ്ഞിൽ പൊടിപിടിച്ച ഗ്രാമങ്ങളിലൂടെയാണ് യാത്ര.

 ഇടത്തേ വശത്ത് അത്യഗാധമായി പാർവതി നദി ഒഴുകുന്നു. ചിലയിടത്ത് ‘വരൂ’ എന്ന് ക്ഷണിച്ച് തൊട്ടരികത്തും. ബദോഗി എന്ന ഗ്രാമത്തിൽ അഞ്ചുമിനിറ്റ് വാഹനം നിർത്തി. പാർവതി സുന്ദരിയായി മുന്നിൽ. അങ്ങ് ചൈനയിയിലേക്ക് ഒഴുകാനുള്ള തിരക്കിലാണ്. ബിയാസ് നദിയിൽ ചേരാനുള്ള തിടുക്കം. നഷ്ടപ്രണയങ്ങളുടെ ഓർമയും പേറിയാണ് പാർവതിയുടെ യാത്ര. പിൻ പാർവതി പാസിനുതാഴെ മാന്തലേ ഗ്ലേഷിയറിൽനിന്ന് ഉരുവംകൊണ്ടെങ്കിലും വഴിക്കിടയിൽ എത്രയോ കാമുകന്മാരും കാമുകിമാരും പാർവതിൽ ചേർന്നൊഴുകി. ഇനി ലഹരിയുടെ ഉന്മാദവുമായി മലാന നദിയും കൂടെച്ചേരാനുണ്ട്. വളഞ്ഞുപുളഞ്ഞ്  കരകളോട് എല്ലാ പ്രണയവും പങ്കുവച്ച് മണികരണിൽ എത്തുമ്പോൾ പാർവതിയുടെ കഥ മാറുന്നു. അതൊരു ഗ്രാമീണ കഥ.

മലാന ഗ്രാമം

മലാന ഗ്രാമം

 ഹിമവൽ പുത്രിയായ പാർവതിയുടെ ഹണിമൂൺ ലോകമായിരുന്നുവത്രേ ഈ കുന്നും താഴ്വരകളും. പരമശിവന്റെ രതിച്ചൂടിൽ പാർവതി ഉരുകിയൊലിക്കുന്ന ഘട്ടം വന്നു.  നിവൃത്തിയില്ലാതെ ഒരുനാൾ എല്ലാം പൊട്ടിച്ചെറിഞ്ഞ് അവൾ തണുത്തുറഞ്ഞു. രതിച്ചൂട് അപ്പോഴും അരികിൽ ഒഴുകിക്കൊണ്ടേയിരുന്നു. അത് ഇപ്പോഴും തുടരുന്നു.

സൂര്യൻ പടിഞ്ഞാറ് യാത്ര തുടങ്ങിയിട്ടേയുള്ളൂ, ഞങ്ങളെപ്പോലെ. സർസാദി എന്ന ഗ്രാമത്തിലാണ് ഞങ്ങളിപ്പോൾ. നദിക്കരെ ഒരു ഗ്രാമമുണ്ട്. ഇങ്ങേക്കരയിലെ റസ്‌റ്റോറന്റിൽ പ്രഭാത ഭക്ഷണത്തിനായി ഇരുന്നു. ചരുവിൽ ഗർഭംപേറി ആപ്പിൾ മരങ്ങൾ വിറങ്ങലിച്ചുനിൽക്കുന്നു. അതിനിടയിൽ ലഹരി പൂത്ത് ചരസ് ചെടികൾ. ശാർത്തി എന്ന ഗ്രാമം പിന്നിട്ട് തണുപ്പിനെ കൂട്ടാക്കാതെ ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു.

ഇരുമ്പ് പാലം കടക്കുമ്പോൾ ജാറി ഗ്രാമമാണ്. പിന്നെ ദുൻഖാര. ഇരുട്ട് മായാത്ത റോഡാണ് മുന്നിൽ. പൈൻ മരക്കാടിന്റെ ഇരുണ്ട തണുപ്പിൽ മുന്നിൽ അപകടം നിറഞ്ഞവഴി.  കസോളിൽ എത്തിക്കഴിഞ്ഞു. യാത്രയിൽ പലവട്ടം കസോൾ കണ്ടു പരിചയിച്ചതിനാൽ കാര്യമായ താൽപ്പര്യം തോന്നിയില്ല.

ഹിമാചലിലെ പ്രത്യേകിച്ചും പാർവതി വാലിയിലെ ഒട്ടുമിക്ക കാൽനട യാത്രകളും തുടങ്ങുന്നത് കസോളിൽനിന്നാണ്. ഇസ്രയേലുകാർ ഏററവുമധികം വന്നുപോകുന്ന സഞ്ചാരയിടമായതിനാൽ കസോളിന് മിനി ഇസ്രയേൽ എന്ന വിളിപ്പേരുമുണ്ട്. ഇസ്രയേലി ഭക്ഷണ വിഭവങ്ങളും  അരിയിൽനിന്ന് നിർമിക്കുന്ന ബിയറുമെല്ലാം ഇവിടെ സുലഭമാണ്. ഒട്ടേറെ ഹിമാലയൻ പർവതങ്ങളെ നേരിൽക്കാണാൻ കഴിയുന്ന ഗ്രാമംകൂടിയാണ് കസോൾ.

മഴക്കാലം ചുംബിച്ചെടുത്തതിന്റെ ബാക്കിയും പേറി ഒരു ഗ്രാമം അക്കരെയുണ്ട്. അത് നോക്കി ഇരിക്കാൻ തോന്നിയില്ല. യാത്ര ഏതോ പാറമടയിലൂടെയാണ്. വണ്ടി ഒന്നുലഞ്ഞാൽ കുത്തിക്കേറാൻ നിൽക്കുന്ന പാറക്കത്തികൾ. എതിരെ വാഹനം വന്നതോടെയാണ് വഴിയിൽ മരണം ചങ്ങാതിയായത്. എത്രദൂരം ഞങ്ങൾ പിന്നോട്ട് പോയി എന്ന് നിശ്ചയമില്ല. വഴി സുഗമമായതോടെ വീണ്ടും മുന്നിലേക്ക്.

 ബർഷാനിയിലേക്കുള്ള വഴി

ബർഷാനിയിലേക്കുള്ള വഴി

പരമശിവനും പാർവതിയും മധുവിധു ആഘോഷത്തിന്റെ ഭാഗമായി ഹിമാലയം മുഴുവൻ ചുറ്റിത്തിരിഞ്ഞ്ഒരിക്കൽ ഇവിടെ എത്തി. പ്രകൃതി സൗന്ദര്യത്തിൽ മുഴുകി 11000 വർഷം താമസിച്ചത്രേ. രാസകേളിയിൽ ഏർപ്പെടുന്നതിനിടെ പാർവതിയുടെ കമ്മലിൽൽനിന്ന് ഒരു രത്നം വെള്ളത്തിൽ വീണ് അപ്രത്യക്ഷമായി.

മണികരൺ ഗുരുദ്വാരയുടെ കവാടം

മണികരൺ ഗുരുദ്വാരയുടെ കവാടം

രത്നം കണ്ടെത്താൻ ഭൂതഗണങ്ങളോട് പരമശിവൻ നിർദേശിച്ചു. എത്ര തിരഞ്ഞിട്ടും കിട്ടിയില്ല. കോപാകുലനായ ശിവൻ ഉഗ്രരൂപം പൂണ്ട് മൂന്നാം കണ്ണുതുറന്നു. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷയായ നൈനദേവി പാതാളത്തിൽ സർപ്പരാജനായ ശേഷന്റെ കൈയിൽ രത്നം ഉണ്ടെന്ന് അറിയിച്ചു. ഭയചകിതരായ ദൈവങ്ങൾ രത്നം തിരികെ നൽകണമെന്ന് ശേഷനോട് അഭ്യർഥിച്ചു. മനസ്സില്ലാമനസ്സോടെ എന്നാൽ കരാള ശബ്ദത്തിൽ ശേഷൻ പുറത്തേക്ക് ഊതി. അതിന്റെ ശക്തിയിൽ ഭൂമി പൊട്ടിപ്പിളർന്ന് ആയിരക്കണക്കിന് ചുടുനീർ ഉറവകൾ ഉയർന്നു. അവയിലൊന്നിൽനിന്ന് പാർവതിയുടെ രത്നവും പുറത്തുവന്നു. മണികരണിന്റെ ഐതിഹ്യം ഇങ്ങനെയാണ്.

ഉറക്കച്ചടവും  തോളിലെ റുഗ്സാക്കിന്റെ ഭാരവും കാരണം മണികരണിന്റെ വഴിയിലേക്ക് ഇറങ്ങുമ്പോൾ തന്നെ ഞാൻ ഒന്ന് തെന്നിവീണു. ഇടത്തെ കാലിലെ പെരുവിരലും വലത്തെ കൈമുട്ടും മുറിഞ്ഞ് ചോര ഒഴുകുന്നു. റുഗ്സാക്ക് കാരണം റോഡിൽ തല അടിച്ചില്ല.  ഒപ്പമുള്ളവർ താങ്ങി ഉയർത്തി നിർത്തി. തണുപ്പിനൊപ്പം അരിച്ചിറങ്ങുന്ന വേദന. എങ്കിലും മുന്നിലേക്ക് നടന്നു.

ഗുരുദ്വാരയിലേക്കുള്ള വഴിക്ക് ഇരുവശവും കാലിച്ചാണകം നിറഞ്ഞുകിടക്കുന്നു. ഒരു  ആശുപത്രിയുടെ ബോർഡ് കണ്ട് അങ്ങോട്ട് കയറിയെങ്കിലും പൂട്ടിയിരിക്കുകയാണ്. ഗുരുദ്വാര സാഹിബിലേക്ക് കടക്കുന്നത് പാർവതി നദിക്ക് കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെയാണ്. രാവിലെതന്നെ ജനത്തിരക്കുണ്ട്.  ഗുരുദ്വാരക്കുപിന്നിൽ ഒരു സ്റ്റേഹോം ഉണ്ട്. അവിടെ വൈകിട്ടുവരെ തങ്ങാനാണ് ഞങ്ങളുടെ പരിപാടി.  വാടകയ്ക്ക് ലഭിച്ച മുറിയുടെ തൊട്ടുതാഴെയാണ് ചൂടുവെള്ളം  നിറച്ച കുളം.  ബാഗ്  ഇറക്കിവെച്ച് നേരെ പോയത് അങ്ങോട്ടേക്ക്. തിളച്ചവെള്ളം  മുറിവുകളിൽ ഒഴിച്ചപ്പോൾ നീറ്റൽ ഉണ്ടായെങ്കിലും ആശ്വാസം തോന്നി. തിളയ്ക്കുന്ന വെള്ളമാണ് കുളത്തിൽ.

ഗുരുദ്വാരക്ക് മുന്നിൽവച്ചുതന്നെ മണികരൺ ചൂടുനീരുറവ കണ്ടു.

  മണികരൺ ഗുരുദ്വാരക്ക്‌ മുന്നിലെ  ചൂട്‌ നീരുറവ

മണികരൺ ഗുരുദ്വാരക്ക്‌ മുന്നിലെ ചൂട്‌ നീരുറവ

പാർവതിനദിയുടെ തണുത്തുറയാൻ തുടങ്ങുന്ന വെള്ളത്തിലേക്ക് പുകയുന്ന ചൂടുമായി പതിക്കുന്ന ഹോട്ട്സ്പ്രിങ്. അതിന്റെ കൈവഴിയിൽ ചെറിയ ഇരുമ്പുകുഴലുകൾ പിടിപ്പിച്ചാണ് സ്റ്റേ ഹോമിൽ കുളം നിർമിച്ചിട്ടുള്ളത്.

ഗന്ധകമണമുള്ള വെള്ളത്തിലേക്ക് ഇറങ്ങാനാവില്ല. ബക്കറ്റിൽ കുറെ കോരി തണുത്ത വെള്ളം കൂടി ഒഴിച്ചാൽ ഉപയോഗിക്കാം. യാത്രാക്ഷീണം എല്ലാം ചൂടുവെള്ളക്കുളിയിൽ ഒഴിഞ്ഞുപോയി. പ്രഭാത ഭക്ഷണം കഴിക്കാൻ റസ്‌റ്റോറന്റിൽ ഇരിക്കുമ്പോഴാണ് ഒരു മലയാളി സംഘത്തെ പരിചയപ്പെട്ടത്. വടക്കൻ ജില്ലയിൽനിന്ന് എത്തിയ അവർ രണ്ടുമാസമായി മണികരൺ പരിസരത്തുണ്ട്.

ബിസിനസ് ആവശ്യത്തിനാണ് തങ്ങുന്നതെന്ന് അവർ പറഞ്ഞു.  എന്ത് ബിസിനസ് എന്ന് പറഞ്ഞില്ല. മലാന ഉൾപ്പെടെയുള്ള കഞ്ചാവ് ഗ്രാമങ്ങൾ തൊട്ടടുത്താണ്. കേരളത്തിലേക്ക് ഉൾപ്പെടെ കഞ്ചാവ് കടത്തുന്ന സംഘമാണോ എന്ന് ന്യായമായും സംശയിച്ചുപോകും. ചിലരുടെ പ്രവൃത്തികളിൽ അതിന്റെ സൂചനയും ഉണ്ടായിരുന്നു  .
(തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top