പാർവതി നദിക്കക്കരെ ഒറ്റപ്പെട്ടാണ് മലാന ഗ്രാമത്തിന്റെ നിൽപ്പ്. ഇരുണ്ട കാടുകൾക്ക് നടുവിലെ ഗ്രാമം. ഹിമാചൽ പ്രദേശിലെ പൗരാണിക ഗ്രാമമാണ് അത്. പുരാണ പ്രമുഖരായ സപ്തർഷിമാരിൽ ജമദഗ്നിയുടെ ധ്യാനകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചന്ദേർഖാനി പർവതവും കുളുതാഴ്വരയിൽ പിർപാഞ്ചൽ റേഞ്ചിൽപ്പെട്ട തിബ്ബ പർവതവും മലാനയുടെ ദൃശ്യവിരുന്നാണ്. രണ്ടായിരത്തോളംപേർ മാത്രം അധിവസിക്കുന്ന അവിടം പലപല പ്രത്യേകതകളാൽ സമ്പുഷ്ടമാണ്.
മണികരൺ ഗുരുദ്വാര സാഹിബ് നാലുനിലയുള്ള കെട്ടിടമാണ്. അത്രത്തോളം പഴക്കം തോന്നില്ല. മാർബിൾ തറയിൽ പലയിടത്തും കുടുംബങ്ങൾ ഇരിപ്പുറപ്പിച്ചുട്ടുണ്ട്. പ്രാർഥനാ മുറിയിൽ ഗ്രന്ഥികൾ എന്ന് പഞ്ചാബിൽ അറിയപ്പെടുന്ന ഗുരുക്കൻമാർ പവിത്രമായ ഗുരുഗ്രന്ഥ സാഹിബ് വായിക്കുന്നു. കുന്തിരിക്കവും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ഒത്തുചേർന്ന പ്രാർഥനാ മുറിയിൽ കുറേനേരം നിശ്ശബ്ദനായി ഇരുന്നു.
ഗ്രന്ഥികൾക്ക് മുന്നിലെ ചെറിയ പാത്രത്തിൽ കറൻസിനോട്ടുകൾ വീണുകിടപ്പുണ്ട്. തൊട്ടടുത്താണ് ഹോട്ട് കേവ്. മുമ്പുണ്ടായിരുന്നതിനെ പരിഷ്കരിച്ച് നിർമിച്ചതാണെന്ന് വ്യക്തം. ഗുരുദ്വാരക്കുള്ളിലെ ഉയരം കുറഞ്ഞ കവാടത്തിലൂടെ ഓരോ മുറിയിലേക്കും കടക്കാം. നിവർന്നുനിൽക്കാനുള്ള ഉയരമില്ല. കൊടുംശൈത്യത്തിൽ ഗുരുദ്വാരയിൽ ഉള്ളവരും പുറത്തുള്ളവരും ഇവിടെ താവളമാക്കാറുണ്ട്.

തീർത്ഥരാജ് ശ്രീ മണികരൺ ക്ഷേത്രം
സിഖ് താത്വിക ഗുരു ഗുരുനാനാക്കിന്റെ നിർദേശമനുസരിച്ച് 1574ൽ ഭായി ബാല ജന്മസഖി ഗുരുനാനാക്ക് സ്ഥാപിച്ചതാണ് ഈ ഗുരുദ്വാര. ഭായി ബാലയുടെ ഓർമപുസ്തകത്തിന്റെ 387–ാം താളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മണികരണിൽ ശിഷ്യർക്ക് ഒപ്പമെത്തിയ ഗുരുനാനാക്ക് പ്രധാന സചിവനായ ഭായി മർദനയോട് ഒരു കല്ല് ചൂണ്ടിക്കാട്ടി അത് ഉയർത്തി മാറ്റാൻ നിർദേശിച്ചു. അതിന്റെ ചുവട്ടിൽനിന്ന് പെട്ടെന്ന് ചൂടുനീരുറവ രൂപംകൊണ്ടു. സംഭരിച്ചുവച്ചിരുന്ന ധാന്യവും മറ്റും ഒരു തുണിയിൽ കിഴികെട്ടി ആ വെള്ളത്തിൽ നിക്ഷേപിച്ചു. നിമിഷങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമായി.
അമ്പരന്നുനിന്ന ഭായി മർദനയോട് പ്രാർഥിക്കാൻ ഗുരുനാനാക്ക് പറഞ്ഞു. പ്രാർഥനയ്ക്ക് ഒടുവിൽ പാകംചെയ്ത ഭക്ഷണം മുന്നിൽ പ്രത്യക്ഷമായി. ഗുരുദ്വാരയുണ്ടായ കഥകൾ നിരവധി ഇനിയുമുണ്ട്. ഇപ്പോഴും 4000 പേർ പ്രതിദിനം ഇവിടെയെത്തുന്നു. എല്ലാവർക്കും സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്. വിശപ്പ് ഇല്ലെങ്കിലും ഞങ്ങളും ഡൈനിങ് ഹാളിലേക്ക് കടന്നു. സ്റ്റീൽ പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി മുന്നിൽ ഇരിക്കുകയേവേണ്ടൂ. ചോറും സാമ്പാറും അച്ചാറും മുമ്പിലെത്തും. ഒപ്പം മധുരപ്പായസവും.
അന്നുതന്നെ മലാനയിലേക്ക് പോകാനുള്ള പദ്ധതി ഉള്ളതിനാൽ അധികനേരം ഗുരുദ്വാരയിൽ നിന്നില്ല. മണികരൺ ഗ്രാമത്തിന്റെ വശ്യതയിലേക്ക് നടന്നു തുടങ്ങി. വഴിക്കിരുവശവും ചെറുകിട കച്ചവടക്കാരാണ്. എല്ലാ സാധനവും ഇവിടെ കിട്ടും. തെരുവിന്റെ അങ്ങേ മൂലയിലാണ് പ്രാചീനമായ ശ്രീ രഘുനാഥ് ജി മഹാരാജ ക്ഷേത്രം.
കൊത്തുപണികളും തൂണുകളും നിറഞ്ഞ ക്ഷേത്രസമുച്ചയം. സമീപം ചുടുനീരുറവ തിളച്ചുമറിയുന്നു.
ഭക്തർ പ്രസാദമായി ധാന്യക്കിഴികൾ നൂലിൽ കെട്ടി ഉറവയ്‌ക്കുചുറ്റുമുള്ള കമ്പി വേലിയിൽ തൂക്കിയിട്ടുണ്ട്. ചൂടുവെള്ളത്തിൽ ഒന്നു തൊട്ടുനോക്കാനുള്ള പരിശ്രമം സഫലമായില്ല. പതിനാറാം നൂറ്റാണ്ടിൽ കുളു രാജാവായിരുന്ന ജഗന്നാഥ് സിങ്ങാണ് ക്ഷേത്രം പുതുക്കി പണിഞ്ഞത്. അതുവരെ ശിവക്ഷേത്രം ആയിരുന്നു ഇത്. പിൽക്കാലത്ത് ക്ഷേത്രം രഘുനാഥ്ജി എന്ന് അറിയപ്പെട്ടുതുടങ്ങി.
1905ലെ ഭൂമികുലുക്കത്തിൽ ചുടുനീരുറവയ്ക്ക് ഭ്രംശം സംഭവിച്ചു.

മണികരണിലെ ക്ഷേത്രത്തിനു മുന്നിലുള്ള രഥം
10 മുതൽ 14 അടിവരെ ഉറവ ഉയർന്നതായി രേഖകൾ പറയുന്നു. 88 മുതൽ 94 ഡിഗ്രിവരെയാണ് ഉറവയുടെ താപനില. റോഡിനുമധ്യത്തിൽ ഒരു രഥം സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ വേളയിൽ തെരുവിൽ രഥം ഉരുളും. തീർഥ രാജ് ശ്രീ മണികരൻ ക്ഷേത്രവും അരികിലാണ്. ശിവലിംഗത്തിനുമീതെ ഉയർന്നുനിൽക്കുന്ന സർപ്പരൂപം ആണ് പ്രതിഷ്ഠ. നാലുതലയുള്ള ഹനുമാനും വിഷ്ണുരൂപവും എല്ലാം കരിങ്കൽ ഭിത്തിയിലുണ്ട്. ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽപ്പെടുന്ന മണികരൺ സമുദ്രനിരപ്പിൽനിന്ന് 1760 മീറ്റർ ഉയരത്തിലാണ്. ഭൂമിയുടെ അത്ഭുതപ്രതിഭാസമായ ജിയോ തെർമൽ എനർജി ഏറ്റവുമധികം കേന്ദ്രീകരിക്കുന്ന പ്രദേശം കൂടിയാണിത്. അതിന്റെ ശാസ്ത്രീയ വശങ്ങൾ സങ്കീർണമായതിനാൽ അതെക്കുറിച്ച് മറ്റൊരിക്കൽ എഴുതാം.
മണികരണിൽ സമയം പോയത് അറിഞ്ഞില്ല. മലാന ഗ്രാമത്തിലേക്ക് കടക്കാനുള്ള സാധ്യത മങ്ങുകയാണ്. വൈകുന്നേരം കഴിഞ്ഞാൽ മലാനയിലേക്ക് പ്രവേശനമില്ല.

തീർത്ഥരാജ് ശ്രീ മണികരൺ ക്ഷേത്രത്തിലെ ഹനുമാൻ രൂപം
അതുമാത്രമല്ല പുറമേനിന്നുള്ളവരെ ഗ്രാമത്തിൽ തങ്ങാൻ അനുവദിക്കില്ല. ഗ്രാമ കവാടംവരെയെങ്കിലും പോകാനാകുമോ എന്ന ചിന്തയിലാണ് ഞങ്ങൾ. ബർഷാനിയിലേക്ക് പോകുന്ന ഒരു ബസിൽ കയറിക്കൂടി. മലാനയിലേക്ക് ടിക്കറ്റ് ചോദിക്കുമ്പോൾ അടുത്തിരുന്ന യാത്രക്കാരൻ വ്യക്തമാക്കി, ‘ഇനി നിങ്ങൾ മലാനയ്ക്ക് പോയിട്ട് കാര്യമില്ല. ഗ്രാമത്തിൽ ഹോംേസ്റ്റയിൽപ്പോലും പ്രവേശനം കിട്ടില്ല’. ടിക്കറ്റ് ബർഷാനിയിലേക്ക് എടുത്തു. ബസ് കടന്നുപോകുമ്പോൾ അങ്ങകലെ കാണുന്ന ഗ്രാമം ചൂണ്ടി അപരിചിതൻ പറഞ്ഞു, ‘അതാണ് മലാന’. ഒരു ദിവസം മണികരണിൽ തങ്ങി പിറ്റേന്ന് യാത്രചെയ്താൽ മലാനയിൽ എത്താം. പക്ഷേ ഒരു ദിവസം പോലും ഞങ്ങളുടെ ഷെഡ്യൂളിൽ ബാക്കിയില്ല. എങ്ങനെയും അന്ന് കൽഗ ഗ്രാമത്തിലെത്തിയേ പറ്റൂ. ഇല്ലെങ്കിൽ യാത്രാപദ്ധതി ആകെ പാളിപ്പോകും.
പാർവതി നദിക്കക്കരെ ഒറ്റപ്പെട്ടാണ് മലാന ഗ്രാമത്തിന്റെ നിൽപ്പ്. ഇരുണ്ട കാടുകൾക്ക് നടുവിലെ ഗ്രാമം. ഹിമാചൽ പ്രദേശിലെ പൗരാണിക ഗ്രാമമാണ് അത്.
പുരാണ പ്രമുഖരായ സപ്തർഷിമാരിൽ ജമദഗ്നിയുടെ ധ്യാനകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചന്ദേർഖാനി പർവതവും കുളുതാഴ്വരയിൽ പിർപാഞ്ചൽ റേഞ്ചിൽപ്പെട്ട തിബ്ബ പർവതവും മലാനയുടെ ദൃശ്യവിരുന്നാണ്. രണ്ടായിരത്തോളംപേർ മാത്രം അധിവസിക്കുന്ന അവിടം പലപല പ്രത്യേകതകളാൽ സമ്പുഷ്ടമാണ്. മലാനക്കാരുടെ സ്വന്തം തലതൊട്ടപ്പൻ ജംലു മുനി ഉണ്ടാക്കിയ നിയമങ്ങൾക്കനുസരിച്ചുള്ള ജീവിത സംസ്കൃതിയാണ് അവിടത്തുകാർക്ക്.
ഏറ്റവും പഴക്കംചെന്ന ജനാധിപത്യ സംവിധാനം. ‘ഏഥൻസ് ഓഫ് ഹിമാലയ’ എന്ന വിളിപ്പേര് മലാനയ്ക്ക് വന്നത് അതുകൊണ്ടാണ്. ആര്യന്മാരുടെ പിന്തുടർച്ചക്കാരാണ് മലാനക്കാർ എന്ന് വിശ്വാസം. ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ട ഭരണ രീതിയാണ് അവിടെ.
പ്രത്യേക കോടതി പോലുമുണ്ട്. കനിഷ്താങ്, ജയേഷ്താങ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇരുത്തട്ട് പാർലമെന്റാണ് ഭരണനിയന്ത്രണം. ജംബ്ലൂ ദേവതയിൽ ആണ് പരമമായ വിശ്വാസം. ദേവതയുടെ ആജ്ഞാനുവർത്തികൾ എന്ന് ധരിക്കുന്ന പതിനൊന്നംഗ ഗ്രാമീണ സഭയാണ് കാബിനറ്റ്. രാജ്യ നിയമങ്ങൾ പലതും അവർക്ക് ബാധകമല്ല. കനാചി എന്ന സ്വന്തം ഗോത്രഭാഷയുണ്ട്.
എങ്കിലും ഹിന്ദി കലർത്തിയാണ് സംസാരം. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് എത്തിയ ഗ്രീക്ക് പടയാളികളിൽ കുറേപ്പേർ തിരികെ പോകാതെ ഹിമാലയസാനുക്കളിൽ തമ്പടിച്ചു. അവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് മലാനക്കാർ വിശ്വസിക്കുന്നു. മലാന പ്രശസ്തമാകുന്നത് ചരിത്രപശ്ചാത്തലംകൊണ്ടുമാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡഡ് ചരസ് മലാനയുടേതാണ്. മഞ്ഞയിലും സ്വർണനിറത്തിലുള്ള മലാന ക്രീമെന്ന പ്രത്യേക ഐറ്റത്തിന് ലോക മാർക്കറ്റിൽ തീവിലയാണ്. കഞ്ചാവ് കൃഷി അംഗീകൃതമല്ലെങ്കിലും ഇവിടെ അത് കുലത്തൊഴിലാണ്.
ചരസ് പാടങ്ങൾ തന്നെ നിരവധിയുണ്ട്. ഹിമാചൽ, ഇന്ത്യ ഗവൺമെന്റുകൾക്ക് അതിൽ ഒന്നുതൊടാൻ പോലും ആവില്ല. അത്ര കെട്ടുറപ്പുള്ളതാണ് മലാനയുടെ കഞ്ചാവിൽ വിരിയുന്ന ഭരണസംവിധാനം. ചെടിയുടെ പൂവ് കൈവെള്ളയിൽ ഒട്ടിച്ച് തിരുമ്മിക്കൂട്ടി അതിന്റെ കറ പ്രത്യേകരീതിയിൽ പരുവപ്പെടുത്തിയാണ് ചരസ് നിർമിക്കുന്നത്. തോല എന്നാണ് നിശ്ചിത അളവ് ചരസ് അറിയപ്പെടുന്നത്. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾവരെ ആണ് തോലയുടെ വില.
2020 ജൂൺ 14ന് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിനെ മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടതും തുടർന്നുള്ള അന്വേഷണങ്ങളും വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.
സുശാന്തിന്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴായിരുന്നു സുശാന്തിന്റെ മരണം. സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന കണ്ടെത്തലിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്ത് അന്വേഷണം തുടങ്ങി. ബോളിവുഡിലെ മയക്കുമരുന്നിന്റെ ഉറവിടത്തിലേക്കും ഈ അന്വേഷണം നീങ്ങി.
ദീപിക പദുകോൺ അടക്കമുള്ളവരെ ചോദ്യം ചെയ്തു. ബോളിവുഡ് താരം റിയ ചക്രബർത്തി, സഹോദരൻ ഷൗവിക് ചക്രബർത്തി അടക്കം 33 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. ലഹരി ഇടനിലക്കാരാണ് പ്രതികളിൽ കൂടുതൽ പേരും. ഇതോടനുബന്ധിച്ചുണ്ടായ മറ്റ് അന്വേഷണങ്ങളും അറസ്റ്റുമെല്ലാം ചെന്നുനിന്നത് മലാനയിലും മലാന ക്രീമിലുമാണ്.
പിടിക്കപ്പെടുമെന്നായപ്പോൾ രണ്ടരക്കോടി രൂപയിലേറെ വിലവരുന്ന മലാന ക്രീം ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടുപേരെ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. പക്ഷേ പലപ്പോഴും കാര്യങ്ങൾ മലാന കടക്കുന്നില്ല എന്ന് വേണം കരുതാൻ. അത്ര കരുത്തും ലഹരിയുമാണ് മലാനയുടെ ‘സ്വർണത്തരി’കൾക്ക്.
റോഡിൽ ഇരുവശവും കാടാണ്. പാർവതി നദിയുടെ ചരിവിൽ പൈൻമരങ്ങൾ ശിശിരത്തിന്റെ വരവറിയിച്ച് ഇല കൊഴിയാൻ തുടങ്ങുന്നു. നദിക്കരെ അവിടവിടെയായി വീടുകൾ ഉണ്ട്. ചിതറിപ്പോയ ഏതോ ഗ്രാമത്തിന്റെ പ്രതീതി. അകലെ മഞ്ഞിൽ കൊടുമുടികളിൽ നിഴൽ വീണു തുടങ്ങി. അതിന്റെ മറുവശത്ത് എവിടെയോ ആണ് ഞങ്ങൾക്ക് നടന്നെത്തേണ്ടതെന്ന് മനസ്സ് പറഞ്ഞു.
സന്ധ്യയായില്ലെങ്കിലും വഴിയിൽ ഇരുട്ട് വീണുകഴിഞ്ഞു. ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും തണുപ്പിനെ പുണർന്ന് സുഖനിദ്രയിലാണ്. താഴെ കടും പച്ചയും നീലയും നിറഞ്ഞ നദിവഴി തണുത്തുറഞ്ഞു തുടങ്ങി. എങ്കിലും നിരന്ന പ്രദേശത്ത് എത്തുമ്പോൾ പാർവതിയുടെ തട്ടിത്തെറിച്ചുള്ള ഒഴുക്ക് കാണാം. റോഡ് ആകെ തകർന്നുകിടപ്പാണ്. യന്ത്ര വാഹനങ്ങൾ പലയിടത്തും മണ്ണുമാന്തുന്ന ജോലി നിർത്തി വിശ്രമത്തിലാണ്. അക്കരെ കുന്നുകൾക്ക് മീതെ നക്ഷത്ര വെട്ടം. ഏതോ ഗ്രാമം ഉറക്കത്തിലേക്ക് വീഴുകയാണ്.
അതുവരെ ചെറിയ സഞ്ചിയിൽ മയക്കത്തിലായിരുന്ന നായ്ക്കുട്ടി ഉണർന്നു. ബസിന്റെ കടകട ശബ്ദം അതിന് അത്ര പിടിക്കുന്നില്ല. എന്റെ അരികിലെ സീറ്റിലിരുന്നയാളിന്റെ സഞ്ചിയിൽ അത് കിടക്കുന്നത് നേരത്തെ കണ്ടിരുന്നു. പ്രത്യേകം ടിക്കറ്റ് എടുത്ത് സ്വന്തമായി സീറ്റ് ഒക്കെ സമ്പാദിച്ചാണ് അതിന്റെ യാത്ര. ഒരുമാതിരി നിലവിളിപോലെ ശബ്ദം പുറപ്പെടുവിച്ചപ്പോൾ ഞാൻ മെല്ലെ എണീറ്റു.
തൊട്ടുമുന്നിലെ സീറ്റ് കാലിയാണ്. അവിടേക്ക് കയറാൻ ശ്രമിക്കുമ്പോൾ നായ്ക്കുട്ടിയുടെ ഉടമസ്ഥൻ പറഞ്ഞു, ‘ബുദ്ധിമുട്ടായി അല്ലേ? ഞങ്ങൾ അങ്ങോട്ട് മാറിയിരിക്കാം’. അയാൾ മുന്നിലേക്ക് മാറി. മുന്നിലെ സീറ്റിൽ ഇരുന്നിട്ടും സഞ്ചിക്കുള്ളിൽനിന്ന് നായ്ക്കുട്ടി എന്നെ നോക്കുന്നു. ഞാൻ അവനെ പരിചയപ്പെടുംമുമ്പ് ഉടമസ്ഥനുമായി ചങ്ങാത്തം കൂടി. അയാൾ കസോളിൽനിന്നുള്ള ഗോവിന്ദ് സിങ്. ബാഗിനുള്ളിൽ ഇരിക്കുന്നത് ചില്ലറക്കാരനല്ല.
കാനാൻ എന്ന വർഗത്തിൽപ്പെട്ട ഇസ്രയേലി ഇനമാണ്. ബർഷാനിയിൽ ആട്ടിൻകൂട്ടം ഉള്ള ഒരു സിങ്ജിക്ക് അവനെ കൊണ്ടുക്കൊടുക്കാനുള്ള പോക്കാണ്. ആട്ടിടയന്മാർക്ക് വഴികാട്ടാനും ശത്രുക്കളെ തുരത്താനും ഇവൻ മിടുക്കൻ.
നായ്ക്കുട്ടിയുടെ ശീലങ്ങളെക്കുറിച്ചും ആക്രമണോത്സുകതയെക്കുറിച്ചുമൊക്കെ ഗോവിന്ദ് പറഞ്ഞുകൊണ്ടിരുന്നു. ഇത് എഴുതാൻ തുടങ്ങുംമുമ്പ് കാനാനെ തപ്പിപ്പോയപ്പോഴാണ് ഞാൻ അന്തം വിട്ടത്. അവൻ ചില്ലറക്കാരനല്ല. മധ്യേഷ്യയിൽ ഏറ്റവുമധികം പ്രചാരം സിദ്ധിച്ച വില്ലന്മാരുടെ വർഗത്തിൽപ്പെട്ടവൻ.
ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, ലെബനൻ കൂടാതെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം പുകൾപെറ്റവൻ. 2012 ലെ കണക്കെടുപ്പ് പ്രകാരം ലോകത്തിൽ 2000 മുതൽ 3000 വരെ കാനാൻ നായ്ക്കളുണ്ട്. ഓരോ നാട്ടിലും ഇവക്ക് ഓരോ പേരാണ്. കാനാന്മാർ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നവരാണ്. എട്ടാം നൂറ്റാണ്ടിൽ ഇസ്രയേൽ ഉപേക്ഷിച്ച് പലായനം ചെയ്യണ്ടേിവന്ന ജനതയുടെ ഹൃദയത്തുടിപ്പാണ് കാനാൻ നായ്ക്കൾ. പലായനത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതോടെ നായ്ക്കൾ കാടുകയറി, വന്യന്മാരായി.
ഇസ്രയേലിൽ അഷ്കെലോൺ എന്നപേരിൽ നായ്ക്കളുടെ സെമിത്തേരിയുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചു മുതൽ മൂന്നാം നൂറ്റാണ്ടുവരെ ആയിരക്കണക്കിന് നായ്ക്കളെ കൊന്നൊടുക്കിയതിന്റെ സാക്ഷ്യപത്രം. (ഞാൻ അത് കണ്ടിട്ടില്ല, കേട്ടറിവ് മാത്രം) അവിടെ പിൽക്കാലത്ത് കണ്ടെത്തിയ അസ്ഥികൂടങ്ങൾ ഭൂരിഭാഗവും കാനാൻ നായ്ക്കളുടേതാണ്.
ലോകത്തിലെ ഏറ്റവും വലിയ നായ ശ്മശാനത്തിൽ ഈ അന്വേഷണത്തിന് നേതൃത്വം നൽകിയത് ഡോക്ടർ റുഡോൾഫിന മെൻസൽ (1891– 1973) ആണ്. നീട്ടുന്നില്ല, ഇന്റർനെറ്റിൽ കൂടുതൽ വിവരം കിട്ടും. ഇത് ഞാൻ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഒന്ന് വെറുതെയെങ്കിലും അവന്റെ നെറുകയിൽ ഒന്നുതൊട്ടേനെ. ഒന്നുമല്ലെങ്കിലും അടുത്തിരുന്ന് യാത്രചെയ്തതല്ലേ.
ബർഷാനിയിൽ ബസ്സ് നിന്നു. ഇറങ്ങുമ്പോഴാണ് കുറെ മലയാളികളെ പരിചയപ്പെട്ടത്.
പലരും പല വഴിക്ക് യാത്രയ്ക്ക് വന്നവർ. അതിലൊരാൾ ഞങ്ങളുടെ യാത്ര അറേഞ്ച് ചെയ്യുന്ന സന്തോഷിന്റെ സുഹൃത്തും ബിസിനസ് പാർട്ണറുമാണ്. ഞങ്ങളെയും കൂട്ടി അയാൾ നടന്നു. ഇരുനില കെട്ടിടത്തിന് മുകളിൽ ആണ് അയാളുടെ താവളം. കട്ടൻചായ കുടിച്ച് യാത്രയാകാമെന്ന് അയാൾ പറഞ്ഞു. പടിക്കെട്ടുകയറി മുകളിൽ എത്തുമ്പോൾ ഇരുണ്ട വെളിച്ചത്തിൽ കഞ്ചാവ് പുകയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ അവിടെയുണ്ട്. കട്ടൻചായ നുണഞ്ഞിരിക്കുമ്പോൾ ഒരാൾ ഞങ്ങളെ തേടി വന്നു. പേര് ഗ്രിഗറി. (യഥാർഥ പേരല്ല) ജടപിടിച്ച മുടിയും താടിയും ഉള്ളയാൾ. ഒറ്റനോട്ടത്തിൽ പോർട്ടറുടെ ലക്ഷണം.
ക്ഷീണിച്ചുതുടങ്ങിയ ഞങ്ങളുടെ ബാഗുകളിൽ ചിലത് ചുമലിലേറ്റി അയാൾ മുന്നിൽ നടന്നു. കൽഗ ഗ്രാമത്തിലേക്കാണ്. അരമണിക്കൂർ നടത്തമുണ്ട്. അകലെ മഞ്ഞിൻതലകൾ സ്വർണവർണം നിറച്ച് യാത്രാ സ്വാഗതമോതുന്നു. ഇനിയുള്ള നാളുകൾ കാൽനടയുടേതാണ്. ഇരുട്ട്, ഗ്രിഗറിയെപ്പോ ലെ നിഗൂഢമായി ഒപ്പം സഞ്ചരിക്കുകയാണ്. തണുപ്പ് വല്ലാതെ കുത്തിക്കയറുന്നു. മുന്നിൽ കുത്തുകയറ്റമാണെന്ന് അറിയിക്കാതെ ഗ്രിഗറി ഞങ്ങളെ തെളിച്ചുകൊണ്ടു പോവുകയാണ് . (തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..