10 June Saturday

ജയ്സാൽമർ: സ്വർണ്ണകോട്ടയുടെ നാട്ടിൽ

ലക്ഷ്മീദേവി സി എസ്Updated: Monday Nov 11, 2019

രാജസ്ഥാനിലെ ജയ്സാൽമർ ഏറെ നാളായി കാണണമെന്നാഗ്രഹിച്ച സ്ഥലമായിരുന്നു. കൊച്ചിയിൽ നിന്ന് ജയ്പൂരിലേയ്ക്കും, അവിടുന്ന് അടുത്ത ദിവസത്തെ വിമാനത്തിൽ ജയ്സാൽമറിലേയ്ക്ക്. ജയ്സാൽമർ എയർപോർട്ട് ഒരു മിലിട്ടറി എയർബേയ്സാണ്. ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്, അധിക നേരം തങ്ങാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ വിമാനത്തിൽ നിന്നു തന്നെ ലഭിച്ചിരുന്നു.

ഥാർ മരുഭൂമിയിലൂടെ ഏകദേശം ഒരു മണിക്കൂർ ദൂരമുണ്ട് നഗരത്തിലേയ്ക്ക്. രാജസ്ഥാനിൽ ധാരാളം ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോസ്റ്റലുകൾ ലഭ്യമാണ്. സോളോ യാത്രകൾക്ക് ഇത്തരം സൗകര്യം ഉപകാരപ്രദമാണ്.

ചരിത്ര പുസ്തകത്തിലും, ചിത്രങ്ങളിലും കണ്ടിട്ടുള്ള ജയ്സാൽമർ കോട്ട തൊട്ടു മുന്നിൽ. ഒന്നു ഫ്രഷ് ആയി ഗോൾഡൻ ഫോർട്ട് അഥവാ സോനാർ ഖില കാണാനായി നടന്നു.

ഥാർ മരുഭൂമിയുടെ ഹൃദയ ഭാഗത്ത് നഗരമദ്ധ്യത്തിലായി ത്രികര കുന്നിന് മുകളിലാണ് നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സോനാർഖില അഥവ ഗോൾഡൻ ഫോർട്ട് നിലകൊള്ളുന്നത്. 1156-ൽ രജപുത്ര രാജാവായ ജയ്സാൽ സിംഗ് രജപുത്ര മുഗൾ വാസ്തു ശില്പ രീതിയിൽ ജയ്സാൽമറിലെ പ്രത്യേക മഞ്ഞ മണൽക്കല്ലുകളാൽ നിർമ്മിച്ച കോട്ടയാണിത്. ആൾ താമസമുള്ള രാജ്യത്തെ ഏക കോട്ടയും.

മനോഹരമായ കൊട്ടാരവും, അമ്പലങ്ങളും, ഹവേലികളും , വ്യാപര സ്ഥാപനങ്ങളും ഇന്നും കോട്ടയിലുണ്ട്. കോട്ട മതിലിന് മുപ്പതടി ഉയരവും , അനേകം വാതിലുകളും, രക്ഷാ കേന്ദങ്ങളുമുണ്ട്. ഇതിൽ ആഖായ് പോൽ, ഹവാ പോൽ, സൂരജ് പോൽ, ഗണേഷ് പോൽ എന്നീ പടിവാതിലുകൾ പ്രശസ്തങ്ങളാണ്.

ലൈസൻസുള്ള ധാരാളം ഗൈഡുകളെ കോട്ടയ്ക്കുള്ളിൽ കാണാം. ഒരു ഗൈഡിന്റെ സഹായമുണ്ടെങ്കിൽ പ്രാദേശിക കഥകളും, ചരിത്രവും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. സാധാരണ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒരു ഗൈഡിന്റെ സേവനം നല്ലതാണ്. ഗൈഡ് എന്നെ രാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കോട്ടയ്ക്കകത്ത് നല്ല തിരക്കാണ്. പ്രത്യേകിച്ച് ആൾ താമസമുള്ള കോട്ടയായതിനാൽ താമസിയ്ക്കുന്നവരും, സഞ്ചാരികളുമെല്ലാമായി നല്ല ബഹളം തന്നെ. ഗൈഡിന് കോട്ടയുടെ മുക്കും, മൂലയും വരെ കാണാപ്പാടമാണ്. ഓരോസ്ഥലവും വിവരിച്ചു കൊണ്ട് ഗൈഡ് മുന്നിൽ നടന്നു. ചരിത്ര സംഭവങ്ങളുടെ ഒരു കലവറയാണ് കോട്ട. ഇപ്പോഴും പഴയ പ്രൗഢി അതേപോലെ സൂക്ഷിച്ചിരിക്കുന്ന ഹവേലികൾ തൊട്ടടുത്ത് . അവിടെയുള്ള ഫോട്ടോ സ്‌പോട്ടുകളിൽ തലപ്പാവ്, രാജകീയ വസ്ത്രം, ആയുധങ്ങൾ ഇവ ധരിച്ച് രജപുത്ര സ്റ്റൈലിൽ എന്നെ ഇരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാനും ഗൈഡ് മറന്നില്ല. വാങ്ങുന്ന പ്രതിഫലത്തിന് ആത്മാർത്ഥമായി പണിയെടുക്കുന്ന വിശ്വസ്തരാണ്, മിക്ക ഗൈഡുകളും.പുറത്തിറങ്ങുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. കോട്ടയ്ക്ക് മുകളിൽ നിന്ന് താഴേ പ്രകാശത്തിൽ കുളിച്ചു നില്കുന്ന നഗരിയുടെ ആകാശക്കാഴ്ച ഹൃദ്യമാണ്, സ്വർണ്ണക്കോട്ട ദീപാലംകൃതമായ കാഴ്ച അതിലേറെ ഹൃദ്യവും.

രാവിലെ പറഞ്ഞ സമയത്തു തന്നെ ഗൈഡ് എത്തി. നഗരത്തിനു സമീപത്തെ കൃത്രിമ തടാകമാണ് ഗഡീസർ തടാകം. രാവൽ ജയ്സൽ രാജാവ് നിർമ്മിച്ച ഈ തടാകം ഗരീസർ സിംഗ് പുതുക്കി നിർമ്മിക്കുകയായിരുന്നു. തടാകത്തിന്റെ തീരത്തായി ഒരു വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ധാരാളം ദേശാടന പക്ഷികളെ ഇവിടെക്കാണാം.

പത്ത്വ ഹവേലിയിലേയ്ക്കായിരുന്നു അടുത്ത യാത്ര. വലിയ ധനികനായ കച്ചവടക്കാരനായിരുന്ന ഗുമൻചന്ദ് പതിനെട്ടാം നൂറ്റാണ്ടിൽ തന്റെ അഞ്ചു പുത്രന്മാർക്കായി പണി കഴിപ്പിച്ച ഹവേലിയിന്ന് ഒരു ഹെറിറ്റേജ് മ്യൂസിയമാണ്. ഭംഗിയുള്ള വാതിലുകളും, കിളിവാതിലുകളും , കമാനങ്ങളും, ബാൽക്കണികളും, അലംങ്കൃതമായ ചുമരുകളും. ഓരോ ഹവേലിയും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

തൊട്ടടുത്തായി സലീം കീ ഹവേലി. 300 വർഷം പഴക്കമുള്ള ഈ ഹവേലിയ്ക്ക് 38 ബാൽക്കണികളും വലിയ കവാടങ്ങളും ഉണ്ട്. മേൽക്കൂരയിൽ മയിലിന്റെ നിരവധി രൂപങ്ങൾ. ഓരോ ഹവേലിയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. പഴയ അതേ പ്രൗഢിയിൽത്തന്നെ സൂക്ഷിച്ചിരിക്കുന്ന ഹവേലികൾ ഗതകാല ജീവിതത്തിന്റെ തിരുശേഷിപ്പുകളാണ്.

ഹവേലിയിൽ നിന്ന് റാംഗറിലേയ്ക്കുള്ള വഴിയിൽ ആറു കിലോമീറ്റർ അകലെയാണ് ബഡാബാഗ്. വ്യത്യസ്ത ഘടനയിൽ സ്വർണ്ണ നിറത്തിലുള്ള ജയ്സാൽമർ ക്കല്ലുകളാൽ മനോഹരമായ കൊത്തു പണികൾ ചെയ്ത തൂണുകളും , മണ്ഡപങ്ങളും അവയ്ക്കു മേൽ കുടയുടെ ആകൃതിയിൽ മേൽക്കൂരയുമുള്ള ശവക്കല്ലറകൾ.

മഹാരാജാവായ ജയ് സിംഗ് രണ്ടാമൻ തന്റെ ഭരണകാലത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്തിരിന്നു. മഹാരാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഒർമ്മയ്ക്കായി മകനാണ് ആദ്യത്തെ കല്ലറ ഇവിടെ സ്ഥാപിച്ചത്. തുടർന്ന് രാജകുടുംബാംഗങ്ങളുടെ കല്ലറയായി മാറുകയായിരുന്നു. ഒരു കല്ലറയാണെങ്കിൽ കൂടി മനോഹരമായ ഒരു ഫോട്ടാ സ്‌പോട്ടാണിവിടം.

നഗരത്തിൽ നിന്ന് 15 കീ മി അകലെയാണ് കുൽദാര ഗ്രാമം . പതിമൂന്നാം നൂറ്റാണ്ടിൽ പാലി ബ്രാഹ്മണർ താമസിച്ചിരുന്ന സമ്പന്നമായ ഒരു ഗ്രാമം. ഉദ്ദേശം അറുനൂറാളം കുടുീബങ്ങൾ താമസിച്ചിരിന്ന ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളും ഒരൊറ്റ രാത്രിയിൽ ഗ്രാമം ഉപേക്ഷിച്ചു പോയെന്നാണ് കരുതപ്പെടുന്നത്. ഇതേ ചൊല്ലി പല കഥകളും, ഉപകഥകളും ഉണ്ട്. ജയ്സാൽമറിലെ മന്ത്രി സലിം സിംഗ് ഗ്രാമത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ നിർബ്ബന്ധിച്ചും  ഭീഷണിപ്പെടുത്തിയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതിൽ അതൃപ്തിയുണ്ടായിരിന്ന ഗ്രാമീണർ ഒറ്റ രാത്രിയിൽ ഗ്രാമം വിട്ടു. പോകും മുമ്പ് ബ്രാഹ്മണർ ആ ഗ്രാമത്തെ ശപിച്ചിട്ടാണ് പോയതത്രെ. ആ ബ്രാഹ്മണരുടെ ആത്മാവ് ഇവിടെ അലഞ്ഞു നടക്കാറുണ്ടെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

എല്ലാ വർഷവും ഇവിടെ Desert festival നടക്കാറുണ്ട്. ഫെബ്രുവരി മാസത്തിൽ ചാന്ദ്ര പൗർണ്ണമിയ്ക്ക് മൂന്നു ദിവസം മുൻപേയാണിത് . നഗരത്തിൽ നിന്നും 45 കീമി മാറി ഥാർ മരുഭൂമിയിലെ സാം ഡ്യൂണിലാണിതിന്റെ വേദി. ഭാഗ്യത്തിന് ഇതിന് സാക്ഷ്യം വഹിക്കുവാനും എനിക്ക് കഴിഞ്ഞു.

സന്തോഷത്തിന്റെയും, നിറങ്ങളുടേയും ഉത്സവമാണിത്. വലിയ ഘോഷയാത്രയോടെയാണ് ഉത്സവം തുടങ്ങുന്നത്. പരമ്പരാഗത വസ്ത്രധാരണവും, നൃത്തവും. സംഗീതവും ഉടനീളമുണ്ടാകും. ഒട്ടക ഓട്ട മത്സരം, ഒട്ടകപ്പുറത്തുള്ള പോളോ, ടർബൻ ധരിയ്ക്കൽ, വടം വലി , മീശ രാജാവ് തുടങിയ മത്സരങ്ങളും ഇതിന്റെ ഭാഗമായുണ്ട്. ബോഡർ സെക്യൂരിറ്റി ഫോഴ്സിന്റെ പരേഡും , വ്യോമ സേനയുടെ അഭ്യാസ പ്രകടനങ്ങൾ എന്നിവ മേളയ്ക്ക് കൊഴുപ്പേകും. രാജസ്ഥാൻ ഭക്ഷ്യ മേളയാണ് മറ്റൊരാകർഷണം. ഇവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ഉത്സവാന്തരീക്ഷത്തിലേയ്ക്ക് സ്വദേശികളും, വിദേശികളുമായ സഞ്ചാരികളുടെ ഒഴുക്കാണ്.സാം സാൻഡ് ഡ്യൂൺ സഫാരിയുടെ ഭാഗമായി മരുഭൂമിയുടെ നടുവിൽ അത്യാവശ്യ സൗകര്യങ്ങളുള്ള 20 - 30 ടെന്റ് ഹൗസുകളുള്ള ഒരു ഡെസേർറ്റ് വില്ലേജിൽ ഒരു രാത്രി തങ്ങാം. ഒട്ടക സവാരിയും, ജീപ്പു സവാരിയും സഫാരിയുടെ ഭാഗമായി ഉണ്ട്. ഒട്ടകപ്പുറത്ത് പാക്കിസ്ഥാന്റെ അതിർത്തി വരെ സഞ്ചരിക്കാം. ക്യാമ്പു ഫയറിനാേടനുബന്ധിച്ച് തനതു കലാകാരന്മാരുടെ പാട്ടും, നൃത്തവും ആസ്വദിക്കാം. മരുഭൂമിയിലെ ചൂടു പോലെ തന്നെ കാഠിന്യമാണ് അവിടുത്തെ തണുപ്പും. രാജസ്ഥാനിലെ തനതു ഭക്ഷണ വിഭവങ്ങൾ ആസ്വദിച്ച് തെളിഞ്ഞ ആകാശത്തിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ മിഴി തുറക്കുന്നത് കണ്ട് മരുഭൂമിയിൽ നിങ്ങൾക്ക് അന്തിയുറങ്ങാം.

പാക്കിസ്ഥാൻ അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള തനോട്ടു മാതാ ക്ഷേത്രമാണ് മറ്റൊരാകർഷണം. ലോംഗേവാലാ യുദ്ധഭൂമിയ്ക്കടുത്തുള്ള ഈ അമ്പലം ബോഡർ സെക്യൂരിറ്റി ഫോഴ്സിന്റെ പരിരക്ഷയിലാണ്. 1965-ലെ ഇന്തോപാക് യുദ്ധത്തിൽ പാകിസ്ഥാൻ ഏകദേശം 3,000ത്തോളം ബോംബുകൾ അമ്പലം ലക്ഷ്യമാക്കി വർഷിച്ചെങ്കിലും അമ്പലത്തിന് ഒരു കേടുപാടും സംഭവിച്ചില്ല. അതിനു ശേഷമാണ് ഈ അമ്പലം ആടഎ-ന് കൈ മാറിയത്. അമ്പലത്തിന് ചേർന്നുള്ള യുദ്ധ സ്മാരക മ്യൂസിയത്തിൽ നിർവീര്യമാക്കിയ ബോീബുകൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

ചരിത്രമുറങ്ങുന്ന ജയ്‌പൂർ, ബിക്കാനിർ, ജോദ്പൂർ, ഉദയപൂർ പോലെ നിരവധി നഗരികൾ രാജസ്ഥാനിലുണ്ട്. എന്നാൽ മണൽക്കാട്ടിൽ കെട്ടിയുയർത്തിയ ജയ്സാൽമർ ദൃശ്യ സമ്പന്നത കൊണ്ടും കാഴ്ചകളുടെ വ്യത്യസ്തത കൊണ്ടും വേറിട്ടു നിൽക്കുന്നു. പ്രകൃതിയുടെ കഠിനമായ പരീക്ഷണങ്ങളും, കാലാവസ്ഥ വെല്ലുവിളികളും അതിജീവിച്ച് കരുത്തിന്റെ പ്രതീകമായി ജയ്സാൽമർ നില കൊള്ളുന്നു. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top